അധികമാർക്കും അറിയാത്ത കൊച്ചിയിലെ ഒരു റെയിൽവേ സ്റ്റേഷൻ്റെ കഥ..

എറണാകുളത്ത് എല്ലാവർക്കും പരിചയമുള്ള റെയിൽവേ സ്റ്റേഷനുകളാണ് സൗത്തും നോർത്തും എന്നറിയപ്പെടുന്ന എറണാകുളം ജംക്ഷനും എറണാകുളം ടൗണും. എന്നാൽ ഇവയിൽ നിന്നുമൊക്കെ ഏറെ പ്രശസ്തമായൊരു റെയിൽവേ സ്റ്റേഷൻ കൂടിയുണ്ട് എറണാകുളത്ത്. എറണാകുളം എന്നു പറയുന്നെതിനേക്കാൾ ഒന്നുകൂടി നല്ലത് കൊച്ചിയിൽ എന്നായിരിക്കും. അതെ, കൊച്ചിയിലെ വില്ലിംഗ്ടൺ ഐലൻഡിലെ ‘കൊച്ചിൻ ഹാർബർ ടെർമിനസ്’ ആണ് ആ താരം. വില്ലിംഗ്ടൺ ഐലൻഡിൽ ബ്രിസ്റ്റോ റോഡിലാണ് ഈ റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. ഇപ്പോൾ വർഷങ്ങൾക്കു ശേഷം അവിടേക്ക് വീണ്ടും യാത്രാത്തീവണ്ടി ഡെമുവിന്റെ രൂപത്തിൽ എത്തുമ്പോഴാണ് പുതിയ തലമുറ ഇങ്ങനെയൊരു സ്റ്റേഷൻ ഉണ്ടെന്ന കാര്യം അറിയുന്നതും പഴയ തലമുറ ഓർമ്മകൾ പുതുക്കുന്നതും. അതെ ഏവരും ചരമക്കുറിപ്പ് എഴുതിയ ഒരു റെയിൽവേ സ്റ്റേഷന്റെ ഉയിർത്തെഴുനേൽപ്പിനു കൂടിയാണു ‌‌‌‌കൊച്ചി നഗരം സാക്ഷ്യം വഹിക്കാൻ പോകുന്നത്.

1943 ൽ ആണു കൊച്ചിൻ ഹാർബർ ടെർമിനസ് പ്രവർത്തനം ആരംഭിച്ചത്. കേരളത്തിന്റെ റെയിൽവേ ചരിത്രത്തിൽ നിർണായക സ്ഥാനമാണു ഹാർബർ ടെർമിനസ് സ്റ്റേഷനുണ്ടായിരുന്നത്. വിമാനത്താവളവും തുറമുഖവും റെയിൽവേ സ്റ്റേഷനും ഒക്കെ അടുത്തടുത്തായി സ്ഥിതി ചെയ്യുന്ന വിശേഷണം വില്ലിങ്ഡൻ ദ്വീപിനു സ്വന്തമായിരുന്നു. പ്രധാനമായും ചരക്കു നീക്കത്തിനു വേണ്ടിയായിരുന്നു ഈ സ്റ്റേഷൻ നിർമ്മിച്ചതെങ്കിലും യാത്രാ തീവണ്ടികളും ഇവിടെ നിന്നും യാത്രയാരംഭിച്ചു. ഹാർബർ ടെർമിനസിനു വലതു വശത്ത് ഇപ്പോൾ ലക്ഷദ്വീപ് കപ്പലുകൾ ബെർത്ത് ചെയ്യുന്ന ഭാഗത്തു പണ്ട് ഒരു റെയിൽവേ സ്റ്റേഷനുണ്ടായിരുന്നു– കൊച്ചിൻ പിയർ എന്ന പേരിൽ. കപ്പലിൽ എത്തുന്ന വിദേശികൾക്കു തുറമുഖത്തു നിന്നു തന്നെ ട്രെയിൻ കയറാനുള്ള സൗകര്യമാണ് ഈ സ്റ്റേഷനിലുണ്ടായിരുന്നത്. ഹാർബർ ടെർമിനസിന്റെ സ്റ്റേഷൻ കോഡ് സിഎച്ച്ടിഎസ് എന്നായിരുന്നെങ്കിൽ സിഎച്ച്പിയായിരുന്നു കൊച്ചിൻ പിയർ. കായലിൽ നിന്നും പത്തു മീറ്ററോളം ദൂരമേയുള്ളൂ കൊച്ചിൻ ഹാർബർ ടെർമിനസിലേക്ക്.

കൊച്ചിൻ – ഷൊർണൂർ പാസഞ്ചറായിരുന്നു ഹാർബർ ടെർമിനസ് സ്റ്റേഷനിൽ നിന്നുള്ള ആദ്യ സർവീസ്. 60 വർഷം ഒരേ സമയക്രമത്തിൽ രാവിലെയും വൈകിട്ടും ഈ ട്രെയിൻ സർവീസ് നടത്തിയിരുന്നു. തിരുവനന്തപുരത്തു നിന്ന് എറണാകുളത്തക്കുള്ള പാത മീറ്റർ ഗേജും ഷൊർണൂർ എറണാകുളം പാത ബ്രോഡ്‌ഗേജുമായിരുന്നു. രണ്ടു വശത്തു നിന്നുമുള്ള ട്രെയിനുകളെ സ്വീകരിക്കാൻ എറണാകുളം സൗത്ത് മുതൽ ഹാർബർ ടെർമിനസ് വരെയുള്ള പാത മീറ്റർ ഗേജും ബ്രോഡ് ഗേജുമുള്ള ഡ്യുവൽ ഗേജായിരുന്നു. എറണാകുളം ജംക്ഷൻ കഴിഞ്ഞാൽ പെരുമാനൂർ (തേവരയ്ക്ക് സമീപം), മട്ടാഞ്ചേരി ഹാൾട്ട്, കൊച്ചിൻ ഹാർബർ ടെർമിനസ് എന്നിങ്ങനെയായിരുന്നു സ്റ്റേഷനുകൾ.

രണ്ട് കോച്ചുകൾ മാത്രമുള്ള ഉള്ള ഒരു ട്രെയിൻ ഉപയോഗിച്ച് അറുപതുകളിലും എഴുപതുകളിലും ഇവിടെ നിന്ന് എറണാകുളത്തു തന്നെയുള്ള ഇടപ്പള്ളി സ്റ്റേഷനിലേക്കു ലോക്കൽ സർവീസ് നടത്തിയിരുന്നു എന്നത് അധികമാർക്കും അറിയാത്ത കാര്യമാണ്. ഇന്നത്തെ സബർബൻ പോലെയൊരു സംവിധാനം. അന്ന് ഇടപ്പള്ളി ലുലു മാളൊന്നും ഇല്ലാതിരുന്ന കാലമാണെന്ന് ഓർക്കണേ. മേട്ടുപ്പാളയത്തു നിന്നും ടീ ഗാർഡൻ എക്സ്പ്രസ്സിൽ വരുന്ന തേയില തൂക്കി നോക്കുന്നതിനായി 60 ടൺ ശേഷിയുള്ള റെയിൽവേ വേബ്രിഡ്ജ് ഇവിടെയുണ്ടായിരുന്നു. തേയിലയും മറ്റുമെല്ലാം ഇവിടെ തൂക്കി അളവു കൃത്യമാക്കിയതിനു ശേഷമായിരുന്നു മറ്റുള്ള സ്ഥലങ്ങളിലേക്ക് കപ്പൽ മാർഗ്ഗം എത്തിച്ചിരുന്നത്.

 

മദ്രാസ് മെയിൽ, ഐലൻഡ് എക്സ്പ്രസ്, ടീ ഗാർഡൻ, ജയന്തി ജനത, നേത്രാവതി, മംഗള, രപ്തി സാഗർ, പരശുറാം തുടങ്ങിയ ഇന്നത്തെ പേരു കേട്ട ട്രെയിനുകളെല്ലാം തുടങ്ങിയത് കൊച്ചിൻ ഹാർബർ ടെര്മിനസിൽ നിന്നാണ്. പിൽക്കാലത്ത് അവ പേരും, റൂട്ടുമൊക്കെ മാറുകയായിരുന്നു. മേട്ടുപ്പാളയത്തുനിന്നു കൊച്ചി തുറമുഖത്തേക്കു തേയില കൊണ്ടുവന്നിരുന്ന ടീ ഗാർഡൻ എക്സ്പ്രസാണ് ഇന്നു കാണുന്ന എറണാകുളം- കാരൈക്കാൽ എക്സ്പ്രസ്. ഇന്ന് കന്യാകുമാരി– ബെംഗളൂരു റൂട്ടിലോടുന്ന ഐലൻഡ് എക്സ്പ്രസ് ആദ്യകാലത്ത് ഇവിടെ നിന്നുമായിരുന്നു സർവ്വീസ് നടത്തിയിരുന്നത്. ട്രെയിനിന്റെ പേരിലെ ഐലൻഡ്, വില്ലിങ്ഡൻ ഐലൻഡാണെന്ന് എത്രപേർക്കറിയാം? അന്നത്തെ മദ്രാസ് – കൊച്ചിൻ എക്സ്പ്രസ്സാണ് പിൽക്കാലത്ത് ചെന്നൈ – ആലപ്പി എക്സ്പ്രസ്സായി മാറിയത്. ഇവിടെ നിന്നു സര്‍വീസ് നടത്തിയിരുന്ന 17 ട്രെയിനുകളില്‍ ഒന്നൊഴിച്ചു ബാക്കിയെല്ലാം തന്നെ ഇന്നു വിവിധ ഭാഗങ്ങളില്‍ നിന്നു സര്‍വീസ് നടത്തുന്നു. ഹാര്‍ബര്‍ ടെര്‍മിനസ്-മുംബൈ ദാദര്‍ സര്‍വീസ് മാത്രമാണു എന്നെന്നേക്കുമായി നിര്ത്തലാക്കിയത്.

കായല്‍ നികത്തിയെടുത്ത വെല്ലിംഗ്ടൺ ഐലന്‍ഡിന്റെ ഹൃദയത്തിലൂടെ റെയില്‍പ്പാളങ്ങള്‍ക്ക് സമാന്തരമായി നീളുന്ന റോഡില്‍ തീവണ്ടിയും വാഹനങ്ങളും മത്സരിച്ചോടുമ്പോള്‍ ഒരുവശത്ത് തിരക്കേറിയ നേവിയുടെ വിമാനത്താവളവും ഇപ്പുറത്തെ വാത്തുരുത്തി കോളനിയും ഇതിനു സാക്ഷിയായിരുന്നു. വെണ്ടുരുത്തി പാലത്തിനടുത്തെത്തും വരെ റെയിലും റോഡും ഒപ്പത്തിനൊപ്പമായിരുന്നു. തേവര ഹാള്‍ട്ടില്‍ വഴിപിരിയും വരെ ട്രെയിനില്‍നിന്നിങ്ങോട്ടും കാറില്‍നിന്നങ്ങോട്ടും ഉയര്‍ന്നു വീശുന്ന കൈകളും കൈലേസുകളും. ഈ ഓർമ്മകളൊക്കെ ഏതൊരു കൊച്ചിക്കാരനും മറക്കാനാവാത്തതാണ്.

കാലം മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കെ എറണാകുളം ജംക്ഷൻ സ്റ്റേഷന് (സൗത്ത്) പ്രാധാന്യം കൂടിയതും, സതേൺ റെയിൽവേയുടെ ബേസ് സ്റ്റേഷനായി തിരുവനന്തപുരം തിരഞ്ഞെടുക്കപ്പെട്ടതും, ‘കോട്ടയം, ആലപ്പുഴ’ പാതകളുമായി കണക്ടിവിറ്റി വന്നതുമെല്ലാം കൊച്ചിൻ ഹാർബർ ടെർമിനസിന്റെ ക്ഷീണത്തിനു തുടക്കം കുറിച്ചു. 1991 ഓടെയായിരുന്നു ഈ സംഭവങ്ങളുടെ തുടക്കം. ഇവിടെ നിന്നും സർവ്വീസ് നടത്തിയിരുന്ന തീവണ്ടികൾ തിരുവനന്തപുരം സെൻട്രലിലേക്കും ബാക്കിയുള്ളവ എറണാകുളത്തേക്കും മാറ്റി. കൊച്ചിൻ – മദ്രാസ് എക്സ്പ്രസ്സ് ആലപ്പുഴയിലേക്കും നീട്ടി.

പിന്നീട് 1996 ൽ റെയിൽപ്പാത വൈദ്യുതീകരിക്കുവാൻ നേവിയുടെ അനുമതി കിട്ടാതെ വന്നതോടെ ഈ റെയിൽവേ സ്റ്റേഷന്റെ അവസാന പിടിവള്ളിയും വിട്ടുപോയി. അവസാനകാലത്ത് കൊച്ചിൻ – ഷൊർണ്ണൂർ പാസഞ്ചർ സർവ്വീസ് മാത്രമായിരുന്നു സർവ്വീസ് നടത്തിയിരുന്നത്. ഒരിക്കൽ വെണ്ടുരുത്തി പാലത്തിൽ ബാർജ്ജ് ഇടിച്ച് പാലത്തിനു ചെറിയ കേടുപാടുകൾ സംഭവിച്ചതോടെ ആ സർവ്വീസും ഐലൻഡിനോട് വിടപറഞ്ഞു. പിന്നീട് പാലം പുനർ നിർമ്മിച്ചപ്പോൾ ഇതിലൂടെ കടന്നുപോയത് അപൂർവ്വം ചില ചരക്കുവണ്ടികൾ മാത്രമാണ്.

ഇപ്പോൾ വീണ്ടും ഇവിടേക്ക് സർവ്വീസ് പുനരാരംഭിക്കുമെന്ന വാർത്ത വന്നതോടെ എല്ലാവരും ആകാംക്ഷയിലാണ്. പഴയ പ്രതാപം വീണ്ടെടുക്കാൻ കൊച്ചിൻ ഹാർബർ ടെർമിനസിനു കഴിയുമോ? കാത്തിരുന്നു കാണാം.

വിവരങ്ങൾക്ക്  കടപ്പാട് – വിക്കിപീഡിയ, മനോരമ ഓൺലൈൻ.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply