ജോലി നഷ്ടപ്പെടുമെന്ന ആശങ്കയെത്തുടര്‍ന്ന് കെ.എസ്.ആര്.ടി.സി. എംപാനല്‍ ജീവനക്കാരന് ആത്മഹത്യ ചെയ്തു. പാലോട് ഡിപ്പോയിലെ ജീവനക്കാരന് ഇളവട്ടം മുത്തുകാവ് പ്രഭ വിലാസത്തില്‍ സുനില്‍ കുമാറി (44)നെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പന്ത്രണ്ട് വര്‍ഷത്തോളമായി പാലോട് ഡിപ്പോയിലെ ജീവനക്കാരനായിരുന്നു സുനില്‍.
എംപാനല്‍ ജീവനക്കാരുടെ ഡ്യൂട്ടി വെട്ടിക്കുറച്ചതുകാരണം സുനില്‍ കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ഡബിള്‍ ഡ്യൂട്ടി ചെയ്യാന്‍ വന്ന സുനില്‍കുമാറിന് സിംഗിള്‍ ഡ്യൂട്ടി നല്കിയ ശേഷം ഇനി പറഞ്ഞിട്ട് വന്നാല്‍ മതിയെന്നു അധികൃതര്‍ അറിയിച്ചിരുന്നു. ഇതേതുടര്‍ന്നുള്ള മാനസികസംഘര്‍ഷമാണ് മരണത്തിലേക്ക് നയിച്ചതെന്നു പോലീസ് പറഞ്ഞു.
സ്റ്റോപ്പ് റിവഞ്ച് കെ.എസ്.ആര്.ടി.സി, സ്റ്റോപ്പ് മൈ ലൈഫ് എന്ന് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ട ശേഷമാണ് സുനില്‍ മരിച്ചത്. ഞായറാഴ്ച രാത്രി 7.32 ന് ഈ പോസ്റ്റിട്ടശേഷം 7.33ന് ഗുഡ്ബൈ എന്നു മറ്റൊരു പോസ്റ്റു കൂടി ഇട്ടു. ഇതിനു ശേഷമായിരുന്നു മരണം.
മക്കളായ അശ്വതി ചെമ്പഴന്തി എസ്.എന്‍ കോളജില്‍ ബിരുദ വിദ്യാര്‍ഥിയും ആതിര ആനാട് സ്കൂളില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയുമാണ്. ജോലി നഷ്ടപ്പെട്ടാല്‍ പഠിക്കുന്ന തന്റെ രണ്ട് പെണ്മക്കളുടെ ഭാവിയും വായ്പയെടുത്തു വീട് വച്ചതിന്റെ സാമ്പത്തിക പ്രതിസന്ധിയുമാണ് സുനിലിന്റെ ആത്മഹത്യക്ക് കാരണമെന്നാണ് സൂചന.
കഴിഞ്ഞ മാസം കെഎസ്ആര്‍ടിസിയില്‍ നിലവിലുള്ള എംപാനല്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടിരുന്നു. എന്നാല്‍ പിന്നീട് ഈ ഉത്തരവ് മരവിപ്പിക്കുകയായിരുന്നു. ഇതിനു ശേഷമാണ് കെഎസ്ആര്‍ടിസി ഡബിള്‍ ഡ്യൂട്ടികള്‍ വെട്ടിച്ചുരുക്കി തുടങ്ങിയത്.
ഡബിള്‍ ഡ്യൂട്ടികള്‍ ഒന്നരയാക്കി ഷെഡ്യൂള്‍ പരിഷ്കരിച്ചതിനെ തുടര്‍ന്ന് സ്ഥിരം ജിവനക്കാര്‍ക്കു വരെ ജോലിയില്ലാതായി. ഇതോടെ കൃത്യമായി ജോലി ലഭിച്ചിരുന്ന എംപാനല്‍ കണ്ടക്ടര്‍മാരുടെ ഡ്യൂട്ടി നഷ്ടപ്പെട്ടു. ആഴ്ചയിലൊരിക്കല്‍ പോലും ജോലി ലഭിക്കാത്ത സ്ഥിതിയിലായി. പിരിച്ചുവിടാതെ തന്നെ സ്വയം പിരിഞ്ഞു പോകാനുള്ള തന്ത്രമാണ് ഇതിനു പിന്നിലെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.
സുനില്‍ കുമാറിന്റെ മരണത്തില്‍ പ്രതിഷേധിച്ച് മൃതദേഹവുമായി നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. നേരത്തേ തിരുവമ്പാടിയില്‍ ദേവദാസ് എന്ന ജീവനക്കാരന് ആത്മഹത്യക്ക് ശ്രമിച്ചത് ഇതേ കാരണത്താലാണെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.