ഒരു മന്ത്രിസഭയെ താഴെയിറക്കാൻ കാരണമായ തങ്കമണി റൂട്ടിലെ ഒരു ബസ്…

വർഷങ്ങൾക്ക് മുൻപ് ഇടുക്കി ജില്ലയിലെ കാമാക്ഷി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന തങ്കമണി എന്ന ഗ്രാമത്തിൽ ഒരു ബസ് സർവ്വീസുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങളെ തുടർന്ന് പോലീസ് ലാത്തിച്ചാർജ്ജും വെടിവയ്പ്പുമുണ്ടായി. വെടിവയ്‌പ്പിൽ ഒരാൾ മരിച്ചതിനെത്തുടർന്ന് അന്നത്തെ മന്ത്രിസഭയ്ക്ക് രാജിവെക്കേണ്ടി വന്നതായും പറയുന്നു.

1986 ഒക്ടോബർ 21 നാണ് സംഭവം നടന്നത്. ജില്ലയിലെ കട്ടപ്പന-തങ്കമണി റൂട്ടിൽ ഓടിക്കൊണ്ടിരുന്ന “എലൈറ്റ്” എന്ന സ്വകാര്യ ബസിലെ ജീവനക്കാരും വിദ്യാർഥികളും തമ്മിലുണ്ടായ തർക്കമാണു ഈ സംഭവത്തിനെ തുടക്കമായി വിശേഷിപ്പിക്കപ്പെടുന്നത്. 1986 കാലഘട്ടത്തിൽ പാറമടയിൽ നിന്നും തങ്കമണിവരെയുള്ള റോഡ് ഗതാഗതയോഗ്യമല്ലായിരുന്നു. കട്ടപ്പനയിൽനിന്നും തങ്കമണിയിലേക്ക് സർവീസ് നടത്തുന്ന മിക്ക ബസുകളും, പാറമട കഴിയുമ്പോൾ ആളുകളെ ഇറക്കിവിടുകയും തങ്കമണി വരെയുള്ള പണം ഈടാക്കുകയും ചെയ്തിരുന്നു.

കോളേജ് വിദ്യാർഥികൾ ഈ പ്രവൃത്തിയിൽ അമർഷം കൊള്ളുകയും ഒരിക്കൽ ഒരു വിദ്യാർഥി ഇതിനെ ചോദ്യം ചെയ്യുകയും വാഹനം പാറമടയിൽ എത്തിയപ്പോൾ അത് തങ്കമണിവരെ കൊണ്ടുപോകണം എന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ വാക്കുതർക്കത്തിൽ കണ്ടക്ടർ വിദ്യാർഥിയെ വണ്ടിയിൽ നിന്നും മർദ്ദിച്ചു പുറത്താക്കി. സംഭവമറിഞ്ഞജനങ്ങൾ പിറ്റേ ദിവസം വാഹനം പിടിച്ചെടുക്കുകയും തങ്കമണി ടൗണിലേക്ക്‌ ബലമായി കൊണ്ടുവരികയും ചെയ്തു.

ബസിലെ തൊഴിലാളികൾ ചെയ്ത പ്രവർത്തിക്കു മാപ്പു പറയണ ജനങ്ങളുടെ ആവശ്യം നിരാകരിച്ച ബസ് ഉടമയായ ദേവസ്യ, കട്ടപ്പനയിൽ നിന്ന്‌ പോലീസുമായെത്തി ബസ്‌ കൊണ്ടുപോകാൻ ശ്രമിച്ചു. പരിസരത്ത് എത്തിയ പോലീസിന്റെ ഇടപെടൽ നാട്ടുകാരെ രോഷാകുലരാക്കി. പോലീസ്‌ ജനക്കൂട്ടത്തിനുനേരെ ലാത്തിവീശിയപ്പോൾ ജനങ്ങൾ പോലീസിനു നേരെ കല്ലെറിഞ്ഞു. തങ്കമണിയിൽനിന്നും കാമാക്ഷിയിലെക്കുള്ള മോശമായ വഴിയിലൂടെ ജീപ്പിൽ രക്ഷപെടാൻ ശ്രമിച്ച പോലീസിനെ നാട്ടുകാർ പിന്തുടർന്ന് കല്ലെറിഞ്ഞു. ഇത് പോലീസുകാരിൽ വൈരാഗ്യം ഉണ്ടാവാൻ കാരണമായി.

അന്ന് പീരുമേട് സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന ഐ. സി തമ്പാന്റെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം പിറ്റേ ദിവസം സർവ സന്നാഹങ്ങളുമായി വരികയും ചെയ്തു. ഈ സമയം ഫാ. ജോസ് കോട്ടൂരും കാമാക്ഷി ഗ്രാമപഞ്ചായത്ത്‌ പ്രസിഡെന്റ് മാത്യു മത്തായി തേക്കമലയും പഞ്ചായത്ത് ഓഫീസിൽ ചർച്ചയിലായിരുന്നു. പിന്നീടവർ ഐ. സി. തന്പാനുമായി സംസാരിക്കുകയും പ്രശ്നം രമ്യമായി പരിഹരിക്കണമെന്നു നിർദ്ദേശിക്കുകയും ചെയ്തു. എന്നാൽ ഇതിൽ കുപിതനായ തന്പാൻ യാതൊരു മുന്നറിയിപ്പുമില്ലാതെ ജനങ്ങൾക്കുനേരേ നിഷ്ഠുരമായി വെടിവയ്ക്കാൻ കൽപ്പിക്കുകയായിരുന്നു. വെടിവയ്‌പ്പിൽ കോഴിമല അവറാച്ചൻ എന്നയാൾ തൽക്ഷണം മരണമടഞ്ഞു. ഉടുമ്പയ്‌ക്കൽ മാത്യു എന്നയാൾക്ക് ഇരു കാലുകളും നഷ്ടപ്പെട്ടു. ഫാ. ജോസ് കോട്ടൂരിന്റെ നേതൃത്വത്തിൽ തടിച്ചുകൂടിയ ജനം രാത്രി എട്ടരയോടെ പിരിഞ്ഞുകഴിഞ്ഞപ്പോൾ ജില്ലയിലെ വിവിധ സ്‌റ്റേഷനുകളിൽ നിന്ന്‌ നിരവധി വാഹനങ്ങളിൽ പോലീസ്‌ തങ്കമണിയിൽ വന്നിറങ്ങി. അവർ വിവിധ സംഘങ്ങളായി തിരിഞ്ഞ്‌ വിവിധ പ്രദേശങ്ങളിലെ വീടുകളിൽ കയറുകയും ചില വീടുകളുടെ വാതിലുകൾ ചവിട്ടിത്തുറക്കുകയും ചെയ്തു.

നിരപരാധികളായ നിരവധി പേരെ മർദ്ദിക്കുകയും പിന്നീടു കട്ടപ്പനയിലേക്ക്‌ കൊണ്ടുപോവുകയും ചെയ്തു. ഇങ്ങനെ കൊണ്ടുപോയ പുരുഷന്മാരെ പോലീസ്‌ കഠിനമായി പീഡിപ്പിക്കുകയും ചെയ്തു. ഇങ്ങനെ മൂന്നാംമുറ പരീക്ഷിക്കപ്പെട്ട പുരുഷന്മാർ വീണ്ടും മർദനമേറ്റുമരിക്കാതിരിക്കാൻ അവർക്ക് പോലീസ്‌ ഇടിപ്പാസു നല്കുകയും ചെയ്തു. എന്നാൽ പോലീസിൻറെ തേർവാഴ്ചയിൽ ഭയചകിതരായ ചില പുരുഷന്മാർ കൃഷിയിടങ്ങളിലും മറ്റും ഒളിച്ചു രക്ഷപെട്ടു. പക്ഷെ സ്‌ത്രീകളും കുട്ടികളും തനിച്ചായ ഈ അവസരത്തിൽ പോലീസ് അവരുടെ വീടുകളിൽ കയറി സ്ത്രീകളെ മാനഭംഗപ്പെടുത്തിയെന്ന് പറയപ്പെടുന്നു.

എലൈറ്റ് ബസിന്റെ ഉടമയായിരുന്ന ദേവസ്യ (എലൈറ്റ് ദേവസ്യ) പിന്നീട് കുമളി ഗസ്റ്റ് ഹൗസ് ഉദ്യോഗസ്ഥനാകുകയും, സൂര്യനെല്ലി സ്ത്രീപീഡനക്കേസിൽ മുഖ്യപ്രതികളിലൊന്നാവുകയും ചെയ്തു. അന്നുമുതൽ ദേവസ്യ ഒളിവിലാണ്. കേരള രാഷ്‌ട്രീയത്തെ പിടിച്ചുലക്കിയ സംഭവമാണ്‌ തങ്കമണി സംഭവം കേരളാപോലീസിന്റേയും കരുണാകരൻ മന്ത്രി സഭയുടേയും പ്രതിച്ഛായ തകർത്ത ഒന്നു കൂടിയായിരുന്നു 1986ലെ തങ്കമണി സംഭവം.

കടപ്പാട് – വിക്കിപീഡിയ, വാർത്താ കട്ടിംഗ് – Binish Areekkuzhikkal‎.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply