ബസിനുള്ളിൽ കുഴഞ്ഞുവീണു മരിച്ച വയോധികന്റെ മൃതദേഹവുമായി കെഎസ്ആർടിസി സർവീസ് നടത്തി. അരുമാനൂർ ഇടവൂർ വടക്കേചൂഴാറ്റുവീട്ടിൽ ഭുവനചന്ദ്രൻ നായർ (മണിയൻ –62) ആണു മരിച്ചത്. ശനിയാഴ്ച രാവിലെയാണു സംഭവം. കോവളത്തു നിന്നും പൂവാറിലേക്കു വരാനാണു ഭുവനചന്ദ്രൻ നായർ ബസിൽ കയറിയത്.
പുല്ലുവിള എത്താറായപ്പോൾ ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും കുഴഞ്ഞുവീഴുകയുമായിരുന്നെന്നു പൊലീസ് പറഞ്ഞു. യാത്രക്കാർ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കാൻ ആവശ്യപ്പെട്ടുവെങ്കിലും കണ്ടക്ടറും ഡ്രൈവറും തയാറായില്ലത്രേ. സീറ്റിൽ കിടത്തിയ ശേഷം സവാരി തുടർന്നു. യാത്രയ്ക്കിടെ ഭുവനചന്ദ്രൻ മരിച്ചു.
പിന്നീട് പൂവാറിൽ എത്തിയ ശേഷം ബസ് പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി. പൊലീസിന്റെ നിർദേശത്തെ തുടർന്നു അതേ ബസിൽ തന്നെ മൃതദേഹം പൂവാർ ഗവ. ആശുപത്രിയിൽ എത്തിച്ചു. പൂവാർ ആശുപത്രിക്കു സമീപത്തു ബസിൽ കിടത്തിയിരുന്ന മൃതദേഹം ബന്ധുക്കൾ എത്തിയ ശേഷമാണു ബസിൽ നിന്നും മാറ്റിയത്.
സംഭവത്തെ തുടർന്നു ബസ് ജീവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബസിൽ ആരെങ്കിലും കുഴഞ്ഞുവീഴുന്ന സാഹചര്യമുണ്ടായാൽ ജീവനക്കാർ അടുത്ത ആശുപത്രിയിൽ എത്തിക്കണമെന്ന് എംഡി സർക്കുലറിലൂടെ നിർദേശം നൽകിയിട്ടുള്ളതാണ്. അതു പാലിക്കപ്പെട്ടില്ലെന്നു പരക്കെ ആക്ഷേപമുണ്ട്. സംഭവം മേലധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിലും വീഴ്ചയുണ്ടായി.
News : Malayala Manorama