3500 ലേറെ കൊല്ലം മുൻപുള്ള ഒരു രാജ്യത്തിൻ്റെ ചെറുത്തുനിൽപ്പ്…

മൂവായിരത്തി അഞ്ഞൂറിലേറെ കൊല്ലം മുൻപുള്ള ഒരു രാജ്യത്തിന്റെ ചെറുത്തുനിൽപ്പ് – മനുഷ്യകുലം ഓർത്തിരിക്കേണ്ട പാഠം.

ലേഖനം എഴുതിയത് – ഋഷി ദാസ്.

അഭയാർത്ഥി പ്രശ്നം എല്ലാക്കാലത്തും ഒരു ദ്വിമുഖ ധാർമിക പ്രശ്നമായിരുന്നു .ഒട്ടിയ വയറും നീട്ടിയ കൈകളുമായി എവിടെനിന്നോ വരുന്നവർ രാജ്യങ്ങളുടെ അതിർത്തികളിൽ തമ്പടിക്കുമ്പോൾ ദയയുടെയും സൗമനസ്യത്തിന്റെയും പേരിൽ രാജ്യങ്ങൾ അവരെ കടത്തിവിടുന്നതും ,വയറുനിറയുകയും വരുമാനമുണ്ടാകുകയും ചെയ്യുമ്പോൾ ഒട്ടിയ വയറും നീട്ടിയ കൈകളുമായി വന്നുകയറിയവർ അഭയം നൽകിയ രാജ്യങ്ങളെത്തന്നെ തുരങ്കം വയ്ക്കുന്ന വർത്തമാന കാല കാഴ്ച മനുഷ്യചരിത്രത്തിൽ പലതവണ ആവർത്തിക്കപ്പെട്ട ഒരു പ്രതിഭാസമാണ് .പുരാതന ഈജിപ്തിലെ രണ്ടാം ഇടക്കാല കാലഘട്ടം അത്തരം ഒരു സംഭവമായിരുന്നു ..അഭയാര്ഥികളായെത്തി യജമാനന്മാരായി മാറിയവരിൽ നിന്നും സ്വന്തം രാജ്യത്തെ മോചിപ്പിക്കാൻ പുരാതന ഈജിപ്തുകാർ മൂവായിരത്തി അഞ്ഞൂറുകൊല്ലം മുൻപ് നൽകേണ്ടിവന്നു വില വർത്തമാനകാലത് സമാധാനവും സമൃദ്ധിയും ആഗ്രഹിക്കുന്ന എല്ലാ രാജ്യങ്ങളും ഓർത്തിരിക്കേണ്ട ഒരു പാഠമാണ്.


പുരാതന ഈജിപ്തിന്റെ ചരിത്രത്തിലെ രണ്ടാമത്തെ അസ്ഥിരതയുടെ കാലമാണ് രണ്ടാം ഇടക്കാല കാലഘട്ടം .രണ്ടാം ഇടക്കാലാകാലഘട്ടത്തിന് ഏകദേശം അറുനൂറു കൊല്ലം മുൻപായിരുന്നു ഈജിപ്തിലെ ഒന്നാം ഇടക്കാല കാലഘട്ടം .ഏകദേശ ഒരു നൂറ്റാണ്ടു ഭരണം നടത്തിയ പെപി രണ്ടാമന്റെ ഭരണത്തെ തുടര്ന്നാണ് ഈജിപ്തിൽ വൻതോതിലുള്ള അവ്യവസ്ഥയും അരാജകത്വവും ഉടലെടുത്തത്.ഈജിപ്തിന്റെ സാമൂഹ്യവ്യവസ്ഥയെപ്പോലും ഒന്നാം ഇടക്കാല കാലഘട്ടത്തിലെ അവ്യവസ്ഥ തകർത്തെറിഞ്ഞു .
.
രണ്ടാം ഇടക്കാല കാലഘട്ടം ,ഒന്നാം ഇടക്കാല കാലഘട്ടം പോലെത്തന്നെ അരാജകത്വത്തിന്റെയും അവ്യവസ്ഥയുടെയും കാലമായിരുന്നു .പക്ഷെ രണ്ടാം ഇടക്കാലാകാലഘട്ടത്തിലെ അവ്യവസ്ഥ ഉടലെടുത്തത് ഹൈക്സോസ് എന്ന അന്യദേശക്കാരുടെ ആഗമനത്തോടെയാണ് .ഈജിപ്ത് അക്കാലത്തു ഭക്ഷ്യ ധാന്യങ്ങൾ ധാരാളമായി ഉൽപ്പാദിപ്പിച്ചിരുന്ന പ്രദേശമായിരുന്നു .മധ്യ പൗരസ്ത്യ പ്രദേശം മുഴുവൻ ക്ഷാമത്തിൽ അകപ്പെടുമ്പോഴും ഈജിപ്ത് സമൃദ്ധമായിരുന്നു .ഈ സാഹചര്യം മുതലെടുത്ത് സമീപപ്രദേശങ്ങളിലുള്ള ജനവിഭാഗങ്ങൾ ഈജിപ്തിലേക്ക് നുഴഞ്ഞു കയറുന്നത് സാധാരണയായിരുന്നു .അങ്ങിനെ നുഴഞ്ഞു കയറിയ ജനവിഭാഗമാണ് ഹൈക്സോസ് എന്നറിയപ്പെടുന്ന ജനത . ഇവർ ഈജിപ്തിന്റെ പ്രാന്തപ്രദേശങ്ങളിൽ നിന്നും ക്ഷാമകാലങ്ങളിൽ സമൃദ്ധമായ നൈൽ ഡെൽറ്റയിലേക്ക് കുടിയേയിയ വിവിധങ്ങളായ ഗോത്രവര്ഗങ്ങളായിരുന്നു.

ഈജിപ്തിൽ തമ്പടിച്ചതിനുശേഷമാണ് ഇവർ സ്വന്തമായ ഒരു അസ്തിത്വം സ്ഥാപിക്കുന്നത് .ക്രമേണ ഇവരിൽ പലരും ഈജിപ്തിന്റെ ഭരണ വ്യവസ്ഥയിൽ തന്നെ കയറിപറ്റി .ഏതാനും ദശകങ്ങളുടെ കുടിയേറ്റത്തൂടെ ഇവർ എണ്ണത്തിൽ തദ്ദേശീയരായ ഈജിപ്തുകാരെ കവച്ചു വക്കാൻ തുടങ്ങി .ബി സി ഇ പതിനെട്ടാം ശതകത്തിൽ പതിമൂന്നാം രാജവംശത്തിലെ രാജാക്കന്മാരിൽ പലരും കാര്യപ്രാപ്തി ഉള്ളവരായിരുന്നില്ല .ഇവരെ പിന്തുടർന്ന് വന്ന പതിനാലാം രാജവംശത്തിലെ ഫറോവമാരും ശക്തരായിരുന്നില്ല .ഇവരുടെ കാലത്ത് കുടിയേറ്റക്കാർ രാജ്യകാര്യങ്ങൾ വരെ തീരുമാനിക്കാൻ തുടങ്ങി .പല പതിനാലാം രാജവംശ ഫറോവമാരും ഹൈക്സോസ് പ്രഭുക്കന്മാരുടെ വിധേയർ മാത്രമായി അധപതിച്ചു .

ബി സി ഇ 1650 ആയതോടെ തദ്ദേശീയരായ ഫറോവമാരെ നിഷ്കാസനം ചെയ്ത് കുടിയേറ്റക്കാരായ ഹൈക്സോസ് ജനത ഈജിപ്തിന്റെ ഭരണാധികാരം പിടിച്ചെടുത്തു .തദ്ദേശീയർ കുടിയേറ്റക്കാരുടെ അടിമകളായി .ഈജിപ്ത് നൂറുകൊല്ലം നീണ്ടുനിന്ന ഭീഷണമായ വൈദേശിക ആധിപത്യത്തിന് കീഴിലായി .സമൃദ്ധമായ നൈൽ ഡെൽറ്റയിൽ നിന്നും നിഷ്കാസനം ചെയ്യപ്പെട്ട ഈജിപ്ഷ്യൻ ജനത തെക്കൻ മേഖലകളിലേക്ക് പലായനം ചെയ്തു .തെക്കൻ ഈജിപ്തിന്റെ ചെറിയൊരുഭാഗം കൈപ്പിടിയിൽ ഒതുക്കി ഈജിപ്ഷ്യൻ ജനത ഒരു നൂറ്റാണ്ടു നീണ്ടുനിന്ന ചെറുത്തുനില്പിനു് തുടക്കം കുറിച്ചു

ഹൈക്സോസ് അധിനിവേശകത്തിന്റെ ആദ്യ വർഷങ്ങളിൽ തദ്ദേശീയരായ ഈജിപ്തുകാര്ക്ക് അവരെ ചെറുക്കൻ പ്രാപ്തി ഉണ്ടായില്ല .ഹൈക്സോസ് ഭരണാധികാരികൾ ഈജിപ്ഷ്യൻ ജനതയെ അടിമകൾ ആക്കി ,ക്ഷേത്രങ്ങൾ കൊള്ളയടിച്ചു .ഒഴിഞ്ഞ വയറും നീട്ടിയ കൈയുമായി ഭക്ഷണവും ദയയും യാചിച്ചുവന്നവർ ഭക്ഷണവും ദയയും നൽകിയവരെ പട്ടിണിക്കിടാനും ക്രൂരത കാണിക്കാനും തുടങ്ങി .ഏതാനും ദശകങ്ങൾ കഴിഞ്ഞപ്പോൾ തെക്കൻ ഈജിപ്തിൽ ചെറുത്തുനിൽപ്പിന്റെ ആദ്യ സംരംഭങ്ങൾ ഉണ്ടായിത്തുടങ്ങി .പലായനം ചെയ്ത് ഈജിപ്ഷ്യൻ സൈനികരും കർഷകരും ഒരുമിച്ചു .അവർ നൈൽ താഴ്വരയുടെ പ്രതിരോധിക്കാവുന്ന ഭൂഭാഗം കൈയടക്കി ചെറിയ സ്വതന്ത്രമായ ഈജിപ്ഷ്യൻ രാജ്യം സ്ഥാപിച്ചെടുത്തു .കാലാന്തരത്തിൽ ഒരു രാജവംശം തന്നെ നിലവിൽവന്നു .ആ രാജവംശത്തെ ഈജിപ്തിലെ പതിനേഴാം രാജവംശം ആയാണ് ഇപ്പോൾ കണക്കാക്കുന്നത്
.
ഫറോവ റഹോട്ടപ് ഇനെയാണ് ഈ രാജവംശത്തിന്റെ സ്ഥാപകൻ ആയി കണക്കാക്കുന്നത് ബി സി ഇ 1585 ലാണ് ഈ രാജവംശം നിലവിൽ വന്നത് .മുപ്പത്തി അഞ്ചു കൊല്ലം നീണ്ടുനിന്ന ഈ രാജവംശത്തിൽ പത്തു ഫറോവമാർ ഉണ്ടായിരുന്നതായാണ് ഈജിപ്ഷ്യൻ രാജ വംശാവലികൾ സൂചിപ്പിക്കുന്നത് .ഇവർ ഹൈക്സോസ് കൈയേറ്റക്കാരുമായി നിരന്തരം യുദ്ധം ചെയ്തിരുന്നു .ഇവരിൽ പലരും യുദ്ധത്തിൽ കൊല്ലപ്പെട്ടിരിക്കാനാണ് സാധ്യത .ഈ രാജവംശത്തിലെ ഒൻപതാമത്തെ ഫറോവയായ സ്കനാരെ ടാവോ( Seqenenre Tao ) ബി സി ഇ 1560 ലാണ് സ്ഥാനമേറ്റത് .ഹൈക്സോസ് അധിനിവേശ ശക്തികൾക്കെതിരെ നിരന്തരം പട നയിച്ച ഇദ്ദേഹവും യുദ്ധത്തിൽ കൊല്ലപ്പെടുകയാണ് ഉണ്ടായത് .ഇദ്ദേഹത്തെ മഴു കൊണ്ട് അതിനിഷ്ടൂരമായാണ് കൊലപ്പെടുത്തിയത് .

ഇദ്ദേഹത്തിന്റെ മമ്മി ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഹൈക്സോസുകളുമായി നടന്ന യുദ്ധത്തിൽ അദേഹത്തുണ്ടായ മുറിവുകൾ ആ മമ്മിയിൽ തന്നെ മൂവായിരത്തി അഞ്ഞൂറ് വര്ഷങ്ങള്ക്കുശേഷവും ദൃശ്യമാണ് സ്കനാരെ ടാവോ യുടെ ബലിയർപ്പണം ഈജിപ്തുകാരെ വളരെയധികം പ്രചോദിതരാക്കി എന്നുവേണം കരുതാൻ .അദ്ദേഹത്തിന്റെ പുത്രനായ കാമോസ് സർവ്വശക്തിയുമെടുത് കൈയേറ്റക്കാർക്കെതിരെ പോരാടി നിരന്തരമായ ആക്രമണങ്ങളിലൂടെ ബി സി ഇ 1550 ആയപ്പോഴേക്കും കാമോസ് ഹൈക്സോസ് തലസ്ഥാനമായ അവാരിസ് പിടിച്ചടക്കി ഈജിപ്തിനെ വീണ്ടും സ്വതന്ത്രമാക്കി .നിരന്തരമായ യുദ്ധങ്ങളിലേറ്റ മുറിവുകൾ കാമോസിനെയും തളർത്തി എന്നുവേണം കരുതാൻ ബി സി ഇ 1550 ഇൽ തന്നെ കാമോസ് ദിവംഗതനായി.പക്ഷെ അദ്ദേഹത്തിന്റെ കരുത്തനായ സഹോദരൻ അഹ്മോസ് ഒന്നാമൻ അവശേഷിച്ച ഹൈക്സോസ് ചെറുത്തുനിൽപ്പുകളെയും ഇല്ലാതാക്കി ഈജിപ്തിൽ സുസ്ഥിരവും സമൃദ്ധവുമായ ഒരു പുതിയ ഭരണവ്യവസ്ഥക്ക് തുടക്കം കുറിച്ചു.
.
അഭയാര്ഥികളായും നുഴഞ്ഞുകയറ്റക്കാരായും എത്തുന്നവർ രാജ്യങ്ങളെയും പ്രദേശങ്ങളെയും കൈയിലാക്കി വിനാശം വിതയ്ക്കുന്നത് ആധുനിക കാലത് എന്ന പോലെ പുരാതന കാലത്തും നടന്നിട്ടുണ്ട് .അവരിൽ നിന്ന് രാജ്യങ്ങളെയും പ്രദേശങ്ങളെയും മോചിപ്പിക്കാൻ നല്കേണ്ടിവരുന്ന വലിയ വിലയെയാണ് പുരാതന ഈജിപ്തിലെ ഹൈക്സോസ് അധിനിവേശവും അതിനെതിരെയുള്ള ഈജിപ്ഷ്യൻ ജനതയുടെ ചെറുത്തുനിൽപ്പും നമ്മെ ഓർമിപ്പിക്കുന്നത് .ചരിത്രത്തിന്റെ പാഠങ്ങൾ സ്വയം പഠിക്കാത്തവർ ആയിരുന്നു എക്കാലത്തും അടിമകൾ ആക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്തിട്ടുള്ളത്.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply