ഭൂമിയിലെ എറ്റവും വലിയ ഭാഗ്യവാൻ – സുഡോമു യമാഗുച്ചി

ലേഖനം തയ്യാറാക്കിയത് – Reshma Anna Sebastian.

രണ്ടാം ലോകമഹായുദ്ധം ജപ്പാന്റെ ചരിത്രത്തിൽ അവശേഷിപ്പിച്ച കറുത്ത ഏടുകളാണ് ഹിരോഷിമയും നാഗസാക്കിയും. ജപ്പാനെ നിലംപരിശാക്കാൻ അമേരിക്ക വർഷിച്ച 2 ആറ്റം ബോംബുകളിൽ നിന്നും രക്ഷപെട്ടയാളാണ് സുഡോമു യമാഗുച്ചി. രണ്ട് ദുരന്തങ്ങളിൽ പെട്ടിട്ടും രണ്ടിൽ നിന്നും രക്ഷപെട്ട, ജപ്പാൻ സർക്കാർ ഔദ്യോഗികമായി അംഗീകരിച്ച ഒരേയൊരാൾ.

നാഗസാക്കികാരനായിരുന്ന യമാഗുച്ചി മിറ്റ്സുബിഷി കമ്പനിയിലെ ജീവനക്കാരനായിരുന്നു. ജോലി സംബന്ധമായ കാരണങ്ങളാൽ 3 മാസക്കാലം ഹിരോഷിമയിലായിരുന്നു അദ്ദേഹം. ജോലി പൂർത്തിയായതിനു ശേഷം തന്റെ നാടായ നാഗസാക്കിയിലേയ്ക്ക് പോകാൻ 2 സഹപ്രവർത്തകരോടൊപ്പം ഹിരോഷിമ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് യാത്രാ പാസ്സ് എടുത്തില്ലെന്ന കാര്യം യമാഗുച്ചിക്ക് മനസിലായത്. പാസ്സെടുക്കാനായി യമാഗുച്ചി തന്റെ കമ്പനിയിലേക്ക് തിരിച്ചത് രാവിലെ 8. 15 ന് ആയിരുന്നു. അതേ സമയത്താണ് അമേരിക്കൻ ബോംബർ വിമാനത്തിൽ നിന്ന് “ലിറ്റിൽ ബോയ് ” എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന വിനാശകാരിയായ അണുബോംബ് ഹിരോഷിമയ്ക്ക് മുകളിൽ വർഷിച്ചത്.

നഗരത്തിൽ നിന്നും 3 കിലോമീറ്റർ അകലെ ജോലിസ്ഥലത് ആയിരുന്നതിനാൽ യമാഗുച്ചിക്ക് ജീവഹാനി സംഭവിച്ചില്ല. പക്ഷെ അദ്ദേഹത്തിന്റെ ശരീരത്തിന്റെ ഇടതു ഭാഗത്ത് സാരമായി പൊള്ളലേൽക്കുകയും സ്‌ഫോടനത്തിന്റെ ശബ്ദവും പ്രകാശവും മൂലം താൽക്കാലികമായി കാഴ്ചക്കും കേൾവിക്കും തകരാർ സംഭവിക്കുകയും ചെയ്തു. അന്ന് രാത്രി അദ്ദേഹം സുഹൃത്തുക്കളോടൊപ്പം ഒരു ബോംബ് ബങ്കറിൽ കഴിച്ചുകൂട്ടി. പിറ്റേ ദിവസം നാഗസാക്കിയിലേയ്ക്ക് തിരിച്ചു. അവിടെ വച്ചാണ് പൊള്ളലിന് ചികിത്സ തേടിയത്.

സാരമായി പൊള്ളലേറ്റുവെങ്കിൽ പോലും മൂന്നാമത്തെ ദിവസം തന്നെ യമാഗുച്ചി നാഗസാക്കിയിലുള്ള തന്റെ കമ്പനിയിൽ ജോലിക്ക് കയറി. തന്റെ മേലുദ്യോഗസ്ഥനോട് ഹിരോഷിമ ബോംബിങ്ങിനെകുറിച്ച് സംസാരിക്കവെ അമേരിക്കയുടെ അടുത്ത അണുബോംബ് (ഫാറ്റ്മാൻ ) നാഗസാക്കിയിൽ വർഷിച്ചു. ഇത്തവണയും ഭാഗ്യം യമാഗുച്ചിയെ രക്ഷിച്ചു. ആണവ വിസ്ഫോടനം നടന്നതിന്റെ 3 കിലോമീറ്റർ അകലെ ജോലിസ്ഥലത്തായതിനാൽ യമാഗുച്ചി വീണ്ടും രക്ഷപെട്ടു. പക്ഷെ ഇത്തവണ പരിക്കുകളൊന്നും ഇല്ലാതെയാണ് രക്ഷപെട്ടത്.

ജപ്പാനിലെ ആണവ വിസ്ഫോടനങ്ങളിൽ നിന്നും ജീവൻ തിരിച്ചു കിട്ടിയ അനേകമാളുകൾ ഉണ്ട്. പക്ഷെ ഇരു സ്ഥലങ്ങളിലും സാന്നിധ്യമുണ്ടായിരുന്നിട്ടു കൂടി രക്ഷപെട്ട ഒരേയൊരാൾ യമാഗുച്ചിയാണ്. ഇക്കാര്യം 2009 മാർച്ചിൽ ജാപ്പനീസ് സർക്കാർ ഔദ്യോഗികമായി അംഗീകരിക്കുകയും ചെയ്തു. ഇരു സ്ഫോടനങ്ങൾക്കും വീഴ്ത്താനാവാത്ത യമാഗുച്ചി 2010 ജനുവരി നാലിന് തന്റെ 93 ആം വയസിലാണ് മരണത്തിന് കീഴടങ്ങിയത്. കാൻസർ സംബന്ധമായ അസുഖങ്ങളായിരുന്നു മരണകാരണം.

ഹിരോഷിമയിലും നാഗസാക്കിയിലും എരിഞ്ഞ കനലുകൾ യമാഗുച്ചിയുടെ മനസ്സിൽ ഒരായിരം തവണ എരിഞ്ഞിട്ടുണ്ടാവണം. അനേകായിരങ്ങളുടെ ജീവൻ പൊലിഞ്ഞപ്പോൾ രണ്ട് ദുരന്തമുഖങ്ങളിൽ നിന്നും ഒരേ പോലെ രക്ഷപെട്ട യമാഗുച്ചിയായിരിക്കാം ഭൂമിയിലെ എറ്റവും വലിയ ഭാഗ്യവാൻ. എരിഞ്ഞടങ്ങിയ കനലുകളിൽ നിന്നും ജപ്പാൻ തിരിച്ചു വന്നത് പോലെ തന്നെ യമാഗുച്ചിയും തിരിച്ചു വന്നു. ജപ്പാന്റെ ദുരന്തത്തിന്റെ ജീവനുള്ള ഓർമയായി. രണ്ട് തവണ മാറി നിന്ന മരണം കാലങ്ങൾക്കു ശേഷം വിരുന്ന് വരും വരെ .

Check Also

ലയൺ എയർ – ലോകത്തിലെ അപകടകരമായ ഒരു എയർലൈൻ

ഇൻഡോനേഷ്യയിലെ ഒരു പ്രൈവറ്റ് എയർലൈനാണ്‌ PT Lion Mentari Airlines എന്നറിയപ്പെടുന്ന ലയൺ എയർ. എയർഏഷ്യക്ക് ശേഷം സൗത്ത് ഈസ്റ്റ് …

Leave a Reply