ലോട്ടറി അടിച്ച പോലെ കിട്ടിയ ഒരു കിടിലൻ ഉൾക്കടൽയാത്ര

വിവരണം – റോമി സേവ്യർ.

വീണ്ടും ഒരു കൊച്ചി – തൂത്തുക്കുടി ഓട്ടം എടുക്കുമ്പോൾ ഒരു തെറ്റില്ലാത്ത ദീർഘദൂര ക്യാഷ്ട്രിപ്പ് എന്നത് മാത്രമായിരുന്നു ഒരു സന്തോഷം. മുംബായ് സ്വദേശിയായ ഒരു ചീഫ് എൻജിനിയറും കുറച്ച് സാദാ ഹിന്ദി തൊഴിലാളികളും, ഇവരോടൊപ്പമുള്ള മൂന്നാമത്തെ തൂത്തുക്കുടി ഓട്ടമാണ്. കൊച്ചി വില്ലിങ്ങ്ടൺ ഐലൻഡിൽ നിന്നും കേറിയപ്പോഴെ ഹാൻസിന്റെയും പാൻപരാഗിന്റെയും മണം എന്റെ തല ചെകിടിപ്പിച്ചു.. പോട്ടെ എന്ന് സ്വയം സമാധാനിച്ച് ഞാൻ വണ്ടി മുന്നോട്ടെടുത്തു. കാരണം കഴിഞ്ഞ തവണ കൊച്ചിയിൽ തുടങ്ങി തൂത്തുക്കുടി പോയി കറങ്ങി ചെന്നൈ തുറമുഖത്ത് വരെ ആ ദീർഘദൂരയാത്ര നീണ്ടു കിട്ടി എന്നത് ഞാൻ എന്ന ഒരു ഡ്രൈവറെ സംബന്ധിച്ച് ചെറുതല്ലാത്ത സന്തോഷമാണ്.

ഒരായിരം തവണ പാടി മടുത്ത ജോധാ അക്ബറിലെ പാട്ട് കാർ സ്റ്റീരിയോ വീണ്ടും പാടി തുടങ്ങി. എന്റെ കയ്യിലുള്ള ഏക ഡിസ്ക് അതാണെന്ന് അറിയാവുന്ന ഭയ്യമാർ ദയനീയമായി താളം പിടിച്ചു തുടങ്ങി. അടൂരിലേയും പത്തനാപുരത്തേയും പുനലൂരിലേയും ഒറ്റ കുഴി പോലും മിസ്സ് ആക്കാതെ ഞാൻ ആക്സിലേറ്ററിൽ ചവിട്ടി പിടിച്ചു. ചില സ്ഥിരം പരിചിത കുഴികൾ ഒന്നു സ്ഥാനം മാറ്റി സ്ഥാപിക്കാൻ പോലും സാധിക്കാത്ത പീഡ-ബ്ലൂയുഡി സാറൻമാരെ മനസിൽ “ധ്യാനിച്ചു”കൊണ്ട് എന്റെ പ്രിയ വാഹനം കരയുന്നത് എന്നെ വേദനിപ്പിച്ചു കൊണ്ടിരുന്നു.

ഇടയ്ക്ക് സ്ഥിരം കാഴ്ച്ചയായ തെൻമല ഡാം താഴെ പതഞ്ഞൊഴുകി കാഴ്ച്ചയുടെ മായികഭാവം പകർന്നു തന്നു. ടൂറിസ്റ്റ് ട്രിപ്പ് അല്ലെങ്കിലും ചുറ്റിലുമുള്ള പച്ചപ്പും സമാന്തരമായൊഴുകുന്ന ജലസമൃതിയും കൂറ്റൻ കരിമ്പാറകൾ അരിഞ്ഞിറക്കിയ ഈ വഴിയിലൂടെയുള്ള യാത്ര ഒരിക്കലും മനം മടുപ്പിക്കില്ലാർക്കും. ഇതിനെ കൂടുതൽ മനോഹരമാക്കി കൊണ്ട് സായിപ്പിന്റെ കരിങ്കലിൽ തീർത്ത ആർച്ച്പാലങ്ങൾ. കാതോർത്താൽ ഇപ്പോഴും കേൾക്കാം ഒരു കാലഘട്ടത്തെ മുഴുവൻ വിസ്മയിപ്പിച്ച് വിസ്മൃതിയിലാണ്ടുപോയ ആ കുഞ്ഞൻ തീവണ്ടികളുടെ ചൂളംവിളി. പക്ഷെ പ്രകൃതി ഭംഗി ആസ്വദിക്കാനറിയാത്ത ബോംബെവാലകൾ നിർവികാരതയോടെ പാട്ടിൽ മുഴുകി.

ദൈവത്തിന്റെ സ്വന്തം നാട്ടിലെ പാതാളകുഴികൾ താണ്ടി ആര്യൻകാവ് ചെക്ക്പോസ്റ്റ് കഴിഞ്ഞ് തമിഴ്നാട്ടിലെ മനോഹര റോഡിലേക്ക് കയറി ഇന്നോവ അതിന്റെ യഥാർഥ യാത്ര സുഖം അറിയിക്കുമ്പോൾ “നിന്റെ നാട് കഴിഞ്ഞു അല്ലേ” ഉറക്കം നടിച്ച് കിടക്കുന്ന ഹിന്ദിക്കാരൻ സാബിന്റെ സഥിരം കളിയാക്കൽ കേട്ട് ഞാൻ ഈ നാട്ടുകാരനല്ല എന്ന ഭാവത്തിൽ ചെങ്കോട്ട മാങ്ങാത്തോപ്പിലൂടെ ചവിട്ടി ഒരു നീക്കുനീക്കി. വാഹന ബാഹുല്യമില്ലാത്ത തമിഴ് പുളിമരങ്ങൾ അതിരിടുന്ന മനോഹരമായ ഒറ്റവരി പാതകൾ. മയിലുകൾ മേഞ്ഞ് നടക്കുന്ന മാന്തോപ്പ് കാണാൻ മാത്രം ഞാൻ ഇടയ്ക്കിടയ്ക്ക് വണ്ടി നിർത്തും. കാര്യം സാധിക്കാനെന്ന വ്യാജേന. ചെറിയ മരങ്ങളിൽ പോലും നല്ല വലിയ മാങ്ങയും മറ്റു ഫലങ്ങളും യഥേഷ്ടം. ഇവമാർക്ക് നല്ല മഴ കൂടി കിട്ടിയിരുന്നെങ്കിൽ എത്ര നന്നായിരുന്നേനേ.

കാലിയായ പച്ചപുൽപാടങ്ങളിൽ ആടുകളെ മേയാൻ വിട്ട് അവ റോഡിലേക്ക് കയറി വരാതെ നോക്കാൻ രാവിലെ മുതൽ വൈകിട്ട് വരെ കാവലിരിക്കുന്നവന്റെ മുഖത്തെ ദയനീയത പാതയോരത്തെ സഥിരം സങ്കടകാഴ്ച്ചയാണ്. പലപ്പോഴും അവസരം ഉണ്ടാക്കി ഞാൻ അവരോട് വഴിയെങ്കിലും ചോദിക്കാറുണ്ട്. ആരോടും സംസാരിക്കാനവസരമില്ലാത്ത അവരൊന്നു മിണ്ടി തുടങ്ങാൻ കഷ്ടപെടുന്നത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട് പലപ്പോഴും. നമ്മുടെ ഒരു ചോദ്യം അഥവാ ഒരു ചെറുപുഞ്ചിരി ഇത് അവർക്ക് നൽകുന്ന സന്തോഷം വളരെ വലുതായി എനിക്ക് തോന്നിയിട്ടുണ്ട്.

അങ്ങ് ദൂരെ തെക്കൻ കാശി എന്നറിയപ്പെടുന്ന തെങ്കാശി ക്ഷേത്രം തലയെടുപ്പോടെ ഉയർന്നു നിൽക്കുന്നു. ആ കൊച്ചു പട്ടണത്തിലൂടെയുള്ള യാത്ര എനിക്കെന്നും പ്രിയപ്പെട്ടതാണ്. കാരണം നല്ല രസികൻ ഉഴുന്നുവടകളും തൈരു സാദവും അസൽ മസാല ദോശകളും ഏതൊരു ഭക്ഷണപ്രിയന്റെയും നാവിലെ രസമുകുളങ്ങളിൽ നവരസങ്ങളുടെ വേലിയേറ്റം തീർക്കുമെന്നുറപ്പാണ്. മലയാളി യാത്രികർ അത്രകണ്ട് ഗൗരവത്തോടെ ഈ ക്ഷേത്രനഗര പര്യടനത്തെ സമീപിച്ചിട്ടില്ലെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. വളഞ്ഞ് പുളഞ്ഞ് പട്ടിണി കോലങ്ങളായ അതിസാധാരണ തമിഴ് ഗ്രാമങ്ങൾ താണ്ടി ‘ലൂണ’ എന്ന തമിഴ്മക്കളുടെ ദേശീയ വാഹനങ്ങൾക്കിടയിലൂടെ വീണ്ടും മുന്നോട്ട്.

ഇനി തിരുന്നൽവേലി എത്താൻ കുറേ കൂടി എളുപ്പമാണ് എന്ന് ഞാൻ സ്വയം സമാധാനിക്കും. അങ്ങ് ദൂരെ തലയ്ക്ക് മുകളിലൂടെ ചെന്നൈ – കന്യകുമാരി നാഷ്ണൽഹൈവേ മലയാളികളുടെ ദീർഘദൂരയാത്രാ സ്വപ്നങ്ങളെ കൊഞ്ഞനം കുത്തിക്കൊണ്ട് പാഞ്ഞ് കിടക്കുന്നു. അത് കഴിഞ്ഞാൽ പിന്നെ പറഞ്ഞ നേരം കൊണ്ട് തൂത്തുക്കുടി ആയി. പിന്നെ തുറമുഖ വഴിക്കിരുവശവും നോക്കെത്താ ദൂരത്തോളം നീണ്ട ഉപ്പളങ്ങൾ കണ്ട് തുടങ്ങും. ദൂരെ ,നീണ്ട പാടങ്ങളിൽ വെയിൽ നൃത്തം വയ്ക്കുന്ന നിഴൽ രൂപങ്ങൾ.. കറുത്തു മെലിഞ്ഞുണങ്ങിയ മനുഷ്യ കോലങ്ങൾ ഈ വെളുത്ത പരന്ന സുന്ദരൻ ഉപ്പുപാടങ്ങളിലെ നിത്യവേദനകളാണ്.

തൂത്തുക്കുടിയിലെ താമസം അത്ര സുഖകരമല്ല എന്നറിയാവുന്ന കൊണ്ടായിരിക്കും ആ ഹോട്ടലിന് അവർ “സുഖം” എന്ന പേരിട്ടിരിക്കുന്നത്. നല്ല ഹോട്ടൽ, നല്ല റസ്റ്റോറന്റ്, നല്ല പാർക്കിങ്ങ് സൗകര്യം.. പക്ഷെ ഒരു നേരം കുളി തന്നെ ആഡംബരമായ ആ നാട്ടിൽ ചെന്ന് കാർ കഴുകാൻ ശ്രമിച്ചാൽ തല്ല് ഉറപ്പാണ് അത്രയ്ക്കാണ് ശുദ്ധജല ക്ഷാമം. സാധാരണ ഷിപ്പിങ്ങ് കമ്പനി വണ്ടി വന്ന് അവരെ പോർട്ടിലേക്ക് കൊണ്ടു പോകാറാണ് പതിവ്. എൻട്രി ഫോർമാലിറ്റിസിന്റെ കാഠിന്യമാണ് പ്രധാന വില്ലൻ. കഴിഞ്ഞ രണ്ട് ട്രിപ്പിലും ഞാൻ ടി.വി കണ്ടും ഫുഡ് അടിച്ചും രണ്ട് ദിവസവും തൊട്ടടുത്തുള്ള തീയറ്ററിൽ കട്ട തമിഴ് പടം കണ്ടും സമയം കൊല്ലുകയാണ് ഉണ്ടായത്. ചില പടങ്ങളുടെ പേരു പോലും വായിക്കാൻ പറ്റാറില്ല, അമ്മാതിരി എഴുത്തായിരിക്കും. പക്ഷെ അന്ന് പതിവ് തെറ്റിച്ച് എനിക്കും എൻട്രി പാസ് എടുത്തിരുന്നു.

അങ്ങനെ ഞാൻ ഇതുവരെ കടക്കാത്ത ആ വലിയ വാതിൽ കടന്ന് അകത്തേക്ക്. ഒരു വശത്ത് നിരന്ന് കിടക്കുന്ന നാൽപ്പത് അടി നീളമുള്ള ടെയ്ലർ ലോറികളിൽ ആ നീളവും കടന്ന് ഒരു ഭീമൻ ഫാൻ ലീഫ്. നമ്മുടെ കാറ്റാടി യന്ത്രത്തിന്റെ ഒരു പങ്കയ്ക്ക് ഇത്ര വലിപ്പമുണ്ടെന്ന് അന്നാണ് ഞാനറിയുന്നത്. കൂറ്റൻ ചരക്ക് കപ്പലുകളിൽ നിന്ന് ലോഡ് കയറ്റിയും ഇറക്കിയും തലങ്ങും വിലങ്ങുമോടുന്ന ലോറികൾ ബ്രോഡ് വേ തിരക്കിന്റെ ഇമ്മിണി വലിയ രൂപമായി എനിക്ക് തോന്നി.

യഥാർഥ വിസ്മയം പിന്നെയാണ്, ബെർത്ത് കിട്ടാതെ പുറംകടലിൽ ആങ്കറേജിൽ കിടക്കുന്ന ഇന്ത്യ ഗവൺമെന്റ ഷിപ്പിങ്ങ് മന്ത്രാലയം വക ശ്രീ ഇന്ദിരാഗാഡിയുടെ നാമധേയത്തിലുള്ള കപ്പൽ കൊച്ചി കായലിൽ കിടക്കുന്നത് ഒരു ദൂര കാഴ്ച്ചയായി കാണാൻ മാത്രം ഭാഗ്യം കിട്ടിയിട്ടുള്ള എനിക്ക് അതിലേക്ക് ഒരു അപ്രതീക്ഷിത ക്ഷണം. അതും കപ്പലുകളെ വലിച്ച് കൊണ്ടുവരാൻ ശേഷിയുള്ള ഒരു പവ്വർഫുൾ ടഗിൽ കയറി പുറംകടലിൽ നങ്കൂരമിട്ട കപ്പലിലേക്ക് ഒരു സ്വപ്ന യാത്ര….

ജീവിതത്തിൽ മറക്കാനാവത്ത ഒരു യാത്ര.. കടൽ ചൊരുക്ക് വരുത്തി വയ്ക്കാൻ സാധ്യതയുള്ള ബുദ്ധിമുട്ടുകൾ പറഞ്ഞ് പിൻതിരിപ്പിക്കാൻ നോക്കിയവരുടെ ശ്രമങ്ങൾക്ക് എന്റെ സ്നേഹാഗ്രഹങ്ങളുടെ വികാരതള്ളിച്ചയെ മറികടക്കാൻ ഒരിക്കലും സാധിക്കുമായിരുന്നില്ല. ഉയർന്ന് നിൽക്കുന്ന ടഗിന്റെ മുൻവശത്ത് തന്നെ ഞാൻ നിലയുറപ്പിച്ചു. ടൈറ്റാനിക്കിലെ ജാക്കിനെ പോലെ.. ചുറ്റോടു ചുറ്റും കൂറ്റൻ ടയറുകൾ കെട്ടിവച്ച ആ ഭീമൻ ടഗിനെ നിസാരനാക്കി കൊണ്ട് കൂറ്റൻ തിരമാലകൾ പിടിച്ചുലച്ചു കൊണ്ടിരുന്നു. അവരുടെ വിഹാരതകൾക്ക് ഭംഗം വരുത്തിയതിനോടുള്ള എതിർപ്പെന്നോണം. ചില തിരതള്ളലിൽ ചിലപ്പോ മുൻഭാഗമുയർന്ന് വലിയ ശബദത്തോടെ വീണ്ടും പൂർവ്വസ്ഥിതിയിലേക്ക്.

തിരിഞ്ഞു നോക്കിയ ഞാൻ അകന്നുപോയ കര കണ്ടെത്താൻ നന്നേ കഷ്ടപ്പെട്ടു. അതാ അങ്ങ് ദൂരേ ഒരു വിസ്മയം പോലെ ആ കൂറ്റൻ ജലയാനം. അസംഖ്യം കണ്ടെയ്നറുകളെ നിഷ്പ്രയാസം താങ്ങി ഒരു മഹാസംഭവം പോലെ ആ കടലിന്റെ വിരിമാറിൽ വിശ്രമിക്കുന്നു. ടഗിൽ നിന്നും കപ്പലിലേക്കുള്ള കയറ്റം കുറച്ച് ശ്രമകരം തന്നെയാണ്. തൂക്കിയിട്ട കയറ് ഏണിയിൽ കൂടി ആടിയാടി മുകളിലേക്ക് കയറുമ്പോ പിടി വിട്ടാൽ പിന്നെ നാം ഒന്നും ചെയ്യേണ്ടി വരില്ല. പിന്നെയെല്ലാം താഴെ ഇടയ്ക്ക് പൊങ്ങിമറിയുന്ന തിമിങ്കലകുഞ്ഞുങ്ങൾ നോക്കിക്കോളുമായിരിക്കും.

മുകളിൽ എത്തിയപ്പോഴാണ് ഞാൻ കടൽ എന്താണെന്ന് യഥാർഥത്തിൽ അറിഞ്ഞത്. കൂടുതൽ ഉള്ളിലേക്ക് പോകുംതോറും കടൽ യഥാർഥ നീലിമ കൈവരിച്ചുകൊണ്ടിരുന്നു. ഇതാണ് യഥാർഥ കടൽ.. അതിന്റെ ഭംഗി വാക്കുകൾക്കതീതം…. ഉൾഭാഗത്ത് തിരകൾ ശാന്തമായി കടൽ നമുക്ക് ചുറ്റും വല്ലാത്തൊരു സ്നേഹ നൈർമല്യത്തോടെ വിരിഞ്ഞു നിൽക്കുന്നു. കാഴ്ച്ചയുടെ പൊൻവസന്തം പോലെ… മടക്കം ഏതൊരു സഞ്ചാരത്തേക്കാളും പതിന്മടങ്ങ് നഷ്ടബോധത്തിലും..

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply