ഗുണ്ടല്‍പേട്ട് – ഗോപാല്‍സ്വാമി ബേട്ട യാത്രയുടെ വിശേഷങ്ങളുമായി….

കോളേജിലെ ഉടുതുണി ആയിരുന്ന കൂട്ടുകാരൻ ഗൾഫിൽ പോകുന്നതിന്നു മുമ്പേതന്നെ പോയിവന്നാൽ ഒരു ട്രിപ്പ് പോകണം എന്നു പറഞ്ഞാണു പോയത്. അവൻ ലീവിനു നാട്ടിലേക്ക് വന്നു. ലീവു കുറവായതിനാൽ ഒരു ദിവസത്തെ ട്രിപ്പ് മതി എന്ന തീരുമാനത്തിൽ എത്തി, ഇനി അടുത്ത ചോദ്യം എങ്ങോട്ടു പോകണം എന്നതാണ് ?.നാട്ടിലെ ഒരാൾ കാടിനുള്ളിലെ അമ്പലത്തെ കുറിച്ച് പറഞ്ഞിരുന്നു, അന്നേ അങ്ങോട്ട് പോകണം എന്നു തീരുമാനിച്ചതാണ്, ആ യാത്ര ഇപ്പോൾ പോകാം എന്നു അങ്ങു തീരുമാനിച്ചു .

പുലർച്ച 4.30, വളാഞ്ചേരി ബസ് സ്റ്റാന്റിൽ ബസുകൾ ഒന്നും ഇല്ല, വിരലിൽ എണ്ണാവുന്ന കുറച്ചു പേർ അവിടെയിവിടെയായി ഉണ്ട്. ഞങ്ങൾ 6 പേർ ഉണ്ട്, ലാസ്റ്റ് ബെൻഞ്ചും, സെക്കന്റ് ലാസ്റ്റ് ബെഞ്ചും. ചില കാരണങ്ങളാൽ മറ്റു കൂട്ടുകാർ വരാൻ പറ്റിയില്ല. 2 ബുള്ളറ്റും, 1 ജിക്സറും. യാത്ര തുടങ്ങുകയാണ്, പെരിന്തൽമണ്ണ, മഞ്ചേരി വഴി പപ്പുച്ചേട്ടന്റെ ചുരത്തിലേക്ക്… രാവിലെ നേരത്തെ ആയതിനാൽ ചുരത്തിൽ അധികമാരും ഉണ്ടായിരുന്നില്ല, കുറച്ചു റൈഡേഴ്സ് ഉണ്ട്. കുറച്ചു ഫോട്ടോ ഒക്കെ എടുത്ത് അവിടെ നിന്നും സ്ഥലം വിട്ടു,.

ഇനി മുത്തങ്ങ വഴി ഗുണ്ടൽപേട്ടിലേക്ക്, മുത്തങ്ങയിൽ നിന്നു പ്രഭാത ഭക്ഷണം കഴിച്ചു. ഇനി അങ്ങോട്ട് കാടാണ്, മഴക്കാലമായതിനാൽ നല്ല പച്ചപ്പ് ഉണ്ടായിരുന്നു, ഇടക്ക് നല്ല മഴയും. പ്രകൃതിയെ ആസ്വദിച്ചു പതുക്കെ അങ്ങു പോയി, മുത്തങ്ങയിൽ സഫാരി ഒക്കെയുണ്ട്, കേരള ചെക്ക്പോസ്റ്റിൽ ഒരു പാട് ലോറികൾ ചെക്കിംഗിനായി ഉണ്ട്, ബൈക്ക് ചെക്ക് ചെയ്യുന്നില്ല, കുറച്ചു മുന്നോട്ട് പോയാൽ കർണാടക ചെക്ക്പോസ്റ്റ് ഉണ്ട്, ബൈക്കുകാർക്ക് കുഴപ്പമില്ല, മറ്റു വാഹനങ്ങളിൽ നിന്നു ചായക്കൂലി പിടിച്ചു വാങ്ങുന്നുണ്ട്, കർണാടക ചെക്ക്പോസ്റ്റ്‌ കഴിഞ്ഞാൽ കാട് കൂടുതൽ മനോഹരമാണ്, അങ്ങിങ്ങായി ചില മാൻ കൂട്ടങ്ങൾ മാത്രം, മറ്റു മൃഗങ്ങളെ ഒന്നും കണ്ടില്ല…

ഇനി കാട് അവസാനിക്കുകയാണ്, ഗുണ്ടൽപേട്ട് ഏരിയയാണ്, മന്നയും ഓറഞ്ചും വൈലറ്റും നിറങ്ങളിലുള്ള നിലങ്ങൾ. അതൊരു പ്രത്യേക ഭംഗിയാണ്, ചെണ്ടുമല്ലിയും സൂര്യകാന്തിയും വിരിഞ്ഞു നില്ക്കുന്ന മനോഹരമായ കാഴ്ച. എല്ലാതിന്നും കാവല്കാർ ഉണ്ട്, ഫോട്ടോ എടുത്തോളാൻ നമ്മളോടു പറയും, 10 രൂപ കൊടുത്താൽ മതി. മതിവരുവോളം ഫോട്ടോ എടുക്കാം. ഇടക്കു നല്ല ചാറ്റൽ മഴയും, അടിപൊളി….

കുറച്ചു ഫോട്ടോസ് എടുത്തതിനു ശേഷം വീണ്ടും യാത്ര തുടർന്നു, വഴിയിലെല്ലാം കാഴ്ചകൾ ഒന്നു തന്നെ, കാവേരി ഹോട്ടൽ കഴിഞ്ഞതിനു ശേഷം പ്രധാന റോഡിൽ നിന്നും വലത്തോട്ട് ഒരു ചെറിയ റോഡ് ഉണ്ട്, അതുവഴി യാത്ര തുടർന്നു, ചോളവും സൂര്യകാന്തിയും നിറഞ്ഞു നില്ക്കുന്ന കൃഷിയിടങ്ങൾ, നമ്മുടെ നാട്ടിലെ പോലെ കൂലിക്കു ആളെ വിളിച്ച് കൃഷി ചെയ്യുകയല്ല, ഉടമസ്ഥനും കുടുംബവും തന്നെയാണ് കൂടുതലും കൃഷി ചെയ്യുന്നത്.

കുറച്ചു കൂടി മുന്നോട്ട് പോയപ്പോൾ ആണ് ഒരു കാഴ്ച കണ്ടത്, രണ്ടു മൂന്നു ആൽമരങ്ങൾ, തറ കെട്ടിയിട്ടുണ്ട്, അവിടെ ഒരു പാട് വിദ്യാർത്ഥികളും രണ്ടു മൂന്നു അധ്യാപകരും, മനസ്സിനു കുളിർമ നല്കുന്ന കാഴ്ച. തൊട്ടടുത്ത് തന്നെ അവരുടെ സ്ക്കൂൾ ഉണ്ട്, അവരുടെ ഫോട്ടോ എല്ലാം എടുത്ത് അവിടുന്നു യാത്ര തുടർന്നു. യഥാർത്ഥ ഗ്രാമങ്ങൾ ഇതെല്ലമാണ്, ഇന്ത്യയെ അറിയണമെങ്കിൽ ഗ്രാമങ്ങളിലൂടെ സഞ്ചരിക്കണം എന്നു ഗാന്ധിജി പറഞ്ഞത് അപ്പോൾ ആലോചിച്ചു പോയി…

പിന്നെയും മുന്നോട്ട് പോയപ്പോൾ ഒരു പുതിയ റോഡ് കണ്ടു, അവിടെ നിന്നും വലത്തോട്ട്, അല്പം മുന്നോട്ട് പോയപ്പോൾ ഒരു ചെക്ക്പോസ്റ്റ്, അതിന്റെ വലതുഭാഗത്ത് ഒരു പാട് വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നു, ചെക്ക്പോസ്റ്റിനു അപ്പുറത്ത് കർണാടക ബസ് (KSRTC), അവിടെ ചോദിച്ചപ്പോൾ ആണ് ഒരു കാര്യം മനസ്സിലായത്, സ്വകാര്യ വാഹനങ്ങൾ മുകളിലോട്ട് കടത്തിവിടില്ല, കർണാടക ബസിൽ മാത്രമേ പോകാൻ കഴിയൂ, സ്വകാര്യ വാഹനങ്ങൾ മുമ്പ് കടത്തിവിട്ടിരുന്നു, ലക്ഷ്യ സ്ഥാനത്തേക്ക് ഇനിയും 6 KM ബാക്കിയുണ്ട്, ആ 6 KM നമുക്ക് 60 KM ന്റെ കാഴ്ചകൾ തരുന്നുണ്ട്…..

ഇനി നമ്മുടെ ലക്ഷ്യസ്ഥാനത്തെ കുറിച്ച് പറയാം, ഹിമവത് ഗോപാലസ്വാമി ബെട്ട, കർണാടകയിലെ ചാമരാജ നഗർ ജില്ലയിലെ ഗുണ്ടല്പേട്ട് താലൂക്കിലാണ് ഈ അമ്പലo സ്ഥിതി ചെയ്യുന്നത്, ഈ അമ്പലം ഉണ്ടാക്കിയത് AD 1315 ലെ ചോല രാജവംശത്തിലെ ബല്ലാല രാജാവാണ്, പിന്നീട് മൈസൂർ ഭരിച്ചിരുന്ന വോദയാസ് കുടുംബമാണ് പിന്നീട് അമ്പലം സംരക്ഷിച്ചു വന്നിരുന്നത്, 1450 മീറ്റർ ഉയരമുള്ള മലമുകളിലാണ് ഈ അമ്പലം, വിലപിടിപ്പുള്ള മരങ്ങൾ ആണ് ഈ മലയിലുള്ളത്, ബന്ദിപ്പൂർ നാഷ്ണൽ പാർക്കിലെ ഏറ്റവും ഉയരം കൂടിയ മലയാണിത്, ഒരു പാട് മൃഗങ്ങൾ ഉണ്ടാകാറുള്ള സ്ഥലമാണിത്, കൂടുതലും കാട്ടാനകൂട്ടങ്ങൾ ആണ് അധികവും ഇവിടെ ഉണ്ടാവാറുള്ളത്. ഉയരം കൂടിയതു കാരണം ഈ മല മഞ്ഞുമൂടിയിരിക്കും, അതു കൊണ്ടാണ് ഹിമവത് എന്നു പറയുന്നത്…

കണ്ടക്ടർ ഞങ്ങളോട് പെട്ടെന്നു ബൈക്ക് പാർക്ക് ചെയ്തു വരാൻ പറഞ്ഞു, ബസ് സ്റ്റാർട്ട് ചെയ്തിരുന്നു, ബസ്സിലേക്ക് ഓടിക്കയറി , സീറ്റ് എല്ലാം ഫുൾ, കുത്തനെയുള്ള കയറ്റം കയറാൻ ബസ് നല്ലോണം കഷ്ടപ്പെടുന്നുണ്ട് നമുക്ക് മനസ്സിലാക്കാം. ബസ്സിൽ അധികവും കുടുംബസമേതം ഉള്ളവരാണ്, പിന്നെ കുറച്ചു കമിതാക്കളും.

അപകടം പിടിച്ച ചുരമാണ്, ഒരു വശത്ത് കാടും മറുവശം താഴെ മനോഹരമായ കൃഷിയിടങ്ങളും, സൂര്യകാന്തി വിരിഞ്ഞു നില്ക്കുന്ന സമയം ആയതു കൊണ്ട് താഴോട്ട് നോക്കുമ്പോൾ മന്ന പാടങ്ങൾ, 1 KM ബാക്കി നില്ക്കേ കാലാവസ്ഥ ആകെമാറി, കോടമഞ്ഞ്, ബസ്സിലുള്ള എല്ലാവർക്കും അതു നല്ലോണം അങ്ങു ഇഷ്ടമായി, ബസ് മുകളിൽ എത്തി.

തണുപ്പ് കാരണം എല്ലാവരും തൊപ്പിയും കോട്ടും എല്ലാം എടുത്തിട്ടു, അമ്പലത്തിന്റെ മതിൽ കെട്ടിനുള്ളിലേക്ക് കയറി, കാണുമ്പോൾ തന്നെ ഒരു പാട് പഴക്കമുണ്ടെന്നു മനസ്സിലാക്കാം, അമ്പലത്തിൽ ഉച്ചഭക്ഷണം ഉണ്ട്, അമ്പലത്തിന്റെ ചുറ്റുപാടും നടന്നു, ചുറ്റിലും കാടാണ്, ഘോരവനം എന്നു പറയാൻ പറ്റില്ല,. കോടമഞ്ഞും ആസ്വദിച്ചു അവിടെ ഇരുന്നു. കാട്ടുപോത്തിൻ കൂട്ടം മേയുന്നത് കണ്ടു, ഇനി യാത്ര തിരിക്കുകയാണ്, താഴെ ചെക്ക് പോസ്റ്റിലേക്ക്, ഫോട്ടോ എടുക്കാമല്ലോ എന്ന ഉദ്ദേശത്തോടെ മുമ്പിൽ തന്നെ പോയിരുന്നു, നിരാശയായിരുന്നു ഫലം, പപ്പുച്ചേട്ടൻ താമരശ്ശേരി ചുരം ഓടിച്ചിറക്കിയ പോലെ ആയിരുന്നു വേഗത, മിനുറ്റുകൾകo താഴെയെത്തി… (താഴെ ചെക്ക് പോസ്റ്റിൽ 1 മണിക്കുർ ബസ് നിർത്തിയിടും, മലമുകളിൽ 20 മിനുട്ടും. ഒരു ഭാഗത്തേക്ക് ഒരാൾക്ക് ടിക്കറ്റ് ചാർജ് 20 രൂപ. ). ….

ഇനി യാത്ര മസിനഗുഡിയിലേക്കാണ്, കൂട്ടുകാരനു മസിനഗുഡി ചുരം കയറാൻ ആഗ്രഹം, അതു അങ്ങു സാധിപ്പിച്ചു കൊടുക്കാം എന്നു തീരുമാനിച്ചു, റോഡ് നേരെ എത്തുന്നത് (Sri Hangala) ശ്രീഹങ്കളയിലേക്കാണ്, അമ്പലത്തിലേക്കുള്ള യഥാർത്ഥ വഴി അവിടെ നിന്നാണ്, (ഗുണ്ടൽപേട്ടിൽ നിന്നു ഊട്ടി റോഡിനു വരുമ്പോൾ 10 KM കഴിഞ്ഞാൽ ശ്രീഹങ്കളയാണ്.). വലതുഭാഗത്ത് ഒരു വലിയ ഗോപുരം കാണാം, അതുവഴിയാണ് അമ്പലത്തിലേക്ക് പോകേണ്ടത്, നല്ല ഹോട്ടൽ ഇല്ലാത്തതിനാൽ കുപ്പിവെള്ളവും കുറച്ചു ബിസ്കറ്റും മേടിച്ചു റോഡ് സൈഡിലെ മരത്തണലിൽ ഇരുന്നു വിശപ്പടക്കി. ഇനി വീണ്ടും കാട് തുടങ്ങുകയാണ്, ബന്ദിപ്പൂർ ടൈഗർ റിസർവ് എന്ന കവാടം കാണാം, സഫാരി എല്ലാം ഉണ്ട്, കുറച്ചു മുന്നോട്ട് പോയാൽ കർണാടക ചെക്ക് പോസ്റ്റ്, പിന്നെ ഒരു പാലം, അതു കഴിഞ്ഞാൽ തമിഴ്നാട് ചെക്ക് പോസ്റ്റ്, പാലം ആണ് അതിർത്തി. ഇനി മുതുമലൈ ടൈഗർ റിസർവ് ആണ്,

സംസ്ഥാനം മാറിയപ്പോൾ പേരും മാറിയെന്നു മാത്രം.). കുറച്ചു കൂടി മുന്നോട്ട് പോയാൽ ഒരു ജംഗ്ഷൻ ആണ്, തൊപ്പക്കാട്. അവിടെ നിന്നും നേരേ പോകുന്നത് ഗൂഡല്ലൂർ റൂട്ട്, ഇടതു ഭാഗത്തേക്ക് ഉള്ളത് മസിനഗുഡി ഊട്ടി റോഡ്, മസിനഗുഡിയിലേക്ക് 6 KM ദൂരമുള്ളൂ, ആ റോഡിനു കയറിയ ഉടനെ തന്നെ ആന വളർത്തൽ പരിശീലന കേന്ദ്രം ഉണ്ട്, കാടിനുള്ളിലെ ഒരു ഗ്രാമം അതാണ് മസിനഗുഡി, വീതിയില്ലാത്ത റോഡ് ആണ്, മസിനഗുഡിയിൽ ഒരുപാട് ലോഡ്ജുകളും റിസോർട്ടുകളും ഉണ്ട്, ഗ്രാമം കഴിഞ്ഞാൽ പിന്നെ ചുരം തുടങ്ങുകയാണ്, ഏറ്റവും അപകടം പിടിച്ച ചുരമാണ്, നല്ല കാഴ്ചകൾ ആണ്, സൂക്ഷിച്ചു ഓടിച്ചു പോകണം,

ചുരത്തിൽ ഒരു വ്യൂ പോയിന് ഉണ്ട്, ചുരത്തിന്റെ മുകളിൽ എത്തി, ഇനി ചുരം ഇറങ്ങുകയാണ്, സാഹസികതക്കു മുതിർന്നാൽ അപകടം ഉറപ്പാണ്, ചുരം ഇറങ്ങി തൊപ്പക്കാട് തന്നെയെത്തി, ഇനി ഗൂഡല്ലൂർ വഴി നാട്ടിലേക്ക്, ഗൂഡല്ലൂരിൽ നിന്നു വലതു ഭാഗത്തേക്ക്, ഇനി നാടുകാണി ചുരം വഴി നാട്ടിലേക്ക്, ബൈക്ക് യാത്രികർ നാടുകാണി വഴി വരാതിരിക്കുന്നതാണ് നല്ലത്, റോഡ് മോശമാണ്, കാട്ടാനയുണ്ടാകാൻ സാധ്യത കൂടുതലാണ്, ഞങ്ങൾ വരുമ്പോളും കാട്ടാന ഉണ്ടായിരുന്നു, ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു. നിലമ്പൂർ പെരിന്തൽമണ്ണ വഴി നാട്ടിലേക്ക്..

By: Ashik Aashi.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply