ആരും കൊതിക്കുന്ന ഒരു ഒരു വിയറ്റ്നാം യാത്ര

യാത്രക്കിടയിൽ പൊതുവെ ഞാനും ഭാര്യയും ബാക്കി എല്ലാ കാര്യത്തിലും അടിപിടിയാണേലും ഭക്ഷണം എന്നു വരുമ്പോൾ കട്ട ഐക്യദാർഢ്യമാണ്. അങ്ങനെയാണ് പണ്ടെങ്ങോ ഒരു ട്രാവൽ ഷോ കാണുമ്പോൾ പരിചയപ്പെട്ട ‘ഫോ’ നൂഡിൽ ഞങ്ങളെ ഇക്കഴിഞ്ഞ ഡിസംബർ മാസത്തിൽ വിയറ്റ്നാമിൽ എത്തിച്ചത്. കൈയ്യിൽ 7 ദിവസത്തെ ലീവ് മാത്രമേ ഉണ്ടായിരുന്നതിനാൽ യാത്ര ഞങ്ങൾ Hanoi, Cat-Ba, Ninh-Binh എന്നീ പ്രദേശങ്ങളിലേക്ക് ഒതുക്കി. എയർ ഏഷ്യയുടെ ബിഗ് സെയിൽ ഓഫറിൽ Hanoi ലേക്കുള്ള റിട്ടേൺ ടിക്കറ്റ് ആണ് ബുക്ക് ചെയ്തത്. അതായതു പോകുന്നതും, മടങ്ങുന്നതും ഹാനോയിൽ നിന്ന് തന്നെ. രണ്ടുപേർക്കുള്ള ടിക്കറ്റിന് ഏകദേശം 37000 രൂപയായി.

ഹോട്ടലുകൾ എല്ലാം agoda വഴി ബുക്ക് ചെയ്‌തു. സൗത്ത് ഈസ്റ്റ് ഏഷ്യയിൽ പൊതുവെ അവരുടെ ഓഫറുകൾ കൊള്ളാം. പിന്നെ നല്ല അടിപൊളി user experience (സ്വന്തം തൊഴിൽ അതായതുകൊണ്ടു പലപ്പോഴും അതിൽ ഞാൻ വീണുപോകാറുമുണ്ട്. ഉദാഹരണത്തിന്, agoda app ഇൽ ബുക്ക് ചെയ്ത ശേഷം, ഹോട്ടലിലേക്കുള്ള വഴി, ആ നാട്ടിലെ ഭാഷയിൽ നല്ല വലുപ്പത്തിൽ എഴുതി തരും, ടാക്സി ഡ്രൈവറിനെ കാണിക്കാൻ!)

വിയറ്റ്നാമിലേക്കുള്ള ഇ-വിസക്കുള്ള ലെറ്റർ ഓഫ് ഇന്വിറ്റേഷൻ പോകുന്നതിനു മുമ്പുതന്നെ വാങ്ങണം. കാര്യമായ ബുദ്ധിമുട്ടൊന്നുമില്ല. ഗവണ്മെന്റ് അപ്പ്രൂവ്ഡ് സൈറ്റുകൾ ഉണ്ട്. അതിൽ ഒരു നിശ്ചിത ഫീസ് അടച്ചു (25$/person Netbanking or cards), പോകുന്ന തീയതി, ഫ്ലൈറ്റ് ഡീറ്റെയിൽസ് എന്നിവ കൊടുത്താൽ രണ്ടു ദിവസത്തിനുള്ളിൽ ഒരു invite letter ഒപ്പിക്കാം. ചെന്നിറങ്ങുമ്പോൾ അതും, പൂരിപ്പിച്ച വിസ അപ്പ്ലിക്കേഷനും കാണിച്ചാൽ 30 ദിവസത്തെ single entry visa stamp അടിച്ചു തരും (വിസ സ്റ്റാമ്പിങ് ഫീ ഒരു $25/person, നേരിട്ട് കൗണ്ടറിൽ കൊടുക്കണം. അതായതു മൊത്തം ചെലവ് $50/person). ബാങ്ക് ബാലൻസ്, കൈവശം ഇത്രക്ക് വേണം എന്നിങ്ങനെ വല്യ നിർബന്ധങ്ങളൊന്നും തന്നെയില്ല.

ഹാനോയിൽ നിന്നും Cat-Baയിലേക്കും അവിടുന്ന് Ninh-Binലേക്കും പോകാനുള്ള ടിക്കറ്റും, Cat-Ba യിൽ ഒരു ബോട്ട് ട്രിപ്പിനുള്ള ബുക്കിങ്ങും , ഒരു ടൂർ ഓപ്പറേറ്ററുമായി whatsappൽ പറഞ്ഞുറപ്പിച്ചു. Trip Advisor ൽ നല്ല റിവ്യൂസ് ഉണ്ടാരുന്നു അവർക്ക്. പൈസ ഒന്നും തന്നെ ആവശ്യപ്പെട്ടില്ല, എല്ലാം നേരിൽ കാണുമ്പോൾ തന്നാൽ മതി എന്ന് പറഞ്ഞു പുള്ളിക്കാരി. പേരു smiley എന്നാണ്. പേരന്വർത്ഥമാക്കുന്ന രീതിയിലാണ് ചാറ്റിങ്ങും. ഫുൾ സ്റ്റോപ്പിനേക്കാൾ കൂടുതൽ സ്മൈലീസ്…

അങ്ങനെ ഡിസംബർ 12നു രാവിലെ 8മണിക്ക് ഞങ്ങൾ ഹനോയിൽ എത്തി. വല്യ പ്രശ്നങ്ങളൊന്നും തന്നെ കൂടാതെ വിസ സ്റ്റാമ്പ് കിട്ടി. വിയറ്റ്നാം ഡോങ് ഇവിടുന്നു ഒപ്പിക്കാൻ പാടായിരുന്നതിനാൽ കൈയ്യിൽ ഡോളർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. തന്നെയുമല്ല നമ്മുടെ ഒരു രൂപ ഏകദേശം 300 ഡോങ്. കൈയ്യിൽ ചവറു പോലെ നോട്ട് കൊണ്ടുപോകുന്നതും കഷ്ടമാകും. പൊതുവെ പലയിടങ്ങളിലും ഡോളർ കൊടുക്കാം. ഞങ്ങൾ കൈയിൽ ആകെ 600 ഡോളർ കരുതിയിരുന്നു. എയർപോർട്ടിലെ കൗണ്ടറിൽ നിന്ന് തന്നെ viettelന്റെ ലോക്കൽ സിം വാങ്ങി. 7 ദിവസത്തെ 3G ഡാറ്റ പാക്കിന് 750 രൂപ മാത്രം. യാത്ര പോകുന്നതിനു മുൻപ് തന്നെ എന്റെ വൊഡാഫോൺ numberil ഇന്റർനാഷണൽ റോമിങ്ങും activate ചെയ്തിരുന്നു.

ലോക്കൽ നമ്പർ ഒപ്പിച്ച ശേഷം ആദ്യമേ തന്നെ, Grab എന്ന അപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്തു ടാക്സി ബുക്ക് ചെയ്തു. സൗത്ത് ഈസ്റ്റ് ഏഷ്യയുടെ uber ആണ് Grab. എയർപോർട്ടിൽ നിന്നും ഹനോയിലക്കുള്ള 45 മിനുറ്റ് യാത്രക്ക് ഏകദേശം 750രൂപയാകും. പ്രീപെയ്ഡ് ടാക്സിയെക്കാൾ ലാഭമാണ്. സിറ്റിയിൽ മുഴുവൻ കറങ്ങാൻ ഗ്രാബ് ഉപയോഗിക്കാം. കാർഡ് സേവ് ചെയ്‌തെങ്കിലും എന്തുകൊണ്ടോ ക്യാഷ് ഓപ്ഷനെ ഇപ്പോൾ കണിക്കുന്നുള്ളൂ. എന്തോ ആർക്കറിയാം! Agoda കാണിച്ച ലോക്കൽ അഡ്രസ് ഡ്രൈവറിന്റെ കൈയിൽ ഏല്പിച്ചു ഞങ്ങൾ ഒരു ചെറിയ ഉറക്കം പാസ്സാക്കി. AirAsia യുടെ ഇടുങ്ങിയ സീറ്റിലെ യാത്രയും, ബാങ്കോക്കിലെ 6 മണിക്കൂറോളം നീണ്ട ട്രാൻസിറ്റും, വിശപ്പും ആകെ തളർത്തിയിരുന്നു.

ഹാനോയിയുടെ രുചിവഴികളിലൂടെ : ഒന്ന് മയങ്ങി ഉണർന്നപ്പോ, കാർ ഏതോ ഒരു വലിയ ബ്രിഡ്ജ് ക്രോസ്സ് ചെയ്യുകയാണ്. ഫോണിൽ ഡാറ്റ കിട്ടിയ സന്തോഷത്തിലാണ് പ്രിയതമ. എന്തൊക്കെയോ നോക്കണൊണ്ട്. പിന്ററെസ്റ്റോ ഇൻസ്റാഗ്രാമോ, ആർക്കറിയാം. ഇനീം എത്ര ദൂരം ഒണ്ടെന്നു നോക്കാവോ ഗൂഗിളിൽ? നോം അഭ്യർത്ഥിച്ചു. ഒരു പണി ചെയ്യാൻ സമ്മതിക്കില്ലല്ലോ എന്ന് മുറുമുറുത്തു ഹോട്ട്സ്പോട്ട് ഓൺ ചെയ്തു തന്നു. ഈ പണ്ടാരമടങ്ങുന്ന iPhone ഇല്ലാരുന്നേ ഞാനും ഒരു സിം വാങ്ങിച്ചേനെ, ഇപ്പൊ ഇതില് ഒരു സിമ് സ്ലൊട്ടെ ഒള്ളു, അതാണെങ്കിൽ ആർക്കെങ്കിലും ഞങ്ങളെ അത്യാവശ്യത്തിനു വിളിക്കാനായി എന്റെ നമ്പർഇട്ടു റോമിങിലും. പോരാഞ്ഞു ഐഫോണിനെ ചൊറിയുന്ന അവളുടെ ആൻഡ്രോയിഡ് പൊങ്ങച്ചവും. ഫോട്ടോ എടുക്കുമ്പം വാ, കാണിച്ചുതരാം!

ഡ്രൈവർ പയ്യൻസ് നമ്മളെ കറക്റ്റ് വഴിതന്നെയാണ് കൊണ്ടുപോണതെന്നു ഉറപ്പു തന്നു ഗൂഗിൾ. കാര്യം ഗ്രാബിൽ നല്ല റേറ്റിംഗ് ഒക്കെ ഒണ്ടു, പക്ഷെ വണ്ടീൽ തൂക്കി ഇട്ടിരിക്കുന്ന ലൈസൻസിൽ ഒള്ള ഫോട്ടം വേറെ ആരുടെയോ. അതിനെപ്പറ്റി ചോദിച്ചപ്പോ അവൻ പൊട്ടൻ ചിരി ചിരിക്കുന്നു. ഇംഗ്ലീഷ് നല്ല വശമില്ല. ഗ്രാബിലെ പ്രൊഫൈൽ ഫോട്ടോയാണേൽ നമ്മുടെ ആധാറിലെ ഫോട്ടതിനേക്കാൾ ഒരല്പം ഭേദമെന്നു പറയാം. എന്തായാലും വഴിക്കാഴ്ചകൾ കണ്ടിരുന്നു. ഏകദേശം 10 മണിയോടെ ഞങ്ങൾ ഹാനോയി ഓൾഡ് ക്വാർട്ടറിൽ എത്തി.

ബുക്ക് ചെയ്ത ഹോട്ടലിന്റെ മുമ്പിൽ തന്നെ ഇറക്കി വിട്ടു ഡ്രൈവർ. പക്ഷെ അവൻ ഡോളർ എടുക്കില്ല പോലും. ഹോട്ടലിലെ റിസപ്ഷനിൽ ചോദിച്ചപ്പോൾ റിസെപ്ഷനിസ്റ് ഭാഗ്യത്തിന് ഡോളറിനു ഡോങ് ചേഞ്ച് തന്നു. ക്യാബിനു പൈസ കൊടുത്തു പെണ്ണുമ്പിള്ളേടെ മുറുമുറുപ്പ് തത്കാലം കേക്കാത്ത ഭാവത്തിൽ മസിലു പിടിച്ചു ബാഗെല്ലാം എടുത്തകത്തേക്കു കേറി. കാര്യമെന്താച്ചാൽ എയർപോർട്ടിൽ തന്നെ കുറച്ചു ഡോളർ ചേഞ്ച് ചെയ്യാൻ ലവൾ പറഞ്ഞതാണ്. നമുക്ക് പിന്നെ നല്ലത്, അതും ഭാര്യ പറയുമ്പോ കേൾക്കാൻ ഇച്ചിരി ബുദ്ധിമുട്ടുള്ളകാരണം നല്ല റേറ്റ് കിട്ടില്ലാ, ടൗണിൽ പോയി മാറ്റാം എന്നൊക്കെ ലോജിക്കൽ പോയ്ന്റ്സ് പറഞ്ഞിട്ടു അതപ്പോത്തന്നെ അവഗണിച്ചില്ലേ.

റിസെപ്ഷനിസ്റ് പെണ്ണ് നല്ല ക്യൂട്ട് ഫേസ്. പോരാത്തതിന് നല്ല ഇംഗ്ലീഷും. എനിക്കിഷ്ടായി. പക്ഷെ ഏർളി ചെക്കിൻ നടക്കില്ല പോലും. ഞാൻ agoda വഴി request ഇട്ടിരുന്നെങ്കിലും, മുമ്പത്തെ ഗസ്റ്റ് ചെക്കോട്ട് ചെയ്യാത്തതിനാൽ അതിനു ശേഷമേ പറ്റു. കൈയ്യിൽ ഒരു മാപ് തന്നിട്ട് പോകേണ്ട സ്ഥലങ്ങളൊക്കെ അതിൽ മാർക്ക് ചെയ്‌ത്‌ ഞങ്ങളോട് ഒന്ന് കറങ്ങീട്ടു വരാൻ പറയുന്നു. നല്ല ഫോ എവിടെകിട്ടും? ഹോചിമിൻ മുസോളിയത്തിന്റെ ഗാംഭീര്യം വർണ്ണിക്കുന്നവളോട് എന്റെ ചോദ്യം… ഇവിടെ പിറകിൽ തന്നെയുണ്ട് നല്ല ഒരു സ്‌ട്രീറ്റ്‌… പൊയ്ക്കോളൂ… ഞാൻ ഹാപ്പി… അർച്ചനയെ നോക്കി… അത് കാണാത്ത ഭാവത്തിൽ അവൾ പെണ്ണിനോട് കറൻസി എക്സ്ചേഞ്ച് എവിടെയാണെന്ന് ചോദിച്ചറിഞ്ഞു…. അതും അടുത്തു തന്നെ… ബാങ്ക് ദേ ഇടത്തെ കോർണറിൽ തന്നെയുണ്ട്… അങ്ങനെ കത്തുന്ന വയറുമായി ഞങ്ങൾ ബാങ്കിൽ കേറി ടോക്കൺ എടുത്തു കാത്തിരുന്നു. ഒരു 30 മിനുറ്റിൽ കൈയിൽ ലക്ഷക്കണക്കിന് ഡോങ്ങുമായി ഞങ്ങൾ ഹാനോയി തെണ്ടാൻ റെഡിയായി.

ഓൾഡ് ക്വാർട്ടർ ഒരു രസകരമായ സ്ഥലമാണ്. വിയറ്റ്നാമിന്റെ പഴയ ഫ്രഞ്ച്‌ കൊളോണിയൽ പ്രൗഢികാട്ടി ഇപ്പോഴും തലയുയർത്തി നിൽക്കുന്നു, നരച്ചെങ്കിലും അതി മനോഹരമായ കെട്ടിടങ്ങൾ. പലതും ഇന്ന് ടൂർ ഏജൻസികളും, ഹോട്ടലുകളും, കഫേകളുമായി മാറിയിരിക്കുന്നു. ചുറ്റിനും നമുക്കിന്ത്യക്കാർക്കു പരിചിതമായ ആ തിരക്കിൻറെ ഭംഗി. ഓലകൊണ്ടുള്ള വലിയ കോൺ പോലത്തെ തൊപ്പിയിട്ടു സൈക്കിളിൽ പഴവർഗങ്ങളും, പച്ചക്കറികളും പൂക്കളും, പിന്നെ പേരറിയാത്ത എന്തൊക്കെയോ വിൽക്കുന്നവർ. ഏറിയപങ്കും സ്ത്രീകളാണ്. സ്കൂട്ടറുകൾ ആളുകളെ തട്ടിയിടും വിധം കുറുകെ പായുന്നുണ്ട്. നടപ്പാതകളെ കൈയ്യേറിക്കൊണ്ട് ചെറിയ ചുവന്ന പ്ലാസ്റ്റിക് സ്റ്റൂളുകളിലിരുന്നു ബിയർ ഗ്ലാസുകളിൽനിന്നും എന്തൊക്കെയോ കുടിക്കുകയും, ചൂടേറിയ നൂഡിൽ സൂപ്പ് ആസ്വദിക്കുകയും ചെയ്യുന്നു ആളുകൾ. എല്ലാ തെരുവുകളിലും ഭക്ഷണശാലകൾ ഉണ്ട്.

ഡിസംബറിലെ തണുപ്പ് ഒരുവിധം നന്നായി അനുഭവപ്പെടുന്നുണ്ട്. ഇത്ര പ്രതീക്ഷിച്ചിരുന്നില്ല. വഴി മുഴുവൻ ചെറിയ കസേരകളിൽ കുത്തിയിരുന്നു സിഗരറ്റും, ചായയും വില്കുന്നവരെ കണ്ടപ്പോൾ ഒന്നു വലിക്കാൻ കൊതിയായി. വലി പണ്ടേ നിർത്തിയതാണ്. എന്നാലും ചില സമയങ്ങളിൽ, ഇങ്ങനെ തണുത്ത സന്ദർഭങ്ങളിൽ പ്രത്ത്യേകിച്ചു ഒരു കൊതിവരും. റിസെപ്ഷനിസ്റ് പെണ്ണ് recommend ചെയ്ത ഒരു ചെറിയ കടയിൽനിന്ന് ഞങ്ങൾ ഓരോ ഫോ ഓർഡർ ചെയ്തു. ഞാൻ ബീഫും, അർച്ചന ചിക്കനും. ന്റെ ചെങ്ങാതികളെ… ന്താ പറയുക! അതുപോലത്തെ ടേസ്റ്റ്… വിയറ്റ്നാമിന്റെ രുചികൾ മറ്റു സൗത്ത് ഈസ്റ്റ് ഏഷ്യൻ രാജ്യങ്ങളുടെ പോലെ അത്രക്ക് intense അല്ല (ആ മീനെണ്ണ ടേസ്റ്റ് ചിലർക്ക് പിടിക്കില്ലല്ലോ). ചേരുവകളുടെ മിതത്വത്തിലും, അവയുടെതന്നെ തനതായ flavourലും പ്രാധാന്യമേകി മസാലചേരുവകൾ കുറച്ചു, സൂപ്പുകളും, അരിവിഭവങ്ങളിലും, വേവിച്ച മാംസാഹാരങ്ങളും കൂടുന്നതാണ് മിക്ക വിഭവങ്ങളും. ഈ പാചകരീതിയും ഫ്രഞ്ചു കോളനിക്കാലത്തിന്റെ ബാക്കി പത്രമത്രെ. ഫോ എന്ന് പറഞ്ഞു എന്തോ വിളമ്പിത്തന്നു മുടിഞ്ഞ റേറ്റ് പിഴിഞ്ഞ ചെന്നൈയിലെ ഒരു റെസ്റ്റോറെന്റിന്റെ ഫേസ്ബുക് പേജിൽ ഇതാണ്ടാ ഫോ എന്നുപറഞ്ഞു ഒരു ഫോട്ടോയുമിട്ടു ഞങ്ങളിറങ്ങി. ഒരു കിണ്ണം വലിയ ഫോക്കു വെറും 50000 ഡോങ് , അതായതു 140രൂപ.

കുറച്ചു കൂടി ഓൾഡ് ക്വാർട്ടർ ചുറ്റി നടന്നു ഞങ്ങൾ ഹോട്ടലിൽ എത്തി ചെക്കിൻ ചെയ്തു. കുരുവിക്കൂടുപോലത്തെ റൂംകണ്ടു അകെ നിരാശയായി. നല്ല റിവ്യൂ ഉള്ള ഹോട്ടലാണ്. ഫോട്ടോ കണ്ടപ്പോ റൂമിനോക്കെ നല്ല വെലുപ്പോം തോന്നിച്ചിരുന്നു. wideangle ഷോട്ട് ഇട്ടു പറ്റിച്ചതാണ്. പക്ഷെ ബാക്കി എല്ലാം ഉഷാർ. tv ഒക്കെ ഒണ്ടു. പക്ഷെ എല്ലാം വിയറ്റ്നാമീസ് ആണെന്ന് തോന്നുന്നു. ഒരു 3 ചാനലിൽ ഇന്ത്യൻ മെഗാ സീരിയലുകൾ ഡബ്ബ് ചെയ്തു ഓടുന്നുണ്ട്. ഒന്നു ബാലികാ വധു. ബാക്കി എന്തോക്കെന്നു പിടികിട്ടിയില്ല. ഫാമിലി സെന്റിമെന്റ്സ് എവിടെയും ഒരു weakness അണുപോലും. ഏതായാലും ഒരു ചെറിയ ഉറക്കവും പാസ്സാക്കി ഉച്ച കഴിഞ്ഞു വീണ്ടും ഊരുചുറ്റാനിറങ്ങി. ഇതിനിടെ ഭാര്യക്ക് വിയറ്റ്നാമീസ് എഗ്ഗ് കോഫിടെ മേളിൽ കൈവിഷം കിട്ടി. ഇടക്കെടക്ക് വാങ്ങി കുടിക്കണൊണ്ട് . നല്ല കടുപ്പമുള്ള വിയറ്റ്നാം റോബസ്റ്റ കോഫി ഡിക്കോഷനിൽ, മുട്ടയുടെ മഞ്ഞ കലക്കി, കണ്ടെൻസ്ഡ് മിൽക്കും പഞ്ചസാരയും കൂട്ടിചേർത്ത് ഒരു വെറൈറ്റി സാധനം. എനിക്കത്രകണ്ടു പിടിച്ചില്ലെങ്കിലും, സംഭവം കൊള്ളാം. പണ്ട് പാലിന് ക്ഷാമമുണ്ടായപ്പോൾ കണ്ടുപിടിച്ചതാണത്രേ. ഇതൊരു ഹാനോയ്‌ സ്പെഷ്യാലിറ്റിയാണെന്നും കേട്ടു.

നമ്മുടെ മെയിൻ അജണ്ട തീറ്റയാണല്ലോ..അതിനാൽ വൈകിട്ടോടെ ഒരു വാക്കിങ് ഫുഡ് ടൂർ കണ്ടുപിടിച്ചു ബുക്ക് ചെയ്തു. ആൾക്ക് 25$ (ഫുഡ് included), ഇച്ചിരി കട്ടിയാണെങ്കിലും, വരും ദിവസങ്ങളിൽ എന്തൊക്കെ, എവിടൊക്കെ പോയി കഴിക്കാമെന്നു ഒരു രൂപം കിട്ടുമല്ലോ. ഫ്രീ വാക്കിങ് ടൂർ നടത്തുന്ന Hanoikids ഗ്രൂപ്പിൽ നോക്കിയെങ്കിലും മുൻപേ ബുക്ക് ചെയ്യാത്തതിനാൽ ഒഴിവുണ്ടായിരുന്നില്ല. ഇത്തരം ടൂറുകൾക്കായി വരുന്ന ഗൈഡുകൾ ഭൂരിഭാഗവും കോളേജ് കുട്ടികൾ തന്നെയാണ്. പോക്കറ്റ് മണിയോടൊപ്പം ഇംഗ്ലീഷ് പരിശീലനവും ആവുമല്ലോ. അതാണുദ്ദേശം. അങ്ങനെ ഒരു വിദേശികളടങ്ങുന്ന ചെറിയ ചെറിയ ഗ്രൂപ്പായി (6 -7 പേരുണ്ട് ഓരോ ഗ്രൂപ്പിലും) വൈകിട്ട് 6 മണിയോടെ ഫുഡ് ടൂർ തുടങ്ങി.

ഓൾഡ് ക്വാർട്ടറിലെ ഇടവഴികളിലൂടെ മിമി എന്ന വായാടിയായ ഗൈഡ് ഞങ്ങളെ നയിച്ചു. കൂട്ടം തെറ്റിയാൽ കൈ വിട്ടുപോകുമത്രേ… അതുകൊണ്ടു അവൾ ‘സ്റ്റിക്കി റൈസ്… സ്റ്റിക്കി റൈസ്…’ എന്ന് എടക്കെടക്കു വിളിച്ചു കൂവിക്കൊണ്ടിരുന്നു…. എല്ലാരും ഒരുമിച്ചു കൂടീന് എന്നുള്ള കോഡ് വേർഡ് ആണത്രേ. എന്തൊക്കെ ബ്രാൻഡിംഗ് തന്ത്രങ്ങൾ… പല പല തെരുവുകളിലായി, നാട്ടുകാരുടെ പ്രിയപ്പെട്ട ഭക്ഷണ ശാലകളിൽ നിന്നും ഏകദേശം പന്ത്രണ്ടോളം വിഭവങ്ങൾ രുചിച്ചു ഞങ്ങൾ. എല്ലാം അതിരുചികരം. അരിയാഹാരമാണ് കൂടുതലും. മാംസത്തിൽ പോർക്കും, ബീഫുമാണ് ഏറിയപങ്കും. (വെജിറ്റേറിയൻസ് പേടിക്കേണ്ട. വിയറ്റ്നാമിൽ മറ്റു സ്ഥലങ്ങളെക്കാളും നിങ്ങൾക്കായി options ഉണ്ടെന്നാണറിവ്). അങ്ങനെ മൂന്നു മണിക്കൂറോളം നീണ്ട ടൂർ, Hoàn Kiếm Lake ന്റെ ചുറ്റുവട്ടത്തെവിടെയോ രാത്രി 9മണിയോടെ അവസാനിച്ചു. ഉറക്കം വരുന്നുണ്ടെങ്കിലും ഹാനോയിയുടെ മറ്റൊരാകര്ഷണമായ ബിയർ തെരുവ് അടുത്തുതന്നെ എന്ന് ഗൂഗിൾ പറഞ്ഞപ്പോൾ, അതും കൂടി കണ്ടേക്കാം എന്നായി.

ഒരു ഇടുങ്ങിയ നീളമുള്ള തെരുവിന്റെ ഇരുവശങ്ങളിലും, മദ്യശാലകളും സ്‌ട്രീറ്റ്‌ ഫുഡ് ഷോപ്പുകളും. കാര്യം കള്ളുകുടിയാണേലും എല്ലാം വളരെ ഡീസെന്റ് ആണ് കേട്ടോ. ആരും വാളുവെക്കുകയോ, കവല കാണിക്കുകയോ ചെയ്‌യണില്ല. മത്സരിച്ചു വ്യാപാരമാണ് കടക്കാരെല്ലാം. കൈയിൽ മെനു കാർഡുമായി കടകളിലേക്ക് ആകർഷിക്കാൻ ചെറുപ്പക്കാരായ വെയ്റ്റർമാർ വഴിയിൽ തന്നെയുണ്ട്. വഴിയിൽ തന്നെയാണ് ചെറിയ കസേരകളും മേശകളുമിട്ടു സെർവ് ചെയ്യുന്നതും. ഒരു ചെറിയ കുപ്പി ലോക്കൽ ബിയറിന് വെറും 70രൂപ. വിദേശി ബ്രാൻഡുകൾക്കു ഏറിയാൽ 130. ഇവിടം സ്വർഗ്ഗമാണുണ്ണീ!

ഒത്ത നടുക്ക് തന്നെ ഒരു സീറ്റു പിടിച്ചു ഞങ്ങൾ ഇരുന്നു. ഞാൻ ഒരു ബിയറും, പെണ്ണുമ്പിള്ള അവളുടെ സ്ഥിരം കലാപരിപാടിയായ എന്തോ ഒരു cocktailum പറഞ്ഞിരുന്നു. cocktail ഞാൻ വിചാരിച്ചപോലെതന്നെ ഒരു മധുരക്കഷായം. കുടിച്ചോ…കുടിച്ചോ… ടച്ചിങ്‌സുമായി വേറെ ചിലർ എത്തി. പലതരം സാധനങ്ങൾ. നിലക്കടല, ചെത്തിയ പച്ച മാങ്ങ, ഉണക്കിചുട്ട മീൻ എന്നിങ്ങനെ എന്തൊക്കെയോ. ഞാൻ ഒരു ചുട്ട മീൻ പറഞ്ഞു. വഴിയിൽ ചില വിയറ്റ്നാമീസ് ചേട്ടന്മാർ അതു ടച്ചി ബഹളമുണ്ടാക്കി കുടിക്കണ കണ്ടപ്പോഴേ കൊതി തോന്നിയതാണ്. പക്ഷെ രുചി അത്ര നന്നില്ല. വറുക്കാത്ത ഉണക്കമീനിന്റെ ടേസ്റ്റ്… അയ്യേ… പക്ഷെ കൂടെ dip ചെയ്യാൻ എരിവുള്ള ഒരു സോസ്‌ തന്നിരുന്നു, അതിൽ തൊട്ടു നൽകിയാൽ സംഭവം കുഴപ്പമില്ല. സഹിക്കാം.

അങ്ങനെ ബിയറും അടിച്ചിരുന്നപ്പോ ഒരു വിസിൽ ശബ്ദം. വെയ്റ്റർ ചെക്കൻ ഓടി വന്നു ഞങ്ങളോടെഴുനേക്കാൻ പറഞ്ഞു. കാര്യം മനസ്സിലാകാതെ ഞങ്ങൾ കണ്ണ്‌ തള്ളി നിന്നപ്പോൾ, അവൻ ഞങ്ങളിരുന്ന ടേബിൾ സൈഡിലുള്ള ഒരിടവഴിയിലേക്കു മാറ്റിയിട്ടു ഞങ്ങളെ അങ്ങോട്ടിരുത്തി, പോലീസ് റെയ്‌ഡ്‌ ആണ്. ഇതൊരു സ്ഥിരം കലാപരിപാടി തന്നെപോലും. തെരുവിൽ കച്ചവടം ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്. എങ്കിലും എല്ലാവര്ക്കും തെരുവിലിരുന്നു കുടിക്കാനാണ് താല്പര്യം. കടകൾക്കകത്തു ഇരുപ്പു കുറവാണു. അതുകൊണ്ടുതന്നെയാണ് എല്ലാ കടകളിലും പൊക്കം കുറഞ്ഞ പ്ലാസ്റ്റിക് ചെയറുകൾ. പോലീസ് വരുമ്പോ പെട്ടെന്നു പൊക്കി മാറ്റാമല്ലോ. പോലീസ് കടമ നിർവ്വഹിച്ചു പോയി ഒരഞ്ചു മിനുട്ടിനുള്ളിൽ വ്യാപാരം പഴയതിലും തകൃതിയായി തെരുവിലേക്കുതന്നെ വീണ്ടും ഇറങ്ങി. രാത്രിയിൽ നല്ല വെളിച്ചവും ആളുകളും ഉണ്ടായിരുന്നതുകൊണ്ട് ഞങ്ങൾ നടന്നുതന്നെ ഹോട്ടെലിൽ എത്തി അപ്പോൾ തന്നെ കിടന്നു.

അതെന്താണെന്നറിയില്ല… നാട്ടിൽ ആസനത്തിൽ വെയിലടിച്ചാലും ഉറങ്ങുന്ന ഞാൻ, യാത്ര പോവുമ്പോൾ കോഴി കൂവണ മുന്നേ തന്നെ എണീക്കും. പിറ്റേന്ന് രാവിലെ അങ്ങനെ എണീറ്റ് കുളിച്ചു റെഡിയായി ഞാൻ. ഇക്കാര്യത്തിൽ പെണ്ണുമ്പിള്ളക്ക് പിന്തിരിപ്പൻ നയമാണ്. ക്ഷീണമാണ് പോലും, വെറുതെ ഒച്ചയിട്ടിട്ടു കാര്യമില്ലാത്തോണ്ട് ഞാൻ തന്നെ കറങ്ങാൻ തീരുമാനിച്ചു. ഹാനോയിയുടെ കേന്ദ്രബിന്ദുവായ hoan kiem lake ആണ് ലക്‌ഷ്യം. രാവിലെ 6:30 ആയിക്കാണും. വഴികളിൽ തിരക്ക് അത്രക്കില്ല. തലേന്ന് തന്നെ ഞാനും ഒരു സിം വാങ്ങി, കൈയ്യിലുണ്ടായിരുന്ന ഒരു പഴയ പൊട്ടിയ ഫോണിൽ ഇട്ട് ഡാറ്റ പ്രശ്നത്തിന് പരിഹാരം കണ്ടിരുന്നു. അങ്ങനെ ഗൂഗിൾ മാപ്പിൽ നോക്കി നടന്നു ലേക്കിൽ എത്തി.

അതിരാവിലെ തന്നെ ആളുകൾ വ്യായാമത്തിനും, സൗഹൃദകൂട്ടങ്ങൾക്കുമായി ഇവിടെ എത്തുന്നു. ചെറിയ ചെറിയ ഗ്രൂപ്പുകളിലായി ചിലർ തായ് -ചി പരിശീലിക്കുമ്പോൾ മറ്റുചിലർ ഏറോബിക്‌സ്‌ ഡാൻസ് ചെയ്യുന്നു. കൂടുതലും മദ്ധ്യവയസ്കരായ സ്‌ത്രീകൾ. ചുഴിയുന്ന നോട്ടവുമായി ചുറ്റും കണ്ണുകളില്ല ഇവിടെ. മറിച്ചു ചില വഴിപോക്കരും, സഞ്ചാരികളും അവരുടെ ഒപ്പം ചേർന്ന് ചുവടുകൾ ചലിപ്പിക്കുന്നു. ഒന്നു പോയി ഡാൻസ് കളിയ്ക്കാൻ ആഗ്രഹമില്ലാതില്ല…എന്നാലും ഒരു മലയാളിയുടെ മസിലുപിടുത്തം അത്രക്ക് പെട്ടെന്ന് മാറുമോ. ഇതൊക്കെയെന്തെന്ന ഭാവവുമായി ഞാൻ നടന്നു.

ഹക് ബ്രിഡ്ജ് എന്ന ചുവന്ന പാലം തടാകത്തിൽ തന്നെയാണ് നിർമിച്ചിരിക്കുന്നത്. ഹാനോയിയുടെ തന്നെ ഐഡന്റിറ്റി ആയ ഈ പാലം തടാകത്തിനു നടുക്കുള്ള Ngoc Son Templeലേക്കുള്ള വഴിയാണ്. തലേന്ന് ടൂർ നടത്തിയ മിമി പറഞ്ഞിരുന്നു ഈ അമ്പലത്തെപ്പറ്റി. അവിടെ പോയി അവൾടെ അമ്മ നേർച്ച നേർന്നിട്ടാണത്രെ അവള് പരീക്ഷ പാസായതു പോലും. അമ്മമാർ വിയറ്റ്നാമിലായാലും, വാഴൂരിലായാലും നേർച്ചയുടെയും സീരിയലിന്റെയും കാര്യത്തിൽ ഒരുപോലെ തന്നെ! തടാകത്തിൽ പണ്ട് വലിയ പ്രത്ത്യേകതരം ആമകൾ വളർന്നിരുന്നത്രെ. ആമ ഇവരുടെ ഒരു ദിവ്യ ജീവിയാണ്. ഇപ്പോൾ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒന്ന് രണ്ടു തരം ആമകളും ഈ തടാകത്തിലുണ്ട്.

ഏതായാലും രാവിലെ ചെന്നതുകൊണ്ടു ആരുമില്ല പാലത്തിന്റെ മോളിൽ. അല്ലെങ്കിൽ ടൂറിസ്റ്റുകൾ കാരണം കാല് കുത്താൻ പറ്റില്ല. അമ്പലവും കണ്ടിട്ട് ഞാൻ അടുത്ത പരുപാടി പ്ലാൻ ചെയ്തു. അടുത്തുള്ള ഒരു നല്ല കഫെയിൽ നിന്ന് ബ്രേക്‌ഫാസ്റ് കഴിച്ച ശേഷം ഞാൻ എന്റെ സുഹൃത്തു രുചി ഷാ ഹാനോയിൽ അടുത്തയിടെ ചെയ്ത ഒരു ആർട് വർക്ക് കാണാൻ പ്ലാനിട്ടു. ഗ്രാബിൽ നോക്കിയപ്പോൾ ഗ്രാബ് സ്കൂട്ടർ എന്ന ഓപ്ഷൻ കണ്ടു. അങ്ങനെ ഒരു സ്കൂട്ടർ ടാക്സി പിടിച്ചു അങ്ങോട്ടേക്ക് യാത്രയായി. നഗരത്തിന്റെ അങ്ങേ കരയിലുള്ള ഒരു art കഫെയിൽ ആണ് എത്തിപ്പെടേണ്ടത്. നല്ല ചാറ്റൽ മഴയുണ്ട്.

സ്കൂട്ടർ ഡ്രൈവർ അതി ലാഘവത്തോടെ ഒരു കൈയ്യിൽ ഫോണും നോക്കി, തലങ്ങും വിലങ്ങും lane jump ചെയ്‌തുകൊണ്ടാണ് യാത്ര. പോകുന്ന വഴിയേ തന്നെ ചില ഹോചിമിൻ സ്മാരകവും, temple ഓഫ് ലിറ്ററേച്ചറും കണ്ടു. രാവിലെ തന്നെ വലിയ ജനക്കൂട്ടം കണ്ടപ്പൊൾ അങ്ങോട്ട് പോണോ എന്നൊരു സംശയം. ഏതായാലും പെണ്ണുമ്പിള്ളേടെ താല്പര്യം പോലെ ആകട്ടെന്നു കരുതി. ആര്ട്ട് കഫെയിൽ ചെന്നപ്പോൾ അവർ 11 മണിക്കേ തുറക്കൂ. വെളിയിൽ നിന്നും പൂട്ടിയിരുന്നു. പക്ഷെ ഗേറ്റ് വഴി രുചി ചെയ്ത ആര്ട്ട് കാണാം. അതിനുള്ളിൽ ഒരു ഗ്രാബ് ടാക്സി പിടിച്ചു അർച്ചനയും അവിടെ എത്തി. ഏതായാലും സമയം കളയേണ്ട എന്നു തീരുമാനിച്ചു ഞങ്ങൾ അടുത്ത പരുപാടി ആലോചിച്ചു.

സ്മാരകങ്ങളിൽ തിരക്കാണെന്നു പറഞ്ഞപ്പോ അവൾക്കും താല്പര്യമില്ല. കുറേ മ്യൂസിയങ്ങൾ കാണണൊണ്ട് ഹാനോയിൽ. പക്ഷെ ഞങ്ങൾക്ക് രണ്ടാൾക്കും പൊതുവെ അതലർജ്ജിയാണ്. അതുകൊണ്ടു ഉള്ളതിൽ ഏറ്റവും മികച്ചതെന്നു കേട്ട വിയറ്റ്നാം മ്യൂസിയം ഓഫ് എത്‌നോളജി മാത്രം കാണാം എന്നുറപ്പിച്ചു അങ്ങോട്ടേക്ക് ഒരു ഗ്രാബ് ബുക്ക് ചെയ്തു. നല്ല അടിപൊളി ആർക്കിടെക്ചർ ആണ് ഈ മ്യൂസിയത്തിന്. ഏതോ ഒരു ഫ്രഞ്ച് ആർക്കിടെക്റ്റാണ് രൂപകൽപന ചെയ്തിരിക്കുന്നത്. എൻട്രി ഫീസ് ഏതാണ്ട് 550രൂപ. ഉള്ളിൽ വിറ്റ്നാമിന്റെ പരമ്പരാഗതമായ ഗോത്ര വർഗ്ഗങ്ങളുടെ ആചാരങ്ങളും, ദൈനംദിന ജീവിതവും ഉപകരണങ്ങളും വളരെ വിശദമായിത്തന്നെ document ചെയ്തിരിക്കുന്നു. മ്യൂസിയം താല്പര്യമില്ലാത്ത ഞങ്ങൾതന്നെ ഏകദേശം 2 മണിക്കൂറോളം ചെലവഴിച്ചന്നു പറഞ്ഞാൽ മതിയല്ലോ! മ്യൂസിയം കണ്ട ശേഷം പിന്നെയും കുറേ ദൂരം നടന്നു ഞങ്ങൾ വീണ്ടും ഓൾഡ് ക്വാർട്ടറിൽ എത്തി.

ഉച്ച ഭക്ഷണത്തിനു ഫോ 10ൽ എത്തി. ഇവിടുത്തെ ഫോ വളരെ പ്രശസ്തമാണ്. കടയിൽ നിന്ന് തിരിയാൻ സ്ഥലമില്ല. ഉച്ചക്ക് 12 മണിക്ക് തന്നെ അകത്തു കയറാൻ നാട്ടുകാരുടെയും സഞ്ചാരികളുടെയും ക്യൂ ആണ്. അകത്തൊരു മൂലയ്ക്ക് സീറ്റ് കിട്ടി, എതിരിൽ ഒരു ചൈനീസ് ദമ്പതികൾ. ഇവിടെ ഫോയുടെ കൂടെ വറുത്ത എന്തോ ഒരു സാധനവുമുണ്ട്. ബ്രഡ് വറുത്ത ടേസ്റ്റ്, ഫോയിൽ മുക്കി കഴിക്കാനാണ്. അങ്ങനെ ഉച്ചഭക്ഷണം കഴ്ഞ്ഞപ്പോൾ അർച്ചനയ്ക്ക് ഡെസേർട് വേണമെന്നായി. ട്രിപ്പ് അഡ്വൈസറിൽ പറഞ്ഞ ഒരു ‘ചെ’ സ്റ്റാൾ അടുത്തുതന്നെയെന്നു ഗൂഗിൾ പറയുന്നു. അങ്ങോട്ട് വെച്ചുപിടിപ്പിച്ചു. പോകുന്ന വഴിയാണ് ഒരു propoganda poster കട കണ്ണിൽ പെട്ടത്. പണ്ട് യുദ്ധകാലത്തു ജനങ്ങളെ ഏകീകരിക്കാനും, യുദ്ധവീര്യം പരത്താനുമായി സോവിയറ്റ് പ്രൊപോഗണ്ട ആർട്ടിൽ പ്രചോദനമുൾക്കൊണ്ട് വിയറ്റ്നാമിലെ ആർട്ടിസ്റ്റുകൾ വരച്ച പോസ്റ്ററുകളുടെ റീപ്രിന്റസ് ഇവിടെ ലഭ്യമാണ്. വെറും 3 ഡോളറിനു ഒരു പ്രിന്റ് കിട്ടും. അതിമനോഹരമായ പോസ്റ്ററുകൾ. സംഭവം കണ്ടു excited ആയി ഞാൻ ഫേസ്ബുക്കിൽ ഒന്ന് പോസ്റ്റിയപ്പോഴേ നമ്മുടെ ചില ഫ്രണ്ട്‌സ് ഓർഡർ തന്നു നാട്ടിൽനിന്നു.

little owl എന്ന ‘ചെ’ ഷോപ് അടുത്തുതന്നെയാരുന്നു. വിയറ്റ്നാമിന്റെ തനതായ ഡെസ്സേർട് ആണ് ‘ചെ’ . ഒരുതരം പുഡ്ഡിംഗ് എന്നുപറയാം. പലവിധത്തിൽ ഉണ്ടാക്കാം. ഈ കടയിൽത്തന്നെ ഒരു 50 വെറൈറ്റി ഉണ്ട്. കട നടത്തുന്ന Huong എന്ന ചെറുപ്പക്കാരിയുമായി അർച്ചന പെട്ടെന്ന് കമ്പനിയായി. പുള്ളിക്കാരിയുടെ തന്നെയാണ് സ്ഥാപനം. ഇളം പച്ചനിറമുള്ള ചുവരുകളിൽ കറുപ്പിൽ അവൾ തന്നെ വരച്ച ചിത്രങ്ങളും, മെനു കാർഡും വളരെ നന്നായിരുന്നു. എന്തൊക്കെയോ രണ്ടു മൂന്നു flavouril ചെ ഞങ്ങൾ അകത്താക്കി. സാധാരണ എനിക്കിഷ്ടമല്ലാത്ത durian flavouruഇലും ഒന്ന് കഴിച്ചു. പോകുമ്പോൾ ഞങ്ങൾക്ക് Huong അപ്പോൾ താനെ കൈകൊണ്ടു ഓൾഡ് ക്വാർട്ടറിന്റെ ഒരു map വരച്ചു മറ്റു നല്ല ഭക്ഷണശാലകൾഅടയാളപ്പെടുത്തി തന്നു.

റൂമിൽ പോയി കുറച്ചു റെസ്റ് എടുത്തശേഷം വൈകിട്ട് ഞങ്ങൾ ഹാനോയിലെ പഴയ Tuang തീയേറ്ററിലേക്ക് തിരിച്ചു. പഴയ ചൈനീസ് ഓപ്പറ ഹാൾ ആണ്. Lang Toi – My Village എന്ന cultural show ഇന്നവിടെ കളിക്കുന്നുണ്ട്. ഫേസ്ബുക്കിൽ പണ്ട് ഒരു ഫ്രണ്ട് റെക്കമെന്റു ചെയ്തപ്പോൾ തന്നെ നോട്ടമിച്ചു വെച്ചിരുന്ന പരിപാടിയാണ്. ടിക്കറ്റ് ഓൺലൈനിൽ മുൻപ് തന്നെ ബുക്ക് ചെയ്തിരുന്നു. ഒരാൾക്ക് 1800 രൂപയാണ്. പക്ഷെ ഉള്ളത് പറയാമല്ലോ, ഒരു നഷ്ടവും പറയാനില്ല. പരമ്പരാഗത സംഗീതോപകരണങ്ങളുടെയും, മിതമായ ലൈറ്റിംഗ് / പ്രൊഡക്ഷൻ ഡിസൈനിന്റെ മികവിലും 50ഓളം അഭ്യാസികളും നർത്തകരും അവതരിപ്പിക്കുന്ന ഒരു മോഡേൺ choreographic theatre performance ആണ് Lang Toi – My Village. ഒരു ഗ്രാമത്തിന്റെ കഥയാണ് പറയുന്നത്. ഏകദേശം ഒന്നര മണിക്കൂറോളം ദൈർഖ്യമുള്ള പരിപാടി തീർന്നപ്പോൾ അറിയാതെ എഴുനേറ്റു നിന്ന് കൈയ്യടിച്ചു ഞങ്ങൾ. നല്ല തണുപ്പത്തു ഒന്നുകൂടെ ബിയർ തെരുവിൽ പോയിട്ടു ഞങ്ങൾ ഹോട്ടലിലേക്ക് മടങ്ങി. നാളെ രാവിലെ തന്നെ Cat-Ba യിലേക്കുള്ള വാൻ പുറപ്പെടും. ഹോട്ടലിൽ തന്നെ വന്നു പിക്കപ്പ് ചെയ്യുമെന്ന് സ്മൈലി whatsappil ഉറപ്പു തന്നു. ഒരു ചെറിയ ശങ്ക ഇല്ലാതില്ല… അടുത്ത രണ്ടു ദിവസം കുറച്ചു tight പ്ളാനിലാണ് (അതാണേൽ പെണ്ണുമ്പിള്ളയോടൊട്ടു പറഞ്ഞിട്ടുമില്ല…) (തുടരും).

വിവരണം – ആനന്ദ് എ. നായര്‍.

Check Also

മാളൂട്ടി ചിക്കൻ കോർണർ; പാലോട്ടുവിളയിലെ വിജയൻ ചേട്ടൻ്റെ കട

വിവരണം – ‎Praveen Shanmukom‎, ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ. പാലോട്ടുവിളയിലെ വിജയൻ ചേട്ടന്റെ കട. ഇത് ഒരു …

Leave a Reply