ഇന്ധനവില കുറഞ്ഞിട്ടും അതിന്റെ നേട്ടം ജനങ്ങളിലെത്തുന്നുണ്ടോയെന്നുള്ള പരിശോധനയൊന്നും ഒരുകോണില്‍നിന്നും ഉയരുന്നില്ല. അതുകൊണ്ടു സര്‍ക്കാരാകട്ടെ ആ നിലയ്ക്ക് നടപടികള്‍ എടുക്കാനും തുനിയുന്നില്ല.
ആഗോളവിപണിയില്‍ അസംസ്കൃത ഇന്ധനവില അടിക്കടി കുറഞ്ഞുവരികയാണ്. വില ഈ നിലയില്‍ നിന്ന് ഇനിയും നിലംപൊത്തുമൊന്നൊക്കെയാണ് രാജ്യാന്തര മാധ്യമങ്ങളില്‍ നിറയുന്നത്. ആഗോളവിലയിടിവിന്റെ ചുവടൊപ്പിച്ച് ഡീസലിനും പെട്രോളിനും ആഭ്യന്തരവിപണിയില്‍ വില കുറഞ്ഞുവരുന്നുമുണ്ട്. ഇതില്‍ ഡീസലിന്റെ വിലയാണു പൊതുജനങ്ങളെ പെട്ടെന്നു ബാധിക്കുന്നത്. സേവന മേഖലയില്‍ ഡീസല്‍ ഇന്ധനമാണു കൂടുതലായി ഉപയോഗിക്കപ്പെടുന്നത്. ട്രെയിന്‍, ബസ്, ടാക്സി, ട്രക്ക് എന്നിവയൊക്കെ ഡീസല്‍ ഇന്ധനമാക്കി ഓടുന്നതിനാല്‍ ഇതിലെ വിലക്കുറവ് ഈ സേവനമേഖലയില്‍ പ്രതിഫലിക്കേണ്ടതാണ്. ഡീസല്‍ വില കൂടിയാല്‍ പൊതുവേ വിലക്കയറ്റം ഉണ്ടാകും. ഡീസല്‍ വിലകൂടിയപ്പോള്‍ സാധനസാമഗ്രികള്‍ക്ക് അതിനൊപ്പം വിലകൂടിയെങ്കിലും ഇന്ധനവില വില കുറഞ്ഞപ്പോള്‍ അതിനു മാറ്റമില്ലാത്തതെന്തുകൊണ്ട് എന്ന് ആലോചിക്കാത്തവരുണ്ടാകില്ല.
ഡീസല്‍ വില കൂടിയപ്പോള്‍ ഉയര്‍ത്തിയ ബസ്, ടാക്സി, ഓട്ടോ നിരക്കുകള്‍ കുറഞ്ഞിട്ടില്ല. ഭക്ഷ്യവസ്തുക്കളില്‍ പച്ചക്കറിയുടെ വിലയില്‍ മാത്രമാണ് സമീപകാലത്ത് വിലയിടിവ് സംഭവിച്ചത്. അതിനാകട്ടെ രാജ്യാന്തര ഇന്ധനവിലയുമായി പുലബന്ധവുമില്ല. മറ്റൊന്നിനും വിലകുറഞ്ഞിട്ടില്ല.
ഒരു വര്‍ഷത്തിനിടെ ഡീസല്‍ വില ലിറ്ററിന് 15 രൂപയോളം കുറഞ്ഞുകഴിഞ്ഞിട്ടും യാത്രാനിരക്കുകളില്‍ കുറവുവരാത്തതാണ് ഇതില്‍ ഏറെ ദുരൂഹം. പ്രത്യക്ഷത്തില്‍ ജനങ്ങളെ ഏറ്റവും ബാധിക്കുന്ന ഈ വിഷയത്തെക്കുറിച്ച് ആരും കാര്യമായി പ്രതികരണത്തിനു മുതിര്‍ന്നിട്ടില്ല എന്നതും ആശ്ചര്യകരം. മറ്റെവിടെയും ഇല്ലാത്ത ഉയര്‍ന്ന യാത്രാനിരക്കുകളാണ് കേരളത്തിലെ ബസുകളിലുള്ളതെന്ന് പരക്കേ ആക്ഷേപമുണ്ട്. പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ആര്.ടി.സിയും സ്വകാര്യബസുകളുമാണ് കേരളത്തിലെ പൊതുഗതാഗതത്തിനുള്ള മാര്‍ഗങ്ങള്‍. ഡീസല്‍ വില വര്‍ധനയെത്തുടര്‍ന്ന് റെയില്‍വേയും നിരക്കുയര്‍ത്തിയിരുന്നു. യാത്രയ്ക്കും ചരക്കുനീക്കത്തിനും റെയില്‍വേ കുത്തനെയായിരുന്നു നിരക്ക് വര്‍ധിപ്പിച്ചിരുന്നത്.
കേരളത്തില്‍ ബസില്‍ പോകുന്ന കാശുണ്ടെങ്കില്‍ രണ്ടുപേര്‍ക്ക് ബൈക്കില്‍ യാത്രചെയ്ാമെന്നയാണു സ്ഥിതി. ഡീസല്‍ വിലയിടിഞ്ഞതോടെ നാലാള് കാറില്‍ പോയിവരുന്നതിനും ചെലവ് ബസ് ടിക്കറ്റിനോളമേ വരൂ. കേരളത്തില്‍ സ്വകാര്യ ബസ് ലോബിയുടെ പിടിമുറുക്കം അതിശക്തമാണ്. രാഷ്ട്രീയ സ്വാധീനമാണ് ഇവര്‍ക്കു കരുത്തേകുന്നതും. നിരക്ക് കൂട്ടാന്‍ സര്വസമ്മര്ദങ്ങളും ഇവര്‍ നടത്തുമ്പോള്‍ അണിയറയില്‍ കെ.എസ്.ആര്.ടി.സിയും ഇതിനു സഹായമേകുന്നതാണു കണ്ടുവരുന്നത്. കാരണം നിരക്കു കൂട്ടേണ്ടത് ഈ പൊതുമേഖലാ സ്ഥാപനത്തിന്റെയും ആവശ്യമാണ്. പെന്‍ഷനും ശമ്പളവും പോലും കൊടുക്കാന്‍ കഷ്ടപ്പെടുന്ന ഇതുപോലൊരു പൊതുമേഖലാ സ്ഥാപനം മറ്റൊന്നുണ്ടാകില്ല. ഈ നഷ്ടത്തിനിടയില്‍ നിരക്കു കുറയ്ക്കുക എന്നത് ഇന്നത്തെ അവസ്ഥയില്‍ കെ.എസ്.ആര്.ടി.സിയെ സംബന്ധിച്ച് അചിന്ത്യം. പ്രതിദിനം നാലരലക്ഷം ലിറ്റര്‍ ഡീസല്‍ കെ.എസ്.ആര്.ടി.സി. അടിക്കുന്നുണ്ടെന്നാണു കണക്ക്. ഏകദേശം 65 ലക്ഷം രൂപ ഈയിനത്തില്‍ മാത്രം വരുമാനം നേടാന്‍ കെ.എസ്.ആര്.ടി.സിക്ക് അതുകൊണ്ട് സാധിക്കുന്നുണ്ട്.
നാറ്റ്പാക്കിന്റെ ശിപാര്‍ശ പ്രകാരമാണ് 2014 മേയ് 20 നു ബസ് യാത്രാനിരക്കു പുതുക്കിയത്. ഒരു ഓര്‍ഡിനറി ബസ് ഒരു കിലോമീറ്റര്‍ ഓടാന്‍ വരുന്ന ചെലവ് 37.29 രൂപയാണെന്ന നാറ്റ്പാക്ക് കണക്കിന്റെ അടിസ്ഥാനത്തിലാണ് യാത്രാനിരക്കുയര്ത്തിയത്. ഓര്‍ഡിനറിയുടെ മിനിമം ചാര്‍ജ് ആറില്‍ നിന്ന് ഏഴാക്കുകയും കിലോമീറ്റര്‍ ചാര്‍ജ് 58 പൈസയില്‍ നിന്ന് 64 ആക്കുകയുമായിരുന്നു അന്നു ചെയ്തത്. 2015 ഏപ്രിലിലോടെ ഡീസല്‍ നിരക്ക് ലിറ്ററിന് പത്തുരൂപയോളം കുറഞ്ഞു. പിന്നീടും വിലകുറഞ്ഞാണ് ഇന്നത്തെ വിലയില്‍ എത്തിനില്‍ക്കുന്നത്.
നിരക്കു വര്‍ധന തന്നെ വലിയൊരു തട്ടിപ്പാണെന്നാണ് ഇന്ന് പൊതുസമൂഹം വിശ്വസിക്കുന്നത്. ഇക്കാര്യത്തില്‍ നാറ്റ്പാക്ക്, ജസ്റ്റീസ് രാമചന്ദ്രന് കമ്മിഷന് റിപ്പോര്‍ട്ട് എന്നിവയില്‍ മുറുകെപ്പിടിക്കുകയാണു സ്വകാര്യ ബസുടമകളും കെ.എസ്.ആര്.ടി.സിയും. ഡീസല്‍ വില വര്‍ധിച്ചപ്പോഴാണു ചെലവുകൂടുന്നു എന്ന മുറവിളിയുമായി ബസ് നിരക്ക് കൂട്ടിയത്. ഡീസല്‍ വില കുറഞ്ഞപ്പോള്‍ സ്പെയര്പാര്ട്സിലും നികുതിയിലും പിടിച്ചാണ് ആവലാതികളുടെ കെട്ടഴിക്കുന്നത്. ഈ അസംബന്ധ നാടകം ആവര്‍ത്തിക്കുന്നത് കീശവീര്പ്പിക്കാനല്ലാതെ മറ്റൊന്നിനുമല്ല എന്നതാണ് യാഥാര്‍ഥ്യം. പക്ഷേ, അതു മൂടിവയ്ക്കപ്പെടുന്നു എന്നതാണ് വസ്തുത. അതുകൊണ്ടുള്ള യഥാര്‍ഥ നഷ്ടമാകട്ടെ പൊതുസമൂഹത്തിനും.
News: Mangalam