ഇടുക്കിയിലെ വീഥികളിൽ പ്രകാശം പരത്തിയ പ്രകാശ് ബസ്സിൻ്റെ ചരിത്രം…

അധികമാർക്കും അറിയാത്ത ചരിത്ര വിവരങ്ങളടങ്ങിയ ഈ ലേഖനത്തിനു കടപ്പാട് – ഷംനാസ് തൊടുപുഴ, Private Bus Thodupuzha, Private Bus Kerala FB Group. പ്രത്യേകം നന്ദി – യൂനുസ്  ഇബ്രാഹിം.

പ്രകാശ്. ഇടുക്കിക്കാരന് ഈ പേരിനോടൊപ്പം വേറൊരു ആമുഖവും ആവശ്യമില്ല.ഓരോ ബസ് പ്രേമികളുടെയും മനസ്സിൽ മായാതെ നിൽക്കുന്നു ആ പേര്..ഇടുക്കിയുടെ അത്രയും ചരിത്രം ഉണ്ട് പ്രകാശിനും..  മുവാറ്റുപുഴയിൽ ഒരു ബസ് തൊഴിലാളി ആയിരുന്ന കൃഷ്ണൻ നായർ 1950 ലാണ് തൊടുപുഴ കേന്ദ്രമായി ഒരു ബസ് സർവീസ് ആരംഭിക്കുന്നത്. ബസിനു പേര് നിർദ്ദേശിച്ചതോ അദ്ദേഹത്തിന്റെ സഹോദരിയും. എന്തുകൊണ്ടാണ് ബസ്സുകള്‍ക്ക് ‘പ്രകാശ്’ എന്ന പേര് സ്വീകരിച്ചിരുന്നതെന്ന് ആര്‍ക്കും അറിയില്ല. മക്കളോട് ഒന്നും പറഞ്ഞിട്ടില്ല. പ്രകാശം പരത്തണം എന്ന ആഗ്രഹത്തിലാവണം ആ പേര് സ്വീകരിച്ചതെന്ന് കരുതുന്നു.

 

അതെ ഇടുക്കിയുടെ ചരിത്രത്തിൽ ഇടം നേടിയ പ്രകാശ് ബസ് സർവ്വീസിന്റെ തുടക്കം ഇതായിരുന്നു. 1954 ൽ കൽക്കരി ഉപയോഗിച്ചുള്ള വണ്ടിയുമായി കുഗ്രാമമായ വെള്ളിയാമറ്റത്തിന് ആയിരുന്നു പ്രകാശിന്റെ ആദ്യ സർവീസ്. പിന്നീട് വണ്ണപ്പുറം റൂട്ടിൽ ഇവർ ആദ്യ ബസ് ഓടിച്ചു. അതും കൊടുവേലി വഴി ആയിരുന്നു. അടുത്ത കാൽവെയ്പു 1956 ൽ മുവാറ്റുപുഴക്കായിരുന്നു. മുവാറ്റുപുഴക്കു അദ്ദേഹം (കൃഷ്ണൻ നായർ) തിരഞ്ഞെടുത്ത വഴി രാമമംഗലം വഴിയാണ്. പടുത കെട്ടി ബെഞ്ച് നിരത്തിയ വണ്ടി ആണ് അന്ന് മുവാറ്റുപുഴക്കു ഓടിയത്. തുടക്കത്തിൽ ഈ കമ്പനിയ്ക്ക് രണ്ട് പങ്കാളികള്‍ കൂടിയുണ്ടായിരുന്നു. അധികം വൈകാതെ അവര്‍ പിരിഞ്ഞു. കഠിനാധ്വാനവും അക്ഷീണ പരിശ്രമവും കൊണ്ട് ഒരു വലിയ സാമ്രാജ്യം പിടിച്ചടക്കുകയായിരുന്നു ഉടമയായ കൃഷ്ണൻ നായർ.

അത് ഒരു പുതിയ പാരമ്പര്യത്തിന്റെ തുടക്കമായിരുന്നു. വൈക്കം റൂട്ടിലേക്കും ഇടുക്കി റൂട്ടിലേക്കും 1958 ൽ പ്രകാശ് ബസുകൾ ഇട്ടു. അങ്ങനെ ആ റൂട്ടിലും തുടക്കം കുറിച്ചു. പിന്നീടാണ് ഹൈറേൻജ് കേന്ദ്രീകരിക്കാൻ തുടങ്ങിയത്. 1960ൽ കുമളി കട്ടപ്പന അടിമാലി റൂട്ടിലും1962ൽ തോപ്രാംകുടി റൂട്ടുകളിലും ആദ്യമായി ബസ് സർവീസ് ആരംഭിച്ചു. തൊടുപുഴ എന്ന ചെറു പട്ടണത്തെ അനുബന്ധ ജില്ലകളിലെ കേന്ദ്രമായി ബന്ധിപ്പിച്ചതിൽ പ്രകാശിനുള്ള പങ്ക് ചെറുതല്ല. ഇടുക്കി അണകെട്ട് നിർമാണ സമയത്ത ആദ്യമായി ചെറുതോണിയിൽ പെട്രോൾ പമ്പ് തുടങ്ങിയത് പ്രകാശ് ആണ്.

1970 – 80 കാലഘട്ടങ്ങളിൽ 18 ബസുകളുമായി പ്രകാശ് ഇടുക്കി ഭരിക്കുമ്പോഴാണ് ഒരു പ്രശ്നം ഉണ്ടാകുന്നത്. കെഎസ്ആർടിസിയുടെ പോലത്തെ ലിവറി (കളർ) ആയിരുന്നു ആ പ്രശ്നം. എന്നാൽ സ്വന്തം ബസ് കമ്പനി പ്രൈവറ്റ് കമ്പനി ആയി രജിസ്റ്റർ ചെയ്ത പ്രകാശ് മുതലാളി കൃഷ്ണൻ നായർ ഈ ലിവെറിക്ക് copyright എടുത്തു. ഇതോടെ ആ പ്രശ്നം ഒഴിവായി. ഇടുക്കിക്കാരന്റെ ഹൃദയമിടുപ്പ് അറിഞ്ഞ ബസ് ആണ് പ്രകാശ്. അവശ്യഘട്ടങ്ങളിൽ നാട്ടുകാർക്ക് ആശുപത്രി സർവീസ് വരെ രാത്രിയിൽ ഈ ബസുകൾ നടത്തികൊടുത്തിട്ടുണ്ട്. തൊഴിലാളികൾക്ക് ക്ഷേമനിധിയിൽ അംഗത്വം നൽകിയ ആദ്യ ബസ് സർവീസും പ്രകാശ് തന്നെ. ഇന്നും പ്രകാശ് കമ്പനിയിൽ ജോലി ചെയ്യുന്നവർക്ക് ഇൻഷുറൻസും മറ്റു ആനുകൂല്യങ്ങളും ഇവർ നൽകുന്നു.

പ്രകാശിന്റെ പ്രത്യേകതകൾ അനേകമായിരുന്നു. കൃത്യത നിറഞ്ഞ സർവീസ്. മാന്യമായ ജോലിക്കാർ. മിതമായ സ്പീഡ്. പരാതി കിട്ടിയാൽ ഉടനെ പരിഹരിക്കുന്ന മാനേജ്‌മന്റ് അങ്ങനെ പലതും. ആകെ 29 സർവീസുകൾ ആണ് പ്രകാശ് തൊടുപുഴയിൽ നിന്ന് ഓപ്പറേറ്റ് ചെയ്തിരുന്നത് ഇതിൽ 1990 – 2000 സമയത് തൊടുപുഴ മുവാറ്റുപുഴ റൂട്ടിൽ മാത്രം പ്രകാശിന് ഉണ്ടായിരുന്നത് 17 ബസുകൾ ആണ്. ഇത് പിന്നീട് വന്ന സർവീസുകൾ ഏറ്റെടുക്കുകയാണ് ചെയ്തത്.

ഇടുക്കിക്കാർക്ക് ദീപ്തവും വ്യക്തവുമായ നിറമുള്ള ഓർമ്മയാണ്. കൽക്കരിയിൽ കൈപിടിച്ച് സ്റ്റാർട്ട് ചെയ്തു ഏഴെട്ട് ഹെയർപിൻ വളവുകൾ താണ്ടി ആനയിറങ്ങുന്ന പൈനാവ് കാടുകളിലൂടെ ഇടുക്കി ജലാശയത്തിനരികിലൂടെ ആളുകൾ സഞ്ചരിക്കാൻ തുടങ്ങിയത് ഈ 21 ഓം നൂറ്റാണ്ടിലല്ല … അന്നും പ്രകാശ് ഉണ്ട് . ആഷിഖ് അബു ഇടുക്കി ഗോൾഡ് എന്ന പടം സംവിധാനം ചെയ്തപ്പോൾ അതിൽ പ്രകാശ് എന്ന ബസ് വന്നത് ആകസ്മികമല്ല. കാരണം ഇടുക്കിയുടെ ചരിത്രത്തിലെ ഒരു പേജ് , അത് പ്രകാശിന് അവകാശപ്പെട്ടതാണ് . മഹേഷിന്റെ പ്രതികാരം സിനിമയിലെ പ്രകാശ് കവലക്കും കാരണം പ്രകാശ് ബസ് ആണോ എന്നൊരു സംശയവും ഉണ്ട്.

ഇപ്പോൾ പ്രൈവറ്റ് ബസ്സുകൾക്ക് കളർകോഡ് വന്നതോടെ പ്രകാശിന്റെ പഴയ നിറം ഓർമ്മയിലായി. ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റായും സെക്രട്ടറിയായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്ന പ്രകാശിന്റെ ഉടമ കൃഷ്ണൻ നായർ 2014 ൽ അന്തരിച്ചു.  മറ്റുള്ള ബസുകളെപോലെ ആധുനിക വൽക്കരണം മൂലം പതിയെ പ്രകാശും ക്ഷയിച്ചു. ഇന്ന് പ്രകാശിന് സ്വന്തമായി ഉള്ളത്  3 വണ്ടികൾ മാത്രം. പക്ഷെ പ്രകാശിന് എന്നും തല ഉയർത്തി നിൽക്കാം. കാരണം ഈ നാടിന്റെ ചരിത്രം എഴുതിയത് പ്രകാശ് ബസ് സർവ്വീസുകളും കൂടിച്ചേർന്നാണ്.

Check Also

ഫ്ലോപ്പായി പോയ 10 ലക്ഷ്വറി കാർ മോഡലുകൾ | 10 Amazing Luxury Cars That Flopped Miserably

Luxury cars are a lucrative business, with well-heeled customers willing to shell out hundreds of …

Leave a Reply