അനുവദിച്ചിട്ടുള്ള സ്റ്റോപ്പിൽനിന്ന് മൂന്നു കിലോമീറ്റർ മാറ്റി രാത്രിയിൽ കനത്തമഴയത്ത് രണ്ടു വനിതകളെ ഇറക്കി വിട്ട കെ.എസ്.ആർ.ടി.സി ഡ്രൈവറെ നാട്ടുകാർ ഓടിച്ചിട്ട് അടിച്ചു. സ്റ്റേഷൻ മാസ്റ്റർ ഓഫീസിൽ ഓടിക്കയറി കതകടച്ച ഡ്രൈവറെ രക്ഷിക്കാൻ ശ്രമിച്ച കൺട്രോളിങ് ഇൻസ്പെക്ടർക്കും കണക്കിനു കിട്ടി.
കുറ്റം തങ്ങളുടെ ഭാഗത്തായതിനാൽ കിട്ടിയതും വാങ്ങിക്കൊണ്ട് കെ.എസ്.ആർ.ടി.സി ജീവനക്കാർ മിണ്ടാതിരുന്നു. ജൂണ് 11 രാത്രി എട്ടിന് പത്തനംതിട്ട ഡിപ്പോയിലാണ് സംഭവം. ചിറ്റാർ സ്വദേശിയായ ഡ്രൈവർ ഷാജഹാനാണ് അടികൊണ്ടത്.
തൃശൂരിൽനിന്ന് പത്തനംതിട്ടയിലേക്ക് വന്ന RPC 438 ഫാസ്റ്റ് പാസഞ്ചർ ബസിലുണ്ടായിരുന്ന രണ്ടു വനിതാ യാത്രികർ പുല്ലാടിനു സമീപം ചെട്ടിമുക്കിലെത്തിയപ്പോൾ ഇറങ്ങണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, ഡ്രൈവർ ഷാജഹാൻ അതിനു തയാറാകാതെ മൂന്നു കിലോമീറ്റർ അകലെ കോഴഞ്ചേരിയിലാണ് ബസ് നിർത്തിയത്. സമയം വൈകിയെന്ന കാരണം പറഞ്ഞായിരുന്നു ഇത്. സംഭവം കണ്ട യാത്രക്കാരന്റെ നേതൃത്വത്തിൽ, പത്തനംതിട്ട ഡിപ്പോയിൽ ബസ് എത്തിയപ്പോൾ ഡ്രൈവറെ മർദിക്കുകയായിരുന്നു. അടി കൊണ്ട് ഓടിയ ഷാജഹാനെ പിന്നാലെ ചെന്നും മർദിച്ചു. തടി കേടാകുമെന്ന് മനസിലാക്കി ഇയാൾ ഓടി സ്റ്റേഷൻ മാസ്റ്റർ ഓഫീസിൽ കയറി കതകടച്ചു. വിഷയം രമ്യതയിൽ പരിഹരിക്കാൻ ശ്രമിക്കുമ്പോഴാണ് കൺട്രോളിങ് ഇൻസ്പെക്ടറെ യാത്രക്കാർ മർദിച്ചത്. ഒടുവിൽ സ്റ്റേഷൻ മാസ്റ്ററും മറ്റ് ജീവനക്കാരും ചേർന്ന് യാത്രക്കാരെ അനുനയിപ്പിച്ചു വിടുകയായിരുന്നു.
വൈകിട്ട് ആറരയോടെയാണ് ബസ് ചെട്ടിമുക്കിൽ വന്നത്. ഈ സമയം കനത്ത മഴയുമുണ്ടായിരുന്നു. ബസിന് ഇവിടെ സ്റ്റോപ്പും ഉണ്ട്. എന്നിട്ടും വനിതാ യാത്രികരെന്ന പരിഗണന പോലും നൽകാതെ മൂന്നു കിലോമീറ്റർ മാറി കോഴഞ്ചേരി ടൗണിൽ കൊണ്ട് ഇറക്കി വിടുകയായിരുന്നു. ഷാജഹാനൊപ്പം വനിതാ കണ്ടക്ടർ ആണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. ഇവരും നിരുത്തരവാദപരമായിട്ടാണ് പെരുമാറിയതെന്ന് യാത്രക്കാർ പറഞ്ഞു. ഇയാൾക്കൊപ്പം സ്ഥിരമായി ഉണ്ടാകാറുള്ള വനിതാ കണ്ടക്ടറും യാത്രക്കാരോട് മോശമായിട്ടാണ് പെരുമാറുന്നത്.
യാത്രികരെ സ്റ്റോപ്പിൽ ഇറക്കാത്തതിന്റെ പേരിൽ മുമ്പും ഷാജഹാന് മർദനമേറ്റിട്ടുണ്ടെന്നു പറയുന്നു. വാര്യാപുരത്ത് ഇറങ്ങേണ്ട യാത്രക്കാരനെ രണ്ടുകിലോമീറ്റർ മാറി ചുരുളിക്കോട്ട് ഇറക്കിയതിന്റെ പേരിലായിരുന്നു മർദനം. സുഹൃത്തുക്കളെയും കൂട്ടി അന്ന് ഡിപ്പോയിലെത്തിയ യാത്രക്കാരൻ ഇയാളെ പൊതിരെ തല്ലുകയായിരുന്നു.
News : Marunadan Malayali