കിഴക്കൻ കടലോരങ്ങളിലൂടെ തെക്കേ മുനമ്പിലേക്ക്…..

ആഴങ്ങളിൽ മുത്തുച്ചിപ്പികൾ ഒളിപ്പിച്ച തൂത്തുകുടിയെന്ന തുറമുഖ നഗരം . തൂത്തുക്കുടിയിൽ നിന്നും കടലോരം പറ്റി ഒരൽപം താഴോട്ടിറങ്ങിയാൽ തിരുച്ചെന്തൂരിലെത്തും . ശ്രീമുരുകന്റെ രണ്ടാം അരുപ്പടി വീടായ അരുൾമിഗൂ സുബ്രഹ്മണ്യ ക്ഷേത്രം തിരുച്ചെന്തൂരിലാണ് . അല്പം കൂടി താഴോട്ടിറങ്ങിയാൽ കന്യാകുമാരി മുനമ്പ്. മഹാസാഗരങ്ങളുടെ ത്രിവേണിസംഗമവേദി . കിഴക്കൻ കടലോരങ്ങളിലൂടെ ഇന്ത്യയുടെ തെക്കേ മുനമ്പിലേക്കൊരു തീർത്ഥയാത്രയായിരുന്നു പദ്ധതി .

നട്ടപ്പാതിരക്കു ചെങ്കോട്ട ചുരം താണ്ടി പശ്ചിമഘട്ടം മറികടക്കുന്ന തമിഴ്നാടിന്റെ SETC ബസ്സിൽ രാജകീയ പ്രൗഢിയോടെ പെരുമ്പാവൂർ വരെയെത്തി . അവിടം മുതൽ പറഞ്ഞു വച്ച പോലെ ശൂന്യമായിരുന്ന ബസ്സിനകം നിറഞ്ഞു തുടങ്ങി . പണി തേടി കേരളത്തിലേക്ക് മലയിറങ്ങിയ തമിഴ്മക്കളാണധികവും . നാട്ടുവിശേഷങ്ങളും പൊട്ടിച്ചിരികളും തമിഴ് താളത്തിൽ പതിഞ്ഞുയർന്നു . രാത്രിയുടെ നീളമളന്നു പതുക്കെയത് കൂർക്കം വലികളായി മാറി . ചങ്ങനാശ്ശേരിയിൽ എത്തിയപ്പോൾ പാതിരാത്രി .

“പത്തു നിമിഷം വണ്ടി നിപ്പാട്ടു “. കണ്ടക്ടറുടെ പ്രഖ്യാപനം കേട്ട് കൂർക്കംവലികൾ ഒന്നായി നിലച്ചു . ഞൊടിയിടയിൽ ബസ്സിനകം കാലി. പുറത്തേക്കിറങ്ങിയവർ എവിടേക്കൊക്കെയോ പാഞ്ഞു . പത്തിന് പകരം നിമിഷം ഇരുപതും കഴിഞ്ഞു . പുറത്തുപോയവർ തിരിച്ചെത്തിയില്ല . ഡ്രൈവർ വണ്ടി സ്റ്റാർട്ട് ചെയ്തിട്ട് ഹോൺ മുഴക്കിനോക്കി . കുറേയാളുകൾ ഓടിക്കിതച്ചെത്തി . തിരികെയെത്തിയവർക്കെല്ലാം വല്ലാത്തൊരു ആലസസ്യവും സന്തോഷവും . ബസ്സ് മുന്നോട്ടെടുത്തു . ” സാർ വേലുച്ചാമി വന്തിട്ടെൻ സാർ “. ആരപ്പാ വേലുച്ചാമി, ഇനിയവൻ വറാവേണ്ട ” കണ്ടക്ടർക്ക് സഹി കെട്ടു . ” വന്തിട്ടെൻ സാർ വന്തിട്ടെൻ .” ഒടുവിൽ അതാ വരുന്നു വേലുച്ചാമി. ആകപ്പാടെ ഒരു കുഴഞ്ഞു മറിഞ്ഞ അവസ്ഥയിൽ . ” എന്നടാ തണ്ണി പോട്ടിരുക്കത്താ ” കണ്ടക്ടർ അലറി . അപ്പോഴേക്കും സഹായികളെത്തി . അവരുടെ കൈകളിൽ തൂങ്ങി വേലുച്ചാമി ഇരിപ്പിടത്തിലേക്ക് .

പത്തനാപുരവും തെന്മലയും ആര്യങ്കാവും കടന്നു പുലരിയിൽ തിരുനെൽവേലിയിൽ എത്തി . വാണിജ്യ കേന്ദ്രമായ തിരുനെൽവേലിയിൽ നിന്നും തൂത്തുകുടിക്കും തിരുച്ചെന്തൂരിനും തുല്യ അകലമാണ് . പതിനെട്ടു കിലോമീറ്റർ വടക്കു വല്ലവയിൽ കൃഷ്ണ മൃഗങ്ങൾക്കായുള്ള ഒരു സംരക്ഷിത വനമുണ്ട് . പാറയ്ക്കുളം കഴിഞ്ഞതും ഉറങ്ങിക്കിടന്നിരുന്ന വേലുച്ചാമി ചടിയെണീറ്റു .ഇറങ്ങണ്ട സ്ഥലം വിട്ടുപോയെന്നും തിരിച്ചുപോകുവാൻ പൈസ വേണമെന്നുമാണ് പുതിയ ആവശ്യം . ഇത്തവണ കണ്ടക്ടറുടെ സകല നിയന്ത്രണവും വിട്ടുപോയി . പെട്ടെന്നെന്തോ സംഭവിച്ചു . വേലുച്ചാമി നല്ല കുട്ടിയായി ഇറങ്ങി പോകുന്നതാണ് കണ്ടത് ..

ഗൾഫ് ഓഫ് മാന്നാറിന്റെ തീരത്തെ തമിഴ്നാടിന്റെ കടൽകവാടമാണ് തൂത്തുക്കുടി . ആറാം നൂറ്റാണ്ടു മുതൽ പാണ്ഡ്യാ സാമ്രാജ്യത്തിനു കീഴിൽ പവിഴ മത്സ്യബന്ധനത്തിന് പേരെടുത്ത നാട് . ഒട്ടേറെ പഴയ കെട്ടിടങ്ങൾ അതെ പടി നിലനിൽക്കുന്നെങ്കിലും തെരുവീഥികൾക്കു നല്ല വീതിയും വലിപ്പവും . വീശിയടിക്കുന്ന വരണ്ട കാറ്റിനൊപ്പം പാറിപ്പറക്കുന്ന പൊടിപടലങ്ങൾ . വിൽപ്പനക്ക് വച്ച സവിശേഷമായ പിച്ചള പാത്രങ്ങൾ വഴിവക്കിൽ ധാരാളം കണ്ടു . അവർ ലേഡി ഓഫ് സ്നോസ് ബസലിക്ക പള്ളിക്കു മുന്നിലെത്തി . ഞായറാഴ്ചയിലെ ദിവ്യബലിക്കുള്ള തയ്യാറെടുപ്പുകളായിരുന്നു ദേവാലയത്തിൽ . പോർച്ചുഗീസുകാരുടെ കാലത്തു ദേശത്തെ പ്രബലരായ പാരവ സമുദായക്കാർക്കു വേണ്ടി നിർമ്മിച്ചതാണ് ദേവാലയം.

പോർട്ടുഗീസ് ശൈലിയിലുള്ള കവാടങ്ങളും , ചിത്രപ്പണികളും ഉയരത്തിലുള്ള ഭിത്തികളും ദേവാലയത്തിനു ഗോത്തിക് പ്രൗഢി നൽകുന്നു . വർണാഭമായ അൾത്താരയും , മരത്തിൽ കടഞ്ഞെടുത്ത മാതാവിന്റെ തിരുസ്വരൂപവും ഇറ്റലിയിൽ നിന്നും കൊണ്ടുവന്നു സ്ഥാപിച്ചിട്ടുള്ളതാണ് .

പാനിമാതാ പള്ളിയിൽ നിന്നും തുറമുഖത്തേക്കുള്ള യാത്രയിൽ നഗരാതിർത്തി പിന്നിട്ടതും കാഴ്ചകളിൽ വെളുപ്പിന്റെ ലോകം പരന്നു . കണ്ണെത്താദൂരത്തോളം ഉപ്പു കല്ലുകൾ വിളയുന്ന വെളുത്ത കൃഷിയിടങ്ങൾ . തൂത്തുകുടിയിലെ പരമ്പരാഗത വ്യവസായമാണ് ഉപ്പ്. സമൃദ്ധമായി ലഭിക്കുന്ന ശുദ്ധമായ ഉപ്പുവെള്ളവും ശിലാഭേദകമായ പൊള്ളുന്ന വെയിലുമാണ് ഉപ്പുകൃഷിയുടെ അസംസ്കൃത വസ്തുക്കൾ . വഴിയരികിൽ വണ്ടിയൊതുക്കി ഉപ്പളങ്ങളിലേക്കിറങ്ങി. ഹിമഭൂമികൾ പോലെ ചുറ്റിലും പ്രകാശമാനമായ വെളുപ്പിന്റെ പ്രസരണം . മല പോലെ ഉയർന്നു നിൽക്കുന്ന ഉപ്പുകുന്നുകൾ . ഉപ്പുകല്ലുകൾ കോരിയെടുക്കുന്ന സമയമാണ് . വൃത്തിയായി വരമ്പിട്ടു തിരിച്ച കണ്ടങ്ങളിലാണ് കുഴൽക്കിണറിൽ നിന്നും പമ്പു ചെയ്യുന്ന ഉപ്പുവെള്ളം കെട്ടിനിറുത്തിയിരിക്കുന്നത് . അവയിലേക്ക് നാല്പത്തിരണ്ടു ഡിഗ്രി ചൂടുള്ള വെയിൽ പതിക്കുമ്പോൾ അടിത്തട്ടിൽ ഉപ്പുകല്ലുകൾ ഊറി തുടങ്ങുന്നു . രാവിലെയാണ് വിളവെടുപ്പ് . ഒരു ഏക്കർ ഉപ്പുപാടത്തു നിന്നും പത്തു ദിവസങ്ങൾ കൊണ്ട് പതിനാറു ടൺ ഉപ്പുകല്ലുകൾ ലഭിക്കുമെന്നാണ് ഉടമയായ മുരുഗവേലൻ പറഞ്ഞത് .

ഉപ്പളങ്ങളുടെ നടുവിലായി ഭീമാകാരങ്ങളായ പുകക്കുഴലുകളും ഇരുമ്പു പൈപ്പുകളുമായി വലിയൊരു സമുച്ചയം . തൂത്തുക്കുടി തെർമ്മൽ പവ്വർ സ്റ്റേഷൻ . തുറമുഖം വഴിയെത്തുന്ന കൽക്കരിയാണ് ഇരുന്നൂറ്റിപ്പത്തു മെഗാവാട്ട് ശേഷിയുള്ള പവ്വർസ്റ്റേഷന്റെ ഇന്ധനം . ഉപ്പളങ്ങളിലൂടെയുള്ള പാത വിശാലമായ തുറമുഖപാതയിൽ ലയിച്ചു . കണ്ടൈനർ ലോറികൾ ചീറിപാഞ്ഞുകൊണ്ടിരുന്നു . ചരക്കുവിനിമയം കൊണ്ട് ഇന്ത്യയിൽ പത്താം സ്ഥാനം അലങ്കരിക്കുന്നു തൂത്തുക്കുടി തുറമുഖം . ശ്രീലങ്കയിലേക്ക് ആദ്യമായി ഗയിലിയ എന്ന കപ്പൽ ഓടിച്ച ചിദംബരനാറിന്റെ നാമധേയത്തിലാണ് തുറമുഖം .

കിഴക്കു പടിഞ്ഞാറു അന്താരാഷ്ട്ര കപ്പൽ പാതയോടു അടുത്ത് കിടക്കുന്നെങ്കിലും രാമേശ്വരം കടലിടുക്കിലുള്ള രാമസേതു നിമിത്തം വടക്കോട്ടു സഞ്ചരിക്കണമെങ്കിൽ കപ്പലുകൾക്ക് ശ്രീലങ്ക ചുറ്റിവളയുക തന്നെ വേണം . തുറമുഖത്തിന്റെ വശങ്ങളിൽ പൂന്തോട്ടങ്ങൾ വച്ച് പിടിപ്പിച്ചു ഏറെ ദൂരം മനോഹരമാക്കിയിട്ടുണ്ട് . പൂന്തോട്ടങ്ങളുടെ അവസാനത്തിൽ തൂത്തുക്കുടി ബീച്ച് . ബീച്ചിലപ്പോൾ വഞ്ചികൾ കരക്കടുപ്പിക്കുന്ന സമയം . മീനുകൾ കൂട്ടിയിട്ടു ലേലം വിളിക്കാനൊരുങ്ങുകയാണ് മത്സ്യത്തൊഴിലാളികൾ .

തൂത്തുക്കുടിയിൽ നിന്നും തിരുച്ചെന്തൂരിലേക്കുള്ള നാൽപ്പതു കിലോമീറ്റർ ബസ്സ്യാത്രയിലും ഉപ്പളങ്ങൾ കടന്നു വന്നു . വിജനമായ ഉപ്പുപാടങ്ങളിൽ നിന്നും പലവ്യഞ്ജനങ്ങളും പണിആയുധങ്ങളും ആയി ബസ്സിലേക്ക് കയറുന്ന തൊഴിലാളികളായ ഗ്രാമീണർ . ചുട്ടുപഴുത്ത മണൽപ്പരപ്പുകളിൽ നിന്നും ഉയരുന്ന പ്രതിഫലനതാപം വായുവിൽ ഇളകിയാടുന്നു . തിരുച്ചെന്തൂരിലെത്തിയപ്പോൾ നേരം നട്ടുച്ച . തണൽലേശമില്ലാത്ത ഒരു ബസ്സ്റ്റെർമിനൽ . ചുടുകാറ്റ് വീശുന്നു . വരൾച്ച ഭീകരമായി. താഴെ ആർത്തലക്കുന്ന കടൽ കണ്ടു . ഒരല്പം നനവുതേടി കടൽത്തീരത്തേക്കിറങ്ങി . തീരങ്ങളിൽ കരിമ്പന കാടുകളാണ് . കരിമ്പനചുവടുകളിൽ അനുവാചകരെയും കാത്തിരിക്കുന്ന സിന്ധുരം ചാർത്തിയ കൈനോട്ടക്കാരികൾ. അവർ കൈ കാട്ടി വിളിക്കുന്നുണ്ട്.

എട്ടാം നൂറ്റാണ്ടിലാണ് തിരുച്ചെന്തൂർ ക്ഷേത്രം നിർമ്മിച്ചതായി കരുതപ്പെടുന്നത് . അസുരരാജാവായ ശൂരപദ്മയുമായി ശ്രീമുരുകൻ യുദ്ധം ചെയ്തതും വിജയശ്രീലാളിതനായി ശിവസ്തുതികൾ അർപ്പിച്ചതും ഈ മണ്ണിലാണ് . മറ്റു ക്ഷേത്രങ്ങളിൽ നിന്നും വിഭിന്നമായി പടിഞ്ഞാറു ഭാഗത്താണ് തിരുച്ചെന്തൂർ ക്ഷേത്രത്തിന്റെ ഒൻപതു നിലകളുള്ള രാജഗോപുരം . താഴെ തട്ടിലിലുള്ള ശ്രീകോവിൽ മറ്റൊരു പ്രത്യേകത . കിഴക്കുഭാഗത്തു കടലിനോടു സാദാ സല്ലപിച്ചു കൊണ്ടിരിക്കുന്ന തിരുമുറ്റം . വഴിപാടുകളുടെയും വിവാഹങ്ങളുടെയും തിരക്കായിരുന്നു ക്ഷേത്രത്തിൽ . മണ്ഡപങ്ങളെല്ലാം വധുവരന്മാരെയും ബന്ധുമിത്രാദികളെയും കൊണ്ട് നിറഞ്ഞു തുളുമ്പി . മുരുകകീർത്തനങ്ങൾ ഉച്ചത്തിലുയർന്നു കൊണ്ടിരുന്നു .

കരിങ്കൽശില്പങ്ങൾ കൊണ്ടും ചിത്രത്തൂണുകൾ കൊണ്ടും അലംകൃതമാണ് ക്ഷേത്രം . ശ്രീമുരുകന്റെ ആറു വാസസ്ഥലങ്ങളിൽ ഒന്നാണ് തിരുച്ചെന്തൂർ ക്ഷേത്രം . 1649-ഇൽ ഡച്ചുസൈന്യം ക്ഷേത്രത്തിലേക്ക് കടന്നുകയറുകയും ക്ഷേത്രഭാഗങ്ങൾ നശിപ്പിക്കുകയും ചെയ്തു . ഷണ്മുഖാർ , ശിവനടരാജ വിഗ്രഹങ്ങൾ അവർ കടലിലെറിയുകയും ചെയ്തു . സെന്തിലാണ്ടവന്റെ സ്വപ്നദർശന പ്രകാരം വടമാലിയപ്പപിള്ളയാണ് വിഗ്രഹങ്ങൾ വീണ്ടെടുത്ത് പുനപ്രതിഷ്ട്ട നടത്തിയത് . മാഘമാസത്തിലെ ബ്രെഹ്മോത്സവം , ചൈത്രമാസത്തിലെ വസന്തോത്സവം , വൈശാഖമാസത്തിലെ വൈശാഖവിശാഖം , തുടങ്ങിയവയാണ് പ്രധാന ഉത്സവങ്ങൾ .

ക്ഷേത്രം വക അന്നദാനശാലയിൽ നിന്നും റവ കൊണ്ടുള്ള കേസരിയും പഴവും ലഭിച്ചു .എരിപൊരികൊള്ളുന്ന വയറിനു തെല്ലൊരാശ്വാസമായി . കിഴക്കുഭാഗത്തെ മണ്ഡപത്തിൽ സാഗരം സാക്ഷിയായി ഇരുന്നു . കടൽസ്നാനം ചെയ്യുന്ന തീർത്ഥാടകരാണ് തീരം നിറയെ . വളരെ ദൂരെ കടൽമദ്ധ്യത്തിലുള്ള പാറയിൽ കയറി വലയെറിയുന്ന ഒരു മുക്കുവന്റെ കറുത്ത രൂപം കാണാം. . തിരുച്ചെന്തൂരിനു സമീപങ്ങളിലും മനോഹരങ്ങളായ ബീച്ചുകളുണ്ട് . പതിനെട്ടു കിലോമീറ്റർ അകലെയാണ് മണപ്പാട് ബീച്ച് . വിശുദ്ധ ഫ്രാൻസിസ് പുണ്യവാളൻ താമസിച്ചിരുന്ന ഒരു ഗുഹയും പോർട്ടുഗീസുകാർ നിർമ്മിച്ചിട്ടുള്ള പള്ളികളും ജറുസലേമിൽ നിന്നും കൊണ്ട് വന്നു സ്ഥാപിച്ച കുരിശും ഇവിടെയുണ്ട് . ചിന്നജെറുസലം എന്നാണ് മണപ്പാട് അറിയപ്പെടുന്നത് . കൂടംകുളം ആണവോർജ്ജനിലയം തിരുച്ചെന്തൂരിനും കന്യാകുമാരിക്കും മദ്ധ്യേയാണ്.

തിരുച്ചെന്തുരിൽ നിന്നും കന്യാകുമാരിയിലേക്കുള്ള എക്സ്പ്രസ്സ് ബസ്സ് ഞങ്ങളെയും വഹിച്ചുകൊണ്ട് തിളയ്ക്കുന്ന മരുപ്പറമ്പിലൂടെ പാഞ്ഞുതുടങ്ങി . എൺപത്തിയഞ്ചു കിലോമീറ്റർ അകലെയാണ് കന്യാകുമാരി . നിശ്ചലമായ പ്രകൃതിയിലേക്ക് കാറ്റാടിപ്പാടങ്ങളുടെ ചലനാൽമകത കടന്നു വന്നു .തോവാളം അടുത്തുകൊണ്ടിരുന്നപ്പോൾ ഭൂപ്രകൃതിയാകെ മാറി . പച്ച പുതച്ച പർവ്വതനിരകൾ പ്രത്യക്ഷപെട്ടു . പാർവ്വതങ്ങളല്ല ഓരോ കോണിലും പല പല ഭാവങ്ങൾ വിരിയുന്ന കരിങ്കൽശില്പങ്ങൾ തന്നെ . പശ്ചിഘട്ട മലനിരകളുടെ ശിരസ്സായ അഗസ്ത്യകൂട മലകളാണത് .

സൂര്യാസ്തമയത്തിനു തൊട്ടു മുൻപ് കന്യാകുമാരിയിൽ കാല് കുത്തി . ഉദയാസ്തമയങ്ങൾ ദർശനം തരുന്ന ഭാരതത്തിന്റെ ദക്ഷിണമുനമ്പിൽ . ത്രിലോകസാഗരങ്ങളുടെ സംഗമവേദിയിൽ . ചക്രവാള സീമകളിൽ ആരോ കുംകുമം വാരി വിതറിയിരിക്കുന്നു . തണുപ്പിൽ അലിഞ്ഞ തെന്നലലകൾ ഒരു സ്വപ്ന സഞ്ചാരിയെപോലെ പാറിനടക്കുന്നു . നാനാദേശക്കാർ . പലവിധ ഭാഷകൾ . കത്തിക്കാളുന്ന സൂര്യൻ ചിലർക്ക് ദൈവം തന്നെയാണ് . തെക്കുഭാഗത്തെ പാറക്കൂട്ടങ്ങളിലേക്കു നീങ്ങുകയാണ് ജനം . അവിടെയാണ് ആ വിടവാങ്ങൽ വേദി . വളരെ ശാന്തമാണ് കടൽ . തീരെ ഒച്ചയടക്കി പാറകളിൽ ചിന്നി ചിതറുന്ന തിരമാലകൾ . സാക്ഷികളായി ഒന്നുരണ്ടു മേഘകീറുകൾ . ആകാശം കൂടുതൽ ശോണിമയാർന്നു . സൂര്യൻ രക്തവർണ്ണാങ്കിതനായി . കടലോളങ്ങളിൽ തുടിക്കുന്ന ചുവപ്പ് ഒഴുകി പരന്നു . ഏറെ കോമളവും പ്രണയാർദ്രവുമാണ് അർക്കഭാവം.

പതുക്കെ അറബിക്കടലിന്റെ ചുണ്ടുകളിൽ ആ തീക്കനൽ ചുംബനമറിയിച്ചു . പിന്നെയതൊരു ഗാഢാലിംഗനമായിമാറി . സൂര്യനെ പ്രണയിക്കുന്ന കടലോ കടലിനെ പ്രണയിക്കുന്ന സൂര്യനോ . ത്രിസന്ധ്യയായി . രക്തം വാർന്ന മനം കാളിമയാർന്നു . തീരം തിരശീല വീണ രംഗവേദിയായി . പതുങ്ങിയെത്തുന്ന നിശ . തണുത്ത കാറ്റടിക്കുന്നു .ഇരുട്ട് വീഴുന്ന നടവഴികൾ . തിരിച്ചുള്ള നടത്തവും വേറിട്ട അനുഭവമാകുന്നു . നക്ഷത്രങ്ങൾ ചിതറിയ ആകാശം . അലയടിക്കുന്ന കടലാരവം . കുളിരേകുന്ന കടൽകാറ്റ് .

കവലയിൽ തിരിച്ചെത്തിയ ശേഷമാണ് മുറിയന്വേഷിച്ചത് . ഇനി പ്രഭാതം വരെ കാത്തിരിക്കണം . ഉദയം ബംഗാൾ ഉൾക്കടലിലാണ് . തീരങ്ങളിൽ രാത്രിദീപങ്ങൾ തെളിഞ്ഞു . കുറെ നേരം വെറുതെ ചുറ്റി നടന്നു . ദീപ്തമായ വിവേകാനന്ദപ്പാറയും തിരുവള്ളൂർ ശില്പവും നോക്കി ക്ഷേത്രമതിലിൽ കയറിയിരുന്നു . ഗാന്ധിമണ്ഡപവും മാതാവിന്റെ പള്ളിയും കണ്ടു . തിരികെയെത്തിയപ്പോഴേക്കും നിദ്ര കണ്ണുകളിൽ കനം വച്ച് തൂങ്ങി . കിടക്കയിലേക്ക് വീണതെ ഓർമയുണ്ടായുള്ളു. തിരമാലകൾ താരാട്ടു പാടി . സുഖസുഷുപ്തിയിലും തെളിമയാർന്നൊരു സൂര്യോദയമായിരുന്നു മനസ്സിൽ.

വിവരണം – Sabu Manjaly Jacob.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply