ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകൾ യാത്ര ചെയ്യുന്ന പൊതുഗതാഗത മാർഗ്ഗങ്ങളിൽ പ്രാധാനപ്പെട്ടതാണ് മുംബൈ സബർബൻ റെയിൽവേ.1857ൽ ആരംഭിച്ച ഇതിൽ പ്രതിദിനം എഴുപത് ലക്ഷത്തോളം ആളുകളാണ് യാത്ര ചെയ്യുന്നത്.ഇന്ത്യയിലെ പ്രധാനപ്പെട്ട രണ്ട് റെയിൽവേ മേഖലകളാണ് ഇതിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്. പശ്ചിമറെയിൽവേ മേഖല പ്രവർത്തിപ്പിക്കുന്ന പശ്ചിമപാത ചർച്ച്ഗേറ്റ് മുതൽ ദഹനു റോഡ് വരെ (120 km) നീളമുള്ളതാണ് .ഈ പതയിൽ മൊത്തം 36 സ്റ്റേഷനുകളാണുള്ളത്.ചർച്ച്ഗേറ്റ് മുതൽ വിരാർ വരെയുള്ള (64 km) ദൂരത്തിൽ ഇലക്ട്രിക്കൽ മൾട്ടിപ്പ്ൾ യൂനിറ്റ് (EMU) തീവണ്ടികളും വിരാർ മുതൽ ദഹനു വരെയുള്ള (60 km) ദൂരത്തിൽ മെയിൻലൈൻ ഇലക്ട്രിക്കൽ മൾട്ടിപ്പ്ൾ യൂനിറ്റ് (MEMU)തീവണ്ടികളുമാണ് ഓടിക്കുന്നത്.
സി.എസ്.ടി. മുതൽ കല്യാൺ വരെയുള്ള 54 km പാതയിൽ ഇലക്ട്രിക്കൽ മൾട്ടിപ്പ്ൾ യൂനിറ്റ് (EMU) തീവണ്ടികളാണ് ഓടിക്കുന്നത്. ഇവിടെ നിന്നും രണ്ടായി വേർതിരിഞ്ഞ് ഒരു പാത കസറ വരെയും (67 km) മറ്റൊരു പാത ഖൊപ്പോളിവരെയും(61 km) പോകുന്നു.ഈ രണ്ട് പാതകളിലും മെയിൻലൈൻ ഇലക്ട്രിക്കൽ മൾട്ടിപ്പ്ൾ യൂനിറ്റ് (MEMU)തീവണ്ടികളാണ് ഓടിക്കുന്നത്. മധ്യപാതയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് മധ്യ റെയിൽവേ മേഖലയാണ്.മുംബൈ നഗരപ്രാന്തങ്ങളെയും ഉപഗ്രഹ നഗരങ്ങളെയും ബന്ധിപ്പിക്കുന്ന ഈ പാതയിൽ 62 സ്റ്റേഷനുകളാണുള്ളത്.ഇന്ത്യയുടെ വാണിജ്യ തലസ്ഥാനത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൂടെയാണ് ഈ പാത കടന്നു പോകുന്നത്.ദാദർ, കൂർള തുടങ്ങിയ പ്രധാന റെയിൽവേ സ്റ്റേഷനുകൾ ഈ പാതയിലാണ്.
മുംബൈ സബർബൻ റെയിൽവേയെക്കുറിച്ച് നിങ്ങളറിയാത്ത ചില കാര്യങ്ങൾ ഇവിടെ പങ്കുവെയ്ക്കാം. ഇവയെല്ലാം നിങ്ങൾ അറിഞ്ഞിരിക്കേണ്ട വസ്തുതകൾ തന്നെയാണ്.
1. മുംബൈ സബർബൻ റെയിൽവേ സിസ്റ്റം മൊത്തത്തിൽ 465 കിലോമീറ്ററോളം വ്യാപിച്ചു കിടക്കുന്നുണ്ട്. മുംബൈയിൽ നിന്നും പൂനെയിലേക്കുള്ള ദൂരത്തിന്റെ ഇരട്ടിവരുമിത്. മുംബൈയോട് ചേർന്നു കിടക്കുന്ന കുറെയേറെ ചെറുനഗരങ്ങളെ ഈ റെയിൽവേ മാർഗ്ഗം ബന്ധിപ്പിച്ചിരിക്കുന്നു.
2. ദിവേന 2,342 ഓളം സർവ്വീസുകളാണ് മുംബൈ സബർബൻ റെയിൽവേ നടത്തുന്നത്. മുംബൈ സിറ്റി ബസ് സർവീസായ BEST ഇന്നും നഷ്ടത്തിലോടുവാൻ കാരണമാകുന്നത് കൂടുതലാളുകൾ ലോക്കൽ ട്രെയിൻ സർവീസുകളെ ആശ്രയിക്കുന്നു എന്നതാണ്. മഴക്കാലത്ത് മുംബൈ മൊത്തത്തിൽ വെള്ളത്തിൽ മുങ്ങുമ്പോഴും ആളുകളുടെ ആശ്രയം ഈ ട്രെയിൻ സർവീസുകളാണ്. ഒരു പരിധിവരെ വെള്ളക്കെട്ടിലൂടെയും ഈ ട്രെയിനുകൾ സർവ്വീസ് നടത്തും.
3. ദിവസേന 7.5 മില്യൺ യാത്രക്കാരെയാണ് മുംബൈ സബർബൻ റെയിൽവേ വഹിക്കുന്നത്. യാത്രക്കാരുടെ ഈ എണ്ണം ഭൂട്ടാനിലെ മൊത്തം ജനസംഖ്യയുടെ പത്തിരട്ടി വരുമെന്നത് മറ്റൊരു കൗതുകകരമായ വസ്തുതയാണ്. 15 കോച്ചുകളാണ് ഇവിടത്തെ ഒരു ട്രെയിനിൽ ഉള്ളത്. തിരക്കുള്ള സമയങ്ങളിൽ ട്രെയിനിന്റെ വശങ്ങളിൽ തൂങ്ങിക്കിടന്നാണ് ആളുകൾ യാത്രചെയ്യുന്നത്. ഇത് വളരെ ഭീതിജനകമായ ഒരു കാഴ്ചയാണ്.
4. മുംബൈ സബർബൻ റെയിൽവേ ഒരു ദിവസത്തിൽ ആകെ ഏകദേശം 90 മിനിറ്റ് സമയം മാത്രമേ നിശ്ചലമായി കിടക്കുകയുള്ളൂ. വെസ്റ്റേൺ ലൈനിലെ ആദ്യ സർവ്വീസ് വെളുപ്പിനു 4.15 നാണ് ചർച്ച് ഗേറ്റ് സ്റ്റേഷനിൽ നിന്നും ആരംഭിക്കുന്നത്. അവസാന ട്രെയിൻ ബോറിവാലി സ്റ്റേഷനിൽ എത്തുമ്പോൾ പിറ്റേദിവസം പുലർച്ചെ 2.05 മണി ആയിട്ടുണ്ടാകും. സെൻട്രൽ ലൈനിലെ ആദ്യ സർവ്വീസ് ഛത്രപതി ശിവാജി ടെർമിനലിൽ നിന്നും പുലർച്ചെ 4.12 നു ആരംഭിക്കുന്നു. സെൻട്രൽ ലൈനിലെ അവസാന ട്രെയിൻ കർജാത് സ്റ്റേഷനിൽ എത്തുമ്പോൾ സമയം പിറ്റേ ദിവസം പുലർച്ചെ 2.45 മണിയാകും.
5. മുബൈയിലെ പ്രശസ്തമായ ഡബ്ബാവാലകൾ (ടിഫിൻ ബോക്സുകൾ ഓഫീസിലുള്ളവർക്ക് എത്തിക്കുന്നവർ) കൂടുതലായും ആശ്രയിക്കുന്നത് ലോക്കൽ ട്രെയിനുകളെയാണ്. ഈ ട്രെയിനുകൾ പണിമുടക്കിയാൽ ഡബ്ബാവാലകളെ പ്രതീക്ഷിച്ചിരിക്കുന്നവർ വിശന്നിരിക്കുകയേയുള്ളൂ. ദൈവം സഹായിച്ച് അങ്ങനെയുണ്ടാകാതിരിക്കട്ടെ.
6. തീവ്രവാദികൾ വിചാരിച്ചിട്ടും മുടക്കാൻ പറ്റാത്തതാന് മുംബൈ സബർബൻ റെയിൽവേ സർവ്വീസുകൾ. 2006 ൽ മുംബൈ ലോക്കൽ ട്രെയിനിൽ ബോംബ് സ്ഫോടനം നടന്നിരുന്നു. പക്ഷെ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് 16 മണിക്കൂറിനുള്ളിൽ സർവ്വീസുകൾ പുനഃസ്ഥാപിച്ച് സബർബൻ റെയിൽവേ ചരിത്രം സൃഷ്ടിച്ചു.
7. ദിവസേന ശരാശരി 9 ആളുകളെങ്കിലും മുംബൈ സബർബൻ റെയിൽവേ മുഖാന്തരം മരിക്കുന്നുണ്ട് എന്നതാണ് ഞെട്ടിക്കുന്ന ഒരു വസ്തുത. ഇത് റെയിൽപ്പാളം ക്രോസ്സ് ചെയ്യുമ്പോഴോ സ്റ്റേഷനലുകളിലെ തിരക്കിൽപ്പെട്ടോ ഒക്കെയാകാം.
മുംബൈക്കാരുടെ നിത്യജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒരു സാന്നിധ്യമായി മുംബൈ സബർബൻ ട്രെയിനുകൾ ഇന്നും ഓടിക്കൊണ്ടിരിക്കുന്നു.