വാഗമണ്‍ വഴി ഒരു കെഎസ്ആര്‍ടിസി യാത്രയും കുറേ അനുഭവങ്ങളും…

KSRTC ബസിൽ യാത്ര ചെയ്യാനാണിഷ്ടം. പ്രത്യേകിച്ച് ദൂരെ യാത്രകളിൽ.അതും ഫാസ്റ്റ് പാസഞ്ചറിൽ.ചുവന്ന പാവാടയും ബ്ലൗസും മഞ്ഞദാവണിയും ധരിച്ച സുന്ദരിയായ ഒരു പെണ്ണിനെപ്പോലെയാണ് FP. ഒരു മണിക്കൂർ കഴിഞ്ഞേ ഇനി KSRTC ഉള്ളൂ എന്ന് പറഞ്ഞാലല്ലാതെ മറ്റൊരു ഓപ്ഷനെ പറ്റി ഞാൻ ചിന്തിക്കില്ല. ഒരു വ്യാഴാഴ്ച കട്ടപ്പനയിൽ നിന്ന് കോട്ടയത്തിന് വരാനായി നിൽക്കുമ്പോൾ,മുണ്ടക്കയം റൂട്ടിൽ ബസ് ഒരു മണിക്കൂർ കഴിഞ്ഞേ ഉള്ളൂ എന്നും വാഗമൺ വഴിയുള്ള ഫാസ്റ്റ് ഉണ്ടെന്നും ഗ്രില്ലിനുള്ളിലിരുന്ന സർ അറിയിച്ചു. അതേ റൂട്ടിൽ ഒരു വേണാട് ഓഡിനറിLS കിടപ്പുണ്ട് .ആര് മൈൻഡ്‌ ചെയ്യുന്നു?

വേറെ നിവൃത്തിയില്ലാത്തത് കൊണ്ട് ആ റൂട്ടിൽ വരാൻ തീരുമാനിച്ച് ഫാസ്റ്റിൽ കയറി ഫേവറേറ്റ് സീറ്റിൽ ഇരുന്നു. ഡ്രൈവറിനു തൊട്ടു പുറകിലെ വിൻഡോ സീറ്റ്. സൈഡ് വ്യൂവും ഫ്രന്റ് വ്യൂവും നിർബന്ധാ. ഛർദ്ദിക്കാതിരിക്കാനുള്ള പ്രിക്കോഷൻ എന്ന നിലയിലായിരുന്നു ആദ്യമായി അവിടം പരീക്ഷിച്ചത്. അമ്മയെ വിളിച്ച് എത്തുന്ന സമയം ഒക്കെ അറിയിച്ചു. അരമണിക്കൂർ കഴിഞ്ഞതേയുള്ളൂ. ഒരു ക്രയിനിനെ ഓവർ ടേക്ക് ചെയ്യുന്ന നമ്മുടെ വണ്ടി… ക്രയിൻ നിർത്തിയിട്ടിരിക്കുകയാണ് KSRTC ക്ക് കയറിപ്പോകാൻ.. അപ്പോഴതാ.. ഒരു കാറ് നേരെ വന്ന് ഒറ്റയിടി.ആകെ ബഹളം. എനിക്കാണേൽ ടെൻഷൻ കൊണ്ട് വയ്യ. വെള്ളം കുടിയോട് വെള്ളം കുടി.

കടന്നു പോകുന്ന വാഹനങ്ങളിലുള്ളവർ ഡ്രൈവറെ രൂക്ഷമായിട്ട് നോക്കുന്നുണ്ട്. ബസിന്റെ കിടപ്പ് കണ്ടാൽ അദ്ദേഹത്തിന്റെ ഭാഗത്താണ് കുറ്റമെന്ന് തോന്നും. നമുക്കല്ലേ കാര്യം അറിയൂ. അരമണിക്കൂറോളം ബസിലിരുന്നു. വണ്ടി ആക്സിഡന്റായ കാര്യം അമ്മയോട് പറഞ്ഞില്ല. എനിക്കൊന്നുമില്ലാന്ന് പറയുന്നതിന് മുൻപ് ബോധം കെടും. വണ്ടി പോവില്ലാന്ന് ഏതാണ്ട് തീരുമാനമായി. അപ്പോൾ വന്ന ഓഡിനറി LS ൽ ആളുകൾ ഓടിക്കേറി. ബസിലിരുന്ന എന്നോട് കണ്ടക്ടർ പറഞ്ഞു അതിൽ പോകൂ വേറെ വണ്ടിയൊന്നുമില്ല.. FP യിൽ ടിക്കറ്റെടുത്തിട്ട് വെറും ഓഡിനറിയിൽ യാത്ര ചെയ്യാനോ.. ഞാനിതെങ്ങനെ സഹിക്കും..!!

അവസാനം ആ വണ്ടിയില്‍ കയറേണ്ടി വന്നു. ഞാൻ ഓടിച്ചെന്ന് കണ്ടക്ടർ സീറ്റിലിരുന്നു. അടുത്തിരുന്ന പയ്യൻ ചേച്ചി ഇരുന്നോളു എന്ന് പറഞ്ഞു എണീറ്റ് പോയി. ടിക്കറ്റൊക്കെ കൊടുത്ത് കഴിഞ്ഞിട്ടും കണ്ടക്ടർ വന്നിരിക്കുന്നില്ല.. ഡോറിന്റടുത്ത് നിൽക്കുകയാണ്. ഈ മനുഷ്യനെന്തൊരു ജാഡയാണ്. ആ സീറ്റിൽ ഞാനിരിക്കുന്നത് ആൾക്ക് തീരെ പിടിച്ചിട്ടില്ല. ഏതെങ്കിലും സ്ത്രീ യാത്രക്കാരി ഇറങ്ങിയാൽ ഞാൻ ഫ്രന്റിൽ പോയിരിക്കും എന്നായിരിക്കും അദ്ദേഹത്തിന്റെ പ്രതീക്ഷ. ഞാനാണെങ്കിൽ ഒരിടത്തിരുന്നാൽ പിന്നെ വെയിലടിച്ചാൽ പോലും എണീറ്റ് മാറാൻ മടിയുള്ള ആൾ.. എത്രനേരം ഇദ്ദേഹം നിൽക്കുമെന്ന് അറിയണമല്ലോ..

ഞാൻ മയങ്ങാൻ തുടങ്ങി. വാഗമൺ ആകാറായിട്ടുണ്ടാവും. കണ്ടക്ടർഅടുത്ത് വന്നിരുന്നു. അന്നേരമാണ് എനിക്ക് കാര്യം മനസിലായത്.രണ്ടു പേർക്ക് നെഞ്ച് വിരിച്ചിരിക്കാനുള്ള സ്ഥലമില്ല. മാന്യനായ അദ്ദേഹത്തിന് നേരത്തെ അതറിയാം. ഇനിയും3 മണിക്കൂർ യാത്രയുണ്ട്. എന്തേലും ചോദിക്കണ്ടേ..സർ ഏറ്റുമാനൂരെപ്പോ എത്തും? ഏഴര. അവിടുന്ന് ആ സമയത്ത് കോട്ടയത്തിന്നു വണ്ടികിട്ടില്ലേ…. ഉം. ഇനിയാണ് എന്റെ പ്രസക്തമായ ചോദ്യം. സർ.. ഈരാറ്റ്പേട്ടയാണോ.. പാലായാണോ ആദ്യം? കണ്ടക്ടറിന്റെ മുഖത്ത് ഒരു വണ്ടി പുച്ഛം. ഇവിടുന്ന് പോകുമ്പോ ആദ്യം പേട്ട. അവിടുന്ന് വരുമ്പോ ആദ്യം പാല. ജ്യോഗ്രഫിക് ലൊക്കേഷൻ ഒന്നുമറിയില്ല അല്ലേ… എന്റെ ഭാഗത്തും തെറ്റുണ്ട്. അരുതരുതായിരുന്നു.

ടെൻഷൻ, വെള്ളം കുടി. പിന്നെ ഞാൻ എന്റെ ഡാഡി KSRTC പെൻഷനർ ആണെന്നും, ചേട്ടൻ ടയർ ഇൻക്സ്പെക്ടർ ആണെന്നും ഒരുപാട് സുഹൃത്തുക്കൾ KSRTCയിൽ ഉണ്ടെന്നും.. ഞാൻ KSRTC കട്ട ഫാൻ ആണെന്നുമൊക്കെ വാതോരാതെ പറഞ്ഞു. അപ്പോഴാണ് ഒരു റാപ്പോ ഉണ്ടായത്. ഇതിനിടക്ക് അദ്ദേഹം കുറച്ച് പൊളിടിക്സ്, കുറച്ച് സാമൂഹിക പ്രസക്ത കാര്യങ്ങളും സംസാരിച്ചു. നല്ല വായനയുള്ള, അറിവുള്ള മനുഷ്യൻ.

സൂർത്തുക്കളേ.. നമ്മൾ കണ്ടുമുട്ടുന്ന കണ്ടക്ടേഴ്സ് അക്കാഡമിഷ്യൻസ് ആവാം…കലാകാരൻമാർ ആവാം.. എന്തിനേറെപ്പറയുന്നു.. കഴിഞ്ഞ ദിവസം പ്രിയപ്പെട്ട കവിയാണ് എനിക്ക് ടിക്കറ്റ് തന്നത്. അദ്ദേഹത്തിന്റെ കവിത സമാഹാരം എന്റെ പുസ്തക ശേഖരത്തിൽ ഉണ്ട്.

ഇനിയാണ് കഥയുടെ ട്വിസ്റ്റ്. സർ ,ഈ ബസിന്റെ ഹോൾട്ട് എവിടെയാണ്? വാഗമൺ ആയിരുന്നു. എന്നിട്ടവിടെ നിർത്തിയില്ലല്ലോ..? സമയം പോയില്ലേ.അതാ.. പേട്ടയിൽ എത്ര സമയം നിർത്തും? പെട്ടെന്നെടുക്കും, പേടിക്കണ്ട.. 7.30 ന് തന്നെ ഏറ്റുമാനൂർ എത്തും. പാലായിലോ…. ? നിർത്തില്ല.. എന്റെ കർത്താവേ.. ഈ നിഷ്കൂനെ ഞാനെന്ത് പറഞ്ഞ് മനസിലാക്കും! പേട്ട അടുക്കാറായി. ഞാൻ വീണ്ടും ചോദിച്ചു. സർ.. ഞാൻ പേട്ടയിലിറങ്ങിയാൽ അവിടുന്ന് ഫാസ്റ്റ് കിട്ടുവോ? ഒറ്റക്കവിടെ ഇറങ്ങുന്നതെന്തിനാണ്… പരിചയമില്ലാത്ത സ്ഥലം. ഇനി വരുന്ന വണ്ടിക്ക് സീറ്റ് കിട്ടില്ല. ഇത് LS അല്ലേ. പേട്ട കഴിഞ്ഞാൽ സ്പീഡിൽ പോകും. എന്റെ പൊന്നു സാറേ.. എനിക്ക് കിഡ്നി സ്റ്റോൺ ആണേ… എനിക്ക് വാഷ് റൂമിൽ പോണേ…ആകെഅന്ധാളിച്ചു പോയ അദ്ദേഹം പറഞ്ഞു പോയിട്ട് വന്നോളൂ.. വെയിറ്റ് ചെയ്യാം.

അടുത്ത ചോദ്യം, വളരെ പ്രസക്തമായത്. “സർ ഈരാറ്റ്പേട്ട സ്റ്റാൻഡിൽ ബാത്റൂം സ്റ്റാൻഡിന്റെ ഏത് ഭാഗത്തായിട്ട് വരും?” (കോട്ടയത്തൊക്കെ പല സ്ത്രീകൾക്കും കംഫർട്ട് സ്റ്റേഷനിലേക്കുള്ള വഴി കാണിച്ച് ഞാൻ മാതൃക ആയിട്ടുണ്ട്. കണ്ടു പിടിക്കാൻ വല്യ പാടാന്ന്. പെരുന്നയിലെ വാഷ് റൂമിൽ പകല് പോലും പെണ്ണിന് തനിച്ചു പോവാൻ പറ്റില്ല. അത്രക്ക് റിമോട്ട് സ്ഥലത്താണ്)സ്റ്റേഷൻ മാസ്റ്ററോട് ചോദിച്ചാൽ മതിയെന്ന്. ങേ…!!എന്തായാലും ബാഗ് ഏൽപ്പിച്ച് കണ്ടക്ടറിനോട് നോക്കാൻ പറഞ്ഞിട്ട്.. ഞാൻ ഓടി. തിരിച്ച് വന്നപ്പോൾ ദേ… വണ്ടിയേലിരിക്കുന്ന എല്ലാ മനുഷ്യരും എന്നെ നോക്കുന്നുണ്ട്. ഇതിനിപ്പൊ ചമ്മാനൊന്നുമില്ല.. ഇതു പറഞ്ഞ കണ്ടക്ടറിന്റെ മുഖത്താണ് ചമ്മൽ. പിന്നിങ്ങോട്ട് യാത്രയിൽ കിഡ്നി സ്റ്റോൺ വന്ന മുഴുവൻ പരിചയക്കാരുടേയും അവരെ ചികിത്സിച്ചവരുടേയും കാര്യങ്ങൾ പറഞ്ഞു. പാവം.

ഞാനെന്തിനാണ് കിഡ്നി സ്റ്റോൺ എന്ന് കള്ളം പറഞ്ഞത് ?. വെറുതെ ബാത്റൂമിൽ പോണംന്ന് പറയാൻ എന്തിന് നാണിക്കണം? എന്തായാലും ഏറ്റുമാനൂരീന്ന് അടുത്ത SF ന് കേറാൻ ഓടിയ എനിക്ക് നന്ദി പറയാൻ പോലും നേരം കിട്ടിയില്ല. ഞാനെന്തിനാണെന്നോ ഇത്ര വലിയ ഈ കുറിപ്പ് എഴുതിയത്? പ്രിയപ്പെട്ട യാത്രക്കാരേ… സ്ത്രീ യാത്രക്കാർ അനുകമ്പാർഹരാണ്. ജോലി ചെയ്തത് തളർന്ന് വീട്ടിൽ ചെന്നാൽ പിന്നെയും ജോലി… പലരും പറയാറുണ്ട് സ്വസ്ഥമായ് ഉറങ്ങുന്നത് ബസിലിരുന്നാണെന്ന്.അവരെ ദയവായി സ്കാൻ ചെയ്യരുത്, തോണ്ടരുത്, ശല്യപ്പെടുത്തരുത്.

കണ്ടക്ടർമാർ നമ്മൾ പല യാത്രക്കാരെക്കാളും ക്വോളിഫൈഡ് ആണ്, മാന്യരാണ്. അതു കൊണ്ടാണ് നിസാര കാര്യത്തിന് നമ്മൾ മെക്കിട്ട് കേറിയാലും പ്രതികരിക്കാത്തത്. എത്ര ശ്രദ്ധയും ക്ഷമയും വേണ്ട ജോലിയാണിത്.നല്ല EQ വേണം. ഡ്രൈവർമാരുടെ കഷ്ടപ്പാടിനെക്കുറിച്ച് എടുത്ത് പറയേണ്ടല്ലോ. മണിക്കൂറുകൾ ചൂടത്ത് ഒരേയിരുപ്പ്. ഒന്ന് ബ്രേക്കിട്ടാൽ പോലും നമ്മൾ അസ്വസ്ഥരാകും. എവിടെ നോക്കിയാടോ വണ്ടി ഓടിക്കുന്നത് എന്നൊക്കെ ചോദിച്ച് കളയും ചിലർ.ഇൻഡിക്കേറ്ററില്ലാതെ വണ്ടി തിരിക്കുന്ന പ്രബുദ്ധ മലയാളീം ചുമ്മാ വന്ന് ബസിന്റെ മുന്നിൽ ചാടുന്ന ആളുകളുമടക്കം നിരവധി ചാലഞ്ചസ് തരണം ചെയ്താണ് നമ്മളെ ഇവർ സേഫായിട്ടെത്തിക്കുന്നത്. (ഒന്ന് നന്നായിക്കൂടേ…. നമുക്ക് ).

പ്രിയ കണ്ടക്ടേഴ്സ്… നിങ്ങൾ ഹോൾട്ടുളളിടത്ത് കൊടുക്കുക. പത്ത് മിനിറ്റ് ബ്രേക്കുണ്ടെന്ന് പറയുക. ഇതൊന്നു പറയാൻ പറ്റാതെ എത്ര സ്ത്രീകളാകും കാശും സമയവും നോക്കാതെ സ്റ്റോപ്പ് എത്തുന്നതിന് മുൻപ് ഇറങ്ങിപ്പോയിട്ടുണ്ടാവുക. ഉറപ്പാണ് സർ… നിങ്ങളോട് ബസ് നിർത്തിത്തരാമോ എന്ന് ചോദിച്ചിട്ടുള്ള സ്ത്രീകളുടെ രണ്ടിരട്ടി വരും മിണ്ടാൻ പറ്റാതെ ഇറങ്ങിപ്പോയവർ. ഞാൻ യാത്ര ചെയ്തിരുന്നത് പകലായിരുന്നുവെങ്കിൽ, എന്തിന് മറ്റൊരു സീറ്റിലായിരുന്ന വെങ്കിൽ പേട്ടയിൽ ഇറങ്ങുകയേ ഉണ്ടായിരുന്നുള്ളൂ..

ഇനി പ്രധാന പോയിന്റ്. KSRTC ജീവനക്കാരുടെ സേവനം കണ്ടില്ലെന്ന് നടിക്കരുത്. മജോരിറ്റി സർക്കാർ ജീവനക്കാർ കൃത്യസമയത്ത് ജോലി സ്ഥലത്ത് എത്തുന്നത് KSRTC യുടെ സേവനം സ്വീകരിച്ചാണ്. അവർ കൃത്യമായ ശമ്പളത്തിനും ,അതും ഉയർന്നത്, ആനുകൂല്യത്തിനും അർഹരാണ്. സർക്കാർ ശമ്പളവും പെൻഷനും ഏറ്റെടുക്കണം. #SaveKSRTC #Salaryandpensionistheirright.

വരികള്‍ – ഡിംപിള്‍ റോസ്.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply