ഉയരം കൂടിയ ചായ കുടിക്കണമെന്ന മോഹവുമായി മലകയറിയ യാത്ര…

ഉയരം കൂടിയ ചായ.. അതൊരു ട്രിപ്പ് അല്ലായിരുന്നു. വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് 24-03-18, ശനിയാഴ്ച എനിക്ക് കോയമ്പത്തൂരിലേക്ക് പോകണമായിരുന്നു. രാവിലെ 7-നോട് അടുത്ത് ഉണർന്നു. കുളിച്ച് ഫ്രഷ് ആയി 8 മണിയോടടുത് യാത്ര ആരംഭിച്ചു. കോയമ്പത്തൂരിലേക്ക് 11-12 മണിക്കുള്ളിൽ എത്തിയാൽ മതിയായിരുന്നു. അതുകൊണ്ട് തന്നെ അധികം ദ്രിതിയില്ലാതെ തന്നെ യാത്ര തുടർന്നു. 11. 50 നോട് അടുത്ത് കോയമ്പത്തൂരിൽ എത്തി. കാര്യങ്ങൾ എല്ലാം കഴിഞ്ഞു ഫ്രീയാകുമ്പോൾ സമയം 1 മണിയോട് അടുത്തിരുന്നു. പക്ഷെ, വന്ന കാര്യം നടന്നില്ല. അതിന്റെ നിരാശയും ഉണ്ടായിരുന്നു മനസ്സിൽ.

അടുത്ത് കണ്ട കോവിലിന്റെ അരികിൽ മരച്ചുവട്ടിൽ അൽപനേരം വിശ്രമിച്ചു. ചൂട് അതിന്റെ ഉച്ചസ്ഥായിയിൽ എത്തിയിരുന്നു. കോയമ്പത്തൂരിലെ ശാപ്പാട് കഴിച്ചിട്ട് കുറെ ആയി. കഴിച്ചിട്ട് നാട്ടിലേക്ക് മടങ്ങാം എന്നാലോചിച്ചു നിൽക്കുമ്പോഴാണ് ഒരു ചായ കുടിക്കാൻ തോന്നിയത്. ഈ ചൂടത്തു ചായ കുടിക്കണോ എന്ന രണ്ടാമത്തെ ചിന്ത എത്തിച്ചത് മറ്റൊരു ചിന്തയിലേക്കാണ്, തണുപ്പത് ഉയരം കൂടിയ ചായ കുടിച്ചാലോ? അതെ മുന്നാറിലെ ചായ. മറയൂർ വഴി പോകാം ഇതുവരെ മറയൂർ കാണാൻ സാധിച്ചിട്ടില്ല. വാച്ചിൽ സമയം 1 മണി കഴിഞ്ഞിരിക്കുന്നു. ഇനിയും വൈകിയാൽ രാത്രിയാകും വീടണയുമ്പോൾ.

 

ശാപ്പാട് കഴിക്കാൻ ഇനി സമയമില്ല. അതുകൊണ്ട് അടുത്ത കടയിൽ നിന്നും 1/2 kg ഓറഞ്ചും വാങ്ങി ബാഗിൽ ഇട്ടു. ആ യാത്ര അവിടെ തുടങ്ങി. അടുത്ത വിശ്രമം ഇനി മറയൂരിൽ. ഒക്ടോബറിൽ ആണ് അവസാനമായി പൊള്ളാച്ചി വഴി പോയത്. അന്ന് റോഡിന്റെ അവസ്ഥ ദയനീയമായിരുന്നു. ഇന്നതു മെച്ചപ്പെട്ടിട്ടുണ്ട്. ഫോണിൽ ചാർജ് ഇനി 49% മാത്രമേ ബാക്കിയുള്ളു. സൂക്ഷിച്ച് ഉപയോഗിക്കണം, മാപ് തുറക്കാനേ പറ്റില്ല. വഴിയിൽ കാണുന്നവരോടൊക്കെ വഴി ചോദിച്ച് ചിന്നാർ – മറയൂർ റോഡിൽ എത്തി. അവിടെ 10 മിനിറ്റ് വിശ്രമിച്ചു, കൂട്ടത്തിൽ ഓറഞ്ചും അകത്താക്കി. ശരീരം ഹൈഡ്രേറ്റ് ചെയ്തതിനു ശേഷം യാത്ര വീണ്ടും തുടർന്നു. കാടെല്ലാം വരണ്ട് കിടപ്പാണ്. ആനമല ടൈഗർ റിസേർവ് ഫോറെസ്റ്റിലേക്കു കടക്കുമ്പോൾ തന്നെ സമയം 3.30 കഴിഞ്ഞിരുന്നു. ഇതുവഴി പോകുമ്പോൾ ചെക്പോസ്റ്റുകൾ ഒരുപാട് ഉണ്ടെങ്കിലും ചെക്കിങ് കിട്ടിയത് മറയൂർ ചെക്പോസ്റ്റിൽ വെച്ചായിരുന്നു. ബാഗെല്ലാം പരിശോധിച്ചതിനു ശേഷം ഉദ്യോഗസ്ഥൻ ഒറ്റ ചോദ്യം :-“ജിക്സറിന് എന്ന മൈലേജ് കിട്ടും?” ആ സംഭാഷണം അൽപ നേരം നീണ്ടു.

 

യാത്ര ഒടുവിൽ മറയൂരിൽ എത്തി. അവിടെ നിന്ന് ജിക്‌സിക്ക് പെട്രോളും എനിക്ക് ഇളനീരും അടിച്ച് യാത്ര തുടർന്നു. ഇനി മുന്നാറിലേക്കാണ്, യാത്ര തുടർന്നുകൊണ്ടിരിക്കെ മൂന്നാർ എത്താൻ തുടങ്ങി എന്ന് സൂചിപ്പിക്കും വിധം തണുപ്പ് കാലിലേക്ക് ഇരച്ചു കയറാൻ തുടങ്ങി. കാഴ്ചകളുടെ പറുദീസ അവിടെ തുടങ്ങി. സമയം അപ്പോഴേക്കും 4:45 കഴിഞ്ഞിരുന്നു. അധികം വൈകിയാൽ രാത്രി യാത്ര ഇഷ്ടമില്ലാത്ത ഞാൻ രാത്രിയിൽ മൂന്നാർ – അടിമാലി താണ്ടേണ്ടി വരും. ഫോണിൽ ആണെങ്കിൽ ചാർജ് 20% ന്റെ താഴെയുമായി. അധികം താമസിയാതെ തന്നെ ആ ആഗ്രഹം അങ്ങ് നടത്തി. ഉയരം കൂടിയ ചായ അങ്ങ് കുടിച്ചു. വിചാരിച്ചത് പോലെയല്ല ഉമ്മാടെ ചായേടെ രുചിയൊന്നും ഉയരം കൂടിയ ചായക്കില്ല. പക്ഷെ, ചുറ്റുമുള്ള കാഴ്ചകൾ…. അത് കാണണമെങ്കിൽ ഇവിടെ എത്തിയെ പറ്റു…. ആകാശം മുട്ടെ ഉയർന്ന് നെഞ്ചും വിരിച് നിൽക്കുന്ന പശ്ചിമ തമ്പുരാന്റെ കാൽച്ചുവട്ടിൽ പച്ചപ്പട്ടു വിരിച്ച പരവതാനിയിൽ നിന്ന് കടുപ്പത്തിൽ ചൂടോടെ തണുപ്പത്ത്‌ ഒരു കവിൾ ചായ. മനസ്സ് നിറഞ്ഞു. രുചി മുകുളങ്ങൾ അതിന്റെ ഉന്മാദം ശരിക്കും അറിഞ്ഞിരുന്നു.

പെട്ടന്നാണ് ചേട്ടന്റെ അശരീരി… ആന ഇറങ്ങിയിട്ടുണ്ടത്രെ. ഇനി വൈകിയാൽ കുഴപ്പമാകും എന്ന് കരുതി യാത്ര തുടർന്നു. അടുത്ത വിശ്രമം മൂന്നാർ ടൗണിൽ ആയിരുന്നു. ഒരു ചെറിയ പാക്കറ്റ് ഗുഡ്ഡേ അകത്താക്കി യാത്ര തുടർന്നു. അസ്തമയാർക്കന്റെ കിരണങ്ങൾ ആകാശത്തെ വർണ്ണശബളമാക്കിയിരുന്നു. യാത്ര തുടരുകയാണ്. പിന്നീടെല്ലാം പെട്ടന്നായിരുന്നു. ഇരുൾ വീണതോട് കൂടി മൂന്നാർ – അടിമാലി റോഡ് കൂര കൂരിരുട്ടായി. ഒരു റിഫ്ലക്ടർ പോലും ഇല്ലാത്ത റോഡ്. എതിരെ വരുന്ന കാറുകളെല്ലാം ഒരു ദയ ദാക്ഷണ്യവും കാട്ടാതെ ഹൈബീം ഇട്ട് വണ്ടി ഓടിക്കുന്നു. പ്രകാശം കുറക്കാൻ സിഗ്നൽ കൊടുത്തിട്ടും കാര്യം ഇല്ല. അവരുടെയൊക്കെ അഹങ്കാരം ആ അഭ്യർത്ഥനയൊന്നും മാനിച്ചില്ല. മാറി മാറി ഭരിക്കുന്നവരും സ്ഥലത്തെ രാഷ്ട്രീയക്കാരും ഒന്നും ഇതൊന്നും കാണുന്നില്ലേ.

 

കേരളത്തിലെ ഏറ്റവും തിരക്കേറിയ റോഡുകളിൽ ഒന്നും ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികൾ സഞ്ചരിക്കുന്നതുമായ റോഡുകളിൽ ഒന്നുമായ റോഡിന്റെ അവസ്ഥ ദയനീയം തന്നെ. റോഡിൽ സിഗ്നൽ ബോർഡുകൾ, റിഫ്ലക്ടറുകൾ, എന്തിനേറെ സ്ട്രീറ്റ് ലൈറ്റ് പോലും ഇല്ല. ലജ്ജാവഹം തന്നെ. ഇത്തരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങൾ വളർത്താതെ പിന്നെ എങ്ങനെയാണു ഇവിടെ ടൂറിസം വളരുക? കോതമംഗലം കഴിഞ്ഞതിനു ശേഷം പിന്നെ യാത്ര സ്പീഡായി. 10:45ന് വീട്ടിൽ എത്തി. 510km ഉം 14 മണിക്കൂറും ഉണ്ടായ യാത്ര കഴിഞ്ഞ് ബെഡിൽ കിടന്നപ്പോൾ കൂട്ടിന് നല്ല ഉറക്കവും കൂടെ വന്നു. ആത്മ സംതൃപ്തി അതിന്റെ പരകോടിയിൽ എത്തിയപ്പോൾ മെല്ലെ ഉറക്കത്തിലേക്കാണ്ടു. Route:- Chavakkad-Ottapalam-Coimbatore-Chinnar-Marayoor-Munnar-Kothamangalam-Irinjalakkuda-Chavakkad. (510km).

വിവരണം  – മുഹമ്മദ്‌ അഫ്സല്‍.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply