പാലക്കാട് കെഎസ്ആര്‍ടിസി കൂടുതല്‍ കാര്യക്ഷമതയിലേക്ക്

പാലക്കാട് :  കട്ടപ്പുറത്തായ സര്‍വീസുകള്‍ പുനഃസ്ഥാപിച്ച് കെ എസ് ആര്‍ ടി സി ജനകീയമാകുന്നു. രാത്രി സര്‍വീസ് ഉള്‍പ്പെടെ പുനഃസ്ഥാപിച്ചതിനാല്‍ യാത്രക്കാര്‍ക്ക് വലിയ ആശ്വാസമായി. നിലവില്‍ പല രാത്രി സര്‍വീസുകളും നിര്‍ത്തിയതിനാല്‍ കെ എസ് ആര്‍ ടി സിയെ വിശ്വസിച്ച് സ്റ്റാന്‍ഡുകളിലെത്തുന്ന യാത്രക്കാര്‍ മണിക്കൂറുകളോളം കാത്തിരിക്കേണ്ട അവസ്ഥയിലായിരുന്നു.

പാലക്കാട് ജില്ലയിലെ വിവിധ ഡിപ്പോകളിലായി നിര്‍ത്തലാക്കിയ 11 സര്‍വീസുകള്‍ പുനഃസ്ഥാപിച്ചു. പാലക്കാട് ആറ് സര്‍വീസുകളും മണ്ണാര്‍ക്കാട്, ചിറ്റൂര്‍ എന്നിവിടങ്ങളില്‍ രണ്ട് സര്‍വീസ് വീതവും വടക്കഞ്ചേരിയില്‍ ഒരു സര്‍വീസുമാണ് പുനഃസ്ഥാപിച്ചത്. സ്‌പെയര്‍ പാര്‍ട്‌സുകള്‍ ഇല്ലാത്തതിനാല്‍ കട്ടപ്പുറത്തായ ബസുകളാണ് നന്നാക്കി പുറത്തിറക്കിയത്.
ഇതിനുപുറമെ നാല് ജനറം ബസുകളും പാലക്കാട് ഡിപ്പോയില്‍നിന്ന് സര്‍വീസ് പുനരാരംഭിച്ചു. പാര്‍ട്‌സുകളില്ലെന്ന കാരണം പറഞ്ഞ് പാലക്കാട് ഡിപ്പോയില്‍ എയര്‍കണ്ടീഷന്‍ ബസുള്‍പ്പെടെ കട്ടപ്പുറത്ത് കയറ്റിയിരുന്നു. ടയര്‍, ട്യൂബ് എന്നിവ യഥാക്രമം എത്തിക്കാതെയും ബസുകള്‍ സര്‍വീസ് നിര്‍ത്തി. ഇവയൊക്ക എത്തിച്ച് സര്‍വീസുകള്‍ കാര്യക്ഷമമാക്കിയതോടെ യാത്രക്കാര്‍ക്ക് ആശ്വാസമായി.


ജില്ലയില്‍ ഒരു യൂണിറ്റിനെ മാതൃകായൂണിറ്റായി ഏറ്റെടുത്ത് സര്‍വീസുകള്‍ കാര്യക്ഷമമാക്കുന്ന പദ്ധതിക്കും തുടക്കം കുറിക്കുകയാണ്. ബസുകള്‍ കട്ടപ്പുറത്താകാതെ നോക്കുകയും വരുമാനം വര്‍ധിപ്പിക്കുകയും കാര്യക്ഷമത കൂട്ടുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പാലക്കാട് ജില്ലയില്‍ മണ്ണാര്‍ക്കാട് ഡിപ്പോയെയാണ് മാതൃകാ യൂണിറ്റായി ഏറ്റെടുക്കുന്നത്.
സംസ്ഥാന വ്യാപകമായി കെ എസ് ആര്‍ ടി സിയുടെ വരുമാനം പ്രതിദിനം ഏഴ് കോടിയിലെത്തിക്കുക എന്ന ലക്ഷ്യം കൈവരിക്കാനാണ് ജീവനക്കാര്‍ ശ്രമിക്കുന്നത്. ഇപ്പോള്‍ 5.45 കോടി രൂപയാണ് കെ എസ് ആര്‍ ടി സിയുടെ പ്രതിദിന വരുമാനം. കട്ടപ്പുറത്തുള്ള എല്ലാബസുകളും പുറത്തിറക്കുകയും ജീവനക്കാരുടെ ഒഴിവുകള്‍ നികത്തുകയും ചെയ്താല്‍ ലക്ഷ്യം കൈവരിക്കാന്‍ കഴിയുമെന്നാണ് ജീവനക്കാര്‍ പറയുന്നത്.

വാര്‍ത്ത  : ജനയുഗം

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply