വിവരണം – ഗിരിജാദേവി.
നോര്‍ഡിക് രാജ്യങ്ങളെന്നു പരക്കെ അറിയപ്പെടുന്ന ഉത്തര അറ്റ്ലാന്റിക് തീരത്തെ ഏറ്റവും വലിയ നഗരമെന്ന ഖ്യാതിയുള്ള, സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്ക്ഹോമിന് നൂറ്റാണ്ടുകളുടെ പഴക്കവും പെരുമയുമുണ്ട്. പതിന്നാലു ദ്വീപുകളിലായി രൂപപ്പെട്ടിരിക്കുന്ന ആ നഗരത്തിന്റെ വിശേഷങ്ങള്‍ നമുക്കു പങ്കുവയ്ക്കാം.
വൈകുന്നേരം അഞ്ചര മണിയോടെ ബര്ജനില് നിന്നും സ്കാന്ഡിനേവ്യന് എയര്‍ലൈന്‍സിന്റെ ഒരു ചെറു വിമാനത്തില്‍, ഞാനുള്‍പ്പെടുന്ന ഒരു സുഹൃത്ത് സംഘം സ്റ്റോക്ഹോമിലെ ‘അര്‍ലാന്‍ഡ’ വിമാനത്താവളത്തിലേക്കു പോവുകയാണ്. എപ്പോഴും ഇഷ്ടപ്പെട്ടിരുന്ന ജനാലയോടു ചേര്‍ന്ന സീറ്റുതന്നെയാണ് അന്നും എനിക്ക് ലഭിച്ചത്. പുറത്തേക്ക് കണ്ണും നട്ടിരുന്നു. അതുവരെ സഞ്ചരിച്ചിരുന്ന പാതകളും എണ്ണമറ്റ പര്‍വത നിരകളും താഴെയാവുകയാണ്. കൂടുതല്‍ കൂടുതല്‍ ഉയരങ്ങളിലേക്കു വിമാനം കുതിച്ചപ്പോള്‍ മേഘരാജികള്‍ ആ കാഴ്ചകളെ മറച്ചുകളഞ്ഞു.
നേരത്തെ ബുക്കുചെയ്തിരുന്നതിനാല്‍ ‘അര്‍ലാന്‍ഡ’ യില്‍ ടൂര്‍കമ്പനിയുടെ വാഹനം ഞങ്ങളെ സ്വീകരിക്കാനെത്തിയിരുന്നു. അവര്‍ക്കൊപ്പം ഹോട്ടലിലേയ്ക്കും. പിറ്റേന്ന് ഉച്ചയ്ക്ക് 3 മണി വരെ free time. പ്രഭാതഭക്ഷണത്തിനു ശേഷം ഞാനും കുടുംബവും പുറത്തേക്കിറങ്ങി. പരിസരമൊക്കെ ഒന്നു ചുറ്റിനടന്നു കാണുകയുമാവാം. വളരെ സ്വച്ഛമായ ഒരു പ്രദേശം. ഹോട്ടലിന്റെ മുന്‍ ഭാഗത്തെ വീഥിയിലൂടെ കുറെ ദൂരം നടന്നു. മറ്റുള്ളവരും ഒറ്റയായും കൂട്ടമായും സ്വകാര്യ യാത്രകളിലാണ്. ഇരു ഭാഗത്തും പുല്പരപ്പുകളും നിറയെ വൃക്ഷങ്ങളുമുള്ള ഒരു ഗാര്ഡന്. ആ വൃക്ഷങ്ങള്ക്കിടയിലൂടെയെല്ലാം നീണ്ടു പോകുന്ന നടവഴികള്‍. അവിടവിടെ ചില പ്രതിമകളും. കുട്ടികള്‍ക്കു കളിക്കാനുള്ള സ്ഥലം വേറെ. നല്ലൊരു റിക്രിയേഷന്സെന്ടര് തന്നെ ആ പാര്‍ക്ക്.
സ്റ്റോക്ക് ഹോം സിറ്റിയിലെ ഒരു പ്രധാന പാര്‍ക്കു തന്നെയാണത്. Humle Garden- 16-ാം നൂറ്റാണ്ടില്‍ ‘കിംഗ് ജോണ്‍ മൂന്നാമന്’ ഉണ്ടാക്കിയ Fruits garden പില്ക്കാലത്ത് ഒരു recreation centre ആക്കി മാറ്റുകയാണുണ്ടായത്. ഇന്നു അതു തീര്‍ത്തും ഒരു പബ്ലിക് പാര്‍ക്ക് തന്നെ. ശൈത്യ കാലത്ത് അവിടം സ്കേറ്റിംഗ് ഗ്രൗണ്ട് ആയി മാറുമെന്നറിഞ്ഞു. പാര്‍ക്കിന്റെ നടുവിലെ വിശാലമായ വീഥിയിലൂടെ ഞങ്ങള്‍ നടന്നു. സുഖദമായ അന്തരീക്ഷം. തിരക്കൊഴിഞ്ഞ വീഥികള്‍.
ഇടവിട്ടിടവിട്ട് sight seeing – നുള്ള ബസ്സുകള്‍ വന്നു പോകുന്നതുകാണാം. വളരെ അടുത്ത് ഒരു ബസ് സ്റ്റോപ്പ് കാണുന്നു. അവിടെ നിന്നും ബസ്സില്‍ കയറി പോകാമെന്നുറന്നു. അപ്പോഴേക്കും അടുത്ത വണ്ടിയും എത്തിക്കഴിഞ്ഞു – ‘Stockholm Panorama Sightseeing’. അതില്‍ കയറി ടിക്കറ്റ് വാങ്ങി. മുകള്‍ത്തട്ടിലെത്തിയാല്‍ കാഴ്ചകളൊക്കെ കണ്ടിരിക്കാം. ഫോട്ടോയെടുക്കാനും സൗകര്യം. എങ്ങോട്ട്?… എത്ര ദൂരം?…ഒരു നിശ്ചയവുമില്ല. വളരെ പെട്ടന്നുതന്നെ സിറ്റിയെത്തിയതിനാല് ആ ഇരുപ്പിനത്ര ദൈഘ്യമുണ്ടായില്ല. ഗ്രൂപ്പിലുള്ള മറ്റൊരു സുഹൃത്ത്കുടുംബം കൂടി ഞങ്ങള്‍ക്കൊപ്പം ചേര്‍ന്നു. സ്റ്റോക്ക്ഹോം സിറ്റിയുടെ ഹൃദയ ഭാഗമാണ് അവിടം.
ബാള്‍ട്ടിക് കടലിന്റെ ഭാഗമാണ് ‘ലേക് മാലര്‍’ (English). സ്വീഡിഷ് ഭാഷയില്‍ ‘മാ-ലര’ എന്നാണ്. വലിപ്പത്തില്‍ സ്വീഡനില്‍ മൂന്നാം സ്ഥാനമുള്ള ശുദ്ധജല തടാകം. ലേക്ക് ‘മാലര്‍’ – ലെ ചെറുതും വലുതുമായ 14 ദ്വീപുകളിലായാണ് സ്റ്റോക്ക്ഹോം നഗരം രൂപപ്പെട്ടിരിക്കുന്നത്. അവ പാലങ്ങളും ടണലുകളും ബോട്ടുകളും ഫെറിയും എല്ലാമായി പരസ്പരം ബന്ധിച്ചിരിക്കുന്നു. പൊതുഗതാഗത സൌകര്യങ്ങള്‍ ഏറെ സ്വീകരിക്കപ്പെടുകയും പ്രോത്സാഹിപ്പിക്കപ്പെടുകയും ചെയ്തിരിക്കുന്നതാണ് നമുക്കവിടെ കാണാനാവുന്നത്. തികച്ചും ഒരാസൂത്രിത നഗരം.
ചുറ്റുപാടും കാണുന്നതത്രയും ഗവന്മെന്റ് മന്ദിരങ്ങളോ ചരിത്ര നിര്‍മ്മിതികളോ എല്ലാം തന്നെ. അവയെല്ലാം പല ദ്വീപുകളിലായാണ് നില്ക്കുന്നതെങ്കിലും അങ്ങനെ തോന്നുകയേയില്ല. കാരണം അത്രമാത്രം അടുത്താണ് ഈ ദ്വീപുകളോരോന്നും. ധാരാളം പാലങ്ങളും എല്ലാം ഉള്ളതുകൊണ്ട് ഒരു നദി കുറുകെക്കടക്കുന്ന ലാഘവമേ തോന്നിയുള്ളൂ പലയിടങ്ങളിലും. എല്ലാ പ്രധാന മന്ദിരങ്ങളെയും ഉള്‍പ്പെടുത്തി ഫോട്ടകളെടുത്തു. കുറഞ്ഞ സമയംകൊണ്ട് കാണാവുന്നതത്രയും കാണുകയും വേണം. ചരിത്ര മന്ദിരങ്ങള്‍ക്ക് മുന്പില് കൂടി നടന്നു നീങ്ങവേ ഉയര്‍ന്ന സ്തൂപത്തില്‍ സ്ഥാപിച്ചിരിക്കുന്ന ഒരു ശില്‍പ്പം ശ്രദ്ധയില്‍പ്പെട്ടു. അതിന്റെ ഫോട്ടോകളെടുത്തു എങ്കിലും ആരുടേത് എന്ന് അറിവില്ല. അതിന്മേല് കാണുന്ന അലേഖനങ്ങള് ഇംഗ്ലീഷ് ആയിരുന്നുമില്ല. ആ മന്ദിരത്തിനുള്ളിലേക്ക് ഞങ്ങള്‍ കയറിച്ചെന്നു. ചെറിയ ഒരു പാലസ് എന്നുതന്നെ പറയാം. ടൂറിസ്റ്റുകളെ ഉദ്ദേശിച്ച് ഇംഗ്ലീഷ് ലിഖിതങ്ങള്‍ അവിടെ സൂക്ഷിച്ചിട്ടുണ്ട്.
“House of Nobility – (Riddarhuset)” എന്ന മന്ദിരമാണത്. 17-ാം നൂറ്റാണ്ടിലെ ഒരു നിര്‍മ്മിതി. പ്രഭുക്കന്മാരും ഉന്നത സ്ഥാനീയരും ഉള്‍പ്പെടുന്ന സ്വീഡിഷ് അഭിജാതരുടെ കാര്യാലയം. സ്വീഡിഷ് പ്രഭുക്കന്മാര്ക്ക് ഉണ്ടായിരുന്ന പ്രൗഢിയും സ്വാധീനവും ഭരണരംഗത്ത് അവര്‍ക്കുണ്ടായിരുന്ന പ്രാധിനിധ്യവും എല്ലാം വ്യക്തമാക്കുന്ന രേഖകളും മറ്റും സംരക്ഷിക്കുന്ന കാര്യാലയം. ഇന്ന് അതൊരു ചരിത്ര സ്മാരകമാണ്.
ധാരാളം ടൂറിസ്റ്റുകള്‍ അതിനുള്ളിലേക്കു കയറുന്നുണ്ട്. പ്രധാന കവാടം കടന്നാല്‍ Rock Hall, അതിനടുത്തത് Blue-room. ബ്ലുറൂമിന്റെ വശങ്ങളില് കാണുന്ന ഷോക്കേസുകളില്‍ വിവിധ പ്രഭുകുടുംബങ്ങളുടെ കുല-ചിന്ഹങ്ങള് (coat of arms) മുദ്രണം ചെയ്ത ധാരാളം സിറാമിക് പാത്രങ്ങള്‍. അതൊക്കെ അതാതു കുടുംബങ്ങള്‍ സംഭാവന നല്കിയിട്ടുള്ളതുതാണ്. അത്തരത്തില്‍ 300–ഓളം Antique പാത്രങ്ങളുണ്ട് ആ അലമാരകളില്‍. ബ്ലൂറൂമിന്റെ ഭിത്തിയില്‍ ഒരു എണ്ണഛായാ ചിത്രം തൂങ്ങി നില്ക്കുന്നു. നീട്ടി വളര്‍ത്തിയ മുടിയും കൈയ്യില്‍ അധികാര ദണ്ഡും. സ്വീഡിഷ് സ്റ്റേറ്റ്സ്മാന് ആയിരുന്ന Count Magnus Gabriel de la Gardie യുടെ ചിത്രമാണ്.
അവിടെ നിന്നും പടികള്‍ കയറിച്ചെന്നാല്‍ reception desk. 40 സ്വീഡിഷ് ക്രോണ്‍ കൊടുത്താല്‍ അകത്തേക്കു പ്രവേശിക്കാം. റിസെപ്ഷന് കൗണ്ടറിനു സമീപം സ്വീഡിഷ് പതാകയും House of Nobility യുടെ ചിഹ്നം ഉള്‍ക്കൊള്ളുന്ന പതാകയും സ്ഥാനം പിടിച്ചിരിക്കുന്നു. കാഴ്ചകളുടെ വിശദാംശങ്ങലടങ്ങിയ ലഘുലേഖകള്‍ അവിടെ ലഭ്യമാണ്. ധാരാളം പുരാവസ്തുക്കളും ആകര്‍ഷകമായ തൂക്കുവിളക്കുകളും പ്രതിമകളും പെയിന്റിങ്ങുകളും എല്ലാമുണ്ട് അവിടെ.
വിശാലമായ ‘Great Hall’ ആണ് അടുത്തത്. അവിടെ ജനാലകളും വാതായനങ്ങളും ഒഴികെ ഭിത്തിയുടെ ബാക്കി ഭാഗങ്ങളെല്ലാം പ്രഭു കുടുംബങ്ങളുടെ കുല-ചിഹ്ന്നങ്ങള് (coat of arms) മുദ്രണം ചെയ്ത ചെമ്പു പ്ലേറ്റുകള്‍ നിരത്തി അടുക്കിയിരിക്കുകയാണ്. അത്തരത്തില്‍ 2331 ഷീല്‍ഡ്കള്‍ അതിനകത്തുണ്ടെന്നു കണക്കുകള്‍. അവ അത്രയും കുടുംബങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ അവശേഷിക്കുന്നത് 663 കുടുംബങ്ങള്‍ മാത്രമാണ്. അവര്‍ സ്വീഡനിലും പുറത്തുമായി ജീവിക്കുന്നവരും. ഹാളിന്റെ ഏറ്റവും പടിഞ്ഞാറെ ഭിത്തിയോടു ചേര്‍ന്ന് King Gustavus II Adolphus-ന്റെ അര്‍ദ്ധകായ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. അദ്ദേഹം 1611 മുതല്‍ 1632 വരെ സ്വീഡന് ഭരിച്ചിരുന്ന രാജാവാണ്. ബാള്‍ട്ടിക് പ്രദേശത്തെ വന്‍ ശക്തിയായി സ്വീഡനെ മാറ്റിയത് അദ്ദേഹമാണെന്നു ചരിത്രം.
പ്രതിമയുടെ മുന്‍ഭാഗത്ത് വിശിഷ്ടമായ ഒരു ഇരിപ്പിടം സംരക്ഷിത വലയത്തിനുള്ളില്‍ സ്ഥാനം പിടിച്ചിരിക്കുന്നു. Lord Marshals ഉപയോഗിച്ചിരുന്ന ഇരിപ്പിടമായിരുന്നു അത്. അവസാനത്തെ Lord Marshal, Count Gustaf Lagerbjelke (1865) ആയിരുന്നു. ആനക്കൊമ്പില്‍ തീര്‍ത്ത ആ സിംഹാസനം 1625 -ല്‍ ജര്‍മ്മനിയില്‍ നിര്‍മ്മിച്ചതാണ് – ivory യും ebony യും ചേര്‍ന്ന സമ്മിശ്രാലങ്കാരം. കമനീയമായ തൂക്കു വിളക്കുകള്‍ കൊണ്ട് ഹാളിനെ മോടി പിടിപ്പിച്ചിരിക്കുന്നു. പൊതുജനങ്ങള്‍ക്കായി മന്ദിരത്തിന്റെ ഏതാനും ഭാഗങ്ങളേ തുറന്നു കൊടുത്തിട്ടുള്ളൂ. House of Nobility- യുടെ പിന്‍ഭാഗത്തും നല്ലൊരു ഉദ്യാനമുണ്ട്. അവിടെയും ഒരു ശില്‍പ്പം. Axel Oxenstierna യുടേതാണ്. സ്വീഡന്റെ Lord High Chancellor പദവി അലങ്കരിച്ചിട്ടുണ്ട് അദ്ദേഹം.
അകത്തെ കാഴ്ചകളില്‍ നിന്നും താമസിയാതെ പുറത്തേക്കിറങ്ങി. കല്മണ്ഡപത്തിലെ ലാറ്റിന്‍ ലിഖിതങ്ങള്‍, House of Nobility യിലെ ലഘുലേഖകള്‍ വ്യക്തമാക്കി. 1523 മുതല്‍ 1560 വരെ സ്വീഡന് ഭരിച്ചിരുന്ന Gustavu I (Gustav Eriksson of the Vasa noble family) ന്റെ പ്രതിമയാണത്. സ്വീഡനില്‍ Vasa കുടുംബക്കാരുടെ ഭരണ വാഴ്ച തുടങ്ങുന്നത് അദ്ദേഹത്തിലൂടെയാണ്. 1774 – ല്‍ സ്ഥാപിച്ചതാണ് ഈ പ്രതിമ. സ്വീഡനിലെ ഏറ്റവും ആദ്യത്തെ ‘public statue’ എന്ന മാഹാത്മ്യവും ഈ പ്രതിമയ്ക്കു മാത്രം അവകാശപ്പെട്ടതാണ്. സമീപത്തെ പുല്ത്തകിടികളുംഅലങ്കാര ചെടികളും ആകര്‍ഷകങ്ങളാണ്.
അല്‍പ്പം പടിഞ്ഞാറു മാറി ഉയര്‍ന്ന സ്ഥൂപികാഗ്രമുള്ള ഒരു ഗോപുരം കാണാം. അതാണ് Riddarholmen Church. ഒരു പുരാതന ദേവാലയം. പാരീസിലെ ഈഫെല്‍ ടവറിനെ ഓര്‍മ്മിപ്പിക്കുന്നതാണ് ആ ദേവാലയ ഗോപുരം. 13-ാം നൂറ്റാണ്ടിലെ ഒരു നിര്‍മ്മിതി. കാലം ചെയ്ത സ്വീഡിഷ് ഭരണാധികാരികള്‍ അന്ത്യവിശ്രമം കൊള്ളുന്നത് അവിടെയാണ്. Riddarholmen ദ്വീപിലാണ് ആ പള്ളി. അവിടെ നിന്നും പുരാനഗരം എന്നറിയപ്പെടുന്ന “Gamla stan” ലൂടെ ഒരു കാല്‍നട യാത്ര. അവിടെ അതേ സാദ്ധ്യമാകൂ. ഇടുങ്ങിയ തെരുവീഥികളാണധികവും.
കല്ലുപാകി വൃത്തിയാക്കിയ നടവഴികള്‍ ഈ പുരാതന നഗരഭാഗങ്ങളെ വേറിട്ട താക്കിയിരിക്കുന്നു. ധാരാളം കോഫി-ഹൗസുകളും പുരാവസ്തുക്കളുടെ വില്‍പ്പന ശാലകളും മ്യുസിയങ്ങളും ആ ഭാഗങ്ങളിലുണ്ട്. 13-ാo നൂറ്റാണ്ടു മുതലുള്ള ജീവിത ശൈലി പരമാവധി ഭംഗിയായി അവിടെ നില നിര്‍ത്തിയിരിക്കുകയാണ്. പുരാതന കാലത്തെ നിര്‍മ്മിതികളും ജീവിത രീതികളും സൌകര്യങ്ങളും എല്ലാം, പഴമയ്ക്കു കോട്ടം വരാത്ത വിധം സംരക്ഷിച്ചിരിക്കുന്ന ഒരു openair മ്യുസിയം എന്നുവേണമെങ്കില്‍ കരുതാം. Gamla – യുടെ ഉള്‍വഴികളിലൂടെ അല്‍പ്പദൂരം നടന്നു. (തുടരും)