ആനവണ്ടിയും കുഞ്ഞുശ്വാനനും കൂട്ടത്തിൽ ഒരു പ്രവാസിയും … (അനുഭവകഥ)

വിവരണം – പ്രിൻസ് എബ്രഹാം.

ആദ്യമേ പറയാമല്ലോ കഥയുടെ പേരിലുള്ള ആദ്യത്തെ രണ്ട് നായകന്മാർക്കും ഇടയിൽ ചെറിയ ഒരു ഗസ്റ്റ് റോൾ മാത്രമേ ഉള്ളു,പക്ഷെ അവരില്ലെങ്കിൽ ഈ കഥക്ക് ഒരു പൂർണതയും ഉണ്ടാകില്ല(മലയാളത്തിൽ അത്ര പ്രാവിണ്യം പോരാ , അക്ഷരപിശക് ക്ഷമിക്കുക).

വിദ്യാഭ്യാസം ഒന്നിനും ഒരു മാനദണ്ഡം അല്ല എന്ന് കരുതി നടന്ന കാലം(ഇപ്പോൾ മനസിലായി അതാണ് എല്ലാം എന്ന്).എല്ലാ പുരോഗമന ചിന്താഗതിക്കാരായ ചെറുപ്പക്കാരെ പോലെ എങ്ങനെയെങ്കിലും ഗൾഫിൽ എത്തി കുറെ കാശ് സമ്പാദിച്ചു,സ്നേഹിച്ച പെണ്ണിനേയും കെട്ടി നാട്ടിൽ കോടീശ്വരൻ ആയി ജീവിക്കണം എന്ന ആഗ്രഹം മനസ്സിൽ പൂവിട്ടു നടന്ന കാലം(ആദ്യം പറഞ്ഞ രണ്ടും നടന്നു, മൂന്നാമത്തേത് മൂഞ്ചി).വലിയ ഒരു കാർ ഷോറൂമിൽ ഒരു കുഞ്ഞു മെക്കാനിക് ആയി ജീവിച്ചു നടക്കുമ്പോൾ ആണ് 2010ൽ ഷെയ്ക്കിന്റെ കമ്പനിയിൽ നിന്നൊരു വിളി വന്നത് “കേറി പോരെ” എന്ന്.ഒന്നും നോക്കിയില്ല കിട്ടിയ വണ്ടിക്ക് ടിക്കറ്റും എടുത്തു പറന്നു. ആഴ്ചയിൽ ഒരിക്കൽ ടിവിയിൽ ഗൾഫ് റൗണ്ടപ്പിൽ കാണുന്ന പച്ചപ്പും സ്വിമ്മിങ് പൂളും സ്വപ്നം കണ്ടു പറന്ന ഞാൻ അത് ദുബായിൽ ജുമെയ്റ പോലുള്ള ഭാഗങ്ങളിൽ മാത്രം കാണാൻ കഴിയുള്ളു എന്ന സത്യം വേദനയോടെ മനസിലാക്കി(ദുഃഖം).

ആദ്യ ദിവസം കസ്റ്റമർ വന്നു “ബത്താറി” എന്ന് പറഞ്ഞപ്പോൾ ഒന്നും മനസിക്കാൻ കഴിയാതെ വായും പൊളിച്ചു നിന്നത് ഇന്നും ഞാൻ ഓർക്കുന്നു.(പിന്നീട് ആശാൻ വന്നു ചോദിച്ചപ്പോൾ ആണ് അങ്ങേരു ചോദിച്ചത് ബാറ്ററി ആണ് എന്ന് മനസിലായത്). ദുബായിലെ സോനാപ്പൂരിലെ കൊടും ചൂടിൽ കൂടി നടന്നപ്പോൾ ആണ് സത്യത്തിൽ നാട്ടിലെ വയനാടിന്റെയും ഇടുക്കിയുടെയും വില മനസിലായത്.

എല്ലാ പ്രവാസികളെയും പോലെ വീടും നാടും വിട്ടു പോയി, വർഷത്തിൽ ഒരിക്കൽ നാട്ടിൽ വന്നു വീട്ടുകാരെ കണ്ട് സങ്കടത്തോടെ തിരികെ പോകുന്ന ഒരാളായി വർഷങ്ങൾ കഴിച്ചു കൂട്ടി. എങ്ങനെയൊക്കെയോ തട്ടിയും മുട്ടിയും ഒരു ദുബായ് ലൈസൻസും ഒരു കുഞ്ഞു കാറും സ്വന്തമാക്കി.അതിനിടയിൽ മനസ്സിൽ കയറിക്കൂടിയ ഒരു ചെറിയ ഇഷ്ട്ടം(വേറെ ആരോടും അല്ല,സ്വന്തം ഭാര്യാ തന്നെ ആണ്) അത് മാത്രം ആയിരുന്നു ചെറിയൊരു ആശ്വാസം. ആ പ്രണയം വല്യ കുഴപ്പം ഇല്ലാതെ പച്ച പിടിച്ചു പോയി,വീട്ടുകാരോട് സംസാരിച്ചപ്പോൾ കാര്യമായ എതിർപ്പുകൾ ഒന്നും കൂടാതെ ഇരുകൂട്ടരും സമ്മതം മൂളി,2014 ൽ അതങ്ങു ഉറപ്പിക്കുകയും ചെയ്തു. ദൈവാനുഗ്രഹത്താൽ മരുഭൂമിയിലെ മരുപ്പച്ച എന്നോണം വിവാഹത്തിന് മുൻപ് നല്ലൊരു സ്ഥാപനത്തിൽ ജോലിയും കിട്ടി മാന്യമായ ശമ്പളവും. കൂട്ടത്തിൽ കയ്യിൽ ഉണ്ടായിരുന്ന കുഞ്ഞു കാർ മാറ്റി വലിയൊരു കാറും വാങ്ങി(മലയാളി ഡാ, പൈസ കയ്യിൽ വന്നാൽ വെറും ജാഡ). മൊത്തത്തിൽ എല്ലാരും പറഞ്ഞു “കേറി വരുന്ന പെണ്ണിന്റെ ഭാഗ്യം”(നമ്മുടെ നാട്ടുകാർ അല്ലെ അവർ അങ്ങനെ പലതും പറയും, മൈൻഡ് ചെയ്യണ്ട)

അങ്ങനെ അങ്ങനെ ദിവസങ്ങൾ കടന്നു പോയി,ആഗ്രഹിച്ചു കാത്തിരുന്ന ആ ദിവസം 12/11/15 – കല്യാണദിവസം,ഏകദേശം കല്യാണത്തിന് ഒരാഴ്ച മുൻപ് നാട്ടിൽ എത്തിപ്പറ്റി.പിന്നെ ഒരാഴ്ച സന്തോഷത്തിന്റെ ദിനങ്ങൾ പന്തൽ, ബഹളം, ബന്ധുക്കൾ, കുപ്പി , കപ്പ ഇറച്ചി അതിനിടയിൽ കൂടെ പഠിച്ച ഫോട്ടോക്കാരൻ ആയ ചങ്ങായിയുടെ പടം പിടുത്തം.അങ്ങനെ ഗംഭീരമായി കല്യാണം ഒക്കെ കഴിഞ്ഞപ്പോളേക്കും തദൈവാ …എല്ലാവരെയും പോലെ പോക്കറ്റ് കാലി. ഉറുപ്പിക 50000 കടം. “അതിപ്പോ ഒറ്റ മാസം കൊണ്ട് തീർക്കാലോ” എന്ന വിചാരത്തോടെ തിരിച്ചു ചെല്ലുമ്പോൾ ആണ് അറിയുന്നത്,ചില യുദ്ധസാഹചര്യം കാരണം കമ്പനി ഞങ്ങൾ കുറച്ചു പേരെ എടുത്ത് പുറത്തു കളഞ്ഞു എന്ന്,മാന്യമായി പറഞ്ഞാൽ ഉണ്ടായിരുന്ന ജോലി പോയി(വീണ്ടും ദുഃഖം).

പിന്നീടങ്ങോട്ട് തകൃതിയായി ആരംഭിച്ചു ജോലി നോട്ടം. പിറ്റേ ദിവസം വിസിറ്റ് വിസയിൽ വന്ന കൊച്ചിക്കാരൻ കൂട്ടുകാരൻ ജോലി കിട്ടി വിസ മാറാൻ കാലി ആയി നാട്ടിൽ പോകുന്നതിനാൽ കയ്യിൽ ഉണ്ടായിരുന്ന കുറച്ചു സാധനങ്ങൾ അവന്റെ കയ്യിൽ കൊടുത്തു വിട്ടു(നിര്ഭാഗ്യവശാൽ ജോലി വല്ലതും കിട്ടാതിരുന്നാൽ പാർസൽ ചാർജ് കളയണ്ടല്ലോ എന്ന് കരുതി) അങ്ങനെ ഇരിക്കെ ആണ് വേറൊരു ചങ്ങായി വഴി ഒരു ഇന്റർവ്യൂ കാൾ കിട്ടുന്നത്,ശമ്പളം അല്പം കുറവാണെങ്കിലും സാമാന്യം ബേധപ്പെട്ട ജോലി, ഒരു ജർമൻ കാർ ഡീലര്ഷിപ്പ് ആയിരുന്നു(PORSCHE, AUDI, VW, SKODA). പോയി ഇന്റർവ്യൂ അറ്റൻഡ് ചെയ്തു. ഫിലിപ്പിനോ ആയിരുന്നു ഞാൻ പോയിരുന്ന ഡിപ്പാർട്മെൻറ് ഹെഡ്ഡ്,പുള്ളിയെ അറിയാവുന്ന മുറി ഇംഗ്ലീഷ് ഒക്കെ വച്ചു മടക്കി ഒടിച്ചു പോക്കറ്റിൽ ആക്കി, മൊത്തത്തിൽ പറഞ്ഞാൽ കാര്യം ശുഭം.2016 ജനുവരി 17 ജോയിൻ ചെയ്യാം എന്ന ഉറപ്പോടെ ഓഫർ ലെറ്റർ ഒക്കെ ഒപ്പിട്ടു കൈ കൊടുത്തു പിരിഞ്ഞു. ബാക്കി ഉള്ള തലവേദന എല്ലാം തീരുമാനം ആക്കി വണ്ടി കസിന്റെ കയ്യിൽ ഏൽപ്പിച്ചു അടുത്ത വണ്ടി പിടിച്ചു നാട്ടിലേക്ക്.(രണ്ടാമത്തെ വണ്ടി എടുക്കുന്ന സമയത്തു നാഷണൽ ഐഡി പുതുക്കാൻ കൊടുത്തത് കൊണ്ട് അവന്റെ പേരിൽ തന്നെ ആണ് വണ്ടി വാങ്ങിയത്).

നാട്ടിൽ എത്തിയ ഉടനെ ബാംഗ്ലൂർ ജോലി ചെയ്തിരുന്ന പ്രിയപത്നിയെ 10 ദിവസം ലീവ് എടുപ്പിച്ചു നാട്ടിൽ വരുത്തിച്ചു. ഹണിമൂൺ എന്ന വ്യാജേന അവളുടെ വീടിനു(മൂവാറ്റുപുഴ) അടുത്തുള്ള മൂന്നാർ മാത്രമാണ് കാണിച്ചിരുന്നത്. ഒന്നുകൂടെ ചിലവ് കുറക്കാം എന്ന സൈക്കോളജിക്കൽ കുബുദ്ധിയോടെ എന്റെ വീടിനടുത്തുള്ള ഊട്ടി അടുത്ത ട്രിപ്പ് പ്ലാൻ ചെയ്ത്,അട്ടപ്പാടി വഴി മൊത്തം ചുറ്റി കാണിച്ചു ഊട്ടിയൊക്കെ കറങ്ങി തിരികെ വന്നു. (ഞങ്ങൾ മണ്ണാർക്കാട്ട്ക്കാർക്ക് ഏറ്റവും എളുപ്പം ഉള്ള ഊട്ടി വഴിയിൽ ഒന്നാണ് അട്ടപ്പാടി മുള്ളി വഴി). സന്തോഷകരമായ ആ ദിവസങ്ങൾ പെട്ടെന്ന് കടന്നു പോയി.കണ്ണടച്ച് തുറക്കുമ്പോളേക്കും തിരികെ പോകാൻ ഉള്ള ദിവസങ്ങൾക്ക് ദൈർഘ്യം കുറഞ്ഞുകൊണ്ടേയിരുന്നു.

ജനുവരി 14 രാത്രി ഗൾഫിലേക്ക് തിരികെ പോകാൻ ഉള്ള ടിക്കറ്റും ബുക്ക് ചെയ്തു.11 നു പത്നിയെ തിരികെ ആക്കാനായി ബാംഗ്ലൂരിലേക്ക് പാലക്കാട് ഡിപ്പോയിലെ RSC 697 സൂപ്പർ ഡീല്ക്സിൽ രണ്ട് ടിക്കറ്റും ബുക്ക് ചെയ്തു. പാലക്കാട് നിന്നും രാത്രി പുറപ്പെട്ടു.പുലർച്ചെ ബാംഗ്ലൂർ എത്തിയ ശേഷം,ഭാര്യയെ ഹോസ്പിറ്റലിൽ കൊണ്ട് ചെന്നാക്കി. 6 മാസങ്ങൾക്ക് ശേഷം പേപ്പേഴ്സ് എല്ലാം ശരി ആക്കി കൂടി കൊണ്ട് പോകാൻ വരാം എന്ന വാക്കോടെ അല്പം ദുഖത്തോടെ ആണെങ്കിലും പിരിഞ്ഞു. K R പുരത്തു കസിൻ ചേട്ടന്റെ അടുത്തു പോയതിനു ശേഷം തിരികെ അതേ RSC 697 ൽ തന്നെ ഒരു സീറ്റും പിടിച്ചു പാലക്കാട്ടേക്ക് കയറി.

ഏകദേശം രാവിലെ 6 മണിയോടെ പാലക്കാട് എത്തിചേർന്നു. പഴയ കൊച്ചിക്കാരൻ ചങ്ങായിയുടെ കയ്യിൽ ഗൾഫിൽ നിന്ന് കൊടുത്തു വിട്ട സാധനങ്ങൾ ഇതുവരെ പോയി വാങ്ങിയില്ലാത്തത് കൊണ്ട്, കൂടെ ഗൾഫിൽ ഉള്ളതും തദവസരത്തിൽ നാട്ടിൽ ഉള്ളതും ഏഴ് അടി ഉയരമുള്ളതുമായ സ്വന്തം ചങ്കിനോട്, കൊച്ചി വരെ പോകാൻ ഒരു കാറും എടുത്ത് പാലക്കാട് രാവിലെ തന്നെ വരാൻ ആവശ്യപ്പെട്ടിരുന്നു. അല്പം വൈകി ആണെങ്കിലും ഓൻ പാലക്കാട് എത്തിയപ്പോൾ ആണ് അറിഞ്ഞത്, കൂട്ടത്തിൽ നമ്മുടെ വകയിലെ അളിയൻ ചങ്കും പിന്നെ അടുത്ത ആഴ്ച മാവോറി നാട്ടിലേക്ക്(NEW ZEALAND) പോകാൻ പൊതി കെട്ടി കൊണ്ടിരിക്കുന്ന ചുള്ളനും വണ്ടിയിൽ കയറിയിട്ടുണ്ട് എന്ന്.

കാറിന്റെ മുൻ സീറ്റിൽ ഇരിക്കാൻ കഴിയില്ലല്ലോ എന്ന വിഷമം മുഖത്തു കാണിക്കാതെ അല്പം വിഷമത്തോടെ ആ ഏഴടിക്കാരന്റെ പുറകിൽ ഞെങ്ങി ഞരങ്ങി ഞാൻ ഇരുന്നു. കാർ അല്പം മുന്നോട്ട് എടുത്തപ്പോൾ ഗ്ലാസിൽ ആരോ തട്ടിയ ശബ്ദം,തുറന്നു നോക്കിയപ്പോൾ കയ്യിൽ ഒരു ഭാണ്ഡവും നരച്ച താടിയും പുകയില കറകൾ പറ്റിപ്പിടിച്ച പല്ലുകളുമായി ഒരു ഭിക്ഷക്കാരൻ,കാര്യം ചോദിച്ചപ്പോൾ ചായ കുടിക്കാൻ പൈസ ആവശ്യപ്പെട്ടു. 5 രൂപ കൊടുത്തപ്പോൾ തൊട്ടടുത്ത കടയിൽ 7 രൂപയാണ് ചായയുടെ വില എന്ന് അയാൾ പറഞ്ഞു.അത് മതി എന്ന് പറഞ്ഞു വണ്ടി വീണ്ടും മുന്നോട്ട് എടുത്തപ്പോൾ കൂട്ടത്തിൽ ഇരുന്ന ഒരാൾ (ആരാണെന്നു ഓർമയില്ല) വണ്ടി നിർത്തിച്ചു അയാൾക്ക് ബാക്കി പൈസ കൂടെ കൊടുപ്പിച്ചു.( ഈ ഭിക്ഷക്കാരന്റെ കഥ ഞാൻ ഇവിടെ പറഞ്ഞത് എന്തിനാണെന്ന് കഥയുടെ അവസാനം എഴുതാം).

അങ്ങനെ യാത്ര പാലക്കാട് നിന്നും ആരംഭിച്ചു.പോയി തിരികെ എത്താൻ ഉള്ള തിരക്കും, പാലക്കാട്-വടക്കഞ്ചേരി റബർറൈസ്ഡ് റോഡും കൂടി ആയപ്പോൾ, കാറിന്റെ വേഗത റോഡിനു അനുവദനീയമായ പരിധിയിൽ എത്തി. ഒരുപാട് കാലങ്ങൾക്ക് ശേഷം പുലർകാലവേളയിൽ ഉള്ള ആ പാലക്കാടൻ നെൽവയലുകളുടെ മാസ്മരിക സൗന്ദര്യവും മന്ദമാരുതനും ഞങ്ങളെ തൊട്ടു തലോടി പുറകിലേക്ക് ഓടിക്കൊണ്ടേ ഇരുന്നു. ഇതിനിടയിൽ തലേ ദിവസം ബാംഗ്ലൂർ നിന്നും കസിൻ ചേട്ടൻ തന്നു വിട്ട കുറച്ചു സ്വീറ്റ്സ്, ബാഗ് തുറന്നു കൂടെ ഉള്ളവർക്ക് വിതരണം ചെയ്യാൻ മറന്നില്ല. അങ്ങനെ കുഴൽമന്ദം ആലത്തൂർ ഒക്കെ കഴിഞ്ഞു ഞങ്ങളുടെ കാർ ലക്ഷ്യ സ്ഥാനത്തേക്ക് ഓടിക്കൊണ്ടേ ഇരുന്നു. ഇതിനിടയിൽ ഒന്ന് രണ്ട് TOWN 2 TOWN ആനവണ്ടികളെയും ഒരു കൊട്ടാരക്കര SUPER FAST നെയും മറികടന്നതായി ഓർക്കുന്നു.

ഏകദേശം കാർ വടക്കഞ്ചേരിയോട് അടുക്കുന്നു. ഇവിടെ വച്ചാണ് നമ്മുടെ കുഞ്ഞുനായകന്റെ(ആളൊരു കുഞ്ഞു പട്ടി ആണുട്ടോ) രംഗപ്രവേശം. റോഡിന്റെ പകുതി ഭാഗം മുറിച്ചു കടന്ന നായകശ്വാനൻ എന്തോ എടുക്കാൻ മറന്ന ആരെയോ പോലെ തിരിഞ്ഞു ഒരൊറ്റ നടത്തം (പിന്നീടാണ് രാവിലെ കിട്ടിയ എല്ലിന്റെ കഷ്ണം റോഡിന്റെ എതിർവശത്തു മറന്നു വച്ചത് എടുക്കാൻ ആണ് തിരിച്ചു നടന്നതെന്ന് മനസിലായത്). “ അളിയാ പട്ടി “എന്ന് വിളിച്ചു കൂവിയത് മാത്രം ഓർമ്മ ഉണ്ട്. ടം ഡിം ച് ലും …………( ലോഹങ്ങൾ തമ്മിൽ ഉരയുന്നതും,ചില്ലു പൊട്ടുന്നതുമായ സൗണ്ട് ആണ് ട്ടോ, കൂട്ടത്തിൽ മെയിൻ നായകന്റെ മാസ്സ് എൻട്രി). കർട്ടൻ താഴുന്നു(കണ്ണുകൾ അടയുന്നു). ഇടവേള………

പിന്നെ ഞാൻ കണ്ണ് തുറക്കുമ്പോൾ (ഇട്ടിരുന്ന ജീൻസ്, ഷർട്ട് ഒന്നും കാണാനില്ല ) ആരോ എന്റെ വായിലേക്ക് ഒരു ചപ്പാത്തിയുടെ കഷ്ണം തള്ളിക്കയറ്റാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു.ആളുടെ മുഖം ഒരു മുന്പരിചയവും ഇല്ല.പൂർവാധികം ശക്തിയോടെ എന്റെ ഓർമ്മ വീണ്ടെടുക്കാൻ ശ്രമിച്ചു കൊണ്ട് അയാളോട് ചോദിച്ചു ” ഞാൻ എവിടെയാ ” ഒന്നുടെ സൂക്ഷിച്ചു നോക്കിയപ്പോൾ ആണ് മനസിലായത് കക്ഷി,വണ്ടി ഓടിച്ചിരുന്ന എന്റെ അളിയൻ തന്നെ ആണെന്ന്.. ആളോട് സംഭവിച്ച കാര്യങ്ങളെ പറ്റി ചോദിച്ചപ്പോൾ ആണ് പറയുന്നത്, കാർ അപകടത്തിൽപെട്ടതും ആശുപത്രിയിൽ ആയതും എല്ലാം. കൂടെ ഉണ്ടായിരുന്ന ബാക്കി ഉള്ളവരെ പറ്റി ചോദിച്ചപ്പോൾ അവരെല്ലാം സുരക്ഷിതരാണെന്ന് അറിയിച്ചു. ചോദിച്ചപ്പോൾ ആണ് അറിഞ്ഞത് കൂട്ടത്തിൽ കാര്യമായി പരിക്ക് പറ്റിയത് എനിക്കാണെന്നും കുറച്ചു ബെഡ് റെസ്റ്റ് വേണ്ട വരും എന്നൊക്കെ.

കൂടുതൽ ഒന്നും ഓർമയിൽ ഇല്ലാത്തത് കൊണ്ട് കുറച്ചു നേരം അങ്ങനെ കണ്ണും തുറന്നു കിടന്നു. നടന്ന സംഭവങ്ങളെ ഓർത്തെടുക്കാൻ ശ്രമിച്ചു കൊണ്ടേയിരുന്നു. അങ്ങനെ അവസാനം ആ നായ് വട്ടം ചാടിയതും പുറകിൽ ഒരു KSRTC വന്നു കേറിയതും മാത്രം ഓർമ്മിക്കാൻ കഴിഞ്ഞു.ഞങ്ങൾ തന്നെ ആലത്തൂർ വച്ച് മറികടന്നു പോയ കോയമ്പത്തൂർ കൊട്ടാരക്കര റൂട്ടിൽ ഓടുന്ന RSC 717 ബസാണ് എന്ന് കൂട്ടുകാർ പറഞ്ഞു അറിഞ്ഞു.കൂടുതൽ ആയി ചോദിച്ചപ്പോൾ ആണ് ഓടിച്ചിരുന്ന കാർ ഇടിയുടെ ആഘാതത്തിൽ TOTAL LOSS ആയെന്നും,ഞാൻ ഇരുന്ന ഇടത് ഭാഗത്തേക്ക് ആണ് കൂടുതൽ ഇടി പറ്റിയതും,ഡോർ പൊളിച്ചാണ് എന്നെയും ആ ഏഴടിക്കാരൻ ചങ്കിനെയും പുറത്തു എടുത്തതും എന്നുള്ള സന്തോഷ വാർത്ത അറിയാൻ കഴിഞ്ഞത്. കൂട്ടത്തിൽ ആ ഏഴടിക്കാരന്റെ സ്നേഹനിധിയായ അളിയൻ ഗൾഫിൽ വച്ച് വാങ്ങി കൊടുത്ത മൊബൈൽ നഷ്ടമായതും ,എന്റെ കസിൻ തന്നു വിട്ട സ്വീറ്റ്‌സ് മുഴുവൻ വഴിയിൽ ഇങ്ങനെ പരന്നു കിടക്കുന്നതും നാട്ടുകാരിലൊരാൾ പറഞ്ഞറിഞ്ഞത്.

പിന്നീട്ആണ് തനിക്ക് നാളെ തിരികെ അബുദാബിയിൽ പോയി പുതിയ ജോലിയിൽ പ്രവേശ്ശിക്കണ്ട കാര്യം ഓർമ്മ വന്നത്.അതും കൂട്ടുകാരെ വിളിച്ചു പറഞ്ഞു. നമ്പർ കൊടുത്തപ്രകാരം അവർ HR ൽ വിളിപ്പിച്ചു സമാധാനം ആക്കി. ഡോക്ടർ പറഞ്ഞത് ഒരു മാസം എങ്കിലും ബെഡ് റെസ്റ്റ് എടുക്കണ്ട വരും എന്നാണെന്നു കൂട്ടുകാർ പറഞ്ഞപ്പോൾ ആണ് അറിഞ്ഞത്(പിന്നീട് ആണ് അവർ എന്നെ ആശ്വസിപ്പിക്കാൻ മാത്രം ആണ് അങ്ങനെ പറഞ്ഞതെന്നും, വലത് കാലിന്റെ ജോയിന്റിൽ കാര്യമായ തകരാർ സംഭവിച്ചിട്ടുണ്ടെന്നും മിനിമം 3 മാസം എങ്കിലും കാലിനു വിശ്രമം കൊടുക്കേണ്ട വരും എന്ന് അറിഞ്ഞത്).വീട്ടുകാരെയും ഭാര്യയെയും എല്ലാ കാര്യങ്ങളും വിളിച്ചു അറിയിച്ചു. അതിൽ നിന്നും മനസിലായി ഒരു കുഞ്ഞു നീർക്കോലി വിചാരിച്ചാലും അത്താഴം മുടങ്ങും എന്ന്.

വിദഗ്ധചികിത്സക്കായി പിറ്റേ ദിവസം പെരിന്തൽമണ്ണ ഉള്ള ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ജീവിതത്തിൽ കാര്യമായ ഇഞ്ചക്ഷൻ വേദന ഒന്നും അറിയാതിരുന്ന ഞാൻ വല്യ ഒരു ഓപ്പറേഷന്റെ വേദന കൂടി സഹിക്കേണ്ട വന്നു.അങ്ങനെ വിജയകരമായി അതും കഴിഞ്ഞു. നല്ല ചുവന്നു തുടുത്ത ആപ്പിളുകൾ, മഞ്ഞ നിറത്തിൽ ഉള്ള ഓറഞ്ചുകൾ, ഒരാഴ്ച EXPIRY DATE ബാക്കി ഉള്ള ബ്രെഡ് പാക്കറ്റുകൾ,സഹതാപത്തോടെ ഉള്ള പുഞ്ചിരികൾ അതും ഒരു പരിചയവും ഇല്ലാത്ത മുഖങ്ങളിൽ നിന്നും. ഇതൊക്കെയാണ് നീണ്ട 2 ആഴ്ച ആശുപത്രിവാസത്തിൽ ഞാൻ കണ്ട പുതിയ കാഴ്ചകൾ.

പ്രാഥമിക ആവശ്യങ്ങൾ പോലും സ്വന്തമായി നിറവേറ്റാൻ കഴിയാത്തതിനാൽ ഉണ്ടായിരുന്ന ജോലിയിൽ നിന്ന് രാജി വെച്ച് ഭാര്യയും അമ്മയും അടങ്ങുന്ന പരിവാരസംഘം 24 മണിക്കൂറും ചുറ്റും തന്നെ ഉണ്ടായിരുന്നു. പണ്ട് എട്ടാം ക്ളാസിൽ പഠിക്കുമ്പോൾ ഡാമിന്റെ മുകളിൽ വച്ച് കൂട്ടുകാർ കളിപ്പിക്കാൻ വേണ്ടി ട്രാക്ക് പാൻറ്റ് ഊരിയപ്പോൾ ഉണ്ടായ നാണക്കേടിനെക്കാളും അധികമാണ് ഡിസ്ചാർജ് സമയത്തു നഴ്സ് വന്നു യൂറിൻ ട്യൂബ് അഴിക്കുമ്പോൾ എന്ന് ഞാൻ അനുഭവിച്ചറിഞ്ഞു. ആശുപത്രിവാസത്തിനിടയിൽ ജനലിലൂടെ പുറത്തേക്ക് നോക്കുമ്പോൾ കാണുന്ന KSRTC ബസുകളെയും നാൽക്കാലി വർഗ്ഗത്തിൽ ഉള്ള എല്ലാ ജീവികളെയും കുടുംബമടച്ചു പ്രാകികൊണ്ടേയിരുന്നു.

എന്തായാലും ദൈവാനുഗ്രഹം കൊണ്ട് രണ്ടാഴ്ചക്കു ശേഷം ഭീമമായ ഒരു തുകയും ബില്ല് അടച്ചു(വീണ്ടും കടം വാങ്ങി, മൊത്തം കടം ഒരുലക്ഷത്തി തൊണ്ണൂറ്റിമൂവായിരത്തി അൻപത്താറു രൂപ അമ്പത്തഞ്ചു പൈസ), ഒരു മാസം കഴിഞ്ഞു മടങ്ങി വരാം എന്ന് ഡോക്ട്ടർക്കു വാക്കും കൊടുത്തു, നഴ്സുമാരോട് ബൈ ബൈ പറഞ്ഞു ആശുപത്രിയുടെ പടി നടന്നിറങ്ങി(നടന്നില്ല,കാലിൽ വല്യ ഒരു പ്ലാസ്റ്റർ ഇട്ടിരുന്നത് കൊണ്ട് കിടന്നാണ് പോയത്). അതും നമ്മുടെ സ്വന്തം “നിലവിളി ശബ്ദം” ഉള്ള വാഹനത്തിൽ.

ഈ ഒരു മാസക്കാലത്തിൽ എന്നെ കൊണ്ട് ഉണ്ടാക്കിയ ബുദ്ധിമുട്ട് ചില്ലറ ഒന്നും ആയിരുന്നില്ല വീട്ടുകാർക്ക്. ഓപ്പറേഷൻ ചെയ്തപ്പോൾ ഉണ്ടായ വേദനയെക്കാളും പത്തിരട്ടി അസഹനീയം ആയിരുന്നു 2013 മുതൽ കാത്തു സൂക്ഷിച്ച താടി മുഖത്തു നിന്ന് പോയപ്പോൾ. ഒരൊറ്റ മാസക്കാലം യാതൊരു തരത്തിൽ ഉള്ള ഭാരവും കാലിനു നൽകാതെ കട്ടിലിൽ കിടന്നു തീർത്തു.അങ്ങനെ ഒരു മാസത്തെ ഇടവേളക്ക് ശേഷം ഡോക്ടറെ കണ്ട് കാലിലെ പ്ലാസ്റ്ററും നീക്കി,ഒരു ചെറിയ വാക്കറും കടം വാങ്ങി ചെറിയ ഒരു കുഞ്ഞിനെ പോലെ വീണ്ടും നടത്ത പരിശീലനം ആരംഭിച്ചു.

ഇതിനിടയിൽ മൂന്ന് മാസത്തിനുള്ളിൽ തിരികെ പുതിയ വിസയിൽ ജോലിയിൽ പ്രവേശിക്കാൻ കഴിയാത്ത മൂലം,ആ വിസ ക്യാൻസൽ ആയെന്നു കമ്പനിയിൽ നിന്നും അറിയിച്ചു.അടുത്ത ജനുവരിയിൽ വീണ്ടും പുതിയ ഓപ്പണിങ് വരുമ്പോൾ അറിയിക്കാം എന്ന ആശ്വാസവാർത്ത കൂടി അവർ അറിയിച്ചു.എല്ലാ മാസത്തിലും കൃത്യമായി ഉള്ള ചെക്കപ്പോടെ 5 മാസം കഴിഞ്ഞപ്പോൾ കാൽ പൂർവസ്ഥിതിയിൽ ആയെന്നും തുടർന്ന് ജോലിയിൽ പ്രവേശിക്കാം എന്ന് ഡോക്ടർസ് വിധി എഴുതി. ഇതിനിടയിൽ സാമ്പത്തിക പരാധീനതകൾ വല്ലാതെ അലട്ടിയത് മൂലം ഉപയോച്ചിരുന്ന വണ്ടി(ഗൾഫിൽ) വിൽക്കാൻ നിർബന്ധിതനായി,കൂടാതെ ഭാര്യയുടെ ചെറിയ ഒരു സാലറി മാത്രം ആയിരുന്നു ചെറിയൊരാശ്വാസം.

അങ്ങനെ സ്കൈപ്പിലും നേരിട്ടും കുറച്ചു ഇന്റർവ്യൂ ഒക്കെ കിട്ടിയതിന്റെ അടിസ്ഥാനത്തിൽ ഒരു ചെറിയ പ്രോജക്റ്റ് ജോബ് കിട്ടി മസ്ക്കറ്റിൽ(ഒമാൻ). ദൈവാനുഗ്രഹം എന്നോണം അത് കഴിഞ്ഞു ഡിസംബറിൽ നാട്ടിൽ എത്തുന്ന സമയത്തു തന്നെ പഴയ കമ്പനിയിൽ(ജർമ്മൻ കാർ ഡീലര്ഷിപ്പ്) നിന്നും വിളി എത്തി.കാര്യങ്ങൾ എല്ലാം ശരി ആക്കി ഒന്നും നോക്കാതെ അടുത്ത വണ്ടി പിടിച്ചു നമ്മുടെ പഴയ തട്ടകത്തിലേക്ക്(യുഎ ഇ). നഷ്ട്ടപെട്ടു പോയതെല്ലാം തിരികെ പിടിക്കണം എന്ന വാശിയോടെ,പഴയ പ്രവാസ ജീവിതം തുടർന്ന് കൊണ്ടേയിരിക്കുന്നു.

പലപ്പോഴും ഞാൻ ചിന്തിക്കാറുണ്ട് ഞങ്ങളെ ആ അപകടദിവസത്തിൽ രാവിലെ വഴിയിൽ തടഞ്ഞ ആ ഭിക്ഷക്കാരൻ ആരായിരുന്നു? ചിലപ്പോൾ ഞങ്ങളുടെ ജീവൻ നഷ്പ്പെട്ടു പോയേക്കാവുന്ന അപകടത്തിൽ അൽപസമയം വൈകിപ്പിച്ചു അതൊരു പരിക്ക് മാത്രം ആക്കി മാറ്റിയ ദൈവദൂതനോ അല്ലെങ്കിൽ ഒന്നും സംഭവിക്കാതെ പോയേക്കാവുന്ന ഒരു യാത്രയിൽ അൽപ സമയം വൈകിപ്പിച്ചു ആ KSRTC ബസിനു മുൻപിൽ എത്തിച്ച യമകിങ്കരൻ ആണോ എന്നൊക്കെ. ദൈവദൂതൻ ആയിട്ടോ യമകിങ്കരൻ ആയിട്ടോ വേറൊരാളുടെ മുൻപിൽ ആ കറപിടിച്ച പല്ലുകളുമായി അയാൾ ഇനി എത്തിപെടാതിരിക്കട്ടെ എന്ന പ്രാർത്ഥനയോടെ…കൊല്ലം ഇത്ര ആയെങ്കിലും ഇത് വരെ ആ ഇൻഷുറൻസ് തുക കിട്ടിയിട്ടേ ഇല്ല, അതിനി കിട്ടുമോ ആവോ…

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply