അച്ഛനുമൊത്ത് മൂകാംബിക ദർശനം നടത്തി കുടജാദ്രിക്കൊരു കാൽനടയാത്ര…

വിവരണം – Amesh KA.

2 മാസം കൂടി വീട്ടിൽ കേറിയപ്പോൾ അച്ഛന്റെ വക ശകാരം. “നിന്നെ വീട്ടിലെ ഒരാവശ്യത്തിനും കൊള്ളില്ലല്ലോ..ഏതു നേരവും കറങ്ങിനടത്തം മാത്രം…” ശകാരത്തിന്റെ തോത് കൂടി വന്നപ്പോൾ ഞാൻ ഒന്ന് രക്ഷപെടാൻ എടുത്തിട്ടതാണ് കുടജാദ്രി. അച്ഛൻ മുന്നേ കുടജാദ്രി പോയാലോ എന്ന് സൂചിപ്പിച്ചിട്ടുണ്ടായിരുന്നു. അച്ഛനോട് “നമുക്ക് കുടജാദ്രി പോയാലോ.. ഇപ്പോൾ നല്ല ബെസ്റ് ടൈം ആണ്..” എന്നാൽ നമുക്ക് പോയേക്കാനായി അച്ഛനും. ഇതിപ്പോൾ മൊത്തത്തിൽ ലാഭമായല്ലോന്നായി ഞാനും…. കുടജാദ്രിക്കും പോകാം അച്ഛന്റെ ശകാരത്തിൽ നിന്ന് രക്ഷപെടുകയും ചെയ്തു..

പെട്ടന്ന് തീരുമാനിച്ച യാത്ര ആയതുകൊണ്ട് ട്രെയിൻ ടിക്കറ്റ് റിസേർവ് ചെയ്യാനൊന്നും സാധിച്ചില്ല. പിറ്റെ ദിവസം വൈകിട്ട് അച്ഛനെയും എവിടെ പോകാൻ വിളിച്ചാലും നമുക്ക് പോയേക്കാട എന്ന് പറഞ് കൂടെ വരുന്ന ചങ്ക് കസിനെയും കൂട്ടി എറണാകുളം റെയിൽവേ സ്റ്റേഷനിലെത്തി. കിട്ടിയ ട്രെയിനിന് ചാടിക്കേറി ഇടം പിടിച്ചു. Marusagar express അജ്‌മീർ വരെ പോകുന്ന ട്രെയിനാണ്. ജനറൽ ടിക്കറ്റ് ഒരാൾക്ക് 190/-. 8:30 pm ന് ട്രെയിൻ എടുത്തു.

രാവിലെ 7:20 ന് byndoor- mukambika സ്റ്റേഷനിൽ ട്രെയിൻ എത്തി. സ്റ്റേഷനിൽ നിന്ന് ഒരു 10 min നടന്നാൽ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലേക്ക് ബസ് കിട്ടുന്ന ചെറിയൊരു ബസ് സ്റ്റേഷനായി. ബസ് പിടിച്ചു നേരെ മൂകാംബിക. ബസ് ടിക്കറ്റ് ഒരാൾക്ക് 35/-. മൂകാംബികയിൽ ചെന്ന് പുണ്ണ്യ നദിയായ സൗപർണിക തേടിയയായി നടത്തം. ക്ഷേത്രത്തിന്റെ മുൻപിൽ നിന്നും ഇടത്തോട്ടുള്ള വഴിയേ നേരെപോയാൽ സൗപർണിക കുളിക്കടവ് ആണെന്ന് വഴിയിൽ കണ്ട ഒരു ചേട്ടൻ പറഞ്ഞു തന്നു. നേരെ പുഴയിൽ ചെന്ന് അസ്സലൊരു മുങ്ങികുളിയും പാസാക്കി.

വെള്ളത്തിൽകിടന്ന് ചാടിയപ്പോൾ നല്ലയൊരു ഉന്മേഷം. വസ്ത്രങ്ങളൊക്കെ മാറി മുണ്ടും ഷർട്ടുമിട്ട് ക്ഷേത്ര ദർശനം കഴിഞ് ഇറങ്ങി. ഒട്ടും തിരക്കിലായിരുന്നു. ക്ഷേത്രത്തിന്റെ മുന്നിൽ തന്നെ ഒരു കുട്ടിയാന. ദക്ഷിണ കൊടുത്താൽ നമ്മളെ തുമ്പികൈ വെച് അനുഗ്രഹിക്കും. ഒന്നും നോക്കിയില്ല പൈസ കൊടുത്ത് രണ്ട് മൂന്ന് അനുഗ്രഹം അങ് വാങ്ങി. ക്ഷേത്ര ദർശനമെല്ലാം കഴിഞ്ഞ പുറത്തിറങ്ങി ഒരു മലയാളി ഹോട്ടലിൽ നിന്ന് തന്നെ നല്ല ചൂട് മസാലദോശയും വടയും സ്ട്രോങ്ങ് ചായയും അകത്താക്കി. വടയാണെങ്കിൽ എണ്ണയിൽ ഇട്ട് പൊരിച്ചെടുത്ത്. “ആഹാ എന്താ ടേസ്റ്റ്…. “.

ഇനി ഷിമോഗാക്കുള്ള ബസ് പിടിക്കണം. ഹോട്ടലിന്റെ മുന്നിൽ തന്നെ നിന്നാൽ മതി ബസ് കിട്ടുമെന്ന് മലയാളി കൂടിയായ ഹോട്ടലിന്റെ മുതലാളി പറഞ് തന്നു. ബസ് വന്നു. കുടജാദ്രി ട്രെക്കിങ്ങ് എന്ന് പറയുമ്പോഴേ കണ്ടക്ടർക്ക് കാര്യം അറിയാം.ബസ് ടിക്കറ്റ് ഒരാൾക്ക് 24/-. കറക്റ്റ് സ്ഥലം “കാരക്കട്ടി”. കാടിന്റെ നടുക്ക് ഒരു ചെറിയ ചെക്‌പോസ്റ്റിന്റെ മുൻപിൽ ബസ് നിർത്തി, കണ്ടക്ടർ വഴി ചൂണ്ടി കാണിച്ചു. ബസിൽ ഞങ്ങൾ 3 പേർ മാത്രമുണ്ടായിരുന്നുള്ളു അവിടെ ഇറങ്ങാൻ. ബസ് ഇറങ്ങി ട്രെക്കിങ്ങ് ആരംഭിച്ചു.

വിജനമായ കാടിന്റെ നടുവിലൂടെയുള്ള ട്രെക്കിങ്ങ് പാത. എങ്ങും കാതടപ്പിച്ചുള്ള ചീവീടുകളുടെ മൂളിച്ച. ഇടയ്ക്ക് ചെറിയ കാട്ടരുവികൾ. നല്ല തണുപ്പുണ്ട്. അതുകൊണ്ട് തന്നെ മടുപ്പൊന്നും അറിയാനില്ലാ. 4 ബോട്ടിൽ വെള്ളം നേരെത്തെ മേടിച്ചത് കൈയിലുണ്ട്. പോരാത്തതിന് ഇടയ്ക്ക് ഇടയ്ക്ക് കാട്ടരുവികളും. നല്ല ഫ്രഷ് വെള്ളമല്ലേ. മുന്നോട്ട് പോകുമ്പോൾ വാനരന്മാർ ധാരാളം മരത്തിലൂടെ ചാടി കളിച്ച് അങ്ങനെ നടക്കുന്നു.

5 km കഴിഞ്ഞാൽ ഫോറെസ്റ്റ്കാരുടെ ചെക്ക്പോസ്റ്റായി ഒരാൾക്ക് 25/- രൂപ entry fee ഉണ്ട്. കൂടാതെ കൊണ്ട് പോകുന്ന പ്ലാസ്റ്റിസിനും 10 രൂപ വെച് കൊടുക്കണം. പ്ലാസ്റ്റിക് അതേപടി തിരികെ കൊണ്ട് വരുകയാണെങ്കിൽ പൈസ തിരിച്ചു തരും. ഫോറെസ്റ് ഓഫീസിന്റെ തൊട്ടടുത്ത് തന്നെയാണ് നമ്മുടെ സന്തോഷേട്ടന്റെ ചായക്കട. മറ്റു കൂട്ടുകാരുടെ കുടജാദ്രി യാത്ര വിവരണത്തിൽ നിന്നും സന്തോഷേട്ടനെ നല്ല പരിചയമാണ്. അവിടെ നിന്ന് ചായയും ഇഡലിയും കഴിച് പുള്ളിയുമായിട്ട് കുറച് വർത്തമാനവും പറഞ് അവിടെ ഇരുന്നു. ഒരു നല്ല മനുഷ്യൻ. നമ്മുടെ കോതമംഗലംകാരനാണ് കക്ഷി. 35 വർഷമായിട്ട് ഇവിടെ ചായക്കട നടത്തിയും ജീപ്പോടിച്ചും കഴിഞ്ഞു കൂടുന്നു.

സന്തോഷേട്ടൻ പണ്ടത്തെ കാര്യങ്ങളും കുടജാദ്രിയിൽ എത്തി പെട്ടതെല്ലാം വാതോരാതെ പറഞ്ഞകൊണ്ടിരിക്കുന്നു. കുടജാദ്രിയിൽ താമസ സൗകര്യം കിട്ടിയില്ലെങ്കിൽ ധൈര്യമായി ഇങ്ങോട്ട് പോരെന്ന്, ഇവിടെ 3 പേർക്ക് സുഖമായിട്ട് കിടക്കാമെന്ന് സന്തോഷേട്ടൻ. താമസസൗകര്യം കിട്ടിയില്ലെങ്കിൽ തീർച്ചയായും വരാമെന്ന് പറഞ്ഞു, സന്തോഷേട്ടനോട് യാത്രയും പറഞ് ഇറങ്ങി. ഇനി അങ്ങോട്ട് നല്ല കുത്തനെ കയറ്റമാണ് ഒപ്പം കാട്ടരുവികളും കൊടും കാടും പുൽമേടുകളും താണ്ടണം. ഏതാണ്ട് 6-7 km.

പതിയെ മല കേറി തുടങ്ങി. ഇടയ്ക്ക് ഇടയ്ക്ക് അച്ഛന്റെ ഒപ്പമെത്താൻ ഞങ്ങൾ ശെരിക്കും കഷ്ടപെട്ടു. കുറച്ചു ചെന്നപ്പോൾ പുല്മേടുകളായി അതിമനോഹരം. ദൂരെ മലനിരകൾ. അതൊരു കാഴ്ച തന്നെയാണ്. നല്ല വെയിലുണ്ടെങ്കിലും ചൂടൊന്നും അറിയുന്നില്ല. മനസ്സിൽ സർവജ്ഞ പീഠം കീഴടക്കാനുള്ള ആഗ്രഹം മാത്രം. അങ്ങനെ പുൽമേടുകളും ഘോരവനമേഖലകളും താണ്ടി കുടജാദ്രി ജീപ്പ് സ്റ്റേഷന്റെ അവിടെയെത്തി. അവിടെ PWD ഗസ്റ്റ് ഹൗസിൽ താമസം റെഡിയാക്കി. ഒരാൾക്ക് 250/- ഭക്ഷണത്തിന് വേറെ പൈസ കൊടുക്കണം.

സമയം 5 മണി കഴിഞ്ഞു. ഇനി എത്രയും പെട്ടെന്ന് സർവജ്ഞ പീഠം എത്തണം. സൂര്യഅസ്തമനം കാണണം. 2 km ഇനിയും മുകളിലോട്ട് നടക്കാനുണ്ട്. മോനാഹരമായ പുൽമേടുകൾ എങ്ങും. ഇടയ്ക്ക് ഗണപതി ഗുഹ. വളരെ കുറച് ആളുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു. സമയം വൈകിയതുകൊണ്ടാകും. സർവജ്ഞപീഠമെത്തി. സൂര്യദേവൻ അസ്തമിക്കാൻ ഒരുങ്ങി നിൽക്കുന്ന. ഞാൻ കണ്ടതിൽ വെച് ഇതിലും മനോഹരമായ സൂര്യാസ്തമനമില്ല. അതിമനോഹരം. സർവജ്ഞപീഠത്തിൽ കുറച് നേരം ചമ്ബ്രംപതിഞ്ഞ് കണ്ണടച്ച് ഇരുട്ടുവോളം അവിടെ തന്നെ ഇരുന്നു. ആ അനുഭവങ്ങളൊന്നും പറഞ്ഞറിയിക്കാൻ പറ്റിയെന്നവരില്ല. അവിടെ നിന്ന് താഴോട്ട് മലയിറങ്ങി 2 km നടന്നാൽ പുണ്ണ്യനദി സൗപർണികയുടെ ഉത്ഭവസ്ഥാനമാണ്. ശങ്കരാചാര്യർ തപസിരുന്ന ഗുഹയും കാണാം.

പിറ്റേ ദിവസം രാവിലെ 5:30 എഴുന്നേറ്റ് സൂര്യോദയം കാണാൻ സർവജ്ഞപീഠത്തിന്റെ എതിർവശത്തെ മലകയറി. ആ മലയിൽ നിന്ന് സൂര്യദേവൻ ഉദിച്ചുയരുന്ന കാഴ്ചയും ജീവിതത്തിലെ ഏറ്റവും നല്ല കാഴ്ചകളിലൊന്നായിരുന്നു. ഓർത്തുവെയ്ക്കാൻ നല്ല അനുഭവങ്ങളുമായി ഒരു പുണ്ണ്യ യാത്ര ഇവിടെ അവസാനിച്ചു.

:മൂകാംബികയിൽ നിന്ന് ഏത് സമയവും കുടജാദ്രിക്ക് ജീപ്പ് കിട്ടും. 1800/-രൂപയാണ് ജീപ്പ് ഫീ. ആളുകളുടെ എണ്ണമനുസരിച് ഷെയർ ചെയ്താൽ പൈസ ലാഭിക്കാം. മൂകാംബികയിൽ നിന്ന് നടന്ന് പോകാനാണെങ്കിൽ ഷിമോഗാക്കുള്ള ബസ് കേറി കാരക്കട്ടി ട്രെക്കിങ്ങ് പാത്തിൽ ഇറക്കാൻ കണ്ടക്ടറെ ഓര്മപെടുത്തിയാൽ മതി. ഏകദേശം 15 കിലോമീറ്ററോളം നടക്കാനുണ്ടാകും. അതല്ലായെങ്കിൽ ഷിമോഗാക്കുള്ള ബസ് കേറി നീട്ടൂർ ഇറങ്ങിയാൽ അവിടെനിന്നും കുടജാദ്രിക്ക് ജീപ്പ് കിട്ടും. അവിടെ നിന്നും കുടജാദ്രിക്ക് ട്രെക്കിങ്ങ് പാതയുണ്ട് (15 km).

കുടജാദ്രിയിൽ 2 താമസസൗകര്യങ്ങളാണുള്ളത്, 1:PWD ഗസ്റ്റ് ഹൗസിൽ (250/-), 2:അവിടെത്തെ പൂജാരിയുടെ ഭവനത്തിൽ കിടക്കാം (250/-). രണ്ടിടത്തായാലും മിതമായ സൗകര്യങ്ങൾ പ്രതീക്ഷിച്ചാല് മതി. ഭക്ഷണം നേരെത്തെ പറയണം. അതിന് വേറെ പൈസ കൊടുക്കണം. മൂകാംബികയിൽ നിന്ന് തന്നെ ആവശ്യത്തിന് കുടിവെള്ളം കൂടെ കരുതുക.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply