ചൂരല്‍മല-അട്ടമല റോഡ് യാത്രക്കാരുടെ നടുവൊടിക്കുന്നു

വര്‍ഷങ്ങളായി അറ്റകുറ്റപ്പണി നടത്താത്ത വയനാട്ടിലെ ചൂരല്‍മല-അട്ടമല റോഡ് യാത്രക്കാരുടെ നടുവൊടിക്കുന്നു. മേപ്പാടി ചൂരല്‍മലയില്‍ നിന്ന് അട്ടമല വരെയുള്ള രണ്ടര കിലോമീറ്റര്‍ റോഡാണ് നാട്ടുകാര്‍ക്ക് ദുരിതയാത്ര സമ്മാനിക്കുന്നത്. പലയിടത്തും ഒരടിയോളം താഴ്ചയുള്ള കുഴികളാണ്. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാന്‍ അധികൃതര്‍ ഇടപെടുന്നില്ലെന്നു നാട്ടുകാര്‍ പരാതിപ്പെടുന്നു.

അട്ടമലയിലേക്കുള്ള ബസ്സുകളുടെ സമയവിവരങ്ങള്‍ക്ക് : CLICK HERE

ചൂരല്‍മല-അട്ടമല റോഡ് പാടെ തകര്‍ന്നിട്ട് മാസങ്ങളേറെയായി. വിദ്യാര്‍ഥികളും സ്ത്രീകളുമടക്കമുള്ള നൂറുകണക്കിനാളുകളാണ് നിത്യവും ദുരിതയാത്ര അനുഭവിക്കുന്നത്. റോഡിന്റെ ഈ അവസ്ഥ മൂലം അടിയന്തര ആവശ്യങ്ങള്‍ക്കുപോലും വാഹനങ്ങള്‍ വരാന്‍ മടിക്കുകയാണെന്നു നാട്ടുകാര്‍ പറയുന്നു. വന്നാല്‍ത്തന്നെ അമിത നിരക്ക് നല്‍കേണ്ടിവരും.
വേനല്‍മഴ പെയ്ത സമയത്ത് റോഡിലെ ഗര്‍ത്തങ്ങളില്‍ വെള്ളം നിറഞ്ഞ് ചളിക്കുളമായി മാറിയിരുന്നു. മഴക്കാലമെത്തുന്നതോടെ പ്രദേശത്തെ ജനങ്ങളുടെ ദുരിതം ഇരട്ടിയാവും. ചൂരല്‍മലയിലെ വിദ്യാലയത്തിലെത്താനുള്ള വിദ്യാര്‍ഥികളുടെ കാല്‍നടയാത്രയും ദുരിതപൂര്‍ണമാവും.
അതിനാല്‍ എത്രയും പെട്ടെന്നു റോഡ് ഗതാഗതയോഗ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ചൂരല്‍മല മുതല്‍ അട്ടമല വരെ വീടുകളിലും എസ്‌റ്റേറ്റ് പാടികളിലുമായി 200ല്‍ കൂടുതല്‍ കുടുംബങ്ങളാണ് താമസിക്കുന്നത്. ഭൂരിഭാഗം പേരും തൊഴിലാളികളാണ്. ഇവര്‍ മുഖ്യമായും കെഎസ്ആര്‍ടിസിയെയാണ് ആശ്രയിക്കുന്നത്. ആകെ നാലു കെഎസ്ആര്‍ടിസി ബസ്സുകള്‍ മാത്രമാണ് ഇതുവഴി സര്‍വീസ് നടത്തുന്നത്. എന്നാല്‍, റോഡിന്റെ ശോച്യാവസ്ഥ കാരണം ട്രിപ്പ് മുടക്കം പതിവാണ്. ചൂരല്‍മല-അട്ടമല റോഡ് ഉടന്‍ നന്നാക്കാന്‍ നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കി.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply