വിവരണം – Savio Reno Raju.
കൃഷ്ണഗുഡിയിൽ ഒരു മഴക്കാലം – ചില യാത്രകൾ അങ്ങനെ ആണ് എത്ര വട്ടം മുൻകൂട്ടി തീരുമാനിച്ചാലും നടന്നെന്നു വരില്ല. പക്ഷെ ചിലത് അങ്ങനെ അല്ല ചിലപ്പോൾ തലേ ദിവസമാവും തീരുമാനിക്കുക. അത് അങ്ങ് നടക്കുകയും ചെയ്യും. അത്തരത്തിൽ സംഭവിച്ച ഒന്നാണ് ഞങ്ങളുടെ ഈ യാത്ര. നിലമ്പൂർ എന്ന സുന്ദരിയെ പറ്റി ധാരാളം കേട്ടിട്ടുണ്ടെങ്കിലും അവളെ അടുത്തറിയാൻ ഈ അടുത്ത കാലത്താണ് സാധിച്ചത്. സാധാരണ ഞായറാഴ്ചകൾ ഒരു സിനിമ & ഫുഡ് അടിയിലാണ് തീരാറു. എന്നാൽ പതിവിനു വിപരീതമായി ആ ഞായറാഴ്ച ഞങ്ങൾ നിലംബൂർ സഞ്ചരിക്കാൻ തീരുമാനിച്ചു.
തലേ ദിവസത്തെ പ്ലാൻ അനുസരിച്ചു 2:30 a.m നു തിരിക്കണം എന്നു വിചാരിച്ചു കിടന്നു. പക്ഷെ ഉറക്കം എണീറ്റത് 3:30 a.m. 4 മണിക്കുള്ള പാലക്കാട് സൂപ്പർ ഫാസ്റ്റിൽ ഞങ്ങൾ എറണാകുളം ബസ് സ്റ്റാൻഡിൽ നിന്നും കയറി. ആന വണ്ടിയും സൈഡ് സീറ്റും ചാറ്റൽ മഴയും പിന്നെ നല്ല പാട്ടുകളും. അത് ഒരു ഒന്നൊന്നര കോമ്പിനേഷൻ ആണ്. അങ്കമാലിയും ചാലക്കുടിയും കഴിഞ്ഞു ഞങ്ങളെയും കൊണ്ട് ആനവണ്ടി നമ്മുടെ സാംസ്കാരിക തലസ്ഥാനമായ തൃശൂർ എത്തുമ്പോൾ സമയം 5:30 am കഴിഞ്ഞു.
എറണാകുളത്തു നിന്നും ഞങളുടെ കൂടെ കൂടിയ മഴ അപ്പോളും കൂട്ടിനായി ഞങളുടെ കൂടെ തന്നെ ഉണ്ടായിരുന്നു. മഴത്തുള്ള യാത്രകൾ അത് വേറെ ലെവൽ ആണ്. വെളുപിനെ ഉള്ള തണുപ്പ് മാറ്റാൻ നല്ല ചൂട് ചായ കുടിച്ചുകൊണ്ടിരുന്ന ഞങ്ങളെ തേടി അവൻ വന്നു. അവൻ തൃശൂർ ഡിപ്പോയുടെ ബത്തേരി town to town ഓർഡിനറി. കൃതം 5:50നു തന്നെ അവൻ ഞങ്ങളെയും കൊണ്ട് ഞങളുടെ അടുത്ത ലക്ഷ്യമായ ഷൊർണുർ റെയിൽവേ സ്റ്റേഷനിലേക്ക് പറന്നു എന്നു തന്നെ പറയാം. ഒരു ആനവണ്ടി പ്രേമിയായ ഞാൻ അക്ഷരാർഥത്തിൽ ആസ്വദിക്കുകയായിരുന്നു. പക്ഷെ അപ്പോളും എന്റെ ഉള്ളിൽ ഒരു ഭയം ഉണ്ടായിരുന്നതു 7 മണിക്ക് ഷൊർണുരിൽ നിന്നും പുറപ്പെടുന്ന പാസ്സന്ജറിൽ കയറാനാകുമോ എന്നാണ്.
പക്ഷെ ഭാഗ്യമോ അതോ ഞങളുടെ ഡ്രൈവറിന്റെ കഴിവോ ഞങ്ങൾ 7 മണിക്ക് തന്നെ ഷൊർണുർ റെയിൽവേ സ്റ്റേഷനിൽ എത്തി. ഷൊർണുർ ബസ് സ്റ്റാൻഡ് എത്തുന്നതിനു മുൻപായിട്ടാണ് റെയിൽവേ സ്റ്റേഷൻ അവിടെ എല്ലാ ബസുകളും നിറുത്താറുണ്ട്. നിലംബുരിലേക്കുള്ള ടിക്കറ്റ് വെറുമൊരു സാധാരണ ട്രെയിൻ ടിക്കറ്റ് അല്ല മറിച്ചു കാഴ്ചകളുടെ ഒരു വസന്ത കാലത്തേക്കുള്ള ക്ഷണക്കത്താണ്. ഇനിയുള്ള രണ്ടുരണ്ടര മണിക്കൂർ നമ്മൾ സഞ്ചരിക്കുന്നതും കാണുന്നതും കലർപ്പില്ലാത്ത ഗ്രാമങ്ങളെയാണ് ഗ്രാമഭംഗിയാണ്. നാഗരികതയുടെ യാതൊരു ദൂഷ്യങ്ങളും ഇല്ലാത്ത പ്രകൃതിയുടെ വശ്യമായ സൗന്ദര്യം കൂടാതെ ശുദ്ധ വായു യഥേഷ്ട്ടം ശ്വസിക്കാം. എറണാകുളം പോലുള്ള നഗരത്തിൽ ജീവിക്കുന്ന എന്നെപ്പോലുള്ള ആളുകൾ വല്ലപ്പോഴും ഇത്തരം സ്ഥലങ്ങളിലേക്ക് പോകണം നല്ല വായു ശ്വസിക്കാൻ വേണ്ടിയെങ്കിലും.
ഞായറാഴ്ച ആയിരുന്നിട്ട് പോലും ഞങ്ങൾ സഞ്ചരിച്ച തീവണ്ടിയിൽ വലിയ തിരക്ക് അനുഭവപ്പെട്ടില്ല. ഈ യാത്രയുടെ പ്രധാന ആകർഷണം തന്നെ ഈ തീവണ്ടി യാത്രയാണ്. രണ്ടര മണിക്കൂർ കാട്ടിലൂടെയും പുഴകളുടെ മീതെയും ഗ്രാമങ്ങളിലൂടെയും പ്രകൃതിയെ തൊട്ടറിഞ്ഞുള്ള 66 km യാത്ര. കഴിവതും സൈഡ് സീറ്റ് തിരഞ്ഞെടുക്കുക എന്നാലേ പൂർണമായി ഈ യാത്ര ആസ്വദിക്കാൻ സാധിക്കു. നിലംബുരിനും ഷൊർണുറിനുമിടയിൽ 10 റെയിൽവേ സ്റ്റേഷനുകൾ ഉണ്ട്. ഇടയിലുള്ള എല്ലാ സ്റ്റേഷനിലും ഒരു പ്ലാറ്റഫോം മാത്രമേ കാണു. പക്ഷെ ആ പ്ലാറ്റഫോമിന്റെ ഭംഗി അത് നേരിട്ട് കണ്ടാലേ മനസിലാകൂ.
ഓരോ സ്റ്റേഷനുകളും നമ്മുടെ ഉള്ളിലെ ഗൃഹാതുരത്തെ ഉണർത്തും. എവിടെയോ കണ്ടു മറഞ്ഞ സ്ഥലങ്ങൾ. എല്ലാ സ്റ്റേഷനിലും ട്രെയിൻ ഒരു 30 സെക്കന്റ് നിറുത്തും. അപ്പോൾ ചാടിയിറങ്ങിയാൽ നമ്മുടെ കൊച്ചു കേരളത്തിൽ നമ്മൾ കാണുന്ന ഏറ്റവും ഭാഗിയുള്ള റെയിൽവേ സ്റ്റേഷനുകൾ നമ്മൾക്ക് കാണാൻ സാധിക്കും. മഴയംകൂടി കൂട്ടിനുണ്ടെങ്കിൽ വേറെ ഒരു പ്രത്യേക ഫീൽ ആണ്. അത് അനുഭവിച്ചു തന്നെ അറിയണം. എനിക്ക് അനുഭവിക്കാനുള്ള ഭാഗ്യം ഉണ്ടായിരുന്നു. അങ്ങനെ ഓരോ സ്റ്റേഷനും കടന്നു പോകുമ്പോൾ കടന്നുവരുന്ന നമ്മൾ കാണുന്ന കാഴ്ചകൾ അതിലും മനോഹരം. നെൽവയലുകളും ചാലിയാർ പുഴയുടെ കൈവരികളും പിന്നെ നിഗൂഢമായ കാടും അതിന്റെ കുറുകെ ഉള്ള ഈ ഒറ്റവരി റെയിൽ പാതയിലൂടെ ഒരിക്കലെങ്കിലും സഞ്ചരിക്കണം അത്രക്കുണ്ട് കാണാൻ.
നിലമ്പൂർ അടുക്കാറാകുമ്പോൾ തേക്കിൻ കാടുകളുടെ ഇടയിലൂടെ നമ്മൾ സഞ്ചരിക്കും. രണ്ടര മണിക്കൂർ പോകുന്നത് നമ്മൾ അറിയുകയേ ഇല്ല. അവസാന സ്റ്റേഷൻ ആയ നിലംബൂർ റോഡിൽ 9:30 ആയപോളെക്കും ട്രെയിൻ എത്തും. ഞങ്ങളെ വരവേറ്റത് നല്ല ഗംഭിരം മഴ ആണ്. റെയിൽവേ സ്റ്റേഷന്റെ മുൻപിലെ റോഡ് ക്രോസ്സ് ചെയ്തു നിന്നാൽ ചന്തക്കുന്ന് ബസ് കിട്ടും. ചന്തക്കുന്ന് ഒരു മെയിൻ സ്റ്റോപ്പ് ആണ്. അവിടെ നിന്നും തേക്ക് മ്യൂസിയം പോകാനുള്ള ബസ് ഇഷ്ടമ്പോലെ ലഭിക്കും. വെറും 8rs പോയിന്റ് ആണ് തേക്ക് മ്യൂസിയം. 40 രുപ പ്രവേശന ഫീസ് കൊടുത്തു കയറിയാൽ ആദ്യം കാണുന്നത് ഒരു ബംഗ്ളാവ് ആണ്. അതാണ് തേക്ക് മ്യൂസിയം. അവിടെ തേക്കിനെ പറ്റിയുള്ള എല്ലാ വിവരങ്ങളും ആലേഖനം ചെയ്തു വെച്ചിരിക്കുന്നത് കാണാം.
തേക്ക് മ്യൂസിയത്തിന്റെ പുറകിൽ മനോഹരമായ ഒരു ഉദ്യാനം ഉണ്ട്. രാവിലെ ആയതുകൊണ്ട് വലിയ തിരക്ക് ഇല്ല. വൈകുന്നേരങ്ങളിൽ സമയം ചിലവിടാൻ നല്ലൊരു ഇടമാണ്. നിലംബുരിന്റെ മറ്റൊരു പ്രധാന ആകർഷണമായ കനോലി പ്ലോട്ട് ആയിരുന്നു അടുത്ത ലക്ഷ്യം. നിലംബൂർ – മഞ്ചേരി റോഡിൽ 7km സഞ്ചരിച്ചാൽ കനോലി പ്ലോട്ടിൽ എത്താം. ഊട്ടി യാത്ര ആഗ്രഹിക്കുന്നവർ നിലമ്പൂർ – ഗൂഢല്ലൂർ – ഊട്ടി അന്തർ സംസ്ഥാന പാത വഴി സഞ്ചരിക്കുകയണെങ്കിൽ കനോലി പ്ലോട്ടും തേക്ക് മ്യൂസിയവും കാണാൻ അവസരം ലഭിക്കും. തിങ്കളാഴ്ച ദിവസം സന്ദർശനം അനുവദിനീയമല്ല എന്നതും പ്രതേകം ശ്രദ്ധിക്കുക:
മലബാർ കളക്ടർ ആയ H.V.കനോലി യുടെ നിർദേശങ്ങൾ അനുസരിച്ചു 1846ൽ ആണ് ശ്രീ ചാത്തു മേനോൻ ആണ് പ്ലാന്റേഷൻ സ്ഥാപിക്കുന്നത്. തുടക്കത്തിൽ 15 ഏക്കർ ഉണ്ടായിരുന്നു പക്ഷെ രണ്ടാം ലോക മഹായുദ്ധ കാലത്തു 9 ഏക്കറിൽ നിന്നും തേക്ക് മുറിച്ചു കടത്തപെട്ടു മിച്ചമുള്ള 5.7 ഏക്കർ ആണ് സംരക്ഷിക്കപ്പെട്ടു കനോലി പ്ലോട്ട് ആയി മാറിയത്. നിർഭാഗ്യവശാൽ ഞങ്ങൾക്ക് അവിടെ പ്രവേശിക്കാൻ സാധിച്ചില്ല. എന്തോ മൈന്റെനൻസ് ജോലികൾ അവിടെ നടക്കുകയായിരുന്നു.
ഞങ്ങളുടെ കൂടെ കൂടിയിരുന്ന മഴ അവിടെ വെച്ച് കനത്തതിനാൽ കുറേ നേരം അവിടെ തന്നെ നില്കേണ്ടിവന്നു. ഉച്ചക്ക് ഒരുമണി കഴിഞ്ഞു ഞങ്ങൾ കനോലി പ്ലോട്ടിനോട് വിടപറഞ്ഞു. ഉള്ളിൽ പ്രവേശിക്കാൻ പറ്റിയില്ല എന്നൊരു സങ്കടം ഉണ്ടായിരുന്നു. ഇനിയും നിലംബുരിന്റെ കാണാ കാഴ്ചകൾ ഏറെ ഉണ്ടെങ്കിലും 2:50p.m നു തിരികെ പുറപ്പെടുന്ന എറണാകുളം പാസ്സന്ജർ ആയിരുന്നു ഞങ്ങളുടെ ലക്ഷ്യം. അതുകൊണ്ട് തത്കാലം നിലമ്പൂർ കാഴ്ചകൾക് വിടപറഞ്ഞു ഒരിക്കൽകൂടി വന്ന വഴിയേ അതേ റെയിൽ പാതയിലൂടെ പോകാനുള്ള കൊതി കൊണ്ട് റെയിൽവേ സ്റ്റേഷനിലേക്ക് പോയി. കണ്ട കാഴ്ചകൾ വീണ്ടും കാണാനായി വിൻഡോ സീറ്റ് തന്നെ തിരഞ്ഞെടുത്തു കാതിൽ ഹെഡ്ഫോൺ തിരുകി. ട്രെയിൻ നീങ്ങി തുടങ്ങി പശ്ചാത്തലത്തിൽ “പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടി കടന്നെത്തുന്ന പദനിസ്വരം..”