മനോഹരമായ ഈ യാത്രാവിവരണം തയ്യാറാക്കിയത് – Shaan Shanmukhan.
മഴ കാർമേഘ പട്ടു വിരിച്ച സായാഹ്നത്തിൽ വൈകിട്ട് ആറോടെ വൈറ്റില മൊബൈലിറ്റി ഹബ്ബിൽ നിന്ന് നമ്മുടെ സ്വന്തം ആനവണ്ടിയിൽ യാത്ര തിരിച്ചു. കോടമഞ്ഞു പൂക്കുന്ന മലയിലേക്ക് കുടജാദ്രിയിലേക്ക്.. പോകുവാൻ എത്ര ആഗ്രഹിച്ചാലും ദേവിയുടെ അനുവാദമില്ലാതെ അത് നടക്കില്ല എന്ന് കുറേ ലേഖനങ്ങളിൽ വായിച്ചിട്ടുണ്ട്. ഒരു പക്ഷേ
അതൊക്കെ വിശ്വാസത്തിന്റെ ഭാഗമായിരിക്കാം. എന്തായാലും വർഷങ്ങൾക്ക് മുമ്പേയുള്ള തയ്യാറെടുപ്പിന്, കാത്തിരിപ്പിന് ഇന്ന് അവസാനം. വിശ്വാസങ്ങൾക്കപ്പുറം കുടജാദ്രിയും സൗപർണികയും സർവ്വജ്ഞപീoവും മനസ്സിൽ കുടിയേറിയിട്ട് കാലമേറെയായി.
വൈകുന്നേരത്തെ മഴയും ബ്ലോക്കും ബസ് പിടിക്കാൻ കഴിയില്ല എന്നു വിചാരിച്ചതാണ്. 5.10 ന് എത്തേണ്ട ബസ് എത്തിയത് 5.45ന്. സമയം കൊല്ലാൻ മൊബൈലിൽ ലുഡോ കളിച്ചു. എന്റെയും പ്രവീണിന്റെയും കൂടെ കോട്ടയത്തുള്ള ശ്രീജിത്ത് എന്ന പയ്യനും ചേർന്നു. നഗരം പിന്നിട്ട് രാത്രി 10 മണിയോടെ കുറ്റിപ്പുറത്തെ റെസ്റ്റോറന്റിൽ അത്താഴം. ഇരുട്ടിനെ കീറി മുറിച്ച് വീണ്ടും ആനവണ്ടിയുടെ പായൽ.. മഴ പിന്നാലെയുണ്ട്. നല്ല തണുപ്പ്. പലരും ഉറക്കത്തിലേക്ക് വീണു. ഞാനും. ഇടയ്ക്ക് ഞെട്ടിയുണരുമ്പോൾ വണ്ടി നല്ല വേഗത്തിലാണ്. വളവും തിരിവും കൂടുതലുള്ള റോഡിൽ എത്ര വിദഗ്ദമായിട്ടാണ് ഡ്രൈവർ ഈ വലിയ വണ്ടി ഓടിക്കുന്നത്. അതിശയം..
വെളുപ്പിന് കർണ്ണാടകയിൽ എത്തിയപ്പോൾ വണ്ടി ബ്രേക്ക് ഡൗൺ ആയി. പുറത്ത് നല്ല മഴ പെയ്യുന്നുണ്ടായിരുന്നു. വർക്ക്ഷോപ്പിൽ നിന്ന് ആളെത്താൻ സാധ്യത ഇല്ലാത്തത് കൊണ്ട് അവിടെ ഇറങ്ങി.നാൽപ്പത്തി രണ്ട് കിലോമീറ്റർ ഇനിയും യാത്രയുണ്ട്. പിന്നീടങ്ങോട്ട് സ്വകാര്യ ബസിലായിരുന്നു യാത്ര. ഞങ്ങളോടൊപ്പം ആനവണ്ടിയിൽ രണ്ടു മൂന്നു കുടുംബങ്ങളുമുണ്ടായിരുന്നു. ഉഡുപ്പി ബസാണ് കിട്ടിയത്. അവിടെ നിന്ന് കൊല്ലൂർക്കും. ബസിൽ ഉണ്ടായിരുന്ന കുറച്ചു പേരുമായി അപ്പോൾ ചെറിയ സൗഹൃദത്തിലായി.
കർണ്ണാടകയുടെ ഭൂപ്രകൃതി കേരളത്തിന്റെ തന്നെയാണ്. കന്നടയിൽ ഉള്ള എഴുത്തുകളാണ് കർണ്ണാടക എന്ന് ഓർമ്മപ്പെടുത്തുന്നത്. കൊല്ലൂർ എത്തും മുമ്പ് യാത്രയിൽ കുറേ ദൂരം കാടാണ്. മഴ കാടിന് ഭംഗി കൂട്ടുന്നുണ്ട്.കൊല്ലൂർ എത്തുമ്പോഴേക്കും സമയം 9.30. 400 രൂപയ്ക്ക് ഡബിൾബെഡ് റൂം കിട്ടി.അൽപ്പസമയം വിശ്രമം. കുളി കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ മഴ നിർത്താതെ പെയ്തു കൊണ്ടിരിക്കുകയാണ്. ക്ഷേത്രത്തിൽ കയറി. തിരക്ക് കുറവായിരുന്നു. അതു കൊണ്ട് തന്നെ എല്ലാവർക്കും മൂകാംബിക ദേവിയെ ദർശിക്കാൻ സാധിക്കുന്നുണ്ടായിരുന്നു.
പ്രഭാതഭക്ഷണം താമസസ്ഥലത്തിന്റെ മുമ്പിലെ ലക്ഷ്മി കേരളഹോട്ടലിൽ ആയിരുന്നു. കുടജാദ്രിയിലേക്ക് പോകുവാൻ ജീപ്പുകാരോട് റേറ്റ് തിരക്കി ഒരു തലയ്ക്ക് 370. പക്ഷേ എട്ടു പേരുണ്ടാവണം. എട്ടു പേർ വരുന്നതും കാത്ത് ആ വഴിയിലൊക്കെ വെറുതെ കറങ്ങി നടന്നു. എട്ടുപേരാകുന്ന ലക്ഷണമൊന്നുമില്ല. മഴയായതു കൊണ്ട് മലയിലേക്ക് പോകാതിരിക്കുന്നതാണ് നല്ലത് എന്നു ചിലർ പറഞ്ഞു. എങ്കിലും എട്ടുപേരുണ്ടായിരുന്നുവെങ്കിൽ ഞങ്ങൾ പോയേനേ.. പിന്നെ സൗപർണിക നദി കാണാൻ പോയി. അവിടെ ഒന്നോ രണ്ടോ പേരേ ഉണ്ടായിരുന്നുള്ളു. ശക്തമായ ഒഴുക്കാണ്. ഒരു പോലീസ്കാരൻ വന്ന് നദിയിൽ ഇറങ്ങരുതെന്ന് പറഞ്ഞു.
മറ്റൊന്നും ചെയ്യാൻ ഇല്ലാത്തത് കൊണ്ട് നേരെ മുറിയിലേക്ക് പോയി. മൊബൈലിൽ സിനിമ കണ്ടു. ഉച്ചയ്ക്ക് രണ്ടു മണിക്കാണ് ഭക്ഷണം കഴിച്ചത്. കേരള ഹോട്ടലിൽ തന്നെ. ചോറ്,പപ്പടം, കാബേജ് ഉലർത്തിയത് സലാഡ്, അച്ചാർ. ഭക്ഷണം നല്ലതായിരുന്നു. വീണ്ടും ഹോട്ടൽ മുറിയിലേക്ക്. പിന്നീടങ്ങോട്ട് ഉറക്കമായിരുന്നു. ഏഴരയോടെ റൂം വെക്കേറ്റ് ചെയ്തു. റിട്ടേൺ ടിക്കറ്റും റിസർവ് ചെയ്തിരുന്നു. അതേ KSRTC ബസിൽ തന്നെ. ഇനിയൊരിക്കലും കണ്ടുമുട്ടാനിടയില്ലാത്ത ഒരു പാട് മുഖങ്ങളോട് മനസിൽ യാത്ര പറഞ്ഞ്, കുടജാദ്രിമല ഒരു ആഗ്രഹമായി തന്നെ മനസിൽ സൂക്ഷിച്ച് ഇനിയൊരിക്കൽ വരാമെന്ന പ്രതീക്ഷയോടെ തിരികെ നാട്ടിലേക്ക്..