വിധി കൊള്ളാം; പക്ഷേ, നടപ്പാക്കാന്‍ സാവകാശം വേണം

വാഹന സാന്ദ്രതയില്‍ രാജ്യത്തു തന്നെ മുന്നിട്ടു നില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണു കേരളം. ഈ വാഹനപ്പെരുപ്പം മൂലം പുറന്തള്ളപ്പെടുന്ന ഹരിത വാതകങ്ങളുടെ തള്ളിക്കയറ്റം കൊണ്ട് വീര്‍പ്പു മുട്ടുന്ന അസംഖ്യം രോഗികളുണ്ട്. ഈ മധ്യവേനല്‍ അവധിക്കാലത്ത് മലയാളികള്‍ ഏറ്റവും കൂടുതല്‍ ഉരുവിട്ട വാചകം ഹമ്മോ, എന്തൊരു ചൂട് എന്നായിരിക്കും. അതിനു കാരണം തേടിയാലും പ്രതിസ്ഥാനത്തു നമ്മുടെ നിരത്തുകളില്‍ തിങ്ങി നിറയുന്ന വാഹനങ്ങള്‍ തന്നെയാണ്.

പത്തുവര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്ക് സംസ്ഥാനത്തെ പ്രധാന നഗരങ്ങളില്‍ നിരോധനം ഏര്‍പ്പെടുത്തിയാണ് ദേശീയ ഹരിത ട്രൈബ്യൂണലിന്‍റെ ഉത്തരവ്. 2000 സിസിക്കു മുകളിലുള്ള ഡീസല്‍ എന്‍ജിനുകള്‍ ഉപയോഗിക്കുന്ന പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ താത്കാലികമായി നിര്‍ത്തിവയ്ക്കാനും നിര്‍ദേശമുണ്ട്. തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ നഗരങ്ങളിലാണു വിലക്ക് തുടക്കത്തില്‍ പ്രാബല്യത്തില്‍ വരുന്നത്. ഒരു മാസത്തിനുള്ളില്‍ ഈ ഉത്തരവ് നടപ്പാക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കയാണ്.

വിലക്കു ലംഘിച്ചു നഗരാതിര്‍ത്തിയില്‍ പ്രവേശിക്കുന്ന വാഹനങ്ങളില്‍ നിന്ന് അയ്യായിരം രൂപ പിഴ ഈടാക്കും. നിരോധിത എന്‍ജിന്‍ ഉപയോഗിക്കുന്ന വാഹനങ്ങളുടെ ഉടമകളില്‍ നിന്നു പതിനായിരം രൂപ പിഴ ഈടാക്കാനും ഉത്തരവായിട്ടുണ്ട്. ജനസാന്ദ്രതയിലും വാഹന സാന്ദ്രതയിലും വളരെ മുന്നിട്ടു നില്‍ക്കുന്ന കേരളത്തെ സംബന്ധിച്ചിടത്തോളം ഇത്തരം ചില നിയന്ത്രണങ്ങള്‍ അനിവാര്യമാണ്. എന്നാല്‍ കഷ്ടിച്ച് ഒരു മാസത്തെ സാവകാശം മാത്രം അനുവദിച്ച് അതു നടപ്പാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഹരിത ട്രൈബ്യൂണലും സര്‍ക്കാരും മനസിലാക്കേണ്ടതുണ്ട്. 
ഭാവിയിലെ ഇന്ധനമല്ല, പെട്രോളിയം എന്നു വളരെ നേരത്തേ തിരിച്ചറിഞ്ഞിട്ടുള്ളതാണ്. നെതര്‍ലാന്‍ഡ്, നോര്‍വെ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങള്‍ പാരമ്പര്യേതര ഊര്‍ജ സ്രോതസുകള്‍ മുഖേനയുള്ള വാഹനങ്ങള്‍ ഇതിനകം വളരെ പ്രയോഗത്തില്‍ വരുത്തിക്കഴിഞ്ഞു. 2025 ആകുന്നതോടെ തങ്ങളുടെ നിരത്തുകളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ മാത്രമേ സര്‍വീസ് നടത്തുകയുള്ളൂ എന്നാണു നെതര്‍ലാന്‍ഡിന്‍റെ തീരുമാനം. ഇപ്പോള്‍ത്തന്നെ ആകെ വാഹനങ്ങളുടെ 22.39 ശതമാനവും ഇലക്ട്രിക് ആക്കിയ നോര്‍വേ ഈ രംഗത്തു വളരെക്കൂടുതല്‍ മുന്നോട്ടു പോയി.

ജനസാന്ദ്രതയില്‍ മുന്നിലെങ്കിലും വിസ്തൃതിയില്‍ തീരെച്ചെറിയ രാജ്യങ്ങളാണിവ. അവയെപ്പോലെ ഇന്ത്യയില്‍, പ്രത്യേകിച്ചു കേരളത്തില്‍ സമ്പൂര്‍ണ ഇലക്ട്രിക് വാഹനങ്ങള്‍ അത്ര പെട്ടെന്നു നടപ്പാക്കാന്‍ കഴിയുന്ന കാര്യമല്ല. അതേസമയം, അസാധ്യമല്ലതാനും. ഉഷ്ണ മേഖലാ രാജ്യമായ ഇന്ത്യയില്‍ സോളാര്‍, വിന്‍ഡ് തുടങ്ങിയ ആവര്‍ത്തന ഊര്‍ജ സ്രോതസുകള്‍ ഉപയോഗിച്ച് ഓടിക്കാവുന്ന വാഹനങ്ങള്‍ ഇതിനകം വികസിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ വ്യാവസായികാടിസ്ഥാനത്തില്‍ അതു നിരത്തിലിറക്കാന്‍ കുറച്ചു കൂടി സമയം എടുത്തേക്കും.

അത്തരം നടപടികള്‍ ത്വരിതപ്പെടുത്തുകയാണ് ആദ്യം ചെയ്യേണ്ടത്. അതല്ലാതെ, ഇപ്പോള്‍ സര്‍വീസ് നടത്തുന്ന രണ്ടായിരത്തിലധികം കെഎസ്ആര്‍ടിസി ബസുകളും അതിന്‍റെ പതിന്മടങ്ങ് സ്വകാര്യ ബസുകളും ഒറ്റയടിക്ക് നിരത്തില്‍ നിന്നു പിന്‍വലിക്കണമെന്ന സര്‍ക്യൂട്ട് ബെഞ്ചിന്‍റെ ഉത്തരവ് പൂര്‍ണമായ തോതില്‍ നടപ്പാക്കുന്നത് അപ്രായോഗികമാണെന്നു പറയാതെ വയ്യ.

കടപ്പാട് : മെട്രോ വാര്‍ത്ത

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply