അഞ്ച് മാസത്തെ എന്റെ കടൽ യാത്രയാണ് വളരെ ചുരുക്കി പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് പറയാൻ ശ്രെമിക്കുന്നത്. തെറ്റുകൾ ദയവായി ക്ഷമിക്കും എന്ന പ്രതീക്ഷയോടെ ഞാൻ തുടങ്ങട്ടെ – Sreyas Krishnakumar.
കടൽ യാത്രകൾ പലപ്പോളും ഇത് പോലെ എവിടെയെങ്കിലും എഴുതി വെക്കണമെന്ന് തോന്നിയിട്ടുണ്ടെങ്കിലും മുന്നിൽ നിക്കുന്ന മടി കാരണം സാധിച്ചിട്ടില്ല. കല്യാണം കഴിഞ്ഞുള്ള ആദ്യത്തെ കോൺട്രാക്ട്, ജനുവരി 3നു നീണ്ട 5 മാസത്തെ ലീവിന് ശേഷം വീണ്ടും കടലിലേക്കു പോവുമ്പോൾ മനസ്സിൽ നിറയെ നിരാശയും അതിനേക്കാൾ കൂടുതൽ ടെൻഷനും ആയിരുന്നു.
സലാലയിൽ(ഒമാൻ ) വെച്ചായിരുന്നു ഇത്തവണ ഷിപ്പിൽ ജോയിൻ ചെയ്തത്.മുൻപ് പലവട്ടം സലാല പോർട്ടിൽ പോയിട്ടുണ്ടെങ്കിലും ആദ്യമായാണ് അവിടെ നിന്നും ജോയ്നിങ്. കോഴിക്കോട് -അബുദാബി -മസ്ക്കറ്റ് -സലാലാഹ് ഏകദേശം 7 മണിക്കൂർ വിമാനയാത്രക്ക് ശേഷം സലാലയിൽ എത്തി. എയർപോർട്ടിൽ തന്നെ കമ്പനി ഏജന്റ് ഉണ്ടായിരുന്നു, ഷിപ് ഒരു ദിവസം വൈകിയാണ് എത്തുകയെന്നും സ്റ്റേ ചെയ്യാൻ ഹോട്ടലിലേക്കു പോവുകയാണെന്നും അയാൾ പറഞ്ഞു. ഇതൊരു പുതിയ സംഭവമല്ല വൈകലും ഹോട്ടൽ മുറികളിലെ സമയം പോക്കലും മുൻപും എത്രയോവട്ടം ഉണ്ടായിരിക്കുന്നു, എന്തായാലും ഇത്തവണ ഒറ്റക്കല്ല ബ്രിട്ടീഷ്കാരനായ തേർഡ് എഞ്ചിനീയർ എന്റെ അതെ ഷിപ്പിലേക് ജോയിൻ ചെയ്യാൻ ഉണ്ട്, എയർപോർട്ടിൽ വെച്ചാണ് ആശാനേ പരിചയപ്പെട്ടത്, എന്നെ പോലെ തന്നെ ഒരുപക്ഷെ അതിനേക്കാൾ വിഷമത്തിലാണ് അയാളെന്നു എനിക്ക് തോന്നി, ചെവിയുടെ മുകളിൽ തിരുകി വെച്ചിരുന്ന റോളിങ്ങ് പേപ്പർ എടുത്തു അതിൽ പുകയില വിതറി ശട പടാ വേഗത്തിൽ ഒരു ഹാൻഡ് മേഡ് സിഗരറ്റ് ഉണ്ടാക്കി ആശാൻ വലി തുടങ്ങി, പരിചയപെട്ടു വന്നപ്പോളാണ് കാര്യം പിടികിട്ടിയത് 2 മാസം പ്രായമുള്ള തന്റെ മോളെ പിരിഞ്ഞതിലുള്ള വിഷമത്തിലാണ് കക്ഷി ഇതൊക്കെ നമ്മളെ പോലെ ഉള്ള കടൽ മനുഷ്യർക്ക് പറഞ്ഞിട്ടുള്ളതല്ലേ എന്ന് ഞാൻ അയാളുടെ മുഖത്തു നോക്കി പറഞ്ഞപ്പോൾ ഒരു ചെറിയ ചിരിയോടെ അവസാനത്തെ പുകയും അയാൾ വലിച്ചു തീർത്തു. ഒരു ഗൂഡ്നെറ് പറഞ്ഞു ഞങ്ങൾ റൂമുകളിലേക് പോയി, കൂടുതൽ സംസാരിക്കാനുള്ള മൂഡ് രണ്ടു പേർക്കും ഇല്ലായിരുന്നു.
ഫോൺ റിങ് ചെയ്യുന്നത് കേട്ടാണ് ഉണർന്നത്, ഹോട്ടൽ റിസപ്ഷനിസ്റ് ആണ്, ഏജന്റ് റെഡി ആണെന്നും താഴേക്കു വരണമെന്നുമായിരുന്നു നിർദ്ദേശം. ഏകദേശം പുലർച്ചെ 4 മണി ആയിക്കാണും ഉറക്കക്ഷീണം നന്നയി ഉണ്ട്. ഫ്രഷ് ആയി ല്ഗഗേജ് എടുത് പെട്ടെന്ന് താഴെ റിസപ്ഷനിൽ എത്തി, ബാഗിന് ഇത്തവണ കൂടുതൽ കനം തോന്നുന്നു ഭാര്യ ഉണ്ടാക്കിയ ഉണ്ണിയപ്പം, അമ്മയുടെ അച്ചാറും എന്ന് വേണ്ട നാട്ടിൽ കിട്ടാവുന്ന ഒട്ടുമിക്ക ഐറ്റംസ് എല്ലാം അതിനകത്തുണ്ട്, അടുത്ത 5 മാസത്തേക്കുള്ള മുൻകരുതൽ, ഫുഡ് കിട്ടാഞ്ഞിട്ടല്ല നമ്മുടെ സ്വന്തം നാടിന്റെ രുചി കിട്ടില്ല ഒരിക്കലും.
അരമണിക്കൂർ യാത്രക്ക് ശേഷം പോർട്ടിൽ എത്തി, ഇമ്മിഗ്രേഷൻ ക്ലീറൻസ് കഴിഞ്ഞു നേരെ ഷിപ്പിലേക്. Axel Maersk ഇത്തവണ ഇതാണ് എന്റെ ഷിപ്, അടുത്ത 5 മാസത്തെ എന്റെ ജോലിസ്ഥലം, എന്റെ സെക്കന്റ് ഹോം എങ്ങനെ വേണമെങ്കിലും പറയാം. ചില്ലറക്കാരിയല്ല Axel, 352 മീറ്റർ നീളം 42 മീറ്റർ വീതി 8 നിലകെട്ടിടത്തിന്റെ അത്രയും ഉള്ള അക്കമോഡേഷൻ. ഇതിനും മുൻപും ഇതേ പോലുള്ള ഷിപ്പുകൾ തന്നെയാണ് ഞാൻ പോയിരുന്നത്, സിസ്റ്റർ ships ആയ Adrian Maersk, Arthur Maersk എന്നിവയിലെല്ലാം മഹാസമുദ്രങ്ങൾ കടന്നിട്ടുണ്ട് ഞാനെന്ന നാവികൻ.
ഡാനിഷ് ഫ്ലാഗ് ഷിപ് ആണ് Axel. അത് കൊണ്ട് തന്നെ കൂടുതൽ ഇന്ത്യക്കാരെ പ്രതീക്ഷിക്കുന്നില്ല, പതിവ് പോലെ ജോയ്നിങിന് മുന്നേ കിട്ടിയ ക്രൂലിസ്റ്റിൽ 2 ഇന്ത്യക്കാരെ മാത്രമാണ് കാണാനായത് അതിൽ ഒരാൾ എന്റെ ബാച്ച്മേറ്റ് കൂടി ആയ തേർഡ് ഓഫീസർ വിനീത് ബാധോറിയ ആണ്, ഉത്തരാഖണ്ഡ് ആണ് ജന്മദേശം, അവനെയാണ് ഞാൻ റിലീവ് ചെയ്യേണ്ടത്. ഗാംഗ്വേ ലാഡർ കയറി ഞാനും തേർഡ് എഞ്ചിനീയർ ഇവൻസും (ഇവാൻസ് ലൈൻസ് എന്നാണ് നമ്മുടെ ബ്രിട്ടീഷ് എൻജിനിയറുടെ പേര് ).
ഷിപ്പിലെത്തി. എന്നത്തേയും പോലെ ഇത്തവണയും വരവേറ്റത് ഫിലിപ്പിനോ സീമാൻ ആയിരുന്നു, “വെൽക്കം ഓൺബോർഡ് ന്യൂ തേർഡ് ” ഒരു പുഞ്ചിരിയോടെ അയാൾ എനിക്ക് ഷേക്ക് ഹാൻഡ് തന്നു, ഒരു നിമിഷം ഞാൻ ആലോചിച്ചു പോയി അടുത്ത 5 മാസക്കാലം ഈ ഒരു കപ്പലിന്റെ തേർഡ് ഓഫീസർ ആണല്ലോ ഞാൻ, ദിവസവും 8 മണിക്കൂർ ഇവളുടെ കമാൻഡ് എനിക്കാണല്ലോ, ഒരിക്കലും തോന്നിയിട്ടില്ലാത്ത വേവലാതി ഇത്തവണ എനിക്ക് തോന്നി, വേറൊന്നും കൊണ്ടല്ല നീണ്ട നാളത്തെ അവധി കഴിഞ്ഞാണ് ഇത്തവണ വരുന്നത്, എല്ലാം ശെരിയാകും എന്നൊരു പ്രതീക്ഷയോടെ ല്ഗഗേജ് എടുത് ഞാൻ ആക്കമോഡേഷനിലേക്ക് നടന്നു കയറി.
ആക്കോമോഡേഷനിലേക് കയറിയ പാടെ വിനീതിനെ ആണ് കണ്ടത്, മുടിയെല്ലാം നീട്ടി വളർത്തി ഒരു ടിപ്പിക്കൽ ഹിപ്പി സ്റ്റൈൽ 😂 5 മാസത്തെ കടൽ ജീവിതത്തിന്റെ തളർച്ച അവന്റെ മുഖത്തില്ല, ഒരു പക്ഷെ പരോൾ കിട്ടുന്ന ദിവസമാ യതിന്റെ ഉന്മേഷം ആവാം. കെട്ടിപ്പിടിച് എന്നെ നോക്കി അവൻ ആദ്യം ചോദിച്ചത് കല്യാണത്തെ പറ്റിയായിരുന്നു, പെട്ടെന്നായിരുന്നല്ലോ, എന്തിനായിരുന്നു ഈ ദൃതി അങ്ങനെ കുറെ സ്ഥിരം ചോദ്യങ്ങൾ, എല്ലാത്തിനും അതിന്റെതായ ടൈം ഉണ്ട് വിനീതെ എന്നും പറഞ്ഞു ഞാൻ ലിഫ്റ്റ് അമർത്തി. എന്താ ഭാര്യയെ കൊണ്ടുവരാഞ്ഞേ എന്നും ഒരു നല്ല ഹണി മൂൺ ആവുമായിരുന്നു എന്നുമുള്ള അവന്റെ കമന്റ്സ് ഒരു ചിരിയോടെ ഞാൻ സ്വാഗതം ചെയ്തു.
F-ഡെക്കിൽ ഉള്ള ഒരു കേഡറ്റ് ക്യാബിൻ ആണ് എനിക്ക് വേണ്ടി ഒരുക്കിയിട്ടുള്ളത്, വിനീത് സൈൻ ഓഫ് ആയതിനു ശേഷം മാത്രമേ ഞാൻ തേർഡ് ഓഫീസർ ക്യാബിനിലേക് മാറുകയുള്ളൂ. ഹാൻഡ് ഓവർ നോട്സ് എല്ലാം എനിക്ക് മെയിൽ ലഭിച്ചത് കാരണം അത്രയധികം ബുദ്ധിമുട്ടുണ്ടാവാനുള്ള സാധ്യത ഇല്ല എന്ന് എനിക്ക് തോന്നി, മാത്രമല്ല ഇതേ ടൈപ്പ് ഷിപ് ഇതിനു മുൻപും പലവട്ടം കൈകാര്യം ചെയ്ത ഒരു കോൺഫിഡൻസ് ഉള്ളിൽ ഉണ്ടായിരുന്നു.
ബാഗ് എല്ലാം റൂമിൽ വെച്ച് ഡോക്യുമെൻറ്സ് എടുത് ഞാൻ ക്യാപ്റ്റനെ കാണാൻ ഇറങ്ങി. ഷിപ്പിൽ ജോയിൻ ചെയ്താൽ ആദ്യത്തെ കീഴ്വഴക്കം എന്നൊക്കെ പറയാം കപ്പിത്താനെ മുഖം കാണിക്കണം, ഡോക്യൂമെന്റസ് എല്ലാം കൈമാറണം, അടുത്ത 5 മാസം ഡോക്യൂമെന്റസ് എല്ലാം കപ്പിത്താന്റെ കയ്യിൽ ഭദ്രം . ക്യാപ്റ്റൻ സുനി ആൻഡ്രിയാസ് ആൻഡ്രീസ്സൻ, പുള്ളിക്കാരൻ ഡാനിഷാ. ശെരിക്കും പറഞ്ഞാൽ ഡെൻമാർക്ക് അല്ല കുറച്ചു കൂടി മുകളിൽ കിടക്കുന്ന ഫെറോ ഐലൻഡ് ആണ് ജന്മദേശം. മെയിൻലാൻഡ് ഡെൻമാർക്ക് ആയിട്ട് ഒരുപാട് വ്യത്യസ്തകൾ പുലർത്തുന്ന നാടാണ് ഫെറോ ഐലൻഡ്, എന്നാലും എല്ലാം കിങ്ഡം ഓഫ് ഡെന്മാർക്കിൽ പെടും, നമ്മുടെ ലക്ഷദ്വീപ് പോലെ.
തികച്ചും സൗമന്യനായ ക്യാപ്റ്റൻ, എന്റെ ഡോക്യൂമെന്റസ് എല്ലാം വാങ്ങി പരിശോധിച്ചു. “ആൾ ദ വെരി ബെസ്റ്റ് ശ്രെയസ്, ബീ സേഫ് ഓൾ വേസ് ” വളരെ സിമ്പിൾ ആയി എന്നാൽ പൗർഫുൾ ആയ നിർദ്ദേശം, സേഫ്റ്റി ഒരു വളരെ ഇമ്പോര്ടന്റ്റ് ആയ കാര്യമാണ് ഷിപ്പിങ് ഇൻഡസ്ട്രിയിൽ, ഒരു ഷേക്ക് ഹാൻഡ് കൊടുത് ഞാൻ ഓഫീസിലേക്ക് പോയി. പോർട്ടിൽ എത്തുമ്പോൾ ഡ്യൂട്ടി ഓഫീസർ, ചീഫ് ഓഫീസർ തുടങ്ങിയവരുടെ എല്ലാം ഒരു വർക്ക് പ്ലേസ് ആണ് ടെക്ക് ഓഫീസ് ( Deck office or ships control center ). വിനീത് അവിടെ ഉണ്ടായിരുന്നു, ഹാൻഡോവർ നോട്സ്, ചേഞ്ച് ഓഫ് ഓഫീസർ ചെക്ക്ലിസ്റ്റ്, ഫാമിലറിസഷൻ ചെക്ക്ലിസ്റ്റ് എന്നിവയെല്ലാം എനിക്ക് തന്നു. ഒരു ക്വിക്ക് ഹാൻഡോവർ, പ്രധാനപെട്ട കാര്യങ്ങൾ, ഷിപ് റൂട്ട്, ക്രൂ മാറ്റർ എന്നിവയെല്ലാം വിനീത് എനിക്ക് പരിചയപ്പെടുത്തി.
ഷിപ് റൂട്ട്, അധികം മർച്ചന്റ് ഷിപ്സ് പോവാത്ത റൂട്ട് ആണ് ഇത്തവണ, around the world in 77 days, ഭൂമിയുടെ കിഴക്കോട്ടു മാത്രം സഞ്ചാരം, TP12 സർവീസ് ആണ് ഇത്തവണ. ഇവിടുന്നു നേരെ അറബിക്കടൽ കടന്ന് കൊളംബോ, പിന്നെ സിങ്കപ്പൂർ, അത് കഴിഞ്ഞു നേരെ ചൈന, പിന്നെ സൗത്ത് കൊറിയ, പസിഫിക് ഓഷ്യൻ ക്രോസ്സ് ചെയ്ത് നേരെ ഭൂമിയുടെ അപുറത്തേക്, പനാമ കനാൽ, പനാമ കനാൽ എന്ന് കേട്ടപ്പോൾ ഒരു കോരിത്തരിപ്, ഇതേ വരെ പോകാൻ സാധിക്കാത്ത ഏരിയ ആണ്, പലവട്ടം സൂയസ് കനാൽ ട്രാൻസിറ്റ് ചെയ്തിട്ടുണ്ടെങ്കിലും പനാമാ കനാൽ ഇതാദ്യം. പിന്നെ നേരെ നമ്മുടെ അമേരിക്ക അവിടെ കുറച്ച് പോർട്സ്. എന്നിട്ട് വീണ്ടും അടുത്ത മഹാസമുദ്ര യാത്ര, അറ്റ്ലാന്റിക്. പിന്നെ യൂറോപ്പിനും ആഫ്രിക്കക്കും ഇടയിലൂടെ ജിബ്രാൾട്ടർ സ്ട്രൈറ് താണ്ടി മെഡിറ്ററേനിയന് കടൽ, പിന്നെ സൂയസ് കനാൽ ട്രാൻസിറ്റ് ചെയ്ത് ചെങ്കടൽ. ഒടുവിൽ വീണ്ടും തുടങ്ങിയിടത് തന്നെ സലാലാഹ് 😀 2.5 മാസം ഒരു ഫുൾ റൗണ്ട് കറക്കം ചുരുക്കി പറഞ്ഞാൽ 2 കറക്കം കഴിയുമ്പോളേക്കും വീട്ടിൽ പോവാൻ ആയി.
പുതിയ ബോയ്ലർ സ്യൂട്ട് ഒക്കെ ഇട്ട് ഞാൻ വിനീതിന്റെ കൂടെ ഡെക്കിലേക് ഇറങ്ങി, കാർഗോ ഓപ്പറേഷൻ നടന്നു കൊണ്ടിരിക്കുന്നു, ഷിപ്പിൽ നിന്നും കണ്ടെയ്നറുകൾ ഡിസ്ചാർജ് ലോഡിങ് എല്ലാം നടക്കുന്നുണ്ട്. 6 ക്രയിനുകൾ വർക്കിംഗ് ആണ്. ഒരു റൗണ്ട് എടുത്ത ശേഷം ലൈഫ് ബോട്ട് റെസ്ക്യൂ ബോട്ട് എല്ലാം ഒന്നു കണ്ടു. സമയം ഏകദേശം രാത്രി 8 മണി ആയികാണും, ഞാൻ കംപ്ലീറ്റ് ടേക്ക് ഓവർ ചെയ്തുരുന്നു. സാധാരണ പോർട്ടിൽ 6 on 6 off aanu വർക്ക്. തേർഡ് ഓഫീസറും സെക്കന്റ് ഓഫീസറും മാറി മാറി ഡ്യൂട്ടി ചെയ്യും. രാവിലെ 6 മുതൽ 12 വരെ ഞാനും 12 മുതൽ വൈകുന്നേരം 6 വരെ സെക്കന്റ് ഓഫീസറും ആയിരുന്നു ഡ്യൂട്ടിയിൽ. ബീഹാർ സ്വദേശി ശബ്ദ പ്രകാശ് ആയിരുന്നു സെക്കന്റ് ഓഫീസർ. എന്നെ കൂടാതെ ഷിപ്പിൽ ഉള്ള ഒരേയൊരു ഇന്ത്യൻ.ആകെ മൊത്തം 23 ആളുകൾ ഉണ്ട് ഷിപ്പിൽ. ഞാനുൾപ്പെടെയുള്ള ഓഫീസർമാർ, പിന്നെ എൻജിനിയർമാർ, റേറ്റിംഗ്സ് (Able seaman, Ordinary seaman, painters, repirman, motorman ) pinne ഗാലി ഡിപ്പാർട്മെന്റ് (ചീഫ് കുക്ക്, ഒരു സ്റ്റീവാർഡ് ). വിനീത് ബാഗ് എല്ലാം ആയി താഴെ എത്തി, അധികം വൈകാതെ അവനെ കൂട്ടാൻ ഏജന്റ് വരും. 5 മാസത്തെ കടൽ ജീവിതം കഴിഞ്ഞ ശേഷം 3 മാസത്തെ അവധി.
ഷിപ് സലാല പോർട്ട് വിടാൻ അധികം സമയമില്ല ഇനി, അവസാന റൗണ്ട് കാർഗോ ഓപ്പറേഷൻ നടന്നു കൊണ്ടിരിക്കുന്നു. അവസാന നിമിഷങ്ങളിൽ ഡ്യൂട്ടി ഓഫീസർ മെയിൻ ഡെക്കിൽ തന്നെ ആവും, തിരക്ക് പിടിച്ച അവസാന നിമിഷങ്ങൾ, വാക്കീ ടോക്കിയിൽ ക്യാപ്റ്റന്റെ ചോദ്യം “How many moves remaining sreyas? ” എന്റെ കണക്കു കൂട്ടൽ വെച്ച് ഏകദേശം കാർഗോ ഓപ്പറേഷൻ കഴ്ഞ്ഞിരുന്നു അവസാനത്തെ രണ്ടോ മൂന്നോ കണ്ടൈനറുകൾ ബാക്കി. ഡെൻമാർക്ക് സ്വദേശി ഒരു കേഡറ്റ് ഉണ്ട് എന്റെ സഹായത്തിനായി, അവനെയും കൂട്ടി അവസാന വട്ട പരിശോധനകൾ തുടങ്ങി ഞാൻ. കണ്ടെയ്നർ ലാഷിങ്, ശെരിക്കും സെക്യൂർ ചെയ്തിട്ടുണ്ടോ തുടങ്ങി എല്ലാം. ഒരു ചെറിയ പിഴവ് മതി നടുക്കടലിലെ സാഹചര്യങ്ങൾ പിടിച്ചു നിക്കാൻ പറ്റാതെ വരും, എത്രയോ ഷിപ്പുകളിൽ എത്രയോ കാർഗോ അങ്ങനെ നഷ്ടപെട്ടിടുണ്ട്.
“Axel Maersk, cargo operation finished at 2130 and all lashings checked and ok, all gear boxes loaded ” റേഡിയോയിലൂടെ മെസ്സേജ് ഞാൻ പറഞ്ഞു. സമയമായി സലാല, 3 മഹാസമുദ്രങ്ങൾ താണ്ടി 77 ദിവസങ്ങൾ…
അങ്ങനെ ഡിപ്പാർച്ചർ ടൈം ആയി, പൂപ് ഡെക്കിൽ ഞാനാണ് മൂറിങ് ഹെഡ്. മുന്നിലും പിന്നിലും ആയി 6 വീതം വലിയ കയറുകൾ ഉപയോഗിച്ചാണ് ഷിപ് ഡോക്ക് ചെയ്തിരിക്കുന്നത്, ക്യാപ്റ്റന്റെ നിർദ്ദേശപ്രകാരം ഓരോന്നായി ഷിപ്പിലേക് എടുക്കും സഹായിക്കാനായി സീമാൻ റാങ്കിലുള്ള 3 ആളുകൾ ഉണ്ട് കൂടാതെ നമ്മുടെ കേഡറ്റും, ഭാവിയിലെ ഓഫീസർ ആണ് അവൻ. ” Axel Bridge, all lines onbord aft and propeller clear “, റേഡിയോയിലുടെ ഞാൻ ക്യാപറ്റനെ അറിയിച്ചു. എല്ലാ പോർട്ടിലും കാണും ഒരു ലോക്കൽ പൈലറ്റ്, ഡോക്കിങ് സമയത്തും ഡിപ്പാർച്ചർ സമയത്തും പൈലറ്റ് കാണും ബ്രിഡ്ജിൽ, അവരുടെ നിർദ്ദേശങ്ങൾ പാലിച്ചാണ് ക്യാപ്റ്റൻ ഷിപ്പിന്റെ കമാൻഡ് ചെയ്യുക കാരണം ലോക്കൽ പൈലറ്റുമാർക് അതാതു പോർട്ടിലെ ട്രാഫിക്, ലോക്കൽ ലാംഗ്വേജ്, സീ കറന്റ് എന്നുവയെക്കുറിച്ചെല്ലാം ആധികാരികമായി അറിയാം.
ഒരു റൗണ്ട് തിരിഞ്ഞതിനു ശേഷം ബ്രേക്വാട്ടർ ലക്ഷ്യമാക്കി ഷിപ് പതിയെ നീങ്ങി തുടങ്ങി. അൽപ സമയത്തിന് ശേഷം പൈലറ്റ് ബോട്ട് വരികയും പൈലറ്റ് പോവുകയും ചെയ്തു. പതിയെ ഡെഡ് സ്ലോ അഹെഡിൽ ഷിപ് ബ്രേക്വാട്ടർ കടന്ന് അറബിക്കടലിലേക് തലയിട്ടു. ഇനി ഒരാഴ്ച അറബിക്കടൽ ആണ്, അടുത്ത പോർട്ട് കൊളംബോ (ശ്രീലങ്ക )ആണ്. ഷിപ് ഇപ്പോൾ ഉള്ളത് ഹൈ റിസ്ക് ഏരിയ എന്ന് കുപ്രസിദ്ധി നേടിയ സീ ഏരിയയിൽ ആണ്. എന്നാൽ കൂടുതൽ റിസ്ക് ആയ ഭാഗം ഇവിടെ അല്ല, അത് ഗൾഫിൽ ഓഫ് ഏദൻ ആണ്, എല്ലാർക്കും അറിയാവുന്ന സോമാലിയൻ തീരം, കടൽക്കൊള്ളക്കാരുടെ വിഹാരകേന്ദ്രം. സലാലയിലേക്ക് വരുന്ന വഴി ഷിപ് അതെല്ലാം പിന്നിട്ടിരിക്കുന്നു എന്നാലും ഇപ്പോളും ഹൈ റിസ്ക് ഏരിയ തന്നെയാണ്.
പല ഷിപ്പിംഗ് കമ്പനികളും ഈ ഏരിയയിൽ ആം ഗാർഡ്സിനെ ഉപയോഗിക്കാറുണ്ട്. എന്നാൽ എന്റെ കമ്പനിയിൽ അങ്ങനെ ഒരു പതിവില്ല, അതിനു കാരണങ്ങൾ ധാരാളമാണ്. കൂടുതലും വലിയ ഷിപ്പുകളാണ് മാത്രമല്ല വേഗതയും കൂടും. കടലിൽ നിന്നും മെയിൻ ഡെക്കിലേക്കുള്ള ഉയരവും പ്രധാനം, ഇതിൽ നിന്നും മനസിലായല്ലോ വലിയ ഷിപ്പുകളെ അറ്റാക്ക് ചെയ്യുവാൻ അത്ര എളുപ്പമല്ല, എന്നാലും കമ്പനിയുടെ നിർദ്ദേശങ്ങൾ പാലിച്ചാണ് ഞങ്ങളും പോവുന്നത്. ദിവസേനയുള്ള പൊസിഷൻ റിപ്പോർട്ടിങ്, ഹൈ റിസ്ക് ഏരിയ കടക്കുന്നതിനു മുന്നേയുള്ള മീറ്റിംഗ് എല്ലാം ഉൾപെടും. പുറത്തുള്ള ജോലികൾ പരമാവധി കുറയ്ക്കും, എല്ലാ വാതിലുകളും ലോക്ക് ചെയ്യും അങ്ങനെ അങ്ങനെ.
ഷിപ്പിന്റെ പിൻഭാഗം താരതമ്യേനെ കടൽ നിരപ്പിൽ നിന്നും ഉയരം കുറവായത് കൊണ്ട് അവിടെ പ്രത്യേകം കരുതൽ നടപടികൾ എടുക്കണം, ഓപ്പൺ ആയുള്ള ഭാഗങ്ങൾ എല്ലാം വുഡൻ ഷെയിൽഡ് ഉപയോഗിച്ച് മറച്ചു, മാത്രമല്ല കൂടുതൽ പ്രൊട്ടക്ഷൻ കിട്ടാൻ നമ്മുടെ കമ്പി വേലി പോലെയുള്ള ഒരു തരം കമ്പി ഉപയോഗിച്ചു. എല്ലാം ചെയ്ത് കഴഞ്ഞപ്പോളേക്കും സമയം 11 മണിയായി, എന്റെ ഡ്യൂട്ടി ആണ് ബ്രിഡ്ജിൽ, സാധാരണ കടലിൽ രാവിലെ 8 മുതൽ 12 വരെയും രാത്രി 8 മുതൽ 12 വരെയും ഞാനാണ് നാവിഗേഷണൽ ഓഫീസർ (പച്ചമലയാളത്തിൽ പറഞ്ഞ ഷിപ് ഓടിക്കലാണ് മെയിൻ പണി😀😀).
ഒരിക്കലും ദിവസം ഏകദേശം അവസാനിച്ചിരിക്കുന്നു, അവസാന ഒരു മണിക്കൂർ ബ്രിഡ്ജിൽ ആണ്. ജോയിൻ ചെയ്ത് ഇത് വരെ വീട്ടിലേക്കു വിളിക്കാനോ സമാധാനമായി ഒരു മെസ്സേജ് അയക്കാനോ പറ്റിയിട്ടില്ല. എന്നത്തേയും പോലെ ആദ്യത്തെ ബ്രിഡ്ജ് വാച്ച് കുറച്ച് ടെൻഷൻ ഉള്ള പണിയാണ്, ക്യാപ്റ്റൻ സുനി എന്നെ വെയിറ്റ് ചെയ്ത് നിക്കുന്ന പോലെ തോന്നി അവിടെ എത്തിയപ്പോൾ, ഇരുട്ടിനു എന്തൊരു ഇരുട്ടാണെന്നു പറയുന്നത് പോലെ രാത്രി നേരത്തെ ബ്രിഡ്ജിൽ ഒരു വെളിച്ചം പോലും കാണില്ല, പുറത്തുള്ള സിഗ്നൽ ലൈറ്സ്, മറ്റു ഷിപ്പുകളുടെ നാവിഗേഷൻ ലൈറ്സ് എന്നിവയൊക്കെ ശെരിക്കും കാണാൻ വേണ്ടിയാണു അങ്ങനെ. എനിക്ക് ഹാൻഡ് ഓവർ ചെയ്ത ശേഷം ഒരു ഗൂഡ്നെറ് പറഞ്ഞിട്ട് ആശാൻ പോയി. ഇപ്പോൾ ഞാനും എന്റെ ലുക്ക് ഔട്ട് ആയ ഫിലിപ്പിനോ സീമാനും മാത്രം ബ്രിഡ്ജിൽ. ട്രാഫിക് പൊതുവെ കുറവാണു അല്ലറ ചില്ലറ ഫിഷിങ് ബോട്ടും പിന്നെ ഏതാനും ഷിപ്പും മാത്രം, കൊളംബോ ലക്ഷ്യമാക്കി ഷിപ് നീങ്ങി.
രാവിലെ അറബിക്കടൽ വളരെ ശാന്തമായിരുന്നു, ബ്രേക്ഫാസ്റ് കഴ്ഞ്ഞു 8 മണിക്ക് ബ്രിഡ്ജിൽ എത്തിയപ്പോൾ ആണ് ഉക്രൈൻ സ്വദേശി ചീഫ് ഓഫീസറെ ശെരിക്കും പരിചയപെടാനായത്. യൂറി വ്യാസ്ലെകിയെവ്, വായിൽ കൊള്ളാത്ത പേരാണല്ലോ അല്ലേലും ഇവർക്കൊക്കെ 😀 കുറച്ച് നേരത്തെ കുശലം പറച്ചിലിന് ശേഷം ഞാൻ ടേക്ക് ഓവർ ചെയ്തു വാച്ച്. ബ്രിഡ്ജ് ഡോർ തുറന്നു ഒന്നു പുറത്തു പോയി നിന്നു, കടലിന്റെ മണം, അല്ല മീനിന്റെ മണം😁 ജനുവരി അല്ലെ മൺസൂൺ തുടങ്ങാൻ ഇനിയും കാത്തിരിക്കണം അത് വരെ അറബിക്കടൽ ശാന്തമാകും വല്ലപ്പോളും ഒരു മീഡിയം ലോ പ്രഷർ ഒക്കെ വന്നാലായി.ഏകദേശം അറബിക്കടലിന്റെ നടുക്കാണെന്നു പറയാം, നാവിഗേഷൻ ചാർട്ടിൽ ആവറേജ് ഡെപ്ത് എല്ലാം 3000 മീറ്റർ കാണിക്കുന്നു. സൂം ഔട്ട് ചെയ്ത് നോക്കിയപ്പോൾ ഇന്ത്യയും പാകിസ്ഥാനും നമ്മുടെ കേരളവും കോഴിക്കോടും കൊച്ചിയും എല്ലാം കാണാം. കോഴിക്കോട് ബീച്ചിൽ നിന്നല്ലാതെ അറബികടലോ തിരമാലകളോ ഞാൻ കണ്ടിട്ടില്ല കുട്ടിക്കാലത്, ഇപ്പോൾ അതെ കടലിന്റെ ഹൃദയത്തിൽ ഒരു വലിയ കപ്പലിൽ ആ കപ്പലും ഓടിച്ചു പോവുന്നു.
കൂടുതൽ ഹ്യൂമിഡിറ്റി ആണ് ഇവിടെ മാത്രമല്ല ചൂടും, കടൽകാറ്റ് കൊള്ളാന് ബീച്ചിൽ കിട്ടുന്ന സുഖം കടലിൽ കിട്ടില്ല 🙄അടുത്ത 6 ദിവസം ഇതേ കടലും കാറ്റും തന്നെ ശരണം 😀 ധാരാളം പറക്കുന്ന മീനുകളെ കണ്ടു വരുന്ന ഏരിയ ആണെന്ന് കേട്ടിട്ടുണ്ട് അതെ പോലെ തന്നെ ഡോള്ഫിനുകളും,എന്നാൽ ഒന്നോ രണ്ടോ ഡോൾഫിനുകൾ ഒഴികെ ഒന്നും കാണാൻ എനിക്ക് പറ്റിയില്ല ആ ദിവസം. 15kts സ്പീഡിൽ ആണ് ഷിപ് പോയിക്കൊണ്ടിരിക്കുന്നത് ( 1nuatical mile=1.853 km) ജനുവരി 11 ആണ് കൊളംബോ എത്തിച്ചേരേണ്ടത്. പോവുന്ന വഴിയെല്ലാം കാലാവസ്ഥ നല്ലതാണെന്നു റിപ്പോർട്ട് ആദ്യമേ കിട്ടിയിരുന്നു . അധികം കാഴ്ചകൾ ഇല്ലാതെ ഒരേയൊരു അറബിക്കടലിനെയും തഴുകി ഷിപ് കൊളംബോ ലക്ഷ്യമാക്കി പോയിക്കൊണ്ടിരുന്നു. (തുടരും)..