മലയൻകീഴിലെ മിന്നൽ ഹോട്ടൽ – ശ്രീജയുടെ വിശേഷങ്ങൾ

വിവരണം – ‎Praveen Shanmukom‎, ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ.

ഏകദേശം 55 വർഷം മുമ്പ് മലയിൻകീഴ് തുടങ്ങിയ ഭക്ഷണയിടം. ഇന്നും സജീവമായി നിലകൊളളുന്നു. മലയിൻകീഴ് വഴി പോകുമ്പോഴെല്ലാം ജംഗ്ഷനിലെ ഈ കട കാണുന്നതാണ്. കൊള്ളാമോ കൊള്ളൂലെ ഒരു പിടിയുമില്ല. ആരും ഒന്നും പറഞ്ഞ് കേട്ടിട്ടുമില്ല. അങ്ങനെ മാർച്ച് മാസം ലോക്ക്ഡൗണിന് മുമ്പുള്ള ദിനങ്ങളിൽ ഒരു ബീഫ് പാഴ്സൽ വാങ്ങിക്കാനായി ഇറങ്ങി. ഉദ്ദേശിച്ചിരുന്ന കടയിൽ കിട്ടിയില്ല. മനസ്സിൽ ഇതോടിയെത്തി. നേരെ ഇങ്ങോട്ട് പോന്നു.

വയസ്സായ ഒരു മാമനാണ് കടയിൽ റിസ്പഷനിൽ ഇരുന്നത്. പെറോട്ടയും ബീഫ് ഫ്രൈയും പാഴ്സൽ വരുന്നതിനിടയിൽ മാമനെ പരിചയപ്പെട്ടു. പേര് കൃഷ്ണൻ നായർ. ഈ ഭക്ഷണയിടത്തിന്റെ ഉപജ്ഞാതാക്കളിൽ ഒരാൾ. ബീഫിന്റെ മണവും പേറി നേരെ വീട്ടിൽ എത്തി. പാഴ്സൽ പൊതി അഴിച്ചു. പെറോട്ടയും ബീഫും മുന്നിൽ വിരിഞ്ഞു. പൊളിയോ പൊളി. ബീഫ് കിക്കിടിലം. സംതൃപ്തിയുടെ നിറവിൽ എല്ലാം അലിഞ്ഞ് അലിഞ്ഞങ്ങ് പോയി. ബീഫ് പോയ വഴി അറിഞ്ഞില്ല.

മിന്നൽ എന്നറിയപ്പെടുന്ന ശ്രീ കുട്ടൻപിള്ളയും ശ്രീ കൃഷ്ണൻനായർ മാമനും കൂടി തുടങ്ങിയ കട. കൃഷ്ണൻനായർ ചേട്ടന്റെ മാമൻ കൂടിയാണ് ശ്രീ കുട്ടൻപിള്ള. അദ്ദ്ദേഹത്തിന്റെ മകന്റെ മകളുടെ പേരായ ശ്രീജ എന്ന പേരാണ് ഹോട്ടലിന് ഇട്ടിരിക്കുന്നതെങ്കിലും മലയിൻകീഴ് നിവാസികൾക്കിടയിൽ മിന്നലിന്റെ കട എന്നാണ് അറിയപ്പെടുന്നത്. ചെറിയ ഒരു ഓലക്കടയായിട്ടായിരുന്നു തുടക്കം. ഇപ്പോൾ കാണുന്ന ഷീറ്റിട്ട രീതിയിലോട്ട് മാറിയിട്ട് 22 വർഷമാകും. എല്ലാം വിറകടുപ്പിലായിരുന്നു. ആറു മാസം മുൻപ് ഗ്യാസിലോട്ട് മാറി.

ലോക്ക്ഡൗണിന്റെ തുടക്കത്തിലെ ഇളവുകളിൽ ഭക്ഷണയിടങ്ങൾ ഡെലിവറി, ടേക്ക് എവേ ആയി തുറന്ന് പ്രവർത്തിക്കാമെന്ന് സർക്കാർ അറിയിപ്പ് കിട്ടിയതിന്റെ തുടക്കത്തിൽ തന്നെ തുറന്ന് പ്രവർത്തിച്ച ചുരുക്കം ഭക്ഷണയിടങ്ങളിൽ ഒന്നാണിത്.

ശ്രീ കൃഷ്ണൻനായർ മാമന്റെ മകനായ ശ്രീ ജയചന്ദ്രൻ ചേട്ടനാണ് ഇപ്പോൾ ഈ ഹോട്ടലിന്റെ ഉടമസ്ഥൻ. രാഷ്ട്രീയ പ്രവർത്തനങ്ങളും സാമൂഹിക പ്രവർത്തനങ്ങളും കൈ മുതലായുള്ള ചേട്ടന്റെ ഭാഷയിൽ പറഞ്ഞാൽ ഈ ലോക്ക്ഡൗൺ സമയത്ത് മെയ് 31 വരെ അടച്ചിടാമെന്നാണ് ആദ്യം കരുതിയത്. പ്രധാനമായും വിശ്വസിച്ച് കൂടെ നില്ക്കുന്ന ഹോട്ടലിലെ ജോലിക്കാർക്ക് ശമ്പളം കൊടുക്കാൻ വേണ്ടിയാണ് ഇപ്പോൾ തുറന്ന് പ്രവർത്തിക്കുനത്.

ലോക്ക്ഡൗൺ സമയത്ത് 7 മണിക്ക് തുറന്ന് രാത്രി 7 മണിക്ക് അടയ്ക്കുന്ന ഇവിടെ രാവിലെ ദോശ, ഇഡ്ഡലി, അപ്പം, പുട്ട്, പയറ്, പപ്പടം, മുട്ടക്കറി, കിഴങ്ങു കറി, തക്കാളി കറി ഇവയാണ് ലഭിക്കുന്നത്. (ലോക്ക്ഡൗണിന് മുൻപ് രാവിലെ 5 മണി മുതൽ രാത്രി 8:30 വരെയാണ് പ്രവർത്തന സമയം) രാവിലെ പത്ത് മണി മുതൽ ഇടിയപ്പം, പെറോട്ട, ചിക്കൻ ഫ്രൈ, ചിക്കൻ കറി. ഉച്ചയ്ക്ക് ഊണും ചിക്കൻ ബിരിയാണിയും വെജിറ്റബിൾ ബിരിയാണിയും. വൈകുന്നേരം പുട്ട്, പയറ്, പപ്പടം, വറുത്ത മുളക്. ഇവിടെ അതിന് നല്ല ചെലവാണ്. മുൻപുണ്ടായിരുന്ന ബീഫ് ഫ്രൈയും ബീഫ് കറിയും ഇപ്പോൾ ഈ ലോക്ക്ഡൗൺ സമയത്ത് ഇല്ല. സ്ഥിരം കൊടുത്ത് കൊണ്ടിരുന്ന ആൾ ഇപ്പോൾ ഈ ലോക്ക്ഡൗൺ സമയത്ത് വെട്ടാത്തതാണ് പ്രശ്നം.
.
ഒരു കാര്യം മനസ്സിൽ തോന്നിയത് പലപ്പോഴും നമ്മൾ കടന്ന് പോകുന്ന ഭക്ഷണയിടങ്ങൾ രുചികൾ പേറി നില്ക്കുന്ന ഒരിടമാവും. പലപ്പോഴും നമ്മൾ അത് അറിയുന്നില്ല. ഒരിക്കൽ ആ രുചി അനുഭവിക്കുമ്പോൾ നിറഞ്ഞ കുറ്റബോധമായിരിക്കും. ഇത്രയും നാൾ നമ്മൾ അറിഞ്ഞില്ലല്ലോ എന്ന്.

മലയിൻകീഴിലെ ശ്രീജ അഥവാ മിന്നലിന്റെ കട വ്യക്തിപരമായി എനിക്ക് അത്തരമൊരു അനുഭവം തന്ന കടയാണ്. ലൊക്കേഷൻ: പേയാട് നിന്ന് മലയിൻകീഴ് ജംഗ്ഷൻ എത്തി വലത്തോണ്ട് തിരിയുമ്പോൾ പാപ്പനംകോട് പോകുന്ന വഴിയുടെ തുടക്കത്തിലായി.

Check Also

ഫ്ലോപ്പായി പോയ 10 ലക്ഷ്വറി കാർ മോഡലുകൾ | 10 Amazing Luxury Cars That Flopped Miserably

Luxury cars are a lucrative business, with well-heeled customers willing to shell out hundreds of …

Leave a Reply