‘ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിക്കുന്നു’ എന്ന കാരണത്താൽ നിരോധിക്കപ്പെട്ട ഒരു സിനിമ

എഴുത്ത് – N S Arun Kumar.

ആളുകളെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിക്കുന്നു എന്ന കാരണം പറഞ്ഞ് ഇറാനില്‍ നിരോധിക്കപ്പെട്ട സിനിമയാണ് ‘The Taste of Cherry’. എന്നാല്‍, യഥാര്‍ത്ഥത്തില്‍ വടക്കേ ഇറാനിലെ ജനവാസമേഖലകളെ, തലസ്ഥാന നഗരമായ ടെഹ്റാനിലടക്കം ഭീകരമായ നാശനഷ്ടം വരുത്തിയ, 1990-ലെ മന്‍ജില്‍ റുഡ്ബാര്‍ ഭൂകമ്പം (Manjil-Rudbar Earthquake) പശ്ചാത്തലമാക്കി സാധാരണജനങ്ങളുടെ നിസ്സഹായാവസ്ഥയെ ചിത്രീകരിക്കുകയായിരുന്നു പേര്‍ഷ്യന്‍ ഭാഷയിലുള്ള ഈ സിനിമ.

ഭരണകൂടത്തിന്റെ നിരന്തരമായ പീഠനങ്ങള്‍ക്ക് വിധേയമാകേണ്ടിവന്ന ഈ സിനിമയുടെ സംവിധായകന്‍ 2016 ജൂലെെ 4-ന് മരിച്ചു. പക്ഷേ, അതിനുമുമ്പ് ഇറാനു സംഭവിക്കുന്നതും സംഭവിക്കേണ്ടതും തന്റെ സിനിമകളിലൂടെ അദ്ദേഹം അയാളപ്പെടുത്തിയിരുന്നു.

ഇറാനിയന്‍ ചരിത്രത്തിന്റേയും സമകാലത്തിന്റേയും അനിവാര്യമായ ‘അപനിര്‍മ്മാണം’ പ്രഖ്യാപിക്കുന്ന, 1997-ലെ ഈ സിനിമയുടെ കഥ ഇങ്ങനെയാണ് – ഒരാള്‍ ഒരു കാറുമായി നടക്കുകയാണ്. ഒരു സഹായിയാണ് അയാള്‍ക്കാവശ്യം. അയാള്‍ക്ക് ചെയ്യാന്‍ കഴിയാത്ത ഒരു കാര്യത്തില്‍ സഹായിക്കാന്‍ – അയാളുടെ ശവക്കുഴി മൂടാന്‍!

അതെ! അയാള്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ്. പക്ഷേ, തന്റെ ശവക്കുഴി ഭംഗിയായി മൂടപ്പെടണം എന്നയാള്‍ക്ക് നിര്‍ബന്ധമുണ്ട്. അതിന് നല്ലൊരു സംഖ്യ അയാള്‍ സഹായിയെത്തുന്നയാള്‍ക്ക് സമ്മാനിക്കാന്‍ തയ്യാറാണ്. പക്ഷേ, വിഷയം കേള്‍ക്കുമ്പോള്‍ ആരും അതിനു തയ്യാറാവുന്നില്ല.

അവസാനം, ഒരാള്‍ അതിനു തയ്യാറാവുന്നു. ഏല്‍പ്പിച്ച ജോലി കൃത്യമായി ചെയ്യാം എന്നയാള്‍ ഉറപ്പുകൊടുക്കുന്നു. പ്രതിഫലം വാങ്ങി, ദിവസവും നിശ്ചയിച്ച് അയാള്‍ പോവുന്നു. നാലു കോരിക നിറച്ച് മണ്ണ്. അത്ര മാത്രം! അയാളൊരു ടാക്സിഡെര്‍മിസ്റ്റായിരുന്നു. പക്ഷികളെ സ്റ്റഫു ചെയ്യലായിരുന്നു അയാളുടെ ജോലി. അതു പഠിപ്പിക്കലും.

പക്ഷേ, അയാള്‍ പോയതിനുശേഷം കഥാനായകന്‍ അയാളുടെ പുറകേ ഒാടുന്നു.ഒരു കാര്യം പറയാന്‍ അയാള്‍ മറന്നുപോയി- ”മണ്ണിടുന്നതിനു മുമ്പ് എന്നെ നല്ലവണ്ണം ഒന്നു കുലുക്കിയുണര്‍ത്തിയേക്കണേ.. ഞാനൊരു പക്ഷേ, മരിച്ചിരിക്കില്ല, ഉറങ്ങുകയായിരിക്കും..”

അവസാന സീനില്‍ പക്ഷേ, കഥാനായകന്‍ വളരെ ‘കൂളായി’ ഒരു സിഗററ്റും വലിച്ചു കൊണ്ട് ക്യാമറാ ടീമിനടുത്തേക്ക് വരികയാണ്. “പാക്ക് അപ്..” എന്ന് സംവിധായകന്‍ (Abbas Kiarostami- ഇത് അദ്ദേഹത്തിന്റെ ചിത്രമാണ്) പറയുന്നതോടെ ചിത്രം അവസാനിക്കുന്നു.

സന്ദേശത്തെക്കാളേറെ ശബ്ദം എന്ന ‘മാധ്യമ’ത്തിന്റെ പ്രയോഗ സാധ്യത അടിവരയിടുന്ന ചിത്രം എന്ന നിലയ്ക്കാണ് ‘Taste of Cherry’ ബഹുമാനിക്കപ്പെടുന്നത്. അത്തരം സാങ്കേതികതകള്‍ അറിയാത്തവര്‍ക്ക് അല്ലാതെയുള്ള ‘ആസ്വാദന’വുമാവാം. ‘ചെറി’യുടെ ടേസ്റ്റ് എല്ലാവര്‍ക്കും അത്ര ആസ്വാദ്യമായിരിക്കില്ലെങ്കിലും…

Check Also

Price List of Airbus Aircrafts

Airbus SE is a European multinational aerospace corporation. The ‘SE’ in the name means it …

Leave a Reply