വിവരണം – സാദത്ത് അൻവർ.
യേശുദേവന്റെ ജീവിതത്തിൽ പന്ത്രണ്ടു മുതൽ ഇരുപത്തി ഒൻപതു വയസ്സ് വരെയുള്ള കാലഘട്ടം അജ്ഞാത വാസം എന്ന് വിശേഷിപ്പിക്കപ്പെടുന്നു. നസറെത്തിൽ ജീവിച്ചു എന്നാണ് ഭൂരിപക്ഷം പേരും പറയുന്നതെങ്കിലും കൂടുതൽ അറിവിനായി അദ്ദേഹം ഇന്ത്യയിൽ ഹിമാലയത്തിലേക്ക് യാത്ര ചെയ്തു എന്ന് വിശ്വസിക്കുന്നവരും കുറവല്ല. പുരിയിലെ ആചാര്യൻമാരിൽ നിന്ന് ഹിന്ദു മതത്തെ കുറിച്ച് പഠിച്ചതായും തുടർന്ന് ടിബറ്റ് വഴി ലഡാക്കിലെ ഹെമിസ് മൊണാസ്റ്ററിയിൽ എത്തി ബുദ്ധമതതെ കുറിച്ച് മനസിലാക്കി എന്നും അവിടെ നിന്ന് കാശ്മീർ സന്ദർശിച്ചു എന്നും ഒക്കെ ചരിത്രകാരൻമാർക്കിടയിൽ പല വാദങ്ങൾ ഉണ്ട്. ചരിത്രം എന്ത് തന്നെ ആയാലും യേശുവിന്റെ പേരിനോട് ചേർത്ത് അറിയപ്പെടുന്ന ഒരു സ്ഥലം ഉണ്ട് കശ്മീരിൽ. അതാണ് യൂസ്മാർഗ്. (Meadow of Jesus,Yusa=യേശു, marg =പുൽമേട് ).
ശ്രീനഗറിൽ നിന്നാണ് ഞങ്ങൾ യാത്ര തുടങ്ങിയത്.പകുതി എത്തുമ്പോൾ ഒരു ചെക്ക് പോസ്റ്റ് ഉണ്ട്. അന്ന് ആ വഴി ടൂറിസ്റ്റു വാഹനങ്ങൾ ഒന്നും വന്നിട്ടില്ല എന്നും ഹർത്താൽ ആയതു കൊണ്ട് സൂക്ഷിച്ചു പോകണമെന്നും അവിടെ ഉണ്ടായിരുന്നയാൾ മുന്നറിയിപ്പ് നൽകി. കുറച്ചു ദൂരം കഴിഞ്ഞപ്പോൾ ഒരാൾ വണ്ടി കൈ കാണിച്ചു. ആ നാട്ടുകാരിൽ ഒരാൾ കൊല്ലപ്പെട്ടത് കൊണ്ട് ജനങ്ങൾ കടുത്ത പ്രതിഷേധത്തിലാണ് സഹകരിക്കണം എന്നും അഭ്യർത്ഥിച്ചു . ഇനി മുന്നോട്ടു പോകുന്നത് ഒട്ടും സുരക്ഷിതമല്ലാത്തതിനാൽ ഞങ്ങൾ തിരിച്ചു ശ്രീനഗറിലേക് മടങ്ങി.റൂമിൽ എത്തിയപ്പോൾ അറിഞ്ഞത് ഞങ്ങൾ പോയ വഴിയിൽ നിന്ന് കുറച്ചു ദൂരെ ഗുൽമാർഗ റൂട്ടിൽ ഒരു ടൂറിസ്റ്റു കല്ലേറിൽ കൊല്ലപ്പെട്ടു എന്ന്. ആ സംഭവം മൂലം ഹർത്താൽ എല്ലാം അവസാനിച്ചു.
അടുത്ത ദിവസം വീണ്ടും ഞങ്ങൾ യൂസ്മാർഗിലേക് തിരിച്ചു. ശ്രീനഗർ എയർ പോർട്ടിന് പുറകിലൂടെയുള്ള മറ്റൊരു വഴിയായിരുന്നു യാത്ര. നെൽ കൃഷിയാണ് ഇരുവശങ്ങളിലും. തലേ ദിവസം പെയ്ത മഴയിൽ പാടത്തു വെള്ളം കെട്ടി കിടക്കുന്നു. ദൂരെ മഞ്ഞു വീണ മലനിരകൾ ആ വെള്ളത്തിൽ പ്രതിഫലിക്കുന്നു. ഇടുങ്ങിയ തിരക്കുള്ള വഴിയിൽ വണ്ടി നിറുത്താൻ പറ്റാത്തത് കൊണ്ട് ഫോട്ടോ എടുക്കാൻ നിന്നില്ല. ചടൂര എന്ന ടൗൺ എത്തി, പിന്നെ അങ്ങോട്ട് മെയിൻ റോഡ് ആണ്. ശ്രീനഗർ നിന്ന് തുടങ്ങുന്ന മറ്റു റൂട്ടുകളിൽ നിന്ന് വ്യത്യസ്തമായി അൽപ്പം ആധുനികതയൊക്കെ ഈ റൂട്ടിൽ ഉണ്ട്. ആപ്പിൾ തോട്ടങ്ങൾ കിലോമീറ്റർ നീളത്തിൽ ദൂരെ മഞ്ഞു മലകളുടെ താഴെ വരെ കാണാം.
മിലിറ്ററി ക്യാമ്പുകളും മറ്റും പിന്നിട്ട് അടുത്ത പ്രധാന സ്ഥലമായ ചാരാർ ഇ ഷെരീഫ് എത്തി. ഇവിടെ പുരാതനമായ ഒരു പള്ളി ഉണ്ട്. അത് കണ്ട ശേഷം മെമ്മറി കാർഡ് വാങ്ങാനായി ഞാൻ ഒരു മൊബൈൽ ഷോപ്പിൽ കയറി. അവിടെ ചുമരിൽ എഴുപതുകളിലോ മറ്റോ എടുത്ത ഒരു ഫോട്ടോ തൂങ്ങികിടക്കുന്നു. സിനിമതാരം ധർമേന്ദ്രയും മറ്റൊരാളും. കടയുടമയുമായി ഉള്ള സാദൃശ്യം മൂലം ഞാൻ അതാരാണെന്ന് ചോദിച്ചു. തെല്ലൊരഭിമാനത്തോടെ അയാൾ പറഞ്ഞു ‘യൂസ്മാർഗ് ഒരു കാലത്ത് ഹിന്ദി സിനിമക്കാരുടെ ഇഷ്ടലൊക്കേഷൻ ആയിരുന്നു. ഇവിടെ നടന്ന ഷൂട്ടിംഗ് കാണാൻ പോയപ്പോൾ ഒത്തുകിട്ടിയ ഒരു ഫോട്ടോ ആണിത്. ആ കാലഘട്ടം ഒക്കെ പോയി.ഇപ്പോൾ ആരും വരാതെയായി ‘.
പിന്നീട് അങ്ങോട്ട് ചുരം കയറിയുള്ള യാത്രയാണ്. ഗാംഭീര്യത്തോടെ തലയുയർത്തി നിൽക്കുന്ന മഞ്ഞു മലകൾ കണ്ടതോടെ ഞങ്ങൾ ഒന്ന് ഇറങ്ങി ആ കാഴ്ചകൾ മനസ്സിൽ പകർത്തി. വീണ്ടും മുന്നോട്ടു, സ്ഥലം എത്തി, യൂസ് മാർഗ് ഡെവലൊപ്മെന്റ് അതോറിറ്റിയുടെ ചെക്ക് പോസ്റ്റിൽ നിന്ന് ടിക്കറ്റ് വാങ്ങി. വണ്ടി പാർക് ചെയ്തു. വിശാലമായ പുല്മേടുകളാണ് ആദ്യം നമ്മുടെ ശ്രദ്ധ ആകർഷിക്കുന്നത്. തട്ടു തട്ടായി കിടക്കുന്ന പുൽമേടുകൾ ചെന്ന് അവസാനിക്കുന്നത് പൈൻ കാടുകളിൽ. അതിനിടയിൽ രണ്ടു ഹട്ടുകൾJktdc യുടെ താണ്. 700-1000 രൂപ വാടകയിൽ ഡബിൾ റൂം കിട്ടും. ഓൺലൈനിൽ ബുക്ക് ചെയ്യാം.
തലേ ദിവസം അവിടെ താമസിച്ച ശേഷം മുഴുവൻ നടന്നു കാണാൻ ആയിരുന്നു ആദ്യ പ്ലാൻ. ഹർത്താൽ ഞങ്ങളുടെ ഒരു ദിവസം നഷ്ടപ്പെടുത്തി. അത് കൊണ്ട് ഒരുപാട് സമയം കളയാതെ കുതിര പുറത്തു കയറി സ്ഥലങ്ങൾ കാണാം എന്ന് കരുതി. കുറച്ചു കുതിരക്കാർ ഇരുപ്പുണ്ട്. ഒരു പാട് പ്രതീക്ഷയോടെ അവർ ഞങ്ങളെ സമീപിച്ചു. ഗവണ്മെന്റ് റേറ്റ് അവിടെ ഒരു ബോഡിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. അതിലും കുറഞ്ഞ റേറ്റ് ആണ് കുതിരക്കാർ ചോദിക്കുന്നത്. ഗുൽമാർഗിലെയോ പെഹൽഗാമിലെയോ പോലെ അല്ല ഇവർ, വളരെ ഫ്രണ്ട്ലി ആണ്. അങ്ങനെ റേറ്റ് പറഞ്ഞുറപ്പിച്ച ശേഷം സവാരി തുടങ്ങി. നാല് കുതിരക്കാർ, അതിൽ ഒരാൾ കോളേജ് വിദ്യാർത്ഥിയാണ്. ഇത് അവന്റെ പാർട്ട് ടൈം ജോലിയാണ്. പുൽ മേടുകൾക്ക് ഇടയിലൂടെ, ഗുജ്ജർ കുടിലുകൾ പിന്നിട്ട് ഞങ്ങൾ കൊടും കാട്ടിലേക്ക് കയറി. ഈ കാടുകൾക്കിടയിലൂടെ ഒരു പകൽ മുഴുവൻ നടന്നാൽ ഗുൽമാർഗിൽ എത്താം. മറ്റൊരു വഴിയിൽ കൂടി ഞങ്ങൾ ഒരു പഴതോട്ടത്തിൽ എത്തി. സ്ട്രാബെറി, പ്ലം ഇവയുടെ തോട്ടം ആണ് . ഇപ്പോൾ അവ മൊട്ടിട്ട് തുടങ്ങി, ഇനിയും രണ്ടു മാസം കഴിഞ്ഞാൽ ഈ താഴ്വര മുഴുവൻ പഴങ്ങൾ കൊണ്ട് നിറയും. കുതിരക്കാരൻ ഒരു മൊട്ടിറുത് ഞങ്ങൾക്ക് നേരെ നീട്ടി.
വീണ്ടും ഞങ്ങൾ മുന്നോട്ടു പോയി. പാറക്കൂട്ടങ്ങൾ നിറഞ്ഞ കുത്തനെയുള്ള ഇറക്കം. ചുറ്റും ഉള്ള പച്ചപ്പ് എന്റെ ജീവൻ ആ മിണ്ടാപ്രാണിയുടെ നാലു കാലുകളിൽ ആണെന്ന സത്യം മറക്കാൻ സഹായിച്ചു . പാറകെട്ടുകൾക്കിടയിലൂടെ വരുന്ന അരുവിയുടെ വശത്തുകൂടി ഒടുവിൽ ഒരു നദിയുടെ തീരത്തു യാത്ര അവസാനിച്ചു. ദൂത്ഗംഗ എന്നാണ് ഇതിന്റെ പേര്. പാൽ നിറമാണ് വെള്ളത്തിനു. ടെന്റ് ഉണ്ടെങ്കിൽ ക്യാമ്പ് ചെയ്യാൻ സൗകര്യമുണ്ട്. വിദേശികൾ ക്യാമ്പിങ്ങിന് ഇവിടെ വരാറുണ്ട്. നീൽ നാഗ് എന്ന തടാകം മറ്റൊരു ആകർഷണമാണ്. മഞ്ഞുറഞ്ഞു കിടക്കുന്ന, തൂ വെള്ള കല്ലുകൾ നിറഞ്ഞ സന്ഗ് – ഇ സഫേദ് എന്ന സ്ഥലം
കാണാൻ ജൂലൈ കഴിഞ്ഞാലേ സാധിക്കൂ. ഒന്ന് രണ്ടു സ്ഥലങ്ങൾ ഞങ്ങൾ നടന്നു കണ്ടു. നിരനിരയായി വീടുകൾ ഉള്ള ഗ്രാമം എത്ര കണ്ടാലും മതിയാവില്ല.
വീണ്ടും ഞങ്ങൾ, പഴയ പുൽമേട്ടിലെത്തി. തിരിച്ചു ശ്രീനഗറിലേക്ക് പോകാൻ സമയമായി. കുറച്ചു നേരം കൂടി പുൽമേട്ടിലിരുന്ന് ചുറ്റിനുമുള്ള കാഴ്ചകൾ വീണ്ടും മനസ്സിൽ പകർത്തി. പച്ചപ്പ് കൊണ്ടും വലിപ്പം കൊണ്ടും വിസ്മയമാണ് ഈ പുൽമേട് . പുൽമേടുകൾ അവസാനിക്കുന്നയിടത്തു നിന്ന് പൈൻ കാടുകൾ ആരംഭിക്കുന്നു. അവയുടെ മുകളിൽ ആകാശത്തിനു താഴെ പരന്നു കിടക്കുന്ന മഞ്ഞു മലകൾ. നീലാകാശം ഞൊടിയിട കൊണ്ട് മേഘം മൂടി. പശുക്കളുടെ കൂടെ കുട്ടികളെയും കൊണ്ട് ഒരു കാശ്മീരി കുടുംബം എന്റെ അടുത്ത് കൂടി പോയി. പുൽമേട്ടിൽ മേയ്ക്കാൻ ഒരു ഇടയൻ തന്റെ ആട്ടിൻ പറ്റവുമായി ഇറങ്ങി. എന്റെ കാൽ ചുവട്ടിലൂടെ, തലേദിവസം വീണ മഞ്ഞുരുകി രൂപപ്പെട്ട ചെറു ചാൽ ഒഴുകി പോകുന്നു. എന്റെ കൂടെ വന്ന മറ്റുള്ളവർ വണ്ടിയിൽ കയറി, തൻവീർ ഭായ് നീട്ടി ഹോൺ മുഴക്കി. എഴുനേൽക്കാൻ തോന്നുന്നില്ല. ഞാനോർത്തു യേശു ഇവിടെ വന്നിട്ടുണ്ടാകുമോ ? അറിയില്ല, വന്നിട്ടുണ്ടെങ്കിൽ ഈ പുൽമേട്ടിൽ ദിവസങ്ങളോളം മതി മറന്നു ഇരുന്നിട്ടുണ്ടാകും. മടങ്ങിപോകുമ്പോൾ അദ്ദേഹം സ്വാഭാവികമായും ഒരു പ്രവാചകൻ ആയിട്ടുണ്ടാകും.
Note: This place is not there in google map. What it shows as yusmarg is the office of yusmarg development authority near srinagar. Route :sringar -chadora-charar e sharif -yusmarg (good road). Other routes are narrow.