ഒരു കാലത്തിന്റെ ഏറ്റവും മനോഹരമായ നിർമിതി. വാഹനപ്രേമികളുടെ തലക്കുപിടിച്ച ഒരു മോട്ടോർ സൈക്കിൾ. ഇതാണ് യമഹ എന്ന കമ്പനിയുടെ പേര് സുവർണ ലിപികളിൽ എഴുതിച്ച വാഹനം. ലളിതവും മെലിഞ്ഞതുമായ രൂപം. മനോഹരമായ ഇരമ്പല്‍ ശബ്ദം. 2 ടി ഓയില്‍ കത്തിയുള്ള വെള്ളപ്പുകയുടെ ഫ്രൂട്ടി മണം. ഒരുതലമുറയെ മുഴുവന്‍ ഇന്നും ഓര്‍മ്മകളിലേക്ക് വഴിനടത്തുകയാണ് ഈ ഇരുചക്രവാഹനം.
ഒരു കാലത്ത് കാമ്പസുകളുടെ ആവേശമായിരുന്നു ഈ മെലിഞ്ഞ സുന്ദരന്‍. ഇവന്റെ പേര് ഇരുചക്ര വാഹന പ്രേമികളുടെ ചുണ്ടിലും നെഞ്ചിലും ഇന്നും മായാതെ അവശേഷിക്കുന്നു. പറഞ്ഞു വരുന്നത് ആരെക്കുറിച്ചാണ് എന്നാവും. പലര്‍ക്കും ഇപ്പോള്‍ തന്നെ ഉത്തരം ലഭിച്ചിട്ടുണ്ടാകം. സംശയിക്കേണ്ട. നമ്മുടെയൊക്കെ സ്വന്തം യമഹ ആര് എകസ് 100.
1985 ലാണ് ജപ്പാന് കമ്പനിയായ യമഹ ആര്‍എക്സ് 100 നു രൂപം കൊടുക്കുന്നത്. അതേവര്‍ഷം നവംബറില്‍ വിപണി പ്രവേശം. 98 സി സി ശക്തിയുള്ള ടൂ-സ്ട്രോക്ക് എഞ്ചിൻ. എയർ കൂളിങ് സിസ്റ്റം. 1985ന്റെ ഒടുവിലും -86 ന്റെ തുടക്കത്തിലുമാണ് ഇന്ത്യന്‍ നിരത്തില്‍ ഇവന് അവതരിക്കുന്നത്. ജപ്പാനില്‍ നിന്ന് ഇറക്കുമതി ചെയ്ത ഘടകങ്ങള്‍ ഇന്ത്യയില്‍ അസംബിള്‍ ചെയ്തായിരുന്നു നിര്‍മ്മാണം. എസ്കോര്ട്സ് ലിമിറ്റഡുമായി സഹകരിച്ചായിരുന്നു യമഹ ആര്‍എക്സ് 100 നെ ഇന്ത്യന്‍ വിപണിയിലിറക്കിയത്.
ഒരു കാലത്ത് കാമ്പസ് യുവത്വത്തെ ഹരം കൊള്ളിച്ചിരുന്നു ആര് എക്സ് 100. അതിന്റെ ഇരമ്പല്‍ ശബ്ദം ബുള്ളറ്റിന്റെ ഫട് ഫടിനേക്കാളും ക്യാമ്പസുകളെ പുളകം കൊള്ളിച്ചിരുന്ന കാലം. യമഹയ്ക്ക് ഇന്ത്യന്‍ വിപണിയില്‍ ജനപ്രീതി നേടിക്കൊടുത്തതില്‍ ഒന്നാമന്. ബുള്ളറ്റ് കഴിഞ്ഞാല്‍ ഏറ്റവും ആരാധകരുള്ള മോട്ടോര്‍ സൈക്കിളും ആര് എക്സ് 100 തന്നെയായിരുന്നു.
എന്നാല്‍ മലിനീകരണനിയന്ത്രണ നിയമങ്ങള്‍ കര്‍ശനമാക്കിയത് ടൂ സ്ട്രോക്ക് എന്‍ജിനുള്ള ആര്‍എക്സ് മോഡലുകള്‍ക്ക് തിരിച്ചടിയായി. പുതിയ മലിനീകരണ നിയന്ത്രണ നിയമങ്ങള്‍ പാലിക്കാന്‍ ആര്‍എക്സ് 100 നു കഴിഞ്ഞില്ല. തുടര്‍ന്ന് 1996 മാര്‍ച്ചില്‍ ആര്‍എക്സ് 100 ന്റെ ഉത്പാദനം യമഹ അവസാനിപ്പിച്ചു. 2000-2001 കാലത്ത് 14 ബിഎച്ച്പി കരുത്തുമായി പുതിയ ആര്‍എക്സ് 135 , ആര്‍എക്സ് സെഡ് മോഡലുകള്‍ വിപണിയിലെത്തി. 2003 വരെ ഈ മോഡല്‍ വില്‍പ്പനയ്ക്കുണ്ടായിരുന്നു. 2005 ഓഗസ്റ്റ് വരെ കമ്പനിയില്‍ നിന്ന് ഓര്‍ഡര്‍ ചെയ്തു ആര്‍എക്സ് 135 വാങ്ങാനാവുമായിരുന്നു.
പക്ഷേ ആദ്യമിറങ്ങിയ ആര്‍എക്സ് 100ന്റെ പെരുമയിലേക്ക് പിന്നീട് വന്ന ആര്‍എക്സ് ശ്രേണി ബൈക്കുകള്‍ ഉയര്‍ന്നില്ലെന്നതാണ് സത്യം. യൗവ്വനത്തിന്റെ തുടിപ്പും ഓര്‍മ്മകളുമായി പഴയ ആര്‍എക്സ് 100 ന്റെ ഇരമ്പല്‍ ശബ്ദം നെഞ്ചില്‍ കൊണ്ടു നടക്കുന്ന ഒരു വലിയ കൂട്ടം ആളുകള്‍ ഇപ്പോഴുമുണ്ട്. പലരും നിധി കാത്തു സൂക്ഷിക്കുന്നതു പോലെ ഈ മോട്ടോര്‍ സൈക്കിളിനെ സൂക്ഷിച്ചു വച്ചിട്ടുണ്ട്. എത്ര വില കൊടുത്തും ഇവനെ സ്വന്തമാക്കാന്‍ പലരും പണമൊരുക്കി വച്ച് കാത്തിരിപ്പുമുണ്ട്.
ഈ ടു സ്ട്രോക്ക് മോട്ടോര്‍ സൈക്കിള്‍ നിങ്ങള്‍ക്ക് ഇപ്പോഴുമുണ്ടെങ്കില്‍ അഭിമാനിക്കാം. കാരണം അടുത്തെയിടെ ബംഗലൂരുവിലെ ഒരു യമഹ ഡീലര്‍ ഏഴ് ബൈക്കുകള്‍ ആര്‍എക്സ് 100ഉം 135ഉം ഉള്‍പ്പടെ ലേലത്തില്‍ വച്ചപ്പോള്‍ 1.5 ലക്ഷം മുതല്‍ 1.65 ലക്ഷംവരെ രൂപയ്ക്കാണ് ഓരോന്നും വിറ്റുപോയത്. അന്ന് ഏഴ് ഭാഗ്യവാന്മാര്ക്കാണ് ഈ കിടിലന്‍ ബൈക്കുകള്‍ ലഭിച്ചത്. നിരവധിപ്പേരാണ് അന്ന് നിരാശരായി മടങ്ങിയത്.
കടപ്പാട് – മഹേഷ് പി.എസ്.