തൊണ്ടിവാഹനം നിറഞ്ഞ് കെ.എസ്.ആര്‍.ടി.സി ഡിപ്പോ

തിരുവനന്തപുരം: മോട്ടോര്‍ വാഹനവകുപ്പ് പിടികൂടിയ വാഹനങ്ങള്‍ തള്ളുന്നത് കെ.എസ്.ആര്‍.ടി.സി ഡിപ്പോ വളപ്പില്‍. 10 വര്‍ഷം കഴിഞ്ഞിട്ടും മാറ്റാതെ കിടക്കുന്നത് 50ഓളം വാഹനങ്ങള്‍. അസി. ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ രേഖാമൂലം ആര്‍.ടി.ഒയോട് ആവശ്യപ്പെട്ട് മാസം ഒന്ന് കഴിഞ്ഞിട്ടും നടപടിയില്ല. പാപ്പനംകോട് കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലാണ് ഈ ദുര്‍ഗതി.

File Photo

വാഹനങ്ങള്‍ക്ക് മുകളില്‍കൂടി കാടുവളര്‍ന്ന് പന്തലിച്ചതോടെ ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്. ഭീതിയോടെയാണ് മെക്കാനിക്കല്‍ വിഭാഗം ജീവനക്കാരടക്കം ഇവിടെ പണിയെടുക്കുന്നത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥന് പരാതിനല്‍കിയിട്ടും അനക്കമുണ്ടാകാതായതോടെ എന്ത് ചെയ്യണമെന്നറിയാത്ത സ്ഥിതിയിലാണ് കെ.എസ്.ആര്‍.ടി.സി അധികൃതര്‍.
മോട്ടോര്‍ വാഹനവകുപ്പ് വിവിധ ഗതാഗതകുറ്റങ്ങള്‍ക്ക് പിടികൂടിയ ടെമ്പോ, ഓട്ടോകള്‍, ബസുകള്‍, ഇരുചക്രവാഹനങ്ങള്‍ എന്നിവയാണ് ഡിപ്പോ വളപ്പില്‍ തള്ളിയിരിക്കുന്നത്. പരിശോധനാവേളയില്‍ രേഖകളില്ലാതെ പിടികൂടുന്ന വാഹഹനങ്ങളും ഇവയില്‍പെടും. ബന്ധപ്പെട്ട കക്ഷികള്‍ പിഴയടച്ചോ, അല്ളെങ്കില്‍ കേസ് അവസാനിപ്പിച്ചോ വാഹനങ്ങള്‍ ഏറ്റെടുക്കാതായതോടെയാണ് ഇവിടെ പഴയ വാഹനങ്ങള്‍ കുന്നുകൂടിയത്.
ഇവ സമയബന്ധിതമായി മാറ്റുന്നതിനാകട്ടെ മോട്ടോര്‍ വാഹനവകുപ്പിന്‍െറ ഭാഗത്തുനിന്ന് നടപടിയുമില്ല. പലതും തുരുമ്പെടുത്തും മറ്റും ഇനി ഉപയോഗിക്കാനാവാത്ത വണ്ണം നശിച്ചനിലയിലാണ്. ഇത്തരം വാഹനങ്ങളില്‍ പാമ്പുകളും താവളമാക്കുന്നു. ഡിപ്പോക്കുള്ളില്‍നിന്ന് പാമ്പുകടിയേറ്റ മെക്കാനിക്ക് വിഭാഗം ജീവനക്കാരന്‍ ചികിത്സയിലാണ്.
വാഹനങ്ങള്‍ കൊണ്ടിടാന്‍ തുടങ്ങിയ സമയത്ത് എത്രയുംവേഗം ഇവ ഒഴിവാക്കിത്തരാമെന്ന് ഉറപ്പുള്ളതിനാലാണ് കെ.എസ്.ആര്‍.ടി.സി അനുമതിനല്‍കിയത്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇവ മാറ്റാതായതോടെയാണ് കെ.എസ്.ആര്‍.ടി നേരിട്ടുള്ള നടപടികള്‍ തുടങ്ങിയത്.
ഡിപ്പോക്കുള്ളില്‍ മറ്റ് വാഹനങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നതിനാല്‍ ബസുകള്‍ പാര്‍ക്ക് ചെയ്യുന്നതിനും ബുദ്ധിമുട്ടുണ്ടാകുന്നുണ്ട്. ഈഞ്ചക്കല്‍ ഡിപ്പോയിലും സമാനസ്ഥിതിയുണ്ട്. വിഷയത്തില്‍ കേരള ട്രാന്‍സ്പോര്‍ട്ട് എംപ്ളോയീസ് യൂനിയന്‍ ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

News : Madhyamam

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply