പെട്ടെന്നുള്ള യാത്രകൾക്ക് ഒരു അനുഗ്രഹമാണ് ഇന്ത്യൻ റെയിൽവേയിലെ തത്കാൽ ടിക്കറ്റുകൾ. എന്താണ് ഈ തത്കാൽ? അറിയില്ലെങ്കിൽ വിഷമിക്കേണ്ട, പറഞ്ഞു തരാം. തീവണ്ടി ടിക്കറ്റുകൾ മുൻകൂർ റിസർവ്വു ചെയ്യുന്നതിനായി ഇൻഡ്യൻ റെയിൽവെ ഏർപ്പെടുത്തിയ സംവിധാനമാണ് തത്കാൽ പദ്ധതി. മുൻ റെയിൽവെ വകുപ്പ് മന്ത്രി നിതീഷ് കുമാറിന്റെ കാലത്താണ് ഈ പദ്ധതി ആരംഭിച്ചത്. ഈ പദ്ധതി പ്രകാരം സ്ലീപ്പർ ക്ലാസ്, എ.സി. ചെയർ കാർ, ത്രീ ടയർ എസി, ടു ടയർ എ.സി എന്നിങ്ങനെ എക്സ്പ്രസ്സ് അടക്കം എല്ലാ തീവണ്ടികളിലും മുൻകൂർ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കും. സെക്കൻഡ്ക്ലാസിൽ ഓരോവണ്ടിയിലും ആവശ്യമനുസരിച്ച് ചിലപ്പോൾ രണ്ടുകോച്ചുകൾവരെ തത്കാലിന് നീക്കിവെക്കുന്നുണ്ട്. എ.സി. ക്ലാസിൽ 15മുതൽ 20വരെ ബർത്തുകളും. യാത്രായിനത്തിലുള്ള റെയിൽവേയുടെ വരുമാനത്തിൽ നല്ലൊരു പങ്ക് തത്കാൽ വഴിയാണ്. 2009-10ൽ 672 കോടിരൂപ തത്കാൽവഴി കിട്ടിയിരുന്നു.
വണ്ടി പുറപ്പെടുന്നതിന് ഒരുദിവസംമുമ്പാണ് തത്കാൽടിക്കറ്റ് നൽകുന്നത്. രാവിലെ പത്തിന് എ.സി ടികറ്റും, പതിനൊന്ന് മുതൽ സ്ലീപ്പർ ടിക്കറ്റ് നൽകിത്തുടങ്ങും.സ്ലീപ്പർ ,എസി ചെയർകാർ ക്ലാസ്സുകൾക്ക് ടിക്കറ്റിനൊപ്പം മിനിമം 75 രൂപ അല്ലെങ്കിൽ ടിക്കറ്റ്ചാർജിന്റെ 10 ശതമാനമാണ് തത്കാലിൽ ഈടാക്കുന്നത്. എ.സി.ക്ലാസിലേക്ക് 200രൂപയും. തത്കാൽ ടിക്കറ്റ് റദ്ദാക്കാൻ വ്യവസ്ഥയില്ല.
ആദ്യകാലത്ത് ട്രാവൽഏജൻറുമാരാണ് വൻതോതിൽ തത്കാൽടിക്കറ്റുകൾ എടുത്തിരുന്നത്. വൻതുക മറിയുന്ന കച്ചവടമാണ് തത്കാൽ കരിഞ്ചന്ത. യഥാർഥ നിരക്കിന്റെ രണ്ടിരട്ടിയിലേറെയാണ് തിരക്കേറിയ സമയങ്ങളിൽ ഏജന്റുമാർ ഈടാക്കുന്നത്.രാവിലെമുതൽ കൂലിക്ക് ആളെവിട്ട് ടിക്കറ്റ് കൂട്ടത്തോടെ വാങ്ങുന്ന രീതിയായിരുന്നു. എന്നാൽ, ടിക്കറ്റുവാങ്ങാൻ ഫോട്ടോപതിച്ച തിരിച്ചറിയൽരേഖയും മറ്റും നിർബന്ധമാക്കിയതോടെ തട്ടിപ്പ് കുറഞ്ഞു. ഇതിനുപുറമെ ഒരു തിരിച്ചറിയൽകാർഡിൽ നാലുടിക്കറ്റ്മാത്രമേ നൽകൂ. ആദ്യത്തെ ഒരുമണിക്കൂർ ഓൺലൈൻവഴിയുള്ള തത്കാൽബുക്കിങ് നിർത്തലാക്കി.
പരാതികളെത്തുടർന്ന് റിസർവേഷൻ മാഫിയയെ നിയന്ത്രിക്കാൻ തത്കാൽ പദ്ധതി റെയിൽവെ സമൂലം പരിഷ്കരിച്ചു. തത്കാൽ ബുക്കിങ് രാവിലെ 10 മണി മുതലായിരിക്കും തുടങ്ങുക.(എ.സി പത്തുമണി, സ്ലീപ്പർ പതിനൊന്നുമണി ). ആദ്യത്തെ രണ്ട് മണിക്കൂറിൽ ഏജന്റുമാർക്ക് ടിക്കറ്റ് ബുക് ചെയ്യാൻ അനുമതിയുണ്ടാകില്ല. ട്രെയിൻ പുറപ്പെടുന്നതിന് തലേദിവസം 10 മുതലാണ് തത്കാൽ റിസർവേഷൻ നടത്താനാവുക. തത്കാൽ ബുക്കിങ്ങിനായി പ്രത്യേക കൗണ്ടറുകൾ തുറക്കുമെന്നും ക്രമക്കേടുകൾ തടയാൻ സി.സി.ടി.വി കാമറകൾ സ്ഥാപിക്കുമെന്നും റെയിൽവെ. തത്കാൽ അനുവദിക്കുന്നത് കുറഞ്ഞത് 500 കി.മീ. യാത്രയ്ക്കുമാത്രം. അതിൽ കുറഞ്ഞ ദൂരത്തിനും 500 കി.മീ.യുടെ തത്കാൽനിരക്ക് റെയിൽവേ ഈടാക്കും. 15.06.2015 മുതൽ ഏസി കോച്ചുകളിലേക്കുള്ള തത്കാൽ ബുക്കിംഗ് രാവിലെ 10 മുതലും നോൺ ഏസി കോച്ചുകളിലേത് 11 മുതലും ആയി പുനഃക്രമീകരിച്ചു.
എങ്ങനെ എളുപ്പത്തില്‍ IRCTC തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാമെന്നുകൂടി പറഞ്ഞു തരാം. ആദ്യം സിസ്റ്റത്തിലോ മൊബൈലിലോ നോട്ട്പാഡ് തുറന്ന് നിങ്ങളുടെ ഐഡി പ്രൂഫ് സംബന്ധിച്ച വിവരങ്ങള്‍, പേര്, പ്രായം തുടങ്ങിയവ അതില്‍ ടൈപ്പ് ചെയ്ത് വയ്ക്കുക. പിന്നീട് സമയം ലാഭിയ്ക്കാന്‍ ഇത് സഹായിയ്ക്കും. രാവിലെ 9.45ന് ഐആര്‍സിറ്റിസി സൈറ്റില്‍ ലോഗ് ഇന്‍ ചെയ്യുക. ലോഗ് ഇന്‍ ചെയ്തതിന് ശേഷം സൈറ്റില്‍ കാണുന്ന സമയം മാത്രം ശ്രദ്ധിയ്ക്കുക. സ്ഥലങ്ങള്‍ തെരഞ്ഞെടുത്തതിന് ശേഷം തത്കാല്‍ ടിക്കറ്റ് ഓപ്ഷന് സെലക്ട് ചെയ്യുക. ശേഷം ട്രെയിനും, ക്ലാസ്സും തെരഞ്ഞെടുക്കുക. ഇതെല്ലാം 10 മണിക്ക് മുമ്പ് വേണം. സെഷന് എക്സ്പയര്‍ ആകാതിരിയ്ക്കാന്‍ 9.55 ന് ശേഷം ഒന്നു രണ്ട് തവണ ബുക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുക. സൈറ്റിലെ സമയം 10 ആകുമ്പോള്‍ ബുക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
നിങ്ങള്‍ ബുക്ക് ബട്ടണ്‍ ക്ലിക്ക് ചെയ്യുന്ന സമയത്ത് എപ്പോഴെങ്കിലും സര്‍വീസ് അണ്അവൈലബ്ള് എന്ന പേജ് വന്നാല്‍ ജാലകം ക്ലോസ് ചെയ്യുകയോ, ബാക്ക് ബട്ടണ്‍ അമര്‍ത്തുകയോ ചെയ്യരുത്. പകരം പേജ് റിഫ്രെഷ് ചെയ്യുക. 2-3 തവണ റിഫ്രെഷ് ചെയ്ത് കഴിയുമ്പോള്‍ പഴയ പേജിലേയ്ക്ക് തന്നെ നിങ്ങള്‍ തിരിച്ചെത്തും. കൂടാതെ രണ്ടുമൂന്ന് ടാബുകളിലായി ലോഗ് ഇന്‍ ചെയ്യാതെ IRCTC സൈറ്റ് തുറന്നിടുക. കാപ്ച്ച കോഡ് കണ്ടില്ലെങ്കില്‍ പുതിയ കാപ്ച്ച കാണിക്കാനുള്ള ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. അടുത്തതായി പണമടയ്ക്കാനുള്ള ഓപ്ഷനിലേയ്ക്ക് പോകുക. എന്തെങ്കിലും എറര്‍ മെസ്സേജ് വന്നാല്‍ റിഫ്രെഷ് ചെയ്യുക.
ബാങ്ക് നടപടികള്‍ പൂര്‍ത്തിയായാല്‍ IRCTC പേജിലേയ്ക്ക് തിരിച്ചു പോകുന്ന സമയത്ത് ബാക്ക് ബട്ടണ്‍ അമര്‍ത്തുകയോ, റിഫ്രെഷ് ചെയ്യുകയോ ചെയ്യരുത്. പണം കൈമാറ്റത്തില്‍ പെശക് വന്നാല്‍ വീണ്ടും ആദ്യം മുതല്‍ തുടങ്ങേണ്ടി വരും. ഏറ്റവും അവസാനത്തേതും, ഏറ്റവും പ്രധാനപ്പെട്ടതുമായ കാര്യം ക്ഷമ ഉണ്ടായിരിയ്ക്കുക എന്നതാണ്. സമചിത്തതയോടെ ശ്രദ്ധിച്ച് ചെയ്താല്‍ ടിക്കറ്റ് നിങ്ങളുടെ കൈയ്യിലിരിയ്ക്കും.
തത്ക്കാൽ ടിക്കറ്റുകളിൽ കൺസെഷനോ ഓഫറുകളോ ഒന്നും ലഭിക്കുകയില്ല. തത്കാൽ വഴി കൺഫേം ആയ ടിക്കറ്റുകൾ ക്യാൻസൽ ചെയ്യുവാൻ സാധിക്കില്ല. എന്നാൽ വെയ്റ്റിംഗ് ലിസ്റ്റ് തത്കാൽ ടിക്കറ്റുകൾ യാത്രയ്ക്ക് അരമണിക്കൂർ മുൻപ് ക്യാൻസൽ ചെയ്യാം. ഒന്നിലധികം തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുകയും അവയിൽ ചിലതിനു കൺഫർമേഷൻ ലഭിക്കാതിരിക്കുകയും ചെയ്താൽ യാത്രയ്ക്ക് അരമണിക്കൂർ മുൻപ് വരെ എല്ലാ ടിക്കറ്റുകളും റീഫണ്ടോടെ ക്യാൻസൽ ചെയ്യാം. ഇന്ത്യൻ റെയിൽവേയുടെ ചുവടു പിടിച്ച് ഇപ്പോൾ കെഎസ്ആർടിസി ബസ്സുകളിലും തത്കാൽ ബുക്കിംഗ് സംവിധാനം ലഭ്യമായിട്ടുണ്ട്.
കടപ്പാട് – വിക്കിപീഡിയ, malayalam.gizbot.com.