കേരളത്തിലെ തൊണ്ണൂറ്റിയൊമ്പതിലെ വെള്ളപ്പൊക്കത്തെക്കുറിച്ച് ചില കാര്യങ്ങള്‍…

1924 ജൂലൈ-ഓഗസ്റ്റ്‌ മാസങ്ങളിലായി കേരളത്തിൽ ഉണ്ടായ ഭീകരമായ വെള്ളപ്പൊക്കമാണ് തൊണ്ണൂറ്റിയൊമ്പതിലെ വെള്ളപ്പൊക്കം. കൊല്ലവർഷം1099ലാണ് ഇതുണ്ടായത് എന്നതിനാലാണ് തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കം എന്നപേരിൽ ഇതറിയപ്പെടുന്നത്. ഇരുപതാം നൂറ്റാണ്ടിൽ കേരളം കണ്ട ഏറ്റവും വലിയ പ്രളയമായിരുന്നു ഇത്. 1099 കർക്കിടകമാസം ഒന്നിന് തുടങ്ങി മൂന്നാഴ്ചയോളം നീണ്ടുനിന്ന പേമാരിയിലും പ്രളയത്തിലും കേരളത്തിലെ താഴ്ന്ന ഭാഗങ്ങൾ മുഴുവൻ മുങ്ങിപ്പോയി.

മദ്ധ്യതിരുവിതാംകൂറിനേയും തെക്കൻ മലബാറിനേയും പ്രളയം ബാധിച്ചു. സമുദ്രനിരപ്പിൽ നിന്ന് 6500 അടി ഉയരമുള്ള മൂന്നാറിലെ തേയിലത്തോട്ടങ്ങളിൽ വരെ വെള്ളപ്പൊക്കമുണ്ടായി. ഈ വെള്ളപ്പൊക്കത്തിൽ മരിച്ചവർ എത്രയെന്നു കണക്കില്ല. അങ്ങനെ ഒരു കണക്കെടുക്കാനുള്ള സംവിധാനം അന്നുണ്ടായിരുന്നില്ല. അന്നത്തെ പത്രവാർത്തകളും മറ്റു രേഖകളും പ്രളയത്തിന്റെ ഒരു ഏകദേശ ചിത്രം നമുക്ക് തരുന്നു. നാടൊട്ടുക്കും ഗതാഗതം മുടങ്ങി. പാലത്തിൽ വെള്ളം കയറി തീവണ്ടികൾ ഓട്ടം നിർത്തി. തപാൽ സംവിധാനങ്ങൾ നിലച്ചു. അൽപമെങ്കിലും ഉയർന്ന പ്രദേശങ്ങളിലെല്ലാം അഭയാർഥികളെക്കൊണ്ട് നിറഞ്ഞു.

വെള്ളത്തോടൊപ്പം പട്ടിണിയും ജനങ്ങളെ വലച്ചു. തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കത്തോളം വരില്ലെങ്കിലും 1939ലും 1961ലും രണ്ടു കനത്ത വെള്ളപ്പൊക്കങ്ങൾ കേരളത്തിലുണ്ടായി. മദ്ധ്യകേരളത്തെയാണ് പ്രളയം ഏറ്റവും മാരകമായി ബാധിച്ചത്. ആലപ്പുഴമുഴുവനായും ഏറണാകുളത്തിന്റെ നാലിൽ മൂന്ന് ഭാഗവും വെള്ളത്തിനടിയിൽ മുങ്ങിയെന്നാണ് രേഖകൾ പറയുന്നത്.മദ്ധ്യ തിരുവിതാംകൂറിൽ 20 അടിവരെ വെള്ളം പൊങ്ങി. മഴപെയ്തുണ്ടായ മലവെള്ളവും കടൽ വെള്ളവും ഒരുപോലെ കരയെ ആക്രമിച്ചു. മലബാറിലും പ്രളയം കനത്തതോതിൽ ബാധിച്ചു.

കർക്കിടകംപതിനേഴ് കഴിഞ്ഞപ്പോഴേക്കും തെക്കേ മലബാർ വെള്ളത്തിനടിയിലായി. കോഴിക്കോട് പട്ടണം മുക്കാലും മുങ്ങി. രണ്ടായിരം വീടുകൾ നിലം പതിച്ചു. പൊന്നാനി താലൂക്കിലും മറ്റും കനോലി കനാലിലൂടെ മൃത ശരീരങ്ങൾ ഒഴുകിനടക്കുകയായിരുന്നു. തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കം മൂലം കേരളത്തിന്റെ ഭൂപ്രകൃതിയും നദികളുടെ ഗതിയും വരെ സാരമായി മാറുകയുണ്ടായി. ഭാരതപ്പുഴയുടെ തീരങ്ങളിലെ ഇല്ലങ്ങളിൽആചാരപ്രകാരം സൂക്ഷിച്ചിരുന്ന അഗ്നി ഈ വെള്ളപ്പൊക്കത്തിൽ നശിച്ചുവെന്ന് ദേവകി നിലയങ്ങോട് അനുസ്മരിക്കുന്നുണ്ട്.

അക്കാലത്തെ പത്രങ്ങളിലും വെള്ളപ്പൊക്ക വാർത്തകൾ മാത്രമാണുണ്ടായിരുന്നത്. “ഇന്നുച്ച വരെ വെള്ളം കുറേശെയായി താണുകൊണ്ടിരുന്നു. പിന്നീട് താഴുന്നില്ലെന്നു തന്നെയല്ല, അൽപാൽപം പോങ്ങിക്കൊണ്ടിരിക്കുന്നതായും കാണുന്നു.മഴയും തുടരെ പെയ്തുകൊണ്ടിരിക്കുന്നതിനാൽ ഇനിയും വെള്ളം പോങ്ങിയെക്കുമെന്ന് വിചാരിച്ചു ജനങ്ങൾ ഭയവിഹ്വലരായിത്തീർന്നിരിക്കുന്നു”.”ഓരോ ദിവസം കഴിയുന്തോറും സംഭവത്തിന്റെ ഭയങ്കരാവസ്ഥ കൂടിക്കൂടിവരുന്നു.

പന്തളം ആറിൽകൂടി അനവധി ശവങ്ങൾ, പുരകൾ, മൃഗങ്ങൾ മുതലായവയും ഒഴികിപ്പോയ്ക്കൊണ്ടിരിക്കുന്നതായും പൂന്തല, ആറ്റുവ മുതലായ സ്ഥലങ്ങളിൽ അത്യധികമായ നാശനഷ്ടങ്ങൾ സംഭവിച്ചതായും അതിനടുത്ത ചാരുപ്പാടം എന്ന പുഞ്ചയിൽ അനവധി മൃതശരീരങ്ങൾ പോങ്ങിയതായും അറിയുന്നു. അധികവും ഇടനാട്, മംഗലം, കൊടയാട്ടുകര ഈ തീരങ്ങളിലാണ് അടിഞ്ഞിരിക്കുന്നത്”.”

പീരുമേടിനും മുണ്ടക്കയത്തിനും മദ്ധ്യേ 43മത് മൈലിനു സമീപം മല ഇടിഞ്ഞു റോഡിലേക്ക് വീഴുകയാൽ അനേകം പോത്തുവണ്ടികൾക്കും വണ്ടിക്കാർക്കും അപകടം പറ്റിയതായി അറിയുന്നു” എന്നാണു ഒരു റിപ്പോർട്ട്.

ചേർത്തലയിൽ നിന്നുള്ള ഒരു റിപ്പോർട്ട് ഇങ്ങനെ: വേമ്പനാട്ടു കായലിലെകഠിനമായ വെള്ളപ്പൊക്കം നിമിത്തം കായൽത്തീരസ്ഥലങ്ങളും കായലിനോടു സംബന്ധിച്ച തോട്ടുതീരങ്ങളും ഇന്നലെയും ഇന്നും കൊണ്ട് മിക്കവാറും വെള്ളത്തിനടിയിലായിരിക്കുന്നു. സമുദ്രത്തിലെ ഉഗ്രമായ ക്ഷോഭം നിമിത്തം സമുദ്രജലം കരയിലെക്കടിച്ചു കയറുന്നതല്ലാതെ കായൽ വെള്ളം ലേശവും സമുദ്രത്തിലേക്ക് പോകുന്നില്ല”.

ഇന്നും മഴക്കാലവുമായും വെള്ളപ്പൊക്കവുമായും ബന്ധപ്പെട്ട വാർത്തകളിൽ പത്രങ്ങളിലും ആനുകാലികങ്ങളിലും തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കം പരാമർശിക്കപ്പെടാറുണ്ട്.

കാക്കനാടന്റെ ഒറോത എന്ന കൃതിയിലെ മുഖ്യകഥാപാത്രമായ ഒറോത”തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കത്തിൽ” മീനച്ചിലാറ്റിലൂടെഒഴുകിയെത്തിയവളാണ്. പ്രസിദ്ധ സാഹിത്യകാരൻ തകഴി ശിവശങ്കരപ്പിള്ളയുടെ വെള്ളപ്പൊക്കത്തിൽ എന്ന കഥയിൽ വിഷയമാവുന്നത് തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കം കുട്ടനാടിന് ഏൽപ്പിച്ച ആഘാതമാണ്.

കടപ്പാട് :  google wiki

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply