ബസ് യാത്രകളിൽ സ്ത്രീകൾ നേരിടുന്ന പ്രധാന പ്രശ്നമാണ് പൂവാല ശല്യം. ചിലപ്പോൾ മാന്യമായ വേഷം ധരിച്ചവരായേക്കാം ഇത്തരം പൂവാലന്മാർ. എന്തായാലും തിരക്കുള്ള ബസ്സിൽ സ്ത്രീകളെ ശല്യം ചെയ്ത് സംതൃപ്തിയടയുന്ന ഇക്കൂട്ടർ നമ്മുടെ സമൂഹത്തിനു തന്നെ മാനക്കേടാണ്. മിക്ക സ്ത്രീകളും അപമാനം ഭയന്ന് ഇത്തരം ശല്യക്കാർക്കെതിരെ പ്രതികരിക്കാതിരിക്കുകയാണ് പതിവ്. ഈ പ്രവണത പൂവാലന്മാരായ ഞരമ്പുരോഗികൾ മുതലെടുക്കുകയും ചെയ്യും. എന്നാൽ ചില സന്ദർഭങ്ങളിൽ സ്ത്രീകൾ ഇതിനെതിരെ രൂക്ഷമായി ധൈര്യത്തോടെ പ്രതികരിക്കാറുണ്ട്. അത് ചിലപ്പോൾ വാർത്തകളിലും ഇടം നേടും. അത്തരമൊരു സംഭവത്തിനാണ് തിരുവനന്തപുരം കഴിഞ്ഞ ദിവസം സാക്ഷിയായത്.
തിരുവനന്തപുരം ടെക്നോപാർക്കിൽ ജോലിക്കു ചേരുവാൻ വേണ്ടിയായിരുന്നു യുവതി അച്ഛനും സഹോദരനുമൊപ്പം കായംകുളത്തു നിന്നും തിരുവനന്തപുരത്തേക്ക് ട്രെയിനിൽ കയറിയത്. തിരുവനന്തപുരം സ്റ്റേഷനിൽ ഇറങ്ങിയ ഇവർ കഴക്കൂട്ടത്തേക്ക് പോകുവാനായി കൊല്ലത്തേക്കുള്ള ഒരു കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ്സിൽ കയറി. തമ്പാനൂരിൽ നിന്നും തന്നെ ബസ്സിൽ നല്ല തിരക്കുണ്ടായിരുന്നു. ഇവിടുന്നു തന്നെയാണ് പൂവാലനായ യുവാവും കയറിപ്പറ്റിയത്. അങ്ങനെ ബസ് യാത്ര തുടങ്ങി. മെഡിക്കൽ കോളേജ് കഴിഞ്ഞപ്പോൾ നമ്മുടെ പൂവാലൻ ബസ് യാത്രക്കാരിയായ ഒരു സ്ത്രീയെ ശല്യം ചെയ്യുവാൻ ആരംഭിച്ചു. അപകടം മണത്ത ആ സ്ത്രീ മുന്നോട്ടു കയറി നിൽക്കുകയാണുണ്ടായത്. ഇതോടെ മറ്റൊരു സ്ത്രീയോടായി പൂവാലന്റെ പരാക്രമം.സഹികെട്ട ആ സ്ത്രീയും അവിടെ നിന്നു മാറിയതോടെ തൊട്ടടുത്ത സീറ്റിലുരുന്ന് ഇതെല്ലം കാണുകയായിരുന്ന പെൺകുട്ടിയുടെ നേർക്കായി അതിക്രമം.
സഹികെട്ട പെൺകുട്ടി ഒച്ചവെയ്ക്കുകയും ഇയാളെ ബലമായി തള്ളിമാറ്റുകയും ചെയ്തു. ഇതോടെ അരിശംപൂണ്ട പൂവാലൻ പെൺകുട്ടിയെ കേട്ടാലറയ്ക്കുന്ന അസഭ്യം ചൊറിയുവാൻ തുടങ്ങി. ക്ഷമ നശിച്ച യുവതി പിന്നീട് ഇയാളെ ബസ്സിനുള്ളിൽ വെച്ച് ചവിട്ടിക്കൂട്ടുകയായിരുന്നു. ഇതിനിടെ കഴക്കൂട്ടത്ത് ബസ് നിർത്തിയപ്പോൾ ഇയാൾ ബസ്സിൽ നിന്നും എങ്ങനെയോ ഇറങ്ങി രക്ഷപ്പെടാനായി ഓടി. വിട്ടുകൊടുക്കാൻ തയ്യാറാകാതെ പെൺകുട്ടിയും അച്ഛനും സഹോദരനും ഇയാളുടെ പിന്നാലെ പിന്തുടർന്നു. അവസാനം ഗത്യന്തരമില്ലാതായപ്പോൾ പൂവാലൻ കഴക്കൂട്ടം സബ് രജിസ്ട്രാർ ഓഫീസിന്റെ ഏഴടി ഉയരമുള്ള വലിയ മതിൽ ചാടുകയാണുണ്ടായത്. ഇതോടെ സംഭവം കണ്ടു നിന്നവരും ഓട്ടോ ഡ്രൈവർമാരും ചേർന്ന് ഇയാളെ ഓടിച്ചിട്ട് മാർക്കറ്റിനു സമീപത്തു നിന്നും പിടികൂടുകയായിരുന്നു. നാട്ടുകാരുടെ കയ്യിൽ നിന്നും ഇയാൾക്ക് പൊതിരെ തല്ലു കിട്ടി. ഇതിനിടെ ആരൊക്കെയോ പോലീസിനെയും വിവരം അറിയിച്ചു.കാര്യവട്ടം പുല്ലാന്നിവിള സ്വദേശിയായ 28 വയസ്സുകാരൻ സജീവ് ആണ് ഈ പൂവാലൻ എന്ന് പോലീസ് വന്നതോടെ തെളിയുകയുണ്ടായി. ഇയാളെ പോലീസ് ജീപ്പിലിട്ടു കൊണ്ടുപോയതോടെയാണ് നാട്ടുകാർ ശാന്തരായത്.
സജീവിനെപ്പോലുള്ള നിരവധി ഞരമ്പു രോഗികൾ നാം അറിയാതെ നമ്മുടെ സമൂഹത്തിൽ ജീവിക്കുന്നുണ്ട്. ഇവരുടെ മനസ്സ് എപ്പോഴാണ് മാറുന്നതെന്ന് പറയുവാനും നമുക്ക് കഴിയില്ല. സ്ത്രീ സുരക്ഷയെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നവർ ഈ കാര്യനത്തിൽ ഉചിതമായ പോംവഴി കണ്ടെത്തേണ്ടതാണ്. സ്ത്രീകൾക്ക് ചെറുപ്പം മുതലേ കായികാഭ്യാസങ്ങളും ആയോധനാ മുറകളും പഠിപ്പിച്ചു കൊടുക്കുക എന്നതാണ് ഇതിനെതിരെ ചെയ്യാവുന്ന ഫലപ്രദമായ പോംവഴി. ഇവിടെ ഈ പെൺകുട്ടി പ്രതികരിച്ചത് കൊണ്ടാണ് ഇയാൾ പിടിയിലായത്. ഇതുപോലെപ്രതികരിക്കാൻ പെൺകുട്ടികൾ തയ്യാറാകുക. ഇത്തരം സന്ദർഭങ്ങളിൽ മറ്റുള്ളവരുടെ പിന്തുണയും കൂടി പെൺകുട്ടികൾക്ക് ആവശ്യമാണ്. ഈ സംഭവങ്ങളുടെ കെട്ടടങ്ങിക്കഴിയുമ്പോൾ ഈ പൂവാലൻ വീണ്ടും ഇതുപോലെ രംഗത്തിറങ്ങിയേക്കാം. അതുകൊണ്ട് സ്ത്രീകൾ ജാഗ്രത പാലിക്കുക.