ടാങ്ക്‌വേധ നായ്ക്കൾ; രണ്ടാം ലോക മഹായുദ്ധത്തില്‍ ജര്‍മ്മനിയുടെ പേടിസ്വപ്നം…

പട്ടിണിയാൽ പൊറുതിമുട്ടിക്കപ്പെട്ട്, ശത്രു ടാങ്കുകളുടെയും കവചിത വാഹനങ്ങളുടെയും കീഴെനിന്ന് ഭക്ഷണം തേടാൻ പരിശീലിക്കപ്പെട്ട, സ്ഫോടകവസ്തുക്കൾ കെട്ടിവച്ച നായ്ക്കളെയാണ്‌ ടാങ്ക്‌വേധ നായ്ക്കൾ അഥവാ നായ മൈനുകൾ എന്ന് പറയുന്നത്. രണ്ടാം ലോകമഹായുദ്ധക്കാലത്ത് സോവ്യറ്റ് യൂണിയൻ, ജർമൻ ടാങ്കുകൾക്കുനേരെയാണ്‌ പ്രധാനമായും ഈ ആയുധപ്രയോഗം നടത്തിയത്.

പട്ടിണിക്കിട്ട നായ്ക്കളെ ടാങ്കിനു കീഴിൽ ഭക്ഷണം തേടാൻ പരിശീലിപ്പിക്കുകയാണ്‌ ആദ്യം ചെയ്യുന്നത്. പാർക്കു ചെയ്തിരിക്കുന്ന ടാങ്കിനു കീഴിൽനിന്നു ഭക്ഷണം കിട്ടുമെന്ന് നായ്ക്കൾ പെട്ടെന്നുതന്നെ മനസ്സിലാക്കിയെടുക്കുന്നു. പരിശീലനം സിദ്ധിച്ച നായ്ക്കളുടെമേൽ സ്ഫോടകവസ്തുക്കളും തടികൊണ്ടുള്ള ഒരു ദണ്ഡും ഘടിപ്പിക്കുന്നു. എന്നിട്ട് നായ്ക്കളെ ജർമൻ ടാങ്കുകൾ ആക്രമിച്ചു മുന്നേറുന്ന യുദ്ധക്കളത്തിലേയ്ക്ക് തുറന്നുവിടുന്നു. നായ ടാങ്കിനെ സമീപിക്കുമ്പോൾ തടികൊണ്ടുള്ള ഒരു ദണ്ഡ് ടാങ്കിൽതട്ടിനീങ്ങുകയും സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിക്കുകയും ചെയ്യും. ടാങ്കിന്റെ കവചം ഏറ്റവും ദുർ‍ബലമായ അടിഭാഗത്ത് പൊട്ടിത്തെറി ഉണ്ടാകുന്നതിനാൽ ടാങ്ക് പ്രവർത്തനരഹിതമാവുമയും ചെയ്യുന്നു.

രണ്ടാം ലോകമഹായുദ്ധകാലത്ത് ടാങ്ക്‌വേധ നായ്ക്കൾ അത്ര ഫലപ്രദമായ ഒരു ആക്രമണമാർഗ്ഗമായിരുന്നില്ല. Hundeminen എന്നു ജർമൻ‌കാർ വിളിച്ചിരുന്ന ഈ നായ്ക്കൾ സോവിയറ്റ് ടാങ്കുകൾ ഉപയോഗിച്ചു പരിശീ‍ലിക്കപ്പെട്ടവയായിരുന്നു. അവ പലപ്പോഴും യുദ്ധക്കളത്തിൽ തിരിഞ്ഞ് സോവിയറ്റ് സൈന്യത്തെ ആക്രമിച്ചിരുന്നു. മറ്റവസരങ്ങളിലാകട്ടെ, ഇവ എൻ‌ജിന്റെ ശബ്ദം കേട്ട് പിന്തിരിഞ്ഞോടുകയും ചെയ്യുമായിരുന്നു. എന്നിരുന്നാലും, ഈ നായ്ക്കൾ ഏതാണ്ട് മുന്നൂറോളം ജർമൻ ടാങ്കുകളെ പ്രവർത്തനരഹിതമാക്കുന്നതിൽ വിജയിച്ചിരുന്നു. നാസി മുന്നേറ്റത്തിന്‌ ഇവ കാര്യമായ തടസ്സംതന്നെ വരുത്തുകയും ഇവയെ പ്രത്യേകമാം വണ്ണം പ്രതിരോധിക്കാൻ നാസികൾ നിർബന്ധിതരാവുകയും ചെയ്തു.

ടാങ്കുകളുടെ മുകളിൽ ഘടിപ്പിച്ച മെഷീൻ‌ഗൺ ഉപയോഗിച്ച് നായ്ക്കളെ തടയാൻ സാധിക്കുമായിരുന്നില്ല. നായ്ക്കൾ ടാങ്കിന്റെ വളരെ താഴെയാണെന്നതും ചെറുതും ശീഘ്രം സഞ്ചരിക്കുന്നതും കണ്ടെത്താൻ പ്രയാസമുള്ളതുമാണെന്നതും തന്നെയയിരുന്നു ഇതിനു കാരണം. ഇവയ്ക്ക് പേയുണ്ടോ എന്ന ഭയം മൂലം കാണുന്ന ഏതു പട്ടിയെയും കൊല്ലാൻ ജർമൻ പട്ടാളക്കാർക്ക് ആജ്ഞ ലഭിച്ചിരുന്നു. ഒടുവിൽ ടാങ്കിൽ ഘടിപ്പിച്ച തീതുപ്പുന്ന തോക്കുകളാണ്‌(flame throwers) ഇവയ്ക്കെതിരെ ഏറ്റവും ഫലപ്രദമായ പ്രതിരോധമായി കണ്ടെത്തിയത്. എന്നാൽ ചില പട്ടികളെ തടയാൻ ഇതിനും സാധിക്കുമായിരുന്നില്ല. തീയോ പൊള്ളലോ കൂസാതെ ഇവ ടാങ്കുകൾക്കു കീഴെനിന്ന് ഭക്ഷണം തേടാൻ ശ്രമിച്ചിരുന്നു.

കടപ്പാട് -വിക്കിപീഡിയ, നന്ദി – അജോ ജോര്‍ജ്ജ്.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply