കാത്തിരുപ്പുകേന്ദ്രവും കംഫര്‍ട്ട് സ്റ്റേഷനുമടക്കമുളള അടിസ്ഥാനസൗകര്യങ്ങളില്ലാതെ ബുദ്ധിമുട്ടുകയാണ് പത്തനാപുരം കെഎസ്ആര്‍ടിസി ഡിപ്പോ. മണിക്കൂറുകളോളം ബസ് കാത്തുനില്‍ക്കുന്നവര്‍ക്ക് ഇരിപ്പിട സൗകര്യം ഇല്ലാത്തതിനാല്‍ പ്രായമായവരടക്കം നിരവധി യാത്രക്കാരാണ് ബുദ്ധിമുട്ടുന്നത്.

സ്കൂള്‍ വിദ്യാര്‍ത്ഥികളും മറ്റും മഴസമയത്ത് നനഞ്ഞ് കൊണ്ട് ബസ് കാത്തുനില്‍ക്കേണ്ട അവസ്ഥയാണ് ഇവിടെയുള്ളത്. ബസുകളില്‍ എത്തുന്ന ദീര്‍ഘദൂരയാത്രികര്‍ അടക്കം പ്രാഥമിക ആവശ്യങ്ങള്‍ നിറവേറുന്നതിന് നെട്ടോട്ടമോടുന്നതും സ്ഥിരം കാഴ്ചയാണ്. ജീവനക്കാരുടെ കാര്യവും ദുരിതമാണ്. അടിസ്ഥാന സൗകര്യങ്ങളില്ലാതെയാണ് ഇവര്‍ ജോലി ചെയ്യുന്നത്. ജീവനക്കാരുടെ വിശ്രമമുറിക്ക് സമീപത്തുകൂടിയാണ് കക്കൂസിന്റെ ടാങ്ക് പൊട്ടി ഒഴുകുന്നത്.
മാര്‍ക്കറ്റിലെ മത്സ്യമാലിന്യങ്ങളുടെ ദുര്‍ഗന്ധം സഹിച്ചാണ് മുറിയിലിരുന്ന് ആഹാരം കഴിക്കുന്നതും മറ്റും. മഴക്കാലമായാല്‍ ഗ്യാരേജ് ജീവനക്കാര്‍ ചെളിയിലും കെട്ടികിടക്കുന്ന വെള്ളത്തിലും നിന്ന് ജോലി ചെയ്യണം. വനിതാ കണ്ടക്ടര്‍മാര്‍ക്ക് യൂണിഫോം മാറുന്നതിന് പോലും സൗകര്യങ്ങളില്ല. യാത്രക്കാര്‍ക്കായി പ്രവേശന കവാടത്തില്‍ ലക്ഷങ്ങള്‍ ചിലവഴിച്ച് കംഫര്‍ട്ട് സ്റ്റേഷന്റെ നിര്‍മ്മാണം നടത്തിയെങ്കിലും ചില വ്യാപാരികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് പൊളിച്ചുനീക്കുകയായിരുന്നു.
മൂത്രപ്പുരയും കാത്തിരിപ്പുകേന്ദ്രവും ഉടന്‍ നിര്‍മ്മിക്കുമെന്ന് അധികൃതര്‍ പറഞ്ഞെങ്കിലും ഇതുവരെ ഒന്നും നടന്നില്ല. കെഎസ്ആര്‍ടിസി ഡിപ്പോയോട് ചേര്‍ന്ന് വനംവകുപ്പിന്റെ തടിഡിപ്പോയാണ്. സ്ഥലം എംഎല്‍എ കെ.ബി.ഗണേഷ്കുമാര് വനം വകുപ്പ് മന്ത്രിയായിരുന്നപ്പോള്‍ സ്ഥലപരിമിതിയില്‍ വീര്‍പ്പുമുട്ടുന്ന കെഎസ്ആര്‍ടിസി ഡിപ്പോയുടെ വികസനത്തിനായി വനം വകുപ്പിന്റെ ഒരു ഭാഗം ഭൂമി വിട്ടുനല്‍കുന്നതിന് നിയമനടപടികളുമായി മുന്നോട്ടു പോയെങ്കിലും അതും നടന്നില്ല. താല്കാലിക ഇരിപ്പിടമെങ്കിലും ഒരുക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
കടപ്പാട് : ജന്മഭൂമി
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog