9 മണിക്കൂർ കൊണ്ട് കർദുംഗ്ല നടന്നു കീഴടക്കിയ കഥ…

വിവരണം – Parvez Elahi‎.

12 സംസ്ഥാനങ്ങൾ..നടന്നുതീർത്തത് 510 കിലോമീറ്റർ… എന്റെ യാത്ര തുടങ്ങിയിട്ട് ഇന്നേക്ക് 33 ദിന-രാത്രങ്ങൾ പിന്നിട്ടിരിക്കുന്നു, 12 സംസ്ഥാനങ്ങളിലൂടെ 510 കിലോമീറ്ററോളം നടന്നു തീർത്ത ഈ യാത്രയിലെ ഏറ്റവും സാഹസികമായ ‘കർദുംഗ്ലയിലേക്കുള്ള’ കാൽ നട യാത്ര ജീവിതത്തിനും മരണത്തിനുമിടയിലൂടെയുള്ള സഞ്ചാരമായിരുന്നു. ലോകത്തിന്റെ നെറുകയെന്നു സഞ്ചാരികൾ കുറിച്ച ‘കർദുംഗ്ലയിൽ’ നിന്നു ലോകത്തെ നോക്കി സ്വയംമറന്നിരിക്കാൻ കൊതിക്കാത്ത ഒരു സഞ്ചാരിപോലുമുണ്ടാവില്ല. സമുദ്ര നിരപ്പിൽ നിന്നും ‘17982’ അടി ഉയരം,
മലയുടെ മാറ് പിളർനെന്നോണം വളഞ്ഞു കിടക്കുന്ന വഴികൾ, ചുറ്റിലും കൂറ്റൻ പർവതങ്ങൾ, കണ്ണെത്താ ദൂരത്തു മഞ്ഞു മൂടി കിടക്കുന്ന ഹിമ സാനുക്കൾ, സ്വർഗ്ഗമെന്നു കാലം വാഴ്ത്തിയ കർദുംഗ്ല.

കാലത്തു 7 മണിക്ക് ലേയിൽ നിന്നും കർദുംഗ്ലയിലേക്ക് പോവുന്ന ഒരു ബൈക്ക് യാത്രികന്റെ പിന്നിലിരുന്നു കൊണ്ട് കർദുംഗ്ല ചെക്ക് പോസ്റ്റ്‌ വരെ എത്തിപ്പെട്ടു. പെർമിറ്റുമായി ചെക്ക് പോസ്റ്റ്ൽ കയറി, 200 രൂപ കൊടുത്തു കഴിഞ്ഞ ദിവസം കർദുംഗ്ലയിലേക്കുള്ള പെർമിറ്റ് തരപ്പെടുത്തിയിരുന്നു. കർദുംഗ്ല നടന്നു കയറാനുള്ള ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ തീർത്തും അത്ഭുതം നിറഞ്ഞ കണ്ണുകളോടെ അവർ എന്നേ നോക്കി. എതിർപ്പ് നിറഞ്ഞ സ്വരത്തോടു കൂടിയുള്ള സംസാരമായിരുന്നു ചെക്ക് പോസ്റ്റിൽ, അപകടം നിറഞ്ഞ വഴികളാണ് നടന്നു കയറുക എന്നുള്ളത് മരണം ചോദിച്ചു വാങ്ങുന്നതിനു തുല്യമാണ്, പക്ഷേ ഞാൻ വിടാൻ തയ്യാറായിരുന്നില്ല എന്റെ യാത്രകളെ പറ്റിയും, ഇന്ത്യ നടന്നു കാണാനുള്ള ആഗ്രഹവുമൊക്കെ പറഞ്ഞു തീർത്തപ്പോൾ അവർ ഇത്തിരി ഒന്നു അയഞ്ഞു,

ഇത്രയും കിലോമീറ്ററുകൾ താണ്ടി കശ്മീരിന്റെ മണ്ണിൽ കാലു കുത്തിയത് പോലും ഈ ഒരു ദിനത്തിന് വേണ്ടിയാണു എന്നു കൂടി പറഞ്ഞപ്പോൾ ഒരുപാടു നേരത്തെ ഉപദേശങ്ങൾക് ശേഷം പെർമിറ്റ്‌ പാസ്സാക്കി എന്റെ യാത്രയ്ക്ക് അവർ വെള്ള കൊടി കാട്ടി. കേട്ടു നിന്നവർ പലരും ഹസ്ത ദാനം നൽകി, ചിലർ കെട്ടിപിടിച്ചു. എന്റെ മുന്നിൽ വലിയ നിരയാണ് ആഡംബര ബൈക്ക്കളുടെ വക്താക്കൾ, ടാക്സികൾ. എനിക്ക് സ്വന്തമെന്നു പറയാൻ ആകേ ഉള്ളത് എന്റെ രണ്ട് കാലുകളും, തോളിൽ തൂകിയേക്കുന്ന എന്റെ ഭാണ്ഡവും മാത്രമാണ്. മുന്നിൽ നീണ്ടു കിടക്കുന്നു 35 കിലോമീറ്റർ ദൂരമുള്ള സാഹസികമായ പാത, കീഴടക്കേണ്ടത് ലോകത്തേ നോക്കി തലയെടുപ്പോടെ നിൽക്കുന്ന കർദുംഗ്ലയേ.
എന്റെ കാലും, ആ കാണുന്ന കർദുംഗ്ലയും പടച്ചത് ഒരേ പടച്ചോനല്ലേ ?? എന്നു മാത്രം ചിന്തിച്ചു നടത്തം ആരംഭിച്ചു.
രണ്ട് കുപ്പി വെള്ളവും, ശ്രീനഗറിൽ എനിക്ക് കിടക്കാൻ ഒരിടം തന്ന നൂർ മുഹമ്മദ്‌ പൊതിഞ്ഞു തന്ന ഉണക്ക പഴങ്ങളും മാത്രമാണ് കൈയിലുള്ളത്. മനസ്സും ശരീരവും കർദുംഗ്ല എന്ന് മാത്രം മന്ത്രിച്ചു.

കിതപ്പ് കൂടി, ശ്വാസം തടയുന്നത് പോലെ, വഴിയിൽ കടന്നു പോകുന്ന ബൈക്ക് യാത്രികർ പലരും കൈ ഉയർത്തി ഇടയ്ക്കിടെ ആവേശം നൽകി. എവിടെയൊക്കെയോ ചുവടുകൾ പിഴച്ചു, ബോധം നഷ്ട്ടപെട്ടവനെ പോലെ മലഞ്ചെരുവിൽ വീണു, ഉയരങ്ങളിൽ എത്തും തോറും ശ്വാസിക്കാൻ പാറ്റാതെയായി. അവശനാവുമ്പോൾ മുഖത്തോട്ട് വെള്ളം ദാരായി ഒഴിക്കും, ഇരിക്കും, കിടക്കാൻ തോന്നിയപ്പോൾ കിടന്നു, വഴീലൂടെ പോവുന്ന ഒരുപാട് പേര് വണ്ടി നിർത്തി കാര്യങ്ങൾ അന്വേഷിച്ചു, കർദുംഗ്ല നടന്നു കയറാനുള്ള എന്റെ മോഹം കേട്ട് അവർ വെള്ളവും,ഭക്ഷണവും പലതും നൽകി.

സമയം ഉച്ചയോടടുക്കുന്നു, നടത്തം തുടങ്ങിയിട്ട് 5 മണിക്കൂർ കഴിഞ്ഞിരിക്കുന്നു. പെട്ടെന്ന് ശക്തിയേറിയ കാറ്റു വീശി, മണൽ കാറ്റായി മാറി മുന്നോട്ടേക്കുള്ള യാത്ര തീർത്തും ദുർഘടമായ ഒന്നായി. കാറ്റു നിൽക്കും വരെ അടുത്തുള്ള പാറക്കെട്ടിൽ ഇരുന്നു, മുഖത്തോട്ട് വെള്ളം ദാരായി ഒഴിച്ചു , കിടക്കാൻ തോന്നിയപ്പോൾ കിടന്നു.
വീണ്ടും നടത്തം തുടർന്നു. !! സൂര്യൻ തലയ്ക്കു മീതെ കത്തി നിൽപ്പുണ്ട്, ചുറ്റിലും വലയം ചെയ്യുന്ന പടു കൂറ്റൻ പർവതങ്ങൾക്കിടയിൽ ഒരു ഉറുമ്പിനോളം ചെറുതായി തോന്നിയ നിമിഷങ്ങൾ, കിതപ്പ് വിടുന്നില്ല, മനസ്സ് മാറരുത്,
ശരീരവും മനസ്സും ഒരേ ദിശയിൽ പോണം…!! മനസ്സ് മാറരുത്..!! ഞാൻ എന്നോട് തന്നെ ഒരു നൂറു തവണ പറഞ്ഞു കൊണ്ടേ ഇരുന്നു. വീണ്ടും കിതപ്പ്….

പെട്ടെന്ന് ഉപ്പയുടെ മുഖം മനസ്സിൽ വന്ന പോലെ, ഉപ്പ എന്നെ ഉറക്കാൻ പാടുന്ന ഒരു പാട്ട് ചുണ്ടിൽ വന്നു “എന്നേ പേടിച്ചോർക്ക് ഏതും പേടിക്കേണ്ട എന്നേ പേടിച്ചോർക്ക് ഞാൻ കാവലുണ്ടെന്നും” ചുണ്ടുകൾ പാട്ടിനൊത്തനങ്ങി, മനസ്സ് എവിടേക്കോ പോയി ഓർമ്മകളും. പെട്ടെന്ന് മുന്നിൽ എന്തോ തെളിഞ്ഞത് പോലെ ‘ബോർഡർ റോഡ് വെൽകമ്സ് യു ടു കർദുംഗ്ല ദി ടോപ് ഓഫ് ദി വേൾഡ്’…. !! ഇപ്പോൾ നുബ്രയിലേക്ക് സാധനവുമായി പോവുന്ന ഒരു ചരക്ക് ലോറിയിലാണ്‌ എന്റെ യാത്ര തുടരുകയാണ്. പറയാൻ ഒരുപാടുണ്ട്, കൊതി തീരുവോളം എഴുതാനുണ്ട്, പറയാം വഴിയേ…

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply