ഓണം – ബംഗളുരുവിലേക്ക് കൂടുതൽ കെ.എസ്.ആർ.ടി.സി ബസ്സുകള്‍

ഓണ സീസണിൽ ടിക്കറ്റ് നിരക്ക് ഇരട്ടിയാക്കി യാത്രക്കാരെ കഴുത്തറുക്കുന്ന സ്വകാര്യ അന്തർസംസ്ഥാന ബസുകൾക്ക് കടിഞ്ഞാണിടാൻ ബംഗളുരുവിലേക്ക് കെ.എസ്.ആർ.ടി.സി കൂടുതൽ സർവീസുകൾ നടത്തും. ആദ്യഘട്ടമായി  തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട് ഡിപ്പോകളിൽ നിന്ന്  11 ബസുകൾ നാളെ മുതൽ പുറപ്പെടും. ആവശ്യമനുസരിച്ച് പിന്നീട്  മറ്റ് ഡിപ്പോകളിൽ നിന്നു സർവീസ് നടത്തും.
ഓണം കൂടാൻ നാട്ടിലെത്തുന്നവരെ ലക്ഷ്യമിട്ട് സ്വകാര്യബസുകൾ ടിക്കറ്റ് നിരക്കിൽ ആയിരം രൂപ വരെ വർദ്ധിപ്പിച്ചെന്ന കേരളകൗമുദി വാർത്തയെ തുടർന്ന് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രത്യേക സർവീസുകൾ നടത്താൻ കെ.എസ്.ആർ.ടി.സിയോട് ആവശ്യപ്പെടുകയായിരുന്നു. നിലവിൽ ബംഗളുരുവിലേക്ക് 44 ബസ് സർവീസുകളുണ്ട്.

കർണാടകത്തിലേക്ക് കൂടുതൽ സർവീസുകൾ നടത്തുന്നത് സംബന്ധിച്ച് അടുത്തിടെ ഇരു സംസ്ഥാനങ്ങളും തമ്മിൽ കരാർ ഉണ്ടാക്കിയിരുന്നെങ്കിലും തുടർ നടപടികളുണ്ടായില്ല. നിലവിലെ സാഹചര്യം പരിഗണിച്ച് അടിയന്തര പ്രാധാന്യത്തോടെ സർവീസുകൾ തുടങ്ങാൻ മന്ത്രി ആവശ്യപ്പെടുകയായിരുന്നു. സീസൺ അവസാനിച്ചാലും ലാഭകരമായ സർവീസുകൾ നിലനിറുത്തുമെന്ന് മന്ത്രി പറഞ്ഞു.

അന്തർസംസ്ഥാന കോൺട്രാക്ട് കാരിയേജ് ബസുകൾ കേന്ദ്രനിയമത്തിന് കീഴിലായതിനാൽ നിരക്ക് കൂട്ടിയാലും സംസ്ഥാനത്തിന് നടപടിയെടുക്കാനാവില്ല. ഇക്കാര്യം കേന്ദ്ര സർക്കാരിനെ അറിയിച്ച്   ചൂഷണത്തിൽ നിന്ന് യാത്രക്കാരെ സംരക്ഷിക്കാനുള്ള  നടപടി  കൈക്കൊള്ളുമെന്നും മന്ത്രി ‌പറഞ്ഞു.

തമിഴ്നാടിന്റെ അനുമതി ലഭിച്ചാലുടൻ ചെന്നൈയിലേക്ക് സർവീസ് തുടങ്ങുമെന്ന് കെ.എസ്.ആർ.ടി.സി ചീഫ്  ട്രാഫിക്   മാനേജർ പി.എം. ഷറഫ് മുഹമ്മദ് പറഞ്ഞു.

നിലവിൽ അന്തർ സംസ്ഥാന ബസുകൾ ലാഭകരമാണ്. കൂടുതൽ സർവീസുകൾ നടത്തുന്നതിലൂടെ കെ.എസ്.ആർ.ടി.സിയുടെ നഷ്ടം കുറയ്ക്കാനാവുമെന്ന വിലയിരുത്തലിലാണ് അധികൃതർ. പോണ്ടിച്ചേരി, ആന്ധ്രപ്രദേശ്, തെലുങ്കാന, ഗോവ എന്നിവിടങ്ങളിലേക്കും സർവീസ് നടത്താൻ ധാരണയായി.

News: Kerala Kaumudi

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply