യാത്രക്കാരെ പെരുവഴിയിലാക്കിയ സ്വകാര്യ ബസുകളെ നിരത്തിലിറങ്ങാന്‍ അനുവദിക്കാതെ നാട്ടുകാര്‍. സ്വകാര്യ ബസ് സമരം കഴിഞ്ഞു നിരത്തിലിറങ്ങിയ ബസുകള്‍ക്കെതിരെയാണ് നാട്ടുകാരുടെ രോഷം അണപൊട്ടിയത്. വയനാട് ജില്ലയിലെ വടുവന്‍ചാല്‍-മേപ്പാടി റൂട്ടിലെ ജനങ്ങളാണ് സ്വകാര്യ ബസുകള്‍ക്കെതിരെ സംഘടിച്ച് രംഗത്തെത്തിയത്. നാലുദിവസമായി നൂറുകണക്കിനാളുകളെ ബുദ്ധിമുട്ടിപ്പിച്ച സ്വകാര്യ ബസുകള്‍ ഈ റൂട്ടില്‍ വേണ്ടെന്നായിരുന്നു നാട്ടുകാരുടെ തീരുമാനം.
പതിനേഴ് വര്ഷംമുന്പ് ഉണ്ടാക്കിയ വ്യവസ്ഥ ലംഘിച്ചതിന്റെ പേരിലാണ് നാട്ടുകാര്‍ സ്വകാര്യ ബസുകള്‍ക്കെതിരെ രംഗത്തെത്തിയത്. പണിമുടക്കോ ഹര്‍ത്താലോ ഉണ്ടായാല്‍ രണ്ട് ബസുകള്‍ സര്‍വീസ് നടത്താമെന്നായിരുന്നു അന്ന് സ്വകാര്യ ബസ് ജീവനക്കാര്‍ നാട്ുകാരുമായുണ്ടാക്കിയ കരാര്‍. എന്നാല്‍ കരാര്‍ ലംഘിച്ച് കഴിഞ്ഞ സമര ദിവസങ്ങളില്‍ ഒരു ബസ്് പോലും പ്രസ്തുത റൂട്ടില്‍ ഓടിയിരുന്നില്ല.
ഇതോടെ സ്വകാര്യ ബസ് സമരം പിന്‍വലിച്ചശേഷം സര്‍വീസ് നടത്താനെത്തിയ ബസുകളെ നാട്ടുകാര്‍ തടയുകയായിരുന്നു. മറ്റ് വാഹനങ്ങളൊന്നുമില്ലാത്ത റൂട്ടില്‍ നാലുദിവസം യാത്രക്കാര്‍ ബുദ്ധിമുട്ടനുഭവിച്ചതായി നാട്ടുകാര്‍ പറയുന്നു. മേപ്പാടിയിലെ മെഡിക്കല്‍ കോളേജിലേക്കുള്ള രോഗികള്‍ക്കും ഈ സമയങ്ങളില്‍ ആശുപത്രിയിലെത്താനായില്ല. ഇതിനെതുടര്‍ന്നാണ് സ്വകാര്യ ബസുകള്‍ ഇനി മുതല്‍ ഈ റൂട്ടില്‍ വേണ്ട എന്ന തീരുമാനം നാട്ടുകാര്‍ എടുത്തത്.
ജീപ്പ് സര്‍വീസ് മാത്രമുണ്ടായിരുന്ന റൂട്ടില്‍ പതിനേഴ് കൊല്ലം മുന്‍പ് നാട്ടുകാരുടെ ആവശ്യപ്രകാരമാണ് ആര്‍ടിഒ ഇടപെട്ട് ബസ് സര്‍വീസ് ആരംഭിച്ചത്. പണിമുടക്കോ ഹര്‍ത്താലോ വന്നാല്‍ രണ്ട് ബസുകള്‍ മുടക്കമില്ലാതെ സര്‍വീസ് നടത്തുമെന്നുള്ള ഉറപ്പും സ്വകാര്യ ബസുകള്‍ അന്നു നല്‍കിയിരുന്നു. അതു മുടക്കമില്ലാതെ തുടര്‍ന്നു വരികകയുമായിരുന്നു. എന്നാല്‍ ഇത്തവണ ബസ് ഓടിക്കാന്‍ ഉടമകള്‍ തയ്യാറായില്ല എന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
വിവിധ ആവശ്യങ്ങള്‍ക്കായി നാട്ടുകാര്‍ക്ക് ടൗണിനെ ആശ്രയിക്കേണ്ടി വരുന്ന ഈ റൂട്ടില്‍ കെഎസ്ആര്‍ടിസി സര്‍വീസ് കുറവാണ്. പതിനഞ്ചോളം സ്വകാര്യബസുകളാണ് ഈ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്നത്. പാസഞ്ചേഴ്സ് അസോസിയേഷന്റെ ആവശ്യപ്രകാരം ചൊവ്വാഴ്ച കെഎസ്ആര്‍ടിസി. പുതിയ നാല് സര്‍വീസുകള്‍കൂടി ഈ റൂട്ടില്‍ ആരംഭിക്കുകയായിരുന്നു. ഇതോടെ യാത്രാ ക്ലേശത്തിന് ഒരു പരിധി വരെ പരിഹാരമായെന്നു നാട്ടുകാര്‍ പറയുന്നു.
കരാര്‍ ലംഘിച്ച സ്വകാര്യ ബസ്സുടമകളുടെ ധിക്കാരപരമായ നടപടി അംഗീകരിക്കാനാകില്ലെന്നും ഇപ്പോള്‍ അനുവദിച്ചിരിക്കുന്ന സര്‍ക്കാര്‍ ബസുകള്‍ മാത്രം മതിയെന്നും നാട്ടുകാര്‍ നിലപാടെടുക്കുകയായിരുന്നു. നാട്ടുകരുടെ രോഷത്തിനു മുന്നില്‍ ബസ് ഉടമകള്‍ ഇനി പണിമുടക്കില്ലെന്ന് ഉറപ്പുനല്‍കിയാണ് പ്രശ്നം ഒത്തുതീര്‍ത്തത്. ഇനി ഈ റൂട്ടില്‍ പണിമുടക്കില്ലെന്ന ഉറപ്പും ബസ് ഉടമകള്‍ നല്‍കിയിട്ടുണ്ട്. പാസഞ്ചേഴ്സ് അസോസിയേഷനും സ്വകാര്യ ബസ്സുടമകളും മേപ്പാടി എസ്ഐയുടെയും മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം കൈക്കൊണ്ടത്.
Source – http://ml.asiangraph.com/2018/02/21/09/vaduvanchal-meppadi-private-bus-route-issue/