വിവരണം – ദീപ ഗംഗേഷ്.
ഇടുക്കിയെ അനുഭവിച്ചറിയാൻ ഇറങ്ങിയതാണ്. ആദ്യത്തെ ലക്ഷ്യസ്ഥാനം വാഗമൺ ആയിരുന്നു. രാമൻ്റെ ഏദൻ തോട്ടം കണ്ടിട്ടില്ലേ. കുഞ്ചാക്കോ ബോബൻ്റെ ഒരു ഒന്ന് ഒന്നര റൊമാൻറിക് സിനിമ. പ്രണയത്തിൻ്റെ ആ ഡീപ്പ് ഇൻ്റിമസി അതേ ഫീലിൽ പ്രേക്ഷകർക്ക് അനുഭവപ്പെടണമെങ്കിൽ അതിൻ്റെ പശ്ചാത്തലം അതിലും റൊമാൻ്റിക് ആവണം. അതാണ് ആ സിനിമയുടെ വിജയം. മുന്നൂറ് ഏക്കറിൽ നിറഞ്ഞു നിൽക്കുന്ന കാടും തടാകവുമൊക്കെയുള്ള ഒരു യഥാർത്ഥ ഏദൻ തോട്ടം തന്നെയായിരുന്നു വാഗമണിലെ ആ സ്ഥലം.
രാമൻ്റെ ഏദൻ തോട്ടം ആവുന്നതിനും വർഷങ്ങൾ മുൻപായിരുന്നു ഞങ്ങളുടെ യാത്ര. അപ്പോഴേ അത് പല സിനിമകളുടെയും പ്രിയപ്പെട്ട ലൊക്കേഷൻ ആയിക്കഴിഞ്ഞിരുന്നു. നേരത്തേ റിസോർട്ടുമായി ബന്ധപ്പെട്ട് പാക്കേജ് ബുക്ക് ചെയ്തിരുന്നു. ഞങ്ങൾ ചെല്ലുന്നതിൻ്റെ തലേ ദിവസം വരെ ഷൂട്ടിംഗിനായി മൊത്തം കോട്ടേജുകളും സിനിമാക്കാർ ബുക്ക് ചെയ്തതിനാൽ ഞങ്ങളെ കൂടാതെ വേറൊരു ഫാമലി മാത്രമേ അവിടെ അന്ന് ഉണ്ടായിരുന്നുള്ളൂ. ഞങ്ങളുടെ കൂടെ കസിൻ ജിതേഷും കുടുംബവും ഉണ്ടായിരുന്നു. ഒരു ദിവസത്തെ പാക്കേജിൽ താമസം, ഭക്ഷണം, ബോട്ടിംഗ്, ഫിഷിംഗ്, അഡ്വഞ്ചർ സഫാരി എന്നിവ ഉൾപ്പെട്ടിരുന്നു.
പാക്കേജ് അനുസരിച്ച് ഉച്ചയോടെ ഞങ്ങൾ വാഗമണിൽ എത്തിച്ചേർന്നു. പ്രവേശന കവാടത്തിനടുത്ത് നമ്മുടെ വാഹനം പാർക്കു ചെയ്യാൻ സൗകര്യമുണ്ട്.. അവിടെ നിന്ന് റിസോർട്ടിൻ്റെ ഫോർവീലർ ജീപ്പിലാണ് പിന്നത്തെ യാത്ര. രാജു എന്ന മിടുക്കനായ ഒരു ചെറുപ്പക്കാരൻ ഞങ്ങളെ കൊണ്ടുപോകാൻ എത്തി. തിങ്ങിനിറഞ്ഞ മരങ്ങൾക്കിടയിലൂടെ… വഴിയിൽ വലിയൊരു കനാലിൻ്റെ മുകളിൽ ഭംഗിയുള്ള ഒരുപാലം. ഈ വഴി പിന്നീട് പല സിനിമകളിലും ഞാൻ കണ്ടിട്ടുണ്ട്. അവസാനം റിസോർട്ടിൻ്റെ മുന്നിലെത്തി. മുറ്റത്ത് മനോഹരമായ പുല്ലുമേഞ്ഞ വലിയൊരു വിശ്രമകേന്ദ്രം. അത് ഇപ്പോൾ ഇല്ല എന്നു കേൾക്കുന്നു. തൊട്ടടുത്തായി ചെറിയൊരു ഭക്ഷണശാല. അതിനോട് ചേർന്ന് തന്നെ പ്രകൃതിയോട് ചേർന്ന് നിൽക്കുന്ന രണ്ട് മുറികളുള്ള സുന്ദരമായ ഒരു കോട്ടേജാണ് ഞങ്ങൾക്ക് ലഭിച്ചത്. ഏദൻ തോട്ടത്തിൽ നായിക താമസിച്ച സ്ഥലം തൊട്ടടുത്ത കോട്ടേജായിരുന്നു.
ജീപ്പിറങ്ങിയ ഞങ്ങളെ സ്വാഗതം ചെയ്തത് ഒരു കുറുമ്പൻ കുതിരയാണ്. റിസോർട്ടുകാർ വളർത്തുന്നവനാണ്. അഴിച്ചു വിട്ടിരിക്കുകയാണ് അവിടെ. ഇണക്കത്തോടെ അവൻ ഓടി വന്നു. ആദ്യം പേടി തോന്നിയെങ്കിലും പിന്നീട് അവനുമായി നല്ല കമ്പനിയായി. കോട്ടേജിൻ്റെ വരാന്തയിൽ കക്ഷി ഞങ്ങൾക്ക് കൂട്ടായി. ഞങ്ങൾ കൊടുത്ത ഭക്ഷണമൊക്കെ അവൻ കൈയ്യിൽ നിന്ന് കഴിക്കുന്നത് കാണാൻ രസമായിരുന്നു. അവിനിപ്പോഴും അവിടെയുണ്ടോ എന്ന് അറിയില്ല. അപ്പോഴേക്കും രുചികരമായ ഉച്ചഭക്ഷണം തയ്യാറായിരുന്നു.
ബോട്ടിംഗും ഫിഷിംഗും ആയിരുന്നു അന്നത്തെ പ്രധാന പരിപാടികൾ. ജീപ്പിൽ വീണ്ടും കാടുകൾക്കിടയിലൂടെ യാത്ര. പോകുന്ന വഴിയിൽ മറ്റു കോട്ടേജുകളും കണ്ടു. പച്ചപുതച്ച വഴികളിലൂടെയുള്ള യാത്ര അവസാനിച്ചത് അത്യാവശ്യം വലിയ ഒരു തടാകത്തിൻ്റെ മുന്നിലാണ്. മുന്നിൽ പുല്ലുമേഞ്ഞ ചെറിയൊരു വിശ്രമകേന്ദ്രം. മീൻ പിടിക്കാനുള്ള ചൂണ്ടകളും തീറ്റയും ഇരിക്കാനുള്ള സൗകര്യവും ഒരു സ്ഥലത്തുണ്ട്. ബോട്ടിംഗിനുള്ള പെഡൽ ബോട്ടുകൾ മറുവശത്ത്. ഓർഡിനറി സിനിമയിൽ കാണിക്കുന്ന ഗവി തടാകം സത്യത്തിൽ ഇതാണ്. ഭദ്രൻ മീൻ പിടിച്ച് പൊന്തി വരുന്ന രംഗം, ചിലബോട്ടിംഗ് രംഗങ്ങൾ ഇതൊക്കെ ചിത്രീകരിച്ചിരിക്കുന്നതും ഇവിടെ വച്ചാണ്. ചൂണ്ടയും പിടിച്ച് വെറുതെ ഇരുന്നതല്ലാതെ മീനൊന്നും ആ വഴിക്ക് വന്നില്ല. പിന്നെ ബോട്ടിംഗ് അത് ഞങ്ങൾ നന്നായി ആസ്വദിച്ചു.
രാത്രി ക്യാമ്പ് ഫയർ ഉണ്ടായിരുന്നു. ഡിസംബറിലെ തണുപ്പിൽ തീയ്ക്ക് ചുറ്റും കന്തസ്വാമിയിലെ “മിയാ മിയാ പൂണ” എന്ന പാട്ടിനൊപ്പം ഞങ്ങൾ ചുവടു വച്ചു. ഇത് കണ്ട് തൊട്ടടുത്ത കോട്ടേജിൽ താമസിച്ചിരുന്നവർ ആദ്യം അല്പം ഗമയിൽ ഇരുന്നുവെങ്കിലും പിന്നീട് കൂടെ കൂടി. അന്താക്ഷരി കളിച്ചു. അങ്ങനെ നേരം പോയതറിഞ്ഞില്ല.
നല്ല തണുപ്പുള്ള രാത്രി പുലർന്നത് നവോന്മേഷത്തോടെ ആയിരുന്നു. കേട്ടേജിൻ്റെ മുന്നിൽ നല്ലൊരു തൂക്കുമഞ്ചൽ ഉണ്ടായിരുന്നു. അതിലിരുന്ന് പ്രഭാതം കണ്ടു. അതിൻ്റെ ഓർമ്മയ്ക്ക് ഇപ്പോൾ വീട്ടിലും ഒരു തൂക്കു കട്ടിൽ ഉണ്ടാക്കിയിട്ടുണ്ട്. ബ്രെയ്ക്ക് ഫാസ്റ്റിനു ശേഷം അഡ്വഞ്ചർ സഫാരി ആയിരുന്നു. ചെറിയ കുട്ടികൾ ഉള്ളതുകൊണ്ട് വല്യ അഡ്വഞ്ചർ ഒന്നും വേണ്ടെന്ന് ആദ്യമേ രാജുവിനോട് പറഞ്ഞിരുന്നു.
മഹീന്ദ്രയുടെ ഒരു തുറന്ന ജീപ്പിൽ ഞങ്ങൾ യാത്രയായി. മനോഹരമായ വ്യൂ പോയൻ്റുകൾ. പച്ചയും നീലയും കലർന്ന പ്രകൃതിയുടെ ഭംഗി. കുന്നിൻ്റെ മുകളിലേക്കാണ് ചെറിയ വഴിയിലൂടെ ജീപ്പ് കയറുന്നത്. പോകുന്ന വഴിയിലെ ഷൂട്ടിംഗ് സ്ഥലങ്ങൾ ഒക്കെ രാജു പരിചയപ്പെടുത്തി തരുന്നു. ഓർഡിനറിയിൽ ദേവനെ എടുത്ത് എറിയുന്ന കൊക്ക. അതിനടുത്തെ കരിങ്കല്ല് കൊണ്ടുണ്ടാക്കിയ വിശ്രമസ്ഥലം. അവസാനം മുകളിലെത്തി.
എവിടേയ്ക്ക് നോക്കിയാലും മനോഹരമായ കാഴ്ച തന്നെ. ദൂരെ മലഞ്ചെരിവിൽ വാഹനങ്ങൾ പോകുന്ന റോഡ്. ഈരാറ്റുപേട്ട റോഡാണെന്ന് രാജു പറഞ്ഞു. റോഡിനും ഞങ്ങൾ നിൽക്കുന്ന മലക്കുമിടയിൽ അഗാധമായ കൊക്കയാണ്. പെട്ടന്നാണ് രാജു ഒരു പാറയിലൂടെ വണ്ടി മുന്നോട്ടെടുത്തത്. എന്താ സംഭവിച്ചതെന്ന് മനസ്സിലാക്കാൻ കഴിഞ്ഞില്ല. ഒരു 30 – 40 ഡിഗ്രി ചെരിവിൽ കൊക്കയിലേക്ക് മൂക്കും കുത്തി പാറപ്പുറത്ത് ജീപ്പ് അളളി പിടിച്ച് നിൽക്കുകയാണ്. ഒരു പാട് കിളികൾ ഒന്നിച്ച് പറക്കുന്ന സ്വരം. എൻ്റെ കിളി മാത്രമല്ല, എല്ലാരുടേയും ഒരുമിച്ച് പോയ സ്വരമാണ്. അനങ്ങിയാൽ വണ്ടി താഴേക്ക് മറിയും. മരണം ഉറപ്പിച്ചു. മോളെ ചേർത്തു പിടിച്ച് കണ്ണടച്ചു. മനസ്സ് ശൂന്യമായ അവസ്ഥ.ഒരു സ്വരം പോലും ഇല്ല.
പെട്ടന്ന് രാജു പരിചയസമ്പന്നനായി ജീപ്പ് പുറകോട്ടെടുത്തു. സമപ്രതലത്തിൽ എത്തിയപ്പോഴും ആരും ഒന്നും മിണ്ടുന്നില്ല. അവസാനം വിറക്കുന്ന സ്വരത്തോടെ എന്താ സംഭവിച്ചത് എന്ന് രാജുവിനോട് ചോദിച്ചു. “നിങ്ങളെ അഡ്വഞ്ചർ സഫാരിയ്ക്ക് കൊണ്ടു വന്നിട്ട് ഇത്രയെങ്കിലും അഡ്വഞ്ചർ ഇല്ലെങ്കിൽ അത് മോശമാവില്ലേ” ചിരിച്ചു കൊണ്ട് നിഷ്കളങ്കമായി പറഞ്ഞ അവൻ്റെ മുഖം കണ്ടപ്പോൾ ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥയായി.
തിരിച്ചിറക്കമായി. കഴിഞ്ഞതൊക്കെ വീണ്ടും തമാശയായി മാറുന്നു. വേറേ വഴിയിലൂടെയാണ് ഇറക്കം. ഒരു സ്ഥലത്തെത്തിയപ്പോൾ മുറുകെ പിടിച്ചു കൊള്ളാൻ രാജുവിൻ്റെ മുന്നറിയിപ്പ്. വീണ്ടും എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയും മുൻപേ ഒരാൾ പൊക്കത്തിൽ നിന്ന് ജീപ്പ് താഴേയ്ക്ക് ചാടി ലാൻ്റു ചെയ്തു. രാജുവിൻ്റെ അടുത്ത അഡ്വഞ്ചർ. പക്ഷെ ഇത് ശരിക്കും ത്രില്ലിംഗ് ആയിരുന്നു. ഫോട്ടൊ വേണമെന്ന് പറഞ്ഞപ്പോൾ ഒരു ചെരുവിലൂടെ റിവേഴ്സ് ഗിയറിൽ ജീപ്പിനെ അവൻ കുത്തനെ നിർത്തി. ഇത്രേം ധൈര്യം ഉള്ളൊരു പയ്യൻ.
ഉച്ചഭക്ഷണത്തിനു ശേഷം റിസോർട്ടിൽ നിന്നും തിരിച്ചു പോന്നു. ഒരു ദിവസം ശരിക്കും ഞങ്ങളുടെ കൂടെ ഉണ്ടായ രാജുവിനോട് യാത്രപറയാൻ മാനേജരോട് അന്വേഷിച്ചപ്പോഴാണ് രസം. അങ്ങനെയൊരാൾ അവിടെ ജോലിയ്ക്ക് ഇല്ലത്രെ. മിഴിച്ചു നിൽക്കുമ്പോൾ ജീപ്പിൽ ദാ വരുന്നു കക്ഷി. അമ്പരന്ന് കാര്യമന്വേഷിച്ച ഞങ്ങളെ കണ്ടപ്പോൾ വീണ്ടും നിഷ്കളങ്കമായ മറുപടി. നിങ്ങളെന്നെ രാജു എന്ന് വിളിച്ചു ഞാൻ തിരുത്തിയില്ല. എന്നെയാണ് വിളിക്കുന്നതെന്ന് എനിക്ക് മനസ്സിലായല്ലോ. അല്ലേലും പേരിലൊക്കെ എന്ത് കാര്യം. എന്താ ഈ ചെറുക്കനോട് മറുപടി പറയുക. ഈ രാജു എന്ന പേര് ഞങ്ങൾക്കെങ്ങനെ കിട്ടി എന്നത് ഇപ്പോഴും അജ്ഞാതമായി തുടരുന്നു.
തിരിച്ചിറങ്ങി. പൈൻകാടുകളിൽ പോയി, മൊട്ടക്കുന്നുകൾ കയറി. സൂയിസൈഡ് പോയൻ്റ് കണ്ടു. മനോഹരമായ തങ്ങൾമലയിൽ പൊത്തി പിടിച്ച് ഏന്തി വലിഞ്ഞ് കയറി. അവിടെ നിന്ന് താഴേയ്ക്ക് നോക്കിയപ്പോൾ താഴെയുള്ള മനുഷ്യർക്കൊക്കെ പാവകളുടെ വലുപ്പം. അവസാനം അടുത്ത ലക്ഷ്യസ്ഥാനമായ കുട്ടിക്കാനത്തേയ്ക്ക് യാത്ര.