പതിനെട്ടു വയസ്സിൽ താഴെയുള്ളവർ വാഹനമോടിക്കുന്നത് ഇന്ത്യയിൽ കുറ്റകരമാണ്. കാരണം, ഡ്രൈവിംഗ് എന്നത് വളരെയധികം ശ്രദ്ധയും സൂക്ഷ്മതയും വേണ്ട ഒരു പ്രവൃത്തിയാണ്. ചെറിയ കുട്ടികൾക്ക് ഇതെല്ലാം കൂടി ഒന്നിച്ചു കൺട്രോൾ ചെയ്യുവാൻ സാധിക്കണമെന്നില്ല. അക്കരണത്താലാണ് ഡ്രൈവിംഗിന് പ്രായപരിധി നിശ്ചയിച്ചിട്ടുള്ളത്. എന്നിരുന്നാലും ആരുമറിയാതെ വാഹനമോടിക്കുന്ന കുട്ടികൾ നമ്മുടെയിടയിൽ ധാരാളമാണ്. അവരിൽ ചിലരൊക്കെ പണികിട്ടി നിയമത്തിനു മുന്നിൽ പെട്ടിട്ടുമുണ്ട്. ഈയിടെ നടന്ന അത്തരത്തിലൊരു സംഭവമാണ് ഇനി പറയുവാൻ പോകുന്നത്.
ജാർഖണ്ഡിലെ ധൻബാദ് സ്വദേശി കരുണേഷ് കൗശൽ എന്ന യൂട്യൂബർ അൽപ്പം പൊങ്ങച്ചത്തിനു വേണ്ടി പത്തു വയസ്സുള്ള ഒരു കുട്ടി (ചിലപ്പോൾ മകൻ ആയിരിക്കാം) കാറോടിക്കുന്ന ദൃശ്യങ്ങൾ പകർത്തുകയും യൂട്യൂബിൽ അപ്ലോഡ് ചെയ്യുകയും ചെയ്തു. ടാറ്റാ നെക്സോൺ കാറാണ് ഇത്തരത്തിൽ കുട്ടി ഓടിക്കുന്നതായി കാണിച്ചിരിക്കുന്നത്. പത്തുവയസ്സുള്ള കുട്ടി വളരെ കഷ്ടപ്പെട്ടാണ് ബ്രേക്ക്, ക്ലച്ച്, ആക്സിലേറ്റർ എന്നിവയിൽ കാലെത്തിക്കുന്നതെന്ന് വീഡിയോയിൽ ദൃശ്യമാണ്. പൊക്കക്കുറവുള്ളതിനാൽ കുട്ടി ഡ്രൈവർ സീറ്റിന്റെ അറ്റത്തിരുന്നാണ് കഷ്ടപ്പെട്ട് വാഹനം നിയന്ത്രിക്കുന്നത്.
ടാറ്റാ നെക്സോൺ പോലുള്ള വലിയ കാറുകൾ പൊക്കം കുറഞ്ഞവർക്ക് ഓടിക്കുവാൻ അൽപ്പം ബുദ്ധിമുട്ടാണ്. ഡാഷ്ബോർഡിനുമപ്പുറത്തേക്ക് മുൻപിലെ കാഴ്ചകൾ കാണുവാൻ അൽപ്പം ബുദ്ധിമുട്ടാണെന്നു തന്നെ പറയാം. തിരക്കില്ലാത്ത റോഡാണെങ്കിലും പൊതു നിരത്തിലൂടെയാണ് വീഡിയോയിൽ കുട്ടി വാഹനമോടിക്കുന്നത്. വാഹനത്തിന്റെ പിൻസീറ്റിൽ മറ്റൊരു കുട്ടിയും കൂടി ഉള്ളതായി കാണാം. വീഡിയോ ശ്രദ്ധയിൽപ്പെട്ടതോടെ ചില ഓൺലൈൻ മീഡിയകൾ ഇത് വാർത്തയാക്കുകയും അധികാരികളുടെ ശ്രദ്ധയിൽ പെടുത്തുകയും ചെയ്തിട്ടുണ്ട്. പ്രശ്നം ഗുരുതരാവസ്ഥയിലേക്ക് നീങ്ങുന്ന ഈ വേളയിലും കരുണേഷ് കൗശൽ ഈ വീഡിയോ യൂട്യൂബിൽ നിന്നും റിമൂവ് ചെയ്തിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
കുട്ടികളെ കൊണ്ടുള്ള ഡ്രൈവിങ് ഒരു തരത്തിലും അംഗീകരിക്കതക്കതല്ല. പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനമോടിച്ചുണ്ടാക്കുന്ന അപകടങ്ങൾ ധാരാളം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. കുട്ടികൾക്ക് വാഹനം നൽകി വിടുന്ന മാതാപിതാക്കൾ കുട്ടികളുടെ മാത്രമല്ല റോഡിലെ മറ്റുള്ളവരുടെ ജീവനു കൂടിയാണ് ഭീഷണി സൃഷ്ടിക്കുന്നത്. ലൈസൻസ് ലഭിക്കാത്ത കുട്ടികൾ പ്രതികളായ ഗുരുതരമായ നിരവധി കേസുകൾ ഉണ്ടായിട്ടുണ്ട്.
പ്രായ പൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനം ഓടിക്കുകയോ, നിയമലംഘനം നടത്തുകയോ ചെയ്താല്‍ വാഹനം നല്കിയ മാതാപിതാക്കള്‍ക്ക് – രക്ഷിതാവിന്- വാഹന ഉടമയ്ക്ക് 25,000 രൂപ പിഴയും, 3 വര്‍ഷം തടവും. വാഹനത്തിന്റെ റജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് ഒരു വര്‍ഷത്തേക്ക് റദ്ദാക്കും. വാഹനം ഓടിച്ച കുട്ടിക്ക് പിന്നീട് 18 വയസ്സിനു പകരം 25 വയസ്സിനു ശേഷം മാത്രമേ ലൈസന്‍സിന് അപേക്ഷിക്കുവാന്‍ അര്‍ഹത ഉണ്ടായിരിക്കൂ. തന്റെ അറിവോടെ/സമ്മതത്തോടെയല്ല കുട്ടി കുറ്റം ചെയ്തത് എന്നു തെളിയിക്കേണ്ട ബാധ്യത രക്ഷിതാവിനാണ്.
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog