മാങ്കുളം കാടുകളിലെ ട്രെക്കിംഗും വിശുദ്ധ ഗുഹകളും…

വിവരണം – ശ്യാം രാജ്.

ഇത്തവണ മാങ്കുളത്താണ് ട്രെക്കിങ്. പലവട്ടം മാങ്കുളം പോയിട്ടുണ്ടെങ്കിലും ട്രെക്ക് ചെയ്യാൻ മാത്രം എന്താ അവിടെ ഉള്ളതെന്ന് എന്ന ചോദ്യം മനസ്സിൽ പൊന്തി. പോകണോ വേണ്ടയോ എന്ന് തീരുമാനം എടുക്കാൻ അല്പം കുഴപ്പിച്ചു. പോരാത്തതിന് നല്ല മഴയായത് കൊണ്ട് “എങ്ങും മല കയറാൻ പോവണ്ടാ” എന്ന് വീട്ടിൽ നിന്ന് ശക്തമായ എതിർപ്പും. ഹും സഞ്ചാരിക്ക് എന്ത് മഴ
രണ്ടും കല്പിച്ചു തീരുമാനം എടുത്തു “പോകാം”.

പക്ഷെ ഒന്നും പ്രതീക്ഷിക്കാതെ പോയ ഈ യാത്രയിൽ പുതിയ കാഴ്ചകളും അനുഭവങ്ങളും സമ്മാനിച്ച് പ്രകൃതി വീണ്ടും ഞെട്ടിച്ചു. കാഴ്ചയുടെ അതിരുകൾക്കപ്പുറം കാടിന് ഒരു മുഖമുണ്ട്. അത് കാണാൻ അതിന്റെ ആത്മാവിലേക്ക് ഇറങ്ങി ചെല്ലണമെന്നു മാത്രം. ട്രെക്കിങ്ങിനോടുള്ള അതിയായ താല്പര്യവും കാടിനെ അടുത്തറിയാം എന്നത് കൊണ്ട് മാത്രമാണ്.

പുറമെയുള്ള ശാന്തത കൊണ്ടും ഉള്ളിൽ അതിന്റെ വന്യഭാവം കൊണ്ടും കാട് എന്നും എന്നെ വിസ്മയിപ്പിച്ചിട്ടേ ഉള്ളൂ. കാലുകുത്തിന്നിടം എല്ലാം മാലിന്യക്കൂമ്പാരമാക്കി മാറ്റി മാത്രം ശീലമുള്ള സാക്ഷര സമ്പന്നരായ മനുഷ്യന് തീണ്ടാപ്പാടകലെ തന്റെ യഥാർത്ഥ സൗന്ദര്യം പൂണ്ടു നിൽക്കുന്ന പ്രകൃതി എന്തെല്ലാം അത്ഭുതങ്ങൾ ആണ് അതിന്റെ മടിത്തട്ടിൽ ഒളിപ്പിച്ചു വച്ചിരിക്കുന്നത്. എല്ലാം കണ്ടാസ്വദിച്ചു കാടിന് ദോഷം വരുത്തുന്ന ഒന്നും വരുത്താതെ തിരികെ പോരണം.

അത്യാവശ്യം മഴയുള്ള മെയ്‌ മാസം പതിമൂന്നാം തിയതി. നേരത്തെ പറഞ്ഞതനുസരിച്ചു രാകേഷ് ചേട്ടന്റെ കാറിൽ ഒന്നിച്ചു കൊച്ചിയിൽ നിന്ന് വെളുപ്പിന് യാത്ര തുടങ്ങി ഏകദേശം പത്തു മണിയോടെ മാങ്കുളത്തു എത്തി. ട്രെക്ക് ചെയ്യാൻ ഇരുപത്തഞ്ചോളം ആളുകൾ ഉണ്ട് പലരും പല സ്ഥലത്തു നിന്ന് എത്തുന്നതെയുള്ളൂ. മാങ്കുളത്തെ ചിന്നാർ കുത്ത് ചപ്പാത്തിനടുത്താണ് ക്യാമ്പ്. കാർ പാർക്ക്‌ ചെയ്യുമ്പോഴേക്കും ക്യാമ്പിൽ നിന്ന് ജോണി ചേട്ടനും മകനും എത്തി വഴി കാണിച്ചു തരാനും ടെന്റുകൾ എടുത്തു സഹായിക്കാനും. ഈ ജോണി ചേട്ടൻ ആളൊരു പുപ്പുലിയാണ് അത് വഴിയേ മനസ്സിലാവും.

കാപ്പി തോട്ടങ്ങൾക്കു നടുവിലായി വലിയൊരു പാറയോട് ചേർന്ന് നിർമിച്ച രണ്ട് മുറികളും ഒരു അടുക്കളയും ഉള്ള കെട്ടിടം അതാണ് ക്യാമ്പ്. ഒരു മുറിയിൽ നാലോ അഞ്ചോ പേർക്ക് സുഖമായി കിടക്കാം അറ്റാച്ഡ് ബാത്റൂമും ഉണ്ട്. അടുക്കളയിൽ ഉച്ച ഭക്ഷണം തയ്യാറാവുന്നു. ഉരുളിയിൽ കിടന്നു വേവുന്ന നല്ല അവിയലിന്റെ മണം.ആഹാ. അടുക്കളയിലെ താരം ജോണിച്ചേട്ടനാണ് സഹായത്തിനു ഭാര്യയും മകനും ഉണ്ട്. ക്യാമ്പിൽ നിന്നാൽ വലിയൊരു പാറയിൽ നിന്ന് പതിക്കുന്ന വെള്ളച്ചാട്ടം കാണാം. മലപ്പുറംകാരനായ ജുനൈസും കുറച്ചു കൂട്ടുകാരും ആണ് ഇവിടുത്തെ എല്ലാമെല്ലാം. ഇവിടിങ്ങനൊരു സംഭവം ഉണ്ടെന്നു പുറം ലോകം അറിഞ്ഞു തുടങ്ങുന്നതേയുള്ളൂ

പതിയെ പതിയെ ഓരോരുത്തരായി എത്തി തുടങ്ങി വന്നവർ പരസ്പരം പരിചപ്പെടുന്നു. യാത്രയിൽ കിട്ടുന്ന പുതിയ സുഹൃത്ബന്ധങ്ങൾ. ദൂരെ നിന്ന് വന്നവർ ഒരു കുളി പാസ്സാക്കാൻ വെള്ളച്ചാട്ടത്തിലേക്ക് പോയി. തിരികെ വന്ന പലർക്കും അട്ടകടി കിട്ടി. അങ്ങോട്ട്‌ പോകാൻ പലരും വിളിച്ചെങ്കിലും പോകാൻ തോന്നിയില്ല. നേരത്തെ പോയി കണ്ടിട്ട് ആ ഗും കളയണ്ട എന്ന് തോന്നി. എല്ലാവരും എത്തിയപ്പോൾ ലഞ്ച് റെഡിയായി. വെജിറ്റേറിയൻ ഊണ് ആണെങ്കിലും ഒന്നും പറയാനില്ല ഗംഭീര പാചകം. ഭക്ഷണം കഴിഞ്ഞാൽ വിശുദ്ധ ഗുഹകൾ കാണാനുള്ള പുറപ്പെടലായി.

ഇനിയാണ് മക്കളെ പൂരം. ക്യാമ്പിന് വലതു വശത്തൂടെ നടന്നു തുടങ്ങി. വഴികാട്ടിയായി ജോണി ചേട്ടനും ജുനൈസിന്റെ സുഹൃത്തുക്കളുമുണ്ട്. ചെന്ന് നിന്നത് ഒരു ഒരു പാറയുടെ വിടവിൽ ഇതിലൂടെ നൂഴ്ന്നു വേണം അപ്പുറം കടക്കാൻ. അകത്തു കടന്നപ്പോൾ മനസ്സിലായി ഇതൊരു ഗുഹയാണെന്ന്. പുറത്ത് എത്തിയപ്പോഴാണ് അതിന്റെ വലിപ്പം മനസ്സിലായത്.

അപ്പുറം കടന്നാൽ തെളിനീരൊഴുകുന്ന കാട്ടരുവി. ഒരു വശത്തൂടെ നടന്നു മുകളിൽ കയറിയാൽ അടിപൊളി കാഴ്ചയാണ്. കുത്തനെ ഒരു മല അങ്ങനെ നമ്മുടെ മുൻപിൽ നിൽക്കുന്നു മുകളിൽ നിന്ന് വെള്ളച്ചാട്ടവുമുണ്ട്. വെള്ളം വന്നു വീഴുന്ന ഭാഗം രണ്ട് തട്ടായി ഒരു ചെറു കുളം പോലെ. അരയ്‌ക്കൊപ്പം വെള്ളത്തിൽ ഇഷ്ടംപോലെ നീരാടാം. ഇവിടെയാണ് പലരും കുളിക്കാനായി വന്നത്. തിരിച്ചു വരുമ്പോൾ എന്തായാലും ഇവിടെ കുളിക്കണം.

അങ്ങനെ ആലോചിച്ചു നിൽക്കുമ്പോഴാണ് മനസ്സിലായത് മുന്നോട്ട് വഴി ഒന്നും കാണുന്നില്ല. ഇനിയെങ്ങനെ പോകും എന്നല്ലേ. “കുത്തനെ കിടക്കുന്ന ആ മല കയറി മുകളിൽ എത്തണം”. എന്ത്?? കേട്ടപ്പോൾ എന്റെ കിളി പോയി. ഇതെങ്ങനെ കയറാനാണ്. “പാറയിൽ അള്ളിപ്പിടിച്ചു കയറണം”. ആഹാ പൊളിച്ച്. ട്രെക്കിൽ ഏറ്റവും വെല്ലുവിളിയായി തോന്നിയത് ഈ കയറ്റമാണ്.

ഓരോരുത്തരായി അള്ളിപ്പിടിച്ച് കയറിത്തുടങ്ങി. വെള്ളച്ചാട്ടത്തിൽ കുളിച്ചു ഉല്ലസിച്ചാണ് ചിലർ കയറുന്നത്. ഏറ്റവും പുറകിലായി ഞാൻ. പേടി കൊണ്ടല്ലാട്ടോ ചിത്രങ്ങൾ എടുക്കാനാണ്. സത്യായിട്ടും. ആദ്യം കയറിയവർ പിന്നിലുള്ളവരെ കയറാൻ കൈ പിടിച്ചു സഹായിക്കുന്നുണ്ട്.
സാഹസികത ഇഷ്ടമാണെങ്കിലും പാറയിൽ ചിലയിടങ്ങളിൽ വഴുക്കൽ ഉള്ളത് അല്പം ഭയപ്പെടുത്തി. എങ്കിലും വെല്ലുവിളി ഏറ്റെടുത്തു ഞാനും പതിയെ സാഹസപ്പെട്ടു കയറി മുകളിലെത്തി. ഹാവൂ ഇത്രേയുള്ളോ. ഒരു നെടുവീർപ്പിട്ടു😊.

പോകുന്ന വഴികളിലെ കാഴ്ചകളിലെല്ലാം കാടിന്റെ സൗന്ദര്യം നിറഞ്ഞു നില്കുന്നു. അത് ഇടതൂർന്ന വനങ്ങളായും, കലപില കൂട്ടി ഒഴുകുന്ന അരുവിയായും, പലതരം ജന്തുക്കളുടെ ശബ്ദങ്ങളായും പല രൂപത്തിൽ നമ്മെ കൊതിപ്പിക്കും. ഇപ്പോൾ മഴ പെയ്യും എന്ന മട്ടിൽ ആകാശം മഴ മേഘങ്ങൾ പേറി നില്കുന്നു. വല്ലാത്തൊരു മൂഡാണ് ആ സമയം കാടിനോട് കിന്നാരം പറഞ്ഞു നടക്കാൻ.

മുന്നേ പോയവർ വഴുക്കലുള്ള ഭാഗം ചൂണ്ടിക്കാട്ടി മുന്നറിയിപ്പ് തന്നു. അരുവികളിൽ വെള്ളം നന്നേ കുറവ് ഏറിയാൽ മുട്ടിനു താഴെ വരെ മാത്രം. തണുത്ത വെള്ളത്തിൽ കാൽ ചവിട്ടുമ്പോൾ എന്തെന്നില്ലാത്ത അനുഭൂതി. അത് പെരുവിരൽ തുടങ്ങി ഉച്ചി വരെ തണുപ്പിക്കും. ഏതു ഭാരവും അലിഞ്ഞു ഇല്ലാണ്ടാവും. ഇതൊക്കെയാണെങ്കിലും അട്ടകടിക്കൊരു കുറവുമില്ല😥.

ഇനിയും കയറ്റമാണ് പക്ഷെ എളുപ്പമാണ്. ഇല്ലിച്ചെടികളും ചെറു പാറക്കൂട്ടങ്ങളും കടന്നു വീണ്ടും മുന്നോട്ട്. ചെന്നെത്തിയത് ഒരു വലിയ ഗുഹാകവാടത്തിൽ. സത്യം പറഞ്ഞാൽ വാ പൊളിച്ചു നിന്നു പോയി. ഞങ്ങൾ മുഴുവൻ പേരും അതിന്റെ ഉള്ളിൽ കയറി നിന്നാൽ പിന്നെയും ഒരുപാട് സ്ഥലം ബാക്കിയുണ്ടാവും അത്രയ്ക്ക് വലുത്. ചെറിയ ഒരു വിടവിൽ കൂടി മുകളിൽ നിന്ന് ഗുഹക്കുള്ളിൽ ശക്തിയായി വെള്ളം പതിക്കുന്നത് അതിന്റെ ഭംഗി കൂട്ടി.

അമ്മയുടെ ഗർഭപാത്രത്തിൽ മക്കളെന്ന പോലെ എല്ലാവരും ഇപ്പോ ഗുഹക്കുള്ളിലാണ്. കുട്ടികൾ മുതൽ മുതിർന്നവർ വരെ ഓരോ മൂലയിലും പോയി ഫോട്ടോയെടുത്തും, മുതുകിൽ കല്ല് വന്നു വീഴും പോലെ താഴേക്ക് പതിക്കുന്ന വെള്ളത്തിൽ കുളിയുമായി എല്ലാ മുഖങ്ങളിലും അത്ഭുതവും സന്തോഷവും. ഗുഹാമുഖത്തു നിന്നാൽ അടിപൊളി കാഴ്ചകൾ ആണ്. തട്ട് തട്ടായി കല്ലുകളിൽ പതിക്കുന്ന വെള്ളച്ചാട്ടവും ചുറ്റും ചോലവനങ്ങളും ചീവീടുകളുടെ മൂളലും വെള്ളച്ചാട്ടത്തിന്റെ ശീൽക്കാരവും. ഏറെ നേരം അങ്ങനെ ആസ്വദിച്ച ശേഷം ട്രെക്ക് തുടർന്നു.

യഥേഷ്ടം കുടിവെള്ളം കിട്ടുന്നത് കൊണ്ട് പ്ലാസ്റ്റിക് കുപ്പികൾ പരമാവധി ഒഴിവാക്കി. കാട്ടിലെ വെള്ളത്തിൽ എന്ത് മാലിന്യം. വെള്ളം അഴുക്കാവുന്നത് മനുഷ്യവാസം ഉള്ളിടത്താണ്. ഗുഹയുടെ ഇടതു വശത്തൂടെ നീങ്ങി തുടങ്ങി ആ ഭാഗം ഉയരം നന്നേ കുറവാണു. ഇരുന്നും നിരങ്ങിയും താഴോട്ടിറങ്ങണം. അതിന്റെ അവസാനം ഒരാൾക്ക് മാത്രം നൂഴ്ന്ന് തോഴോട്ടിറങ്ങാവുന്ന രീതിയിൽ പാറകൾക്കിടയിൽ ഒരു വിടവ്. ഹോ സിരകളിൽ ആവേശം പടരുന്നു. അതിലൂടെ ഊർന്നു താഴെ ഇറങ്ങി കുറച്ചു മുന്നോട്ട് നടന്നു. പിന്നെ മൗഗ്ലി സ്റ്റൈലിൽ ഒരു വള്ളിയിൽ തൂങ്ങിയിറങ്ങി കാലു കുത്തിയത് വിശാലമായ മറ്റൊരു ഗുഹയുടെ ഉള്ളിൽ😲.

ഇറങ്ങി വന്ന വിടവിൽ കൂടെ അരിച്ചിറങ്ങുന്ന നേരിയ വെളിച്ചം മാത്രമേയുള്ളൂ വേറെ കവാടം ഒന്നുമില്ല. ജനിച്ചു വീണ കുട്ടിയെ പോലെ ഇതെല്ലാം കണ്ട് അന്തം വിട്ടു നോക്കി നിൽക്കാനേ കഴിഞ്ഞുള്ളു. ഇനിയെന്ത് എന്നാലോചിക്കുമ്പോൾ അല്പം ഉയരത്തിൽ രണ്ട് പാറകളുടെ വിടവിലൂടെ ഓരോരുത്തരായി പോകുന്നു. ആ ഭാഗം നല്ല ഇരുട്ടാണ് മൊബൈൽ ഫ്ലാഷിന്റെ വെളിച്ചത്തിൽ സൂക്ഷിച്ച് നടന്നു. പുറത്ത് വെളിച്ചം കണ്ടപ്പോഴാണ് മനസ്സിലായത് ഇത് പുറത്തിറങ്ങാനുള്ള വഴിയാണ്. ഹാവൂ പുറത്തെത്തി.

എല്ലാം ഒരു മുത്തശ്ശി കഥ പോലെ തോന്നുന്നു ഇത്രയും നേരം ഞാൻ ഭൂമിയിൽ തന്നെയായിരുന്നോ. ഇതൊക്കെ ഞാൻ സിനിമകളിലേ കണ്ടിട്ടുള്ളൂ. ഇങ്ങനെയൊരു ട്രെക്ക് ആദ്യമായാണ്. സാഹസത്തെക്കാളുപരി അത്ഭുതമാണ് തോന്നുന്നത് പ്രകൃതിയുടെ മായാജാലം കണ്ടിട്ട്😇😊.

ഇനി ഇന്നത്തെ അവസാന ഘട്ടമായ വെള്ളച്ചാട്ടത്തിലേക്കാണ് നടപ്പ്. വലിപ്പം നോക്കിയാൽ ആനയടിക്കുത്തിന്റെ മൂന്നോ നാലോ ഇരട്ടി ഉയരമുണ്ട് നല്ല വീതിയും. ഇപ്പോ വെള്ളം കുറവാണെങ്കിലും മഴ ശക്തമായാൽ ഇവൾ ഉഗ്രരൂപിണിയാകും. ഗ്രൂപ്പിലുള്ളവർ പ്രായഭേദമന്യേ കുളിക്കാനിറങ്ങുന്നു. എവിടെ നിന്നോ ഉറവ പൊട്ടി പോകുന്ന വഴികളിലെല്ലാം ആരോടോ കലഹിച്ചു ബഹളമുണ്ടാക്കി മല മുകളിൽ നിന്ന് ഒഴുകി വരുന്ന നല്ല തണുത്ത വെള്ളത്തിൽ ഇറങ്ങി കുളിച്ചാലുള്ള സുഖം പറഞ്ഞറിയിക്കണോ. ചാർളി പറഞ്ഞത് പോലെ ഫുൾ മിനറൽസ് ആണ്. ഈ വെള്ളച്ചാട്ടങ്ങളുടെയൊക്കെ ഉറവിടം എവിടെയാണെന്ന് ഞാൻ പലപ്പോഴും ആലോചിക്കാറുണ്ട് ചുമ്മാ തേടി പോവാൻ.

ഇങ്ങനെയുള്ള യാത്രകൾ സ്വന്തം ജീവിതത്തിൽ പേടിച്ചു നിൽക്കാതെ മുന്നോട്ട് പോകാൻ കൂടുതൽ ധൈര്യം പകർന്നിട്ടുണ്ട്. നമ്മൾ ആരാണെന്നുള്ള തിരിച്ചറിവും ഉണ്ടാവും. മഴ മേഘങ്ങൾ നിറഞ്ഞു നിന്നത് കൊണ്ട് നല്ലൊരു അസ്തമയ ദൃശ്യം മാത്രം ഒത്തില്ല. ആകെ ഒരു പോരായ്മ അത് മാത്രേ ഉള്ളൂ. തിരികെ ക്യാമ്പിലെത്തി ഇനി ടെന്റ് അടിക്കാനുള്ള ഒരുക്കങ്ങളാണ്. അല്പം മാറി ഒരു പാറയുടെ മുകളിൽ ടെന്റ് കെട്ടാൻ സ്ഥലമുണ്ട്. സ്വന്തമായി ഇല്ലങ്കിലും മറ്റുള്ളവർക്ക് ടെന്റ് കെട്ടാൻ എന്നാൽ കഴിയുന്ന സഹായം എല്ലാവർക്കും ചെയ്തു കൊടുത്തു.

അത്താഴത്തിനു ജോണി ചേട്ടന്റെ കൈപുണ്യത്തിൽ അടിപൊളി ചിക്കൻ കറിയും ചപ്പാത്തിയും. ഒരു കാര്യം പറയാൻ മറന്നു ജുനൈസും കൂട്ടരും ഇക്കണ്ട ഗുഹകളും അങ്ങോട്ടുള്ള വഴികളും കണ്ടു പിടിച്ചത് ജോണി ചേട്ടന്റെ സാഹത്തോടെയാണ്. എന്താല്ലേ… വയസ്സ് വെറും സംഖ്യ മാത്രമാണെന്ന് കാണിച്ചു തരുന്ന ഒരു അഡാർ ഐറ്റം.

ഭക്ഷണം കഴിഞ്ഞു എല്ലാവരും ഒത്തുകൂടി പരസ്പരം പരിചയപ്പെടുത്താൻ. ട്രെക്ക് തുടങ്ങുമ്പോൾ ആരെയും അറിയില്ലാരുന്നു എന്നാലിപ്പോൾ ഒരുപിടി നല്ല സുഹൃത്തുക്കളുണ്ട്. പ്രായം പലതാണെങ്കിലും യാത്രയും പ്രകൃതിയും സ്നേഹിക്കുന്ന ഒരേ മനസ്സുള്ളവർ. പരിചയപ്പെടുത്തലും തമാശ പറച്ചിലുമൊക്കെയായി കുറച്ചു നേരം ചിലവിട്ട ശേഷം അവരവരുടെ ടെന്റുകളിലേക്ക്.

പിറ്റേന്ന് ഏതോ പക്ഷിയുടെ ഉച്ചത്തിലുള്ള ശബ്ദം കേട്ടാണ് ഉണർന്നത് ക്യാമറ എടുക്കാൻ പോയപ്പോൾ ആരോ പറഞ്ഞു അപ്പുറത്തെ മുറിയിലുള്ള ആൾ യോഗ ചെയ്യുന്നതാണെന്ന്. ഛെ കളഞ്ഞു😂…ആ തണുപ്പത്ത് കുറച്ചൂടെ ഉറങ്ങാരുന്നു.. ആ പോട്ട്. എന്തായാലും എണീറ്റ് പോയില്ലേ. ഇന്നിനി എന്തൊക്കെയാണോ കാണാൻ പോകുന്നത് എന്നൊക്കെ ആലോചിച്ചു ഒരു കട്ടൻ കാപ്പി പിടിപ്പിച്ചു. പല മുഖങ്ങളും ഉണർന്നു എണീറ്റു വരുന്നതേയുള്ളൂ. പതിയെ ഓരോരുത്തരായി റെഡിയായി. പ്രഭാത ഭക്ഷണം കഴിച്ചു യാത്ര തുടങ്ങുകയായി ഇന്നത്തെ കാഴ്ചകൾ കാണാൻ.

പാറക്കൂട്ടങ്ങളും കാപ്പിത്തോട്ടങ്ങളും കടന്നു വേറൊരു വഴിയിലൂടെ മുകളിലേക്ക് നടന്നു. പച്ച പുല്ല് നിറഞ്ഞ വഴികൾ പതിയെ കരിയിലകൾ വിരിച്ച ഇല്ലിക്കാടുകൾക്കു വഴി മാറി. ചുറ്റും ചീവിടുകളുടെ കാതടപ്പിക്കുന്ന സ്വര മാധുര്യം ആഹാ. അല്പം സാഹസപ്പെട്ടു നടക്കണം പലയിടത്തും ചെറിയ അരുവികൾ ഒഴുകുന്ന വഴുക്കൽ ഉള്ള പാറയുണ്ട്.

നടന്നു ചെന്നെത്തിയത് തലേ ദിവസം ട്രെക്ക് അവസാനിപ്പിച്ച വെള്ളച്ചാട്ടത്തിന്റെ നെറുകയിൽ. ഇത് ഒട്ടും പ്രതീക്ഷിച്ചില്ല. ഇവിടെ നിന്നാൽ പച്ച പുതച്ച മാങ്കുളത്തെ മനോഹാരിത മുഴുവൻ ഒപ്പിയെടുക്കാം. അല്പം നേരം അവിടെ ചിലവിട്ട ശേഷം തിരികെ ഇറങ്ങി. മഴ പെയ്യാൻ സാധ്യത ഉള്ളതിനാൽ തിരിച്ചു പോകണം. ശാന്തമായ പ്രകൃതിയുടെ രൂപം മാറാൻ നിമിഷങ്ങൾ മതി. കാടിനോട് വിട പറഞ്ഞ് വന്ന വഴിയേ തിരികെ നടന്നു. താഴെ എത്തി ക്യമ്പിലോട്ട് നടക്കുമ്പോൾ അതാ ഒരു ചാമ്പ മരം നിറയെ കായ്കളുമായി നില്കുന്നു. നാട്ടിൽ വല്ലതും ആയിരുന്നേൽ പിള്ളേര് പണ്ടേ മൊട്ടയടിച്ചു വിട്ടേനെ. അന്ന് ഈ നിപ്പയൊന്നും കണ്ടുപിടിച്ചിട്ടില്ല. ഇഷ്ടംപോലെ പറിച്ചു തിന്നു.

തിരികെ ക്യാമ്പിലെത്തി വെള്ളച്ചാട്ടത്തിൽ പോയി ഒരു കുളിയും പാസ്സാക്കി വന്നു. പലരും പോകാൻ തയ്യാറെടുക്കുന്നു. ഏറ്റവും ഒടുവിലായാണ് ഞങ്ങൾ ഇറങ്ങിയത്. പോരുമ്പോൾ ജോണി ചേട്ടനും ജുനൈസും കൂട്ടുകാരും പുഞ്ചിരിയോടെ യാത്ര നൽകി. പോരുമ്പോൾ കാറിലിരുന്ന് തിരിഞ്ഞു ഒരു നോട്ടം നോക്കി, സഞ്ചാരികൾ അധികം അറിയാത്ത മാങ്കുളത്തെ ഗുഹകൾ കാടിന്റെ മറവിൽ ഇരുന്നു അപ്പോഴും വായ പൊളിച്ചു ചിരിക്കുന്നുണ്ടാവും.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply