വാട്‌സ് ആപ്പിലൂടെ എന്ത് മെസ്സേജ് കിട്ടിയാലും ഫോർവേഡ് ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്..

ഇന്ന് നമ്മളെല്ലാം പൊതുവായി ഉപയോഗിക്കുന്ന ഒരു മെസ്സഞ്ചർ ആപ്പ് ആണ് വാട്‍സ് ആപ്പ്. ഫേസ്ബുക്ക് പോകെ തന്നെ വാട്സ് ആപ്പും നമ്മുടെയെല്ലാം ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ്. എന്നാൽ ഇപ്പോൾ വാട്സ് ആപ്പിലൂടെ വ്യാജസന്ദേശങ്ങൾ ധാരാളം ഷെയർ ചെയ്യപ്പെടാറുണ്ട്. ഇത്തരത്തിൽ ഷെയർ ചെയ്ത് പണിമേടിച്ചവരും ഇവിടെയുണ്ട്. വാട്‌സ് ആപിലൂടെ എന്ത് മെസ്സേജ് കിട്ടിയാലും ഒരാലോചനയുമില്ലാതെ ഫോർവേഡ് ചെയ്യുന്നവരുടെ ശ്രദ്ധയ്ക്കായി കേരള പോലീസ് അവരുടെ ഫേസ്‌ബുക്ക് പേജിൽ ഒരു പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്. ആ പോസ്റ്റ് ഒന്നു നോക്കാം.

വാട്‌സ് ആപിലൂടെ എന്ത് മെസ്സേജ് കിട്ടിയാലും ഒരാലോചനയുമില്ലാതെ ഫോർവേഡ് ചെയ്യുന്നവരുടെ ശ്രദ്ധക്ക്.. വ്യാജവും അടിസ്ഥാനമില്ലാത്തതുമായ ധാരാളം വാട്‌സ് ആപ് സന്ദേശങ്ങളാണ് വീണ്ടുവിചാരമില്ലാതെ നമുക്കിടയിൽ പങ്കുവെക്കപ്പെടുന്നത്. മെസേജുകൾ ഫോർവേഡ് ചെയ്താൽ വാട്‌സ് ആപ് കമ്പനി പണം നൽകുമെന്നും, ഓൺലൈൻ ട്രേഡിങ്ങ് കമ്പനികളുടെ ധാരാളം ഓഫറുകളും സമ്മാനങ്ങളും ലഭിക്കുമെന്നുമുള്ള സന്ദേശങ്ങളും പോലീസ് അറിയിപ്പെന്നതരത്തിൽ ആധികാരികമല്ലാത്ത സന്ദേശങ്ങളുമൊക്കെ ഇത്തരത്തിൽ ധാരാളമായി നമുക്കെല്ലാം ലഭിക്കാറുണ്ട്.

കുട്ടികളെ കാണാതായി, രോഗിക്ക് രക്തം ആവശ്യമുണ്ട് തുടങ്ങിയ സന്ദേശങ്ങൾ കുട്ടിയെ കണ്ടുകിട്ടിയതിന് ശേഷവും രോഗി സുഖം പ്രാപിച്ചതിനുശേഷവും പങ്കുവയ്ക്കപ്പെട്ടുകൊണ്ടിരിക്കും എന്നതാണ് രസകരം. നമുക്ക് ലഭിക്കുന്ന മെസ്സേജുകൾ ഫോർവേഡ് ചെയ്തവ ആണെങ്കിൽ ആയതിലെ വസ്തുതകൾ സൂഷ്മതയോടെ പരിശോധിക്കുക. യുക്തിപൂർവം വിലയിരുത്തുക അതിനു ശേഷം മാത്രം ഫോർവേഡ് ചെയ്യുക. പോലീസ് അറിയിപ്പുകളുടെ ആധികാരികത ഉറപ്പാക്കി മാത്രം ഫോർവേഡ് ചെയ്യുക.

സംശയം തോന്നുന്ന സന്ദേശങ്ങളുടെ വാസ്തവമറിയാൻ ഈ പേജിലെ മെസ്സേജ് സംവിധാനം നിങ്ങൾക്കു പ്രയോജനപ്പെടുത്താം. ട്രാഫിക് നിയമലംഘനങ്ങൾക്ക് പുതുക്കിയ ഫൈൻ, ടൂ സ്ട്രോക്ക് വാഹനങ്ങൾ ഏപ്രിൽ മുതൽ നിരത്തിലിറക്കാൻ കഴിയില്ല, എയ്ഡ്സ് പരത്താൻ വരുന്ന രക്തപരിശോധന സംഘം തുടങ്ങിയ വ്യാജസന്ദേശങ്ങൾ നിലവിൽ വ്യപകമായി പ്രചരിക്കുന്നുണ്ട്. അവിശ്വസനീയം എന്ന് നമുക്ക് തന്നെ തോന്നുന്ന വിവരങ്ങൾ പലപ്പോഴും അസത്യവുമായിരിക്കും. അതിനാൽ അവയിൽ ഏതെങ്കിലും തരത്തിലുള്ള വസ്തുതകൾ ഉണ്ടോ എന്ന് പരിശോധിക്കുക.

ഫോട്ടോകളും വിഡിയോകളും വിശ്വാസത്തിൽ എടുക്കാമെങ്കിലും നമ്മെ വഴിതെറ്റിക്കുന്ന രീതിയിൽ അവയിലും നടത്താൻ കഴിയും. ചില സന്ദർഭങ്ങളിൽ ഫോട്ടോകൾ സത്യമായിരിക്കും. പക്ഷെ അതിന്റെ അനുബന്ധമായുള്ള വസ്തുതകൾ അസത്യവും ആയിരിക്കും. അതിനാൽ ഫോട്ടോകളുടെ ആധികാരികത ഓൺലൈനിലോ മറ്റോ കണ്ടെത്തി ഉറപ്പുവരുത്തുക. ലഭിക്കുന്ന വാർത്തകൾ മറ്റെവിടെയെങ്കിലും റിപ്പോർട്ട് ചെയ്തിട്ടുണ്ടോ എന്നറിയാൻ മറ്റു വാർത്താ വെബ്‌സൈറ്റുകൾ, ആപ്പുകൾ തുടങ്ങിയവ പരിശോധിക്കുക. വ്യത്യസ്ത സ്ഥലങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിൽ അത് സത്യമായിരിക്കാനാണ് സാധ്യത.

പ്രകോപനപരമായും വർഗ്ഗീയതയും തമ്മിലടിപ്പിക്കാനും മറ്റും വാട്ട്സ്ആപ് ഉപയോഗിക്കുന്നവരെ ബ്ലോക്ക് ചെയ്യുക. അത്തരം ഗ്രൂപ്പുകളിൽ നിന്നും പുറത്തുപോരുക. ഏതെങ്കിലും മെസ്സേജ് വായിച്ച് ദേഷ്യം, ഭീതി തുടങ്ങിയ വികാരങ്ങൾ തോന്നുന്നുവെങ്കിൽ അത്തരം സന്ദേശങ്ങൾ ഫോർവേഡ് ചെയ്യാതിരിക്കുക. കബളിപ്പിക്കുന്ന സന്ദേശങ്ങളിൽ അല്ലെങ്കിൽ വ്യാജവാർത്തകളിൽ അക്ഷരപ്പിശക് ഉണ്ടാകാനിടയുണ്ട്. ഇത്തരം സൂചനകൾ വിവരങ്ങൾ കൃത്യമാണോ എന്ന് വിലയിരുത്തുന്നതിന് സഹായകരമാകും. ഒറ്റനോട്ടത്തിൽ പ്രശസ്തമായ ഏതെങ്കിലും ഒരു വെബ്സൈറ്റിലേക്കുള്ള ലിങ്ക് ആണെന്ന് തോന്നാമെങ്കിലും അതിൽ അക്ഷരപിശകോ അസ്വഭാവകിമായ പ്രതീകങ്ങളോ ഉണ്ടെങ്കിൽ അതിൽ എന്തോ പ്രശ്നങ്ങൾ ഉണ്ടെന്ന് കരുതാം.

നമുക്ക് ലഭിക്കുന്ന വിവരങ്ങളുടെ ഉറവിടം സത്യമാണോ എന്ന സംശയം ഉണ്ടെങ്കിൽ , അധികാരികമല്ല എന്ന് തോന്നുന്നെങ്കിൽ അവ ഫോർവേഡ് ചെയ്യാതിരിക്കുക. നമുക്ക് ഒരേ മെസ്സേജ് എത്രവട്ടം ലഭിച്ചു എന്നതിൽ കാര്യമില്ല. ഒരു സന്ദേശം നിരവധി തവണ ഫോർവേഡ് ചെയ്യപ്പെട്ടാലും അത് സത്യമാകണമെന്നില്ല. വ്യാജവാർത്തകൾക്കെതിരെ കരുതലോടെയിരിക്കുക. അത്തരം വാർത്തകളോ സന്ദേശങ്ങളോ കണ്ടാൽ മറ്റുള്ളവരെ അതിനെക്കുറിച്ച് ബോധവാന്മാരാക്കാൻ ശ്രമിക്കുക. പ്രചരിപ്പിക്കാതിരിക്കുക. NB : ഈ മെസ്സേജ് വാസ്തവമാണോ ഷെയർ ചെയ്യാമോ എന്ന് ദയവായി ചോദിക്കരുത്.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply