ബസുകളുടെ എണ്ണത്തിൽ സെഞ്ച്വറി തികച്ച് പാലാ ഡിപ്പോ

സംസ്ഥാനത്തെ ജില്ലാ ആസ്ഥാന ഡിപ്പോകളിൽ മാത്രമേ കെ.എസ്.ആർ.ടി.സിക്ക് നിലവിൽ നൂറു ബസുകൾ ഉള്ളൂ. ജില്ലാ ആസ്ഥാനത്തിനു പുറമെ പാലായിലാണിപ്പോൾ ആദ്യമായി ബസുകളുടെ എണ്ണം നൂറായി വർദ്ധിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം രണ്ടു സർവ്വീസുകൾ കൂടി ആരംഭിച്ചതോടെയാണ് പാലായിലെ ബസുകളുടെ എണ്ണം നൂറായി ഉയർന്നത്. ഇതോടെ പുലർച്ചെ മൂന്നിനും അഞ്ചിനുമിടയിൽ മിക്ക റൂട്ടുകളിലേയ്ക്കും സർവ്വീസുകൾ ആരംഭിച്ചിരിയ്ക്കുകയാണ്.

തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട്, തൊടുപുഴ, ഏറ്റുമാനൂർ, കോട്ടയം, ഈരാറ്റുപേട്ട, രാമപുരം, പൊൻകുന്നം തുടങ്ങി പാലായിൽ നിന്നും ഏതുഭാഗത്തേയ്ക്കും വെളുപ്പിനെ മുതൽ സർവ്വീസുകളുറപ്പാക്കിയാണ് റൂട്ടുകൾ ക്രമീകരിച്ചിരിക്കുന്നത്. ആർക്കും എവിടേയ്ക്കും ഇനി പുലർച്ചെ മുതൽ പാലായിൽ നിന്നും യാത്ര ചെയ്യാം.
പുലർച്ചെ മൂന്നിന് തൊടുപുഴ വഴി തൃശൂർ, കോഴിക്കോട്, കണ്ണൂർ. 3.15 ന് ഏറ്റുമാനൂർ എറണാകുളം വഴി കോഴിക്കോട്. 5 ന് ഗുരുവായൂർ, 3.45 ന് ഉഴവൂർ മോനിപ്പള്ളി എറണാകുളം വഴി കോഴിക്കോട്. 4 ന് കൊല്ലപ്പള്ളി രാമപുരം കൂത്താട്ടുകുളം വഴി എറണാകുളം. 4 ന് കോട്ടയം, മാവേലിക്കര, കൊല്ലം, ടെക്‌നോപാർക്ക് വഴി തിരുവനന്തപുരം , 4.15 ന് തൊടുപുഴ എറണാകുളം വഴി കോഴിക്കോട്, 4 ന് പൊൻകുന്നം മുണ്ടക്കയം വഴി കോരുത്തോട്. 5 ന് ഭരണങ്ങാനം, ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം വഴി ഇളങ്കാട് എന്നിങ്ങനെയാണ് അടുത്തിടെ ആരംഭിച്ച സർവ്വീസുകൾ. 5 വർഷം മുമ്പ് 76 ഷെഡ്യൂളുകൾ മാത്രമുണ്ടായിരുന്ന പാലാ ഡിപ്പോയിൽ ഷെഡ്യൂകളുടെ എണ്ണവും നൂറായി ഉയർന്നു.
പുതുതായി 24 സർവ്വീസുകൾ ആരംഭിച്ച ഏക ഡിപ്പോയും പാലായാണ്. ഈ പുതിയ സർവ്വീസുകൾക്കെല്ലാം പുതിയ ബസുകളാണ് ലഭിച്ചിട്ടുള്ളത്. നിർദ്ദിഷ്ട ഡീസൽ വാഹന നിരോധന ചട്ടം മൂലം പത്തു വർഷത്തിലധികമുള്ള വാഹനങ്ങൾ പിൻവലിക്കപ്പെട്ടാലും ഏറ്റവും കൂടുതൽ പുതിയ ബസ്സുകളുള്ള പാലാ ഡിപ്പോയ്ക്ക് എല്ലാ സർവ്വീസുകളും മുടക്കം കൂടാതെ നിലനിർത്താൻ കഴിയുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. പാലാ ഡിപ്പോയിലെ ഭൂരിപക്ഷം ഫാസ്റ്റ് പാസഞ്ചർ ബസുകളും ഒരു വർഷത്തിൽ താഴെ മാത്രം പഴക്കമുള്ളവയുമാണ്.
പാലാ ഡിപ്പോയിൽ നൂറ് ഷെഡ്യൂളുകൾ തികച്ച് മികച്ചയാത്രാ സൗകര്യം ലഭ്യമാക്കാൻ നേതൃത്വം കൊടുത്ത മുൻ മന്ത്രി കെ.എം മാണിയെയും ജോസ് കെ. മാണി എം.പിയെയും പാസഞ്ചേഴ്‌സ് അസോസിയേഷൻ യോഗം അഭിനന്ദിച്ചു. ചെയർമാൻ ജയ്‌സൺ മാന്തോട്ടം അധ്യക്ഷത വഹിച്ചു.

വാര്‍ത്ത – കേരള കൌമുദി

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply