ഇന്ത്യൻ സംസ്കാരത്തിന്റെ വേരുകൾ തേടി മലേഷ്യയിലേക്ക്..

വിവരണം – സമദ് അബ്ദുൽ.

ഒരുപാട് പ്രതീക്ഷകളുമായാണ് ഞങ്ങൾ ( ഞാനും അൻവർ ഷൈനും )സിംഗപ്പൂരിൽ നിന്നു മലേഷ്യയിലേക്ക് ബസ് കയറുന്നത്. കാരണം, മലേഷ്യ എന്നത് ഇന്ത്യൻ സംസ്‌ക്കാരത്തോട് ഒട്ടി ചേർന്നു നില്കുന്നതാണെന്ന് അറിയാൻ കഴിഞ്ഞിട്ടുണ്ട്.ചോള സാമ്രാജ്യത്തിന്റെ കാലഘട്ടത്തിലും വ്യാപാര, വാണിജ്യ ബന്ധങ്ങളിലൂടെയും മലേഷ്യയിലുടനീളം ഭാരതീയ സാംസ്കാരിക പാരമ്പര്യം പടർന്നു പന്തലിച്ചിരുന്നു. അതിലേറെ കുറഞ്ഞ ചിലവിൽ കുറെ കാണാ കാഴ്ചകൾ കാണാമെന്നുള്ള ആഗ്രഹവും . ഏറെ കുറെ യൂഎഇ ദിർഹത്തിന്റെ അതേ മൂല്യമാണ് മലേഷ്യൻ റിങ്കിറ്റ്യന്!

മലേഷ്യയിലേക്കുള്ള ബസ്‌ യാത്ര ക്കിടയിൽ ബോർഡറിൽ വച്ച് പാസ്‍ പോർട്ടിൽ വിസ പെട്ടെന്ന് തന്നെ സീൽ അടിച്ചു കിട്ടി.കാരണം ഞങ്ങൾക്ക് ദുബൈയിലെ മലേഷ്യൻ കോൺസുലേറ്റിൽ നിന്നു മുൻകൂട്ടി വിസ കിട്ടിയിരുന്നു. കുഴപ്പമില്ലാത്ത ഒരുറക്കവും പാസ്സാക്കി രാവിലെ നാല്‌ മണിക്ക് മലേഷ്യൻ തലസ്ഥാനമായ ‘ക്വാലാലംപൂരി’ലെ ഒരു ജംഗ്ഷനിൽ ഞങ്ങൾ ബസിറങ്ങി. രാവിലെ നാലുമണി സമയമായതു കൊണ്ട് തെരുവുകൾ വിജനമാണ്. ഇനി എവിടേക്ക്? എങ്ങനെ? എപ്പോൾ? എന്നതിനെ കുറിച്ച് വലിയ ധാരണയൊന്നും ഇല്ല.

ടാക്സിക്കാർ ഇടക്ക് വന്ന് എവിടെക്കാ എന്ന് അന്വേഷിക്കുന്നുണ്ട്. അവരെ ഒഴിവാക്കി കുറച്ച് ദൂരം നടന്നു നോക്കാം എന്ന് തീരുമാനിച്ചു. കുറച്ചകലെയുള്ള ട്രെയിൻ സ്റ്റേഷനിൽ എത്തിയെങ്കിലും, രാവിലെ സ്റ്റേഷൻ തുറക്കുമ്പോഴേ അതിനകത്തേക്ക് കയറാൻ പറ്റുകയുള്ളു എന്ന് മനസിലായി. വീണ്ടും നടന്നപ്പോൾ തുറന്നിരിക്കുന്ന ഒരു ചായക്കട കണ്ടു. അവിടെ നിന്ന് ചായയും വടയും കഴിച്ച് പള്ളിയിലും പോയശേഷം വീണ്ടും റെയിൽവേ സ്റ്റേഷനിലേക്ക്. ആദ്യ ട്രെയിനിൽ ഡൗൺടൗണിൽ എത്തി.

#ഡൗൺടൗൺ : രാത്രിയിൽ പല വർണങ്ങൾ അണിയുന്ന മലേഷ്യയിലെ കെട്ടിടങ്ങളിൽ പൊക്കത്തിൽ രണ്ടാം സ്ഥാനത്തുള്ള ക്വലാലംപുർ ടവർ. അവിടെയാണ് ഞങ്ങൾ ആദ്യം എത്തിപ്പെട്ടത്. പക്ഷേ അവിടെ പ്രവേശന സമയം ആകാത്തത് കൊണ്ട് പെട്രോണാസ് ടവറിലേക്ക് ഫ്രീ ഷട്ട്ൽ സർവീസ് ബസിൽ കയറിക്കൂടി . മലേഷ്യ എന്ന് കേൾക്കുമ്പോൾ ഏതു സഞ്ചാരിയുടെയും മനസ്സിലേക്ക് വരുക പെട്രോണാസ് ടവറാണ്. 1998 മുതൽ 2004 വരെ ആറു വർഷം ലോകത്തിലെ ഏറ്റവും പൊക്കമുള്ള കെട്ടിടം ആയി നിലകൊള്ളുകയും ഇപ്പോൾ ട്വിൻ ടവറുകളിൽ ഏറ്റവും പൊക്കത്തിൽ ഉള്ളതുമായ ഈ കെട്ടിടത്തിന്റെ പൊക്കം 451.9 മീറ്റർ ആണ്. അവിടെയും നിർഭാഗ്യം ഞങ്ങളെ ചതിച്ചു. അന്ന് തിങ്കളാഴ്ച ആയതിനാൽ ഒബ്സെർവഷൻ ഡെക്കിലേക്കും സ്കൈ ബ്രിഡ്ജിലേക്കും പ്രവേശനം ഇല്ല! എങ്കിലും പുറമെ നിന്നു മതിവരുവോളം ടവറിനെ നോക്കി കണ്ടു.

ചൈനീസ്‌ ന്യൂ ഇയർ പ്രമാണിച്ചു നഗരവീഥികൾ മുഴുവൻ അലങ്കരിച്ചിരിക്കുന്നു. നഗരത്തിലൂടെ തിരികെ നടന്ന് KL ടവറിൽ വന്നു. പൊക്കത്തിൽ ഏഴാം സ്ഥാനത്തുള്ള ഈ ടവറിലെ ഒബ്സെർവഷൻ ഡെസ്കിൽ നിന്നാണ് ക്വലാലംപൂർ നഗരത്തിന്റെ ഏറ്റവും ഉയരത്തിൽ ഉള്ള വ്യൂ ലഭ്യമാകുന്നത്. ഒരു കോംബോ ടിക്കറ്റിൽ നിരവധി കാഴ്ചകളാണ് സഞ്ചാരികൾക്കായി ഇവിടെ ഒരുക്കി വെച്ചിരിക്കുന്നത്. ഒബ്സെർവഷൻ ഡെസ്ക് , അതിനോട് ചേർന്നുള്ള ചെറിയ മൃഗശാല, പക്ഷി സങ്കേതം അക്വാറിയം, 7D തീയേറ്റർ തുടങ്ങി കാഴ്ചകളുടെ വസന്തം തന്നെ ഇവിടെ ഒരുക്കി വെച്ചിട്ടുണ്ട്. എല്ലാം കറങ്ങിയ ശേഷം തിരിച്ചു സെൻട്രൽ സ്റ്റേഷനിൽ എത്തി.

ഇനി എങ്ങോട്ട് പോകണം എന്നോ എന്താ കാണേണ്ടത് എന്നോ ഒരു പിടിത്തവും ഇല്ല. സഞ്ചാരത്തിൽ തുടക്കക്കാർ ആയ ഞങ്ങൾ ഗൂഗിൾ നോക്കുകയോ നല്ല രീതിയിൽ അന്വേഷിക്കുകയോ ചെയ്യാതെയാണ് ഈ യാത്രക്ക് ഇറങ്ങിത്തിരിച്ചത്. അങ്ങനെ വാ പൊളിച്ചു നിൽക്കുമ്പോഴാണ് തേടിയ വള്ളി കാലിൽ ചുറ്റിയതു.. ടൂറിസ്റ്റു ഇൻഫർമേഷൻ കൗണ്ടർ എന്നൊരു ബോർഡ് ! വിനോദ സ്ഥലങ്ങളെ പറ്റിയുള്ള ഒരു ചെറിയ വിവരണം അവിടെ നിന്ന് ലഭിച്ചു. ഇൻഫർമേഷൻ കൗണ്ടറിൽ നിന്ന് കിട്ടിയ ബ്രോഷറിൽ നിന്ന് സെലക്ട്‌ ചെയ്ത് ടമാൻ നെഗരയിലെ(taman Negara) ട്രക്കിങ്ങിന് പോകാം എന്ന് തീരുമാനിച്ചു.

 

എല്ലായിടത്തും പോകാൻ പബ്ലിക്‌ ട്രാൻസ്പോർട്ട് മാത്രമേ ഉപയോഗിക്കുള്ളൂ എന്ന് നേരത്തെ തീരുമാനിച്ചിരുന്നു. അതിനാൽ നേരെ ബസ്‌ സ്റ്റേഷനിലേക്ക്‌ വിട്ടു . Taman negara ക്കടുത്തുള്ള ഏതെങ്കിലും സ്ഥലത്ത് താമസിച്ച് പിറ്റേന്ന് രാവിലെ അവിടെ എത്താം എന്നാണ് പ്ലാൻ. തൊട്ടടുത്ത് കണ്ട ട്രാവൽസിൽ കയറി ഞങ്ങൾ പോകാനുദ്ദേശിക്കുന്ന സ്ഥലത്തിനടുത്തുള്ള ഏതെങ്കിലും ഹോട്ടൽ ബുക്ക്‌ ചെയ്ത് തരാൻ അവരോടു പറഞ്ഞു. ക്വാലാലപീസ് (kualalipis) എന്ന സ്ഥലത്തായിരുന്നു അവർ ബുക്ക്‌ ചെയ്ത ഹോട്ടൽ. ക്വലാലംപൂരിലെ കാഴ്ചകൾക്ക് ചെറിയൊരു വിരാമമിട്ടു ഞങ്ങൾ ഒരു ലോ ഫ്ലോർ ബസിൽ കയറി.

#ക്വാലാലപീസ് : പേര് കണ്ടിട്ട് ക്വലാലംപുരിന്റെ അനിയൻ ആണെന്ന് തോന്നുന്നു ഈ ക്വലാലിപിസ്.
അഞ്ചു മണിക്കൂർ നീണ്ട യാത്ര ചെയ്താണ് ഒരു ചെറിയ ഗ്രാമത്തിന്റെ പാശ്ചാത്ത ലത്തിലുള്ള ക്വലാലിപിസ് എന്ന ചെറു ടൗണിൽ എത്തിയത്. ബസ്സ് സ്റ്റേഷനും റെയിൽവേ സ്റ്റേഷനും സ്കൂളും അമ്പലവും ഒക്കെ ഉണ്ടവിടെ. ഹോട്ടലിൽ എത്തി ഫ്രഷ് ആയി പുറത്തിറങ്ങി. നടന്നു മുന്നോട്ടു നീങ്ങി ഒരു റസ്റ്റാറെന്റ്നു മുമ്പിൽ ബ്രെക്കിട്ടു. കയറി അകത്തിരുന്നു. അതാ വരുന്നു ഒരു പയ്യന്നൂർകാരൻ റഹിം! ലോകത്തിന്റെ ഏത് കോണിൽ പോയാലും ഒരു മലയാളി ഉണ്ടാകുമെന്ന ചൊല്ല് ഇവിടെ യഥാർത്ഥ്യമാകുകയായിരുന്നു. അവിടുന്നു ആഹാരം കഴിച്ചു കഴിഞ്ഞ് നടക്കുമ്പോൾ അടുത്തുള്ള അമ്പലത്തിലെ വെടിക്കെട്ടും കാണാൻ കഴിഞ്ഞു. മൊത്തത്തിൽ നാട്ടിലെത്തിയ ഒരു പ്രതീതി.

ഞങ്ങൾ പോകാൻ ഉദ്ദേശിക്കുന്ന Taman negara എന്ന സ്ഥലം ഇവിടെ നിന്നും രണ്ടു മണിക്കൂർ യാത്ര ഉണ്ടെന്നും ജെറാന്റട്ട് (jerantut)എന്ന സ്ഥലത്ത് നിന്ന് ബസ്‌ മാറി കയറണം എന്നുമുള്ള വിവരങ്ങൾ റഹീംക്ക പറഞ്ഞിരുന്നു. അവിടെ നിന്നും മറ്റൊരു ദിശയിൽ പോയാൽ വിശാലമായ മലനിരകളും തേയിലത്തോട്ടങ്ങളും ഉള്ള പ്രകൃതിരമണീയമായ കാമറൂൺ ഹൈലാൻഡ്‌സിൽ എത്താം. സഞ്ചാരികൾ അധികം തങ്ങാത്ത സ്ഥലം ആയതുകൊണ്ട് തന്നെ ക്വലാലപ്പിസിലുള്ളവരിൽ നിന്നും ഹൃദ്യമായ സഹകരണം ആണ് ഞങ്ങൾക്ക് ലഭിച്ചത്.

ഹോട്ടലിൽ തന്നെ ഒരുക്കിയ വിശാലമായ പ്രാതൽ കഴിച്ചു വളെരെ സാവധാനമാണ് രാവിലെ റൂമിൽ നിന്ന് ഇറങ്ങിയത്. അടുത്ത പണി ഉടനെ കിട്ടി. ബസ്‌ സ്റ്റേഷനിലേക്ക് നടന്നു പോകുമ്പോൾ അതാ ജെറാൻന്റട്ടിലെക്കുള്ള ബസ്‌ ഞങ്ങളെ കയറ്റാതെ പോകുന്നു. ഒരു രണ്ടു മിനിറ്റ് നേരത്തെ വന്നിരുന്നെങ്കിൽ ആ ബസ്സ് കിട്ടിയേനെ. സ്റ്റേഷനിലെത്തി ടിക്കറ്റ്‌ കൗണ്ടറിലെ തമിഴ് പെണ്ണിനോട് അടുത്ത ബസിന്റെ വിവരങ്ങൾ തിരക്കിയപ്പോൾ ഉച്ചക്കാണ് ഇനി അടുത്ത ബസ്‌ എന്നറിഞ്ഞു. പിന്നെ ഒന്നും നോക്കിയില്ല ബസ്സിനെ പോകൂ എന്ന തീരുമാനം തൽക്കാലം ചുരുട്ടി ബാഗിൽ വെച്ചു. വില പേശി ടാക്സി പിടിച്ചു ജെറാന്റട്ടിൽ എത്തി.

#ടമാൻനഗര : ജെറാന്റട്ടിൽ എത്തി തിരക്കിയപ്പോൾ അവിടെ നിന്നും ടമാൻ നഗരയിലേക്കുള്ള അവസാന ബസും പോയിക്കഴിഞ്ഞു. ഒരു ദിവസം 2 ട്രിപ്പുകൾ മാത്രമാണ് അവിടെക്കുള്ളത്. വന്ന ടാക്സിയിൽ തന്നെ ടമാൻ നഗരയിലേക്ക് തിരിച്ചു. അവിടെയും ഭാഗ്യം നമുക്കനുകൂലം അല്ലായിരുന്നു, എന്തെന്നാൽ ട്രക്കിങ്ങിനുള്ള അവസാനത്തെ ടീമും പോയിക്കഴിഞ്ഞു. ഏതായാലും ഇത്രയും ദൂരം വന്നതല്ലേ… അവിടെ നിന്നുള്ള ഒരു ഊന്നു വള്ളത്തിൽ മറുകരയിൽ ഉള്ള മലേഷ്യയിലെ ഏറ്റവും വലിയ നാഷണൽ പാർക്കിൽ എത്തി.

പാർക്ക്‌ എന്ന് പറഞ്ഞാൽ പൂന്തോട്ടമൊന്നുമല്ല. അതെ ഒരു കൊടുങ്കാട് തന്നെ..”ഈ പാർക്കു മുഴുവൻ ഫോറെസ്റ്റ് ആണ് എന്ന് തോന്നുന്നു ” എന്ന് മനസ്സിൽ വിചാരിച്ചു നടപ്പ് തുടങ്ങി . അതിനുള്ളിൽ ഒരു പാട് കാഴ്ചകളുണ്ട്. തമാൻ നഗര എന്നാൽ “പൂക്കളുടെ നഗരം” അതാണ് മലായു ഭാഷയിൽ അർത്ഥം വരുന്നത്. മിക്ക സ്‌ഥലപേരുകളും ഒരു ഇന്ത്യൻ ചുവയുണ്ട്.എന്തിനേറെ മലേഷ്യൻ തലസ്ഥാനമായ ക്വലാലംപൂർ പോലും നമ്മുടെ ജയ്പൂർ,ജംഷഡ് പൂർ എന്നിവക്ക് സാമ്യത തോന്നുന്നുണ്ട്.

ലോകത്തിലെ ഏറ്റവും പുരാതനമായ മഴക്കാടുള്ള ഇവിടെ കാനോപി വാക് വെയും, ഗുഹകളും, കാട്ടിലൂടെ മലേഷ്യയിലെ ഏറ്റവും പൊക്കത്തിലുള്ള തഹാൻ മലനിരയിലെ വ്യൂ പോയിന്റിലേക്ക്‌ വണ്ടിയിൽ ട്രെക്കിങ്ങും, ആദിവാസി ഗ്രാമത്തിലേക്ക് വള്ളത്തിൽ ഉള്ള ട്രിപ്പും, റസ്റ്റോറന്റും, താമസ സൗകര്യവും എല്ലാം ഉണ്ട്.

തറ നിരപ്പിൽ നിന്നും 40 മീറ്റർ പൊക്കത്തിലും 530 മീറ്റർ നീളത്തിലും മരങ്ങൾക്കു മുകളിലൂടെ നടന്നു കാട് കാണാനായി ഉണ്ടാക്കിയിട്ടുള്ള കനോപ്പി നടപ്പാത ലോകത്തിൽ ഏറ്റവും നീളം കൂടിയതാണ്. കനോപ്പി വാക്കിൽ കയറാൻ നേരം ഒരു നിശ്ചിത തുക അടച്ചു നമ്മുടെ വിവരങ്ങളെല്ലാം അവിടെയുള്ള രജിസ്റ്ററിൽ രേഖപെടുത്തണം. രജിസ്റ്റർ ബുക്കിൽ ഒന്ന് പരതി നോക്കിയപ്പോൾ ഞങ്ങളെല്ലാതെ വേറെ ഒരു “ഇന്ത്യ”ക്കാരാരും അടുത്തൊന്നും ഈ സാഹസിക നടത്തത്തിന് വന്നിട്ടില്ല. ചെറുതായിട്ട് ഒന്ന് രോമാഞ്ചം വന്നോ എന്ന് തോന്നി. ആദ്യം മരം കൊണ്ടുണ്ടാക്കിയ ചവിട്ട്പടിയിൽ കയറി മേലോട്ടെത്തണം. അവിടെ നിന്നാണ് കയർ കൊണ്ടുണ്ടാക്കിയ കനോപ്പി നടപ്പാതയിലൂടെ അപ്പുറത്തുള്ള മരത്തിൽ ഘടിപ്പിച്ച ലക്ഷ്യസ്ഥാനത്ത് എത്തേണ്ടത്. ചെറിയ ഒരു ഉൾഭയത്തോടെ നടത്തം തുടങ്ങി. സായിപ്പന്മാർ കുട്ടികളുമായി ഉല്ലസിച്ച് നടന്നു പോകുന്നുണ്ട്.

ഞങ്ങൾ കനോപ്പിയിലെ നടത്തമൊക്കെ കഴിഞ്ഞ് മോട്ടോർ ഘടിപ്പിച്ച ചെറിയ വള്ളത്തിൽ കാട്ടിനകത്തെ നദിയിലൂടെ സഞ്ചരിച്ച് മൃഗങ്ങളെയും പക്ഷികളേയും കാടിന്റെ ഭംഗിയും എല്ലാം ആസ്വദിച്ചു. പാർക്കിൽ നിന്നും ഇറങ്ങാൻ നേരം ഡൽഹിയിൽ നിന്നുള്ള 2 വൃദ്ധ ദമ്പതികളെ പരിചയപ്പെടാനിയായി. കേന്ദ്ര സർവീസിലെ ഉയർന്ന ജോലിയിൽ നിന്നും വിരമിച്ചു ലോകം കാണാനി റങ്ങിയിരിക്കുയാണ് ആ ചോപ്ര കുടുംബ ദമ്പതികൾ. ഞങ്ങളെ കണ്ടപ്പോൾ അവരുടെ സന്തോഷം ഇരട്ടിയായി. കുറെ നേരം സംസാരിച്ചിരുന്നു. ഡൽഹിയിലെ വീട്ടിലെ ഫോൺ നമ്പറും അവർ നാട്ടിൽ നിന്നും കൊണ്ടു വന്ന പലഹാരവും ഞങ്ങൾക്ക് നല്കിയിട്ടാണ് പിരിഞ്ഞത്. അവിചാരിതമായി യാത്രയിൽ കണ്ടു മുട്ടുന്ന ഇത്തരം ആളുകളും സൗഹൃദങ്ങളുമൊക്കെയാണ് ഒരു സഞ്ചാരിയുടെ മുതൽക്കൂട്ട്.

#ജെറാന്റട്ട് : Taman negara നിന്നുള്ള അവസാന ബസിൽ തിരികെ ജെറാന്റന്റിലെത്തി . ബസ്സ്റ്റേഷനിൽ ചെന്ന് ക്വലലംപൂരി ലേക്കുള്ള ബസ്സിനെ കുറിച്ചു തിരക്കി. ഒരു മണിക്കൂർ കഴിഞ്ഞേ അടുത്ത ബസ്സ് ഉള്ളൂ. ഒരു മണിക്കൂർ ബാക്കിയുള്ളതിനാൽ ഞങ്ങൾ ആ ചെറിയ നഗരം ഒന്ന് ചുറ്റി കാണാനിറങ്ങി. ആദ്യമായി എന്തെങ്കിലും കഴിക്കാനായി അടുത്ത് കണ്ട തട്ടുകടയിൽ കയറി. തട്ടുകടകൾ സുലഭമാണ് എല്ലായിടത്തും. അതിനേക്കാൾ പ്രാധാന്യം മിക്ക ഷോപ്പുകളുടെയും നടത്തിപ്പുകാർ സ്ത്രീകളാണ്.എന്തിനേറെ ഞങ്ങൾ കയറിയ ബസ്സുകളിൽ പോലും കണ്ടക്ടർമാർ പെണ്ണുങ്ങൾ തന്നെയാണ്. ഇതൊരു മുസ്ലിംഭൂരിപക്ഷരാജ്യമാണെന്ന് കൂടി കൂട്ടി വായിക്കണം.

തട്ട് കടയിൽ കയറി അവിടുത്തെ സ്‌പെഷൽ വിഭവമായ ABC എന്ന് പേരുള്ള ഒരു വിഭവമാണ് ആദ്യം കഴിച്ചത്. നമ്മുടെ നാട്ടിൽ കറണ്ടിഐസ് (ചുരണ്ടി ഐസ് ) പോലെ ഒരു വിഭവം. നല്ല രുചിയുണ്ടായിരുന്നു. വേറെയും എന്തൊക്കയോ കഴിച്ചു വിശപ്പിന് ശമനം വരുത്തി. പിന്നെ അവിടുത്തെ ചായയും അസ്സലാണ്‌. ഒരു റിംഗ്‌നിറ്റിനു ഒരു വലിയ ഗ്ലാസ് ചായ കിട്ടും. അവിടെ നിന്നിറങ്ങി നടന്നു ചെന്നെത്തിയത് 2, 3 ട്രെയിൻ മാത്രം വന്നു പോകുന്ന ഒരു ചെറിയ റെയിൽവേ സ്റ്റേഷനിലാണ്. അവിടെ വരുന്ന ട്രെയിനിൽ ഒരെണ്ണം സിംഗപ്പൂരിലെ സ്റ്റേഷനിൽ നിന്നാണ് വരുന്നത്.പിന്നേ ഒരു ഇന്റെർ നെറ്റ് കഫെയിൽ ഇത്തിരി സമയം ചിലവഴിച്ചു.മുൻപ് ഒന്നു രണ്ടു പ്രാവശ്യം അബദ്ധം പറ്റിയത് കൊണ്ട് ഇത്തവണ നേരത്തെ ബസ്സ്റ്റേഷനിലെത്തി ബസിൽ കയറി സീറ്റ് പിടിച്ചു. കൂടുതലും ടൂറിസ്റ്റുകളാണ് യാത്രക്കാർ. രണ്ടര മണിക്കൂർ യാത്രചെയ്തു ഞങ്ങൾ വീണ്ടും ക്വലാലംപൂരിലെത്തി.

#ബ്രിക്ക്ഫീൽഡ്സ് : KL സ്റ്റേഷനിലിറങ്ങി ലിറ്റിൽ ഇന്ത്യ (ബ്രിക്ക് ഫീൽഡ്സ്) ലഷ്യമാക്കി നീങ്ങി. ലിറ്റിൽ ഇന്ത്യയിൽ നമ്മുടെ തനതായ വേഷവിധാനങ്ങളും മറ്റു സാധനങ്ങളും വിൽക്കുന്ന ഇന്ത്യക്കാരുടെ കച്ചവട സ്ഥാപനങ്ങളും തനത് വിഭവങ്ങൾ ലഭ്യമാകുന്ന ഹോട്ടലുകളുമാണ് അധികവും ഉള്ളത്.

ആ ചെറിയ ഇന്ത്യയിൽ ഞങ്ങൾ ഹോട്ടൽ റൂംന് വേണ്ടി കുറേ അലഞ്ഞു നടന്നു. മുൻകൂട്ടി മുറി ചെയ്യാത്തത്തിലുള്ള ബുദ്ധിമുട്ട് ഞങ്ങളുടെ സമയ സാമ്പത്തിക നഷ്ടത്തിലാണ് കൊണ്ടേത്തിച്ചത്. നാടൻ വിഭവങ്ങളൊക്ക കഴിച്ച്, ചൂത് കളിയും പെൺവാണിഭവും മറ്റും നടക്കുന്ന അവിടത്തെ തെരുവിലെ ഒരു ഹോട്ടലിൽ അന്തിയുറങ്ങിയ ശേഷം രാവിലെ പുത്ര ജയയിലേക്ക് തിരിച്ചു.

#പുത്രജയ : ഔദ്യോഗികമായി ക്വാലാലംപുർ ആണ് മലേഷ്യയുടെ തലസ്ഥാനം എങ്കിലും ഇപ്പോൾ പുത്രജയ ആണ് മലേഷ്യൻ ഭരണത്തിന്റെ സിരാകേന്ദ്രം. (1999 ലാണ്‌ പുത്രജയയെ മലേഷ്യയുടെ ഭരണ സിരാകേന്ദ്രം ആക്കിയത് ).മലേഷ്യയുടെ ആദ്യ പ്രധാന മന്ത്രി തുങ്കു അബ്ദുറഹ്മാൻ പുത്രയുടെ പേരിലാണ് ഈ നഗരം. പലവിധ കെട്ടിടങ്ങളുടെ നയനമനോഹരമായ കാഴ്ചകളാണ് അവിടെ . റോസ് ഗ്രാനൈറ്റിൽ തീർത്ത പിങ്ക് താഴികക്കുടത്തോടെയുള്ള പുത്ര മോസ്‌ക് മനുഷ്യനിർമിതമായ പുത്ര തടാകക്കരയിലാണ് ഉള്ളത്. അവിടെ നിന്നും മലേഷ്യൻ പ്രധാന മന്ത്രിയുടെ ഓഫീസ് ആയ പച്ച നിറത്തിലെ താഴികക്കുടത്തോടെയുള്ള പെർഡാന പുത്രയിൽ എത്തി. വൃത്തിയും വെടിപ്പും ഉള്ള അവിടത്തെ നിരത്തുകളിലൂടെ നടന്ന് പുത്ര സ്‌ക്വയറിൽ വന്നു. മില്ലേനിയം സ്മാരകവും മനോഹരമായ കോടതി പരിസരവും(Palace of justice) മറ്റും വീക്ഷിച്ചശേഷം ക്വലാലംപൂരിലേക്ക് ബസ്‌ കയറി. എല്ലാ ബസ് സർവീസ്ലും നമ്മുടെ നാട്ടിലേതു പോലെ കണ്ടക്ടറുടെ കയ്യിൽ നിന്നും മുൻ‌കൂറായി ടിക്കറ്റ് വാങ്ങുന്ന രീതിയാണ്.

#ക്വാലാലംപൂർ : KL സെണ്ട്രലിൽ എത്തി അവിടുത്തെ സെൻട്രൽ മാർക്കറ്റിലും ചൈന ടൗണിലും കറങ്ങിയ ശേഷം മലേഷ്യയിലെ ഏറ്റവും പുരാതന ഹിന്ദു ക്ഷേത്രമായ ശ്രീ മഹാ മാരിയമ്മൻ കോവിലിൽ എത്തി. തെക്കേ ഇന്ത്യൻ ( ദ്രാവിഡ ) മാതൃകയിൽ ഉണ്ടാക്കിയിട്ടുള്ള ഈ ക്ഷേത്രത്തിൽ നിരവധി ശില്പങ്ങൾ കാണാം. മലേഷ്യയിലെ ഭാരതീയ സംസ്കാരത്തിന്റെ ഉത്തമ ഉദാഹരണം തന്നെയാണീ ക്ഷേത്രം. അകത്തു കയറി ചെണ്ട മേളവും മറ്റു പൂജ കർമങ്ങളും ഒക്കെ കുറച്ച് നേരം കണ്ടു.

അത് കഴിഞ്ഞു നാഷണൽ മോസ്കിലേക്ക് തിരിച്ചു. പൂന്ദോട്ടവും മറ്റുമായി 13 ഏക്കറിൽ വിശാലമായി കിടക്കുന്ന ഈ വലിയ പള്ളിയുടെ മിനാരം പ്രത്യേക രീതിയിലാണ് നിർമിച്ചിരിക്കുന്നത്. അവിടെ നിസ്‌ക്കാരമൊക്കെ കഴിഞ്ഞ് കുറച്ച് വിശ്രമിച്ചശേഷം എയർപോർട്ടിലേക്ക്‌.. എയർപോർട്ട് എക്സ്പ്രസ്സ്‌ മെട്രോ സർവീസിൽ കയറി. മലേഷ്യയിൽ മോണോ റെയിൽ , MRTഎന്നീ ട്രെയിൻ സെർവീസുകളാണ് ഉള്ളത്. എല്ലാത്തിനും സ്റ്റേഷനിൽ നിന്നും സിംഗിൾ യാത്ര ടിക്കറ്റെടുത്ത് യാത്ര ചെയ്യാനുള്ള സൗകര്യം ഉണ്ട്.

പെട്ടെന്ന് തീരുമാനിച്ചത് കൊണ്ടും യാതൊരു മുന്നൊരുക്കവും ഇല്ലാത്തതിനാലും മലേഷ്യയിലെ പല ആകർഷണങ്ങളും കാണാൻ കഴിഞ്ഞില്ല. എങ്കിലും യാത്രകൾ എപ്പോഴും ഹൃദയഹാരിയായ പല അനുഭവങ്ങളും, പാഠങ്ങളും തരുന്നു. ജീവിതത്തെ കുറിച്ചും, മനുഷ്യരെ കുIറിച്ചും സംസ്കാരങ്ങളെ കുറിച്ചുമുള്ള നമ്മുടെ ധാരണകൾ മാറ്റിമറിക്കുന്നു . എയർപോർട്ടിൽ നിന്ന് ഞാൻ നാട്ടിലേക്കും Anwer Shine ഒറ്റയ്ക്ക് ഇന്തോനേഷ്യയിലെ ബാലിയിലേക്കും യാത്ര തുടർന്നു.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply