വിനോദസഞ്ചാരികൾക്ക് സന്ദർശിക്കാവുന്ന കേരളത്തിലെ 15 ഡാമുകൾ..

കേരളത്തിൽ മൊത്തം അറുപതോളം ഡാമുകളുണ്ട്. ഏറ്റവും കൂടുതൽ ഡാമുകളുള്ളത് ഇടുക്കി, പാലക്കാട്, പത്തനംതിട്ട ജില്ലകളിലാണ്. ഇത്രയധികം ഡാമുകളിൽ ചിലത് വിനോദസഞ്ചാരത്തിനു യോഗ്യമായവയാണ്. അവയിൽ പ്രധാനപ്പെട്ട 15 ഡാമുകളെ പരിചയപ്പെടാം.

1. നെയ്യാർ ഡാം : തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട ഗ്രാമപഞ്ചായത്തിൽ കള്ളിക്കാടിൽ നെയ്യാർ നദിയിൽ നിർമ്മിച്ചിരിക്കുന്ന;അണക്കെട്ടാണ്നെയ്യാർ അണക്കെട്ട്. 1958-ൽ നിർമ്മിച്ച അണക്കെട്ട് ജില്ലയിലെ ഒരു പ്രധാന വിനോദസഞ്ചാര-ഉല്ലാസ കേന്ദ്രം കൂടിയാണ്.ഈ ഡാമിനോടനുബന്ധിച്ചുള്ള മേഖല നെയ്യാർ വന്യജീവിസംരക്ഷണകേന്ദ്രം എന്നറിയപ്പെടുന്നു. പശ്ചിമഘട്ടത്തിന്റെ തെക്കായുള്ള പൊക്കം കുറഞ്ഞ മലകൾ നെയ്യാർ ഡാമിന് അതിർത്തി തീർക്കുന്നു. സുന്ദരമാ‍യ ഒരു തടാകവും ഉണ്ട് ഇവിടെ. ഇവിടത്തെ പരിസ്ഥിതിയിലെ ജീവജാലങ്ങളിൽ കാട്ടുപോത്ത്, വരയാട്, സ്ലോത്ത് കരടി, കാട്ടുപൂച്ച, നീലഗിരി ലംഗൂർ, കാട്ടാന, സാമ്പാർ മാൻ എന്നിവ ഉൾപ്പെടുന്നു.

പ്രധാന ആകർഷണങ്ങൾ : ലയൺ സഫാരി, ബോട്ട് യാത്ര, മാൻ പാർക്ക്, സ്റ്റീവ് ഇർവിൻ സ്മാരക മുതല വളർത്തൽ കേന്ദ്രം(മുതലകളെ കൂട്ടിൽ അടയ്ക്കാതെ തുറന്നു വിട്ടിരിക്കുന്നു), നീന്തൽക്കുളം, കാഴ്ചമാടം, കേരളത്തിന്റെ ഒന്നാമത്തെ തുറന്ന ജയിൽ (തടവറയില്ലത്ത ജയിൽ), കാളിപാറ ക്ഷേത്രം (2000 അടി ഉയരം,1കി.മി.ദൂരം,മല കയറ്റത്തിന് അനുയോജ്യം), ശിവാനന്ദ ആശ്രമം (യോഗ പഠനകേന്ദ്രം).

2. തെന്മല ഡാം : കേരളത്തിലെ കൊല്ലം ജില്ലയിലെ പുനലൂർ -ചെങ്കോട്ട ( തമിഴ്നാട് ) റൂട്ടിൽ തെന്മല ഗ്രാമപഞ്ചായത്തിലെ തെന്മലയിലാണ് തെന്മല അണക്കെട്ട് അഥവാ കല്ലട-പരപ്പാർ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ ആദ്യ ഇക്കോ ടൂറിസം കേന്ദ്രമാണ് തെന്മലയിലുള്ളത്. കല്ലടയാറിലാണ് ഈ അണക്കെട്ട് സ്ഥിതിചെയ്യുന്നത്. കേരളത്തിലെ രണ്ടാമത്തെ വലിയ ജലസേചന അണക്കെട്ടാണ് തെന്മല. കൂടാതെ വളരെ വലിപ്പമേറിയ റിസർവോയർ ഏരിയായും ഈ ഡാമിനുണ്ട്. അണക്കെട്ടിനു ചുറ്റും നിബിഡവനമേഖലയാണ്. തെന്മല അണക്കെട്ടിൽ ബോട്ടിങ്ങിനുള്ള സൗകര്യം ലഭ്യമാണ്.

3. ഇടുക്കി ഡാം : ഇടുക്കി ജില്ലയിലെ വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിലെ ചെറുതോണിയിൽ പെരിയാർ നദിക്കു കുറുകെ നിർമിച്ചിട്ടുള്ള അണക്കെട്ടാണ് ഇടുക്കി അണക്കെട്ട്(ഇടുക്കി ആർച് ഡാം). വൈദ്യുതോല്പാദനമാണ് അണക്കെട്ടിന്റെ ഉദ്ദേശ്യം. ഏഷ്യയിലെ ആദ്യത്തെ കമാന അണക്കെട്ടാണിത്. 839 മീറ്റർ ഉയരമുള്ള കുറവൻ മലയെയും, 925 മീറ്റർ ഉയരമുള്ള കുറത്തിമലയെയും കൂട്ടിയിണക്കി 555 അടി ഉയരത്തിൽ പെരിയാറിന്‌ കുറുകെയാണ് അണക്കെട്ട്‌ നിർമ്മിച്ചിരിക്കുന്നത്. 60 ചതുരശ്ര കിലോമീറ്റർ വ്യാപിച്ച്‌ കിടക്കുന്ന ജലസംഭരണിയാണ് ഡാമിനുള്ളത്. ഇടുക്കി, ചെറുതോണി, കുളമാവ് എന്നീ 3 അണക്കെട്ടുകൾ നിർമ്മിച്ചാണ് വൈദ്യുതി ഉല്പാദിപ്പിക്കുന്നതിനാവശ്യമായ ജലം സംഭരിച്ചു നിർത്തിയിരിക്കുന്നത്. ഇടുക്കി ഡാമിൽ സഞ്ചാരികൾക്ക് ചില സമയങ്ങളിൽ മാത്രമാണ് പ്രവേശനം അനുവദിക്കുക.

4. മാട്ടുപ്പെട്ടി ഡാം : ഇടുക്കി ജില്ലയിൽ മൂന്നാറിനു സമീപം ദേവികുളം പഞ്ചായത്തിൽ മാട്ടുപ്പെട്ടിയിൽ സ്ഥിതി ചെയ്യുന്ന ഒരു അണക്കെട്ടാണ് മാട്ടുപ്പെട്ടി അണക്കെട്ട്. പള്ളിവാസൽ ജലവൈദ്യുതപദ്ധതി ഒരു സംഭരണി അണക്കെട്ടുമാണിത്. ഇത് പെരിയാറിന്റെ പോഷകനദിയായ മുതിരപ്പുഴയാറിലാണ് ഇത് നിർമിച്ചിട്ടുള്ളത് . വൈദ്യുതോല്പാദനത്തിനായി നിർമ്മിച്ച കോൺക്രീറ്റ് ഗ്രാവിറ്റി അണക്കെട്ടാണിത്. അണക്കെട്ടിലെ ചെളി പുറത്തേക്ക് കളയാനായി അടിഭാഗത്ത് വാൽവ് സ്ഥാപിച്ചിട്ടുണ്ട്.

മൂന്നാറിന്റെ സമീപപ്രദേശമായതുകൊണ്ട് തന്നെ മാട്ടുപ്പെട്ടി ഡാം സന്ദർശിക്കാൻ വളരെയധികം സഞ്ചാരികൾ വരാറുണ്ട്. ഡാമിന്റെ ആകർഷണവും മാട്ടുപ്പെട്ടിയുടെ പ്രകൃതിസൗന്ദര്യവും അണക്കെട്ടിൽ സാധ്യമാകുന്ന സ്പീഡ് ബോട്ട് സഞ്ചാരവുമാണ്. സുപ്രസിദ്ധമായ എക്കോ പോയിന്റ് ഇവിടെയാണ്.

5. ഇടമലയാർ ഡാം : എറണാകുളം ജില്ലയിൽ ഇടമലയാർ ഫോറെസ്റ് ഡിവിഷനിൽ കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിൽഭൂതത്താൻ കെട്ടിനു സമീപം പെരിയാറിന്റെ പോഷക നദിയായ ഇടമലയാറിനു കുറുകെ നിർമിച്ച അണക്കെട്ടാണ് അണക്കെട്ടാണ് ഇടമലയാർ അണക്കെട്ട്. 1985 ൽ ഇടമലയാർ ജല വൈദ്യുത പദ്ധതി , യുടെ ഭാഗമായി നിർമ്മിച്ച ഈ അണക്കെട്ടിനു 373 മീറ്റർ നീളവും, 102 മീറ്റർ ഉയരവുമുണ്ട്.

6. ഭൂതത്താൻകെട്ട് : എറണാകുളം ജില്ലയിൽ കോതമംഗലം താലൂക്കിലെ പിണ്ടിമന ഗ്രാമപഞ്ചായത്തിലെ ഭൂതത്താൻകെട്ടിൽ പെരിയാറിന് കുറുകെയുള്ള ഒരു അണക്കെട്ട് ആണ് ഭൂതത്താൻ കെട്ട്.  കോതമംഗലം – തട്ടേക്കാട് വഴിയിൽ കീരംപാറ കവലയിൽ നിന്ന് ഇടത്തോട്ട് ഇടമലയാർവഴിയിൽ 5 കിലോമീറ്റർ അകലെയാണ് ഭൂതത്താൻ കെട്ട് സ്ഥിതി ചെയ്യുന്നത്.

7. ഷോളയാർ ഡാം : കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ചാലക്കുടി – വാൾപ്പാറ – ആളിയാർ റൂട്ടിൽ വാഴച്ചാൽ ഫോറെസ്റ് ഡിവിഷനിൽ അതിരപ്പിള്ളി ഗ്രാമപഞ്ചായത്തിൽ മലക്കപ്പാറക്കു സമീപമായി നിർമിച്ച അണക്കെട്ടാണ് ഷോളയാർ അണക്കെട്ട് അഥവാ ലോവർ ഷോളയാർ അണക്കെട്ട് (Lower Sholayar Dam). 66 മീറ്റർ ഉയരവും 430 മീറ്റർ നീളവുമുള്ള പ്രധാന അണക്കെട്ടിനൊപ്പം 28 മീറ്റർ ഉയരവും 259 മീറ്റർ നീളവുമുള്ള ഷോളയാർ ഫ്ലാങ്കിംഗ് ഡാമും 18.59 മീറ്റർ ഉയരവും 109 മീറ്റർ നീളവുമുള്ള ഷോളയാർ സാഡിൽ ഡാമും ഈ പദ്ധതിയുടെ ഭാഗമാണ്. 1965-ലാണ് ഈ ഡാമുകൾ നിർമ്മാണം പൂർത്തിയാക്കിയത്. ചാലക്കുടി പട്ടണത്തിനു 65 കിലോമീറ്റർ കിഴക്കായി ആണ് ഷോളയാർ ഡാം. മലക്കപ്പാറയിലേക്ക് പോകുന്ന സംസ്ഥാനപാത 21ന് സമീപമാണ് ലോവർ ഷോളയാർ ഡാം സ്ഥിതിചെയ്യുന്നത്. എന്നാൽ, തമിഴ്നാട്ടിലെ അപ്പർ ഷോളയാർ ഡാം മലക്കപ്പാറയിൽനിന്ന് വാൽപ്പാറയിലേക്കുള്ള വഴിയിൽ ഏകദേശം 5 കിലോമീറ്റർ (3.1 മൈൽ) ദൂരത്തിൽ സ്ഥിതിചെയ്യുന്നു.

8. പീച്ചി ഡാം : തൃശ്ശൂർ ജില്ലയിലെ പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ പീച്ചിയിൽ കരുവന്നൂർ പുഴയുടെ പോഷകനദിയായ മണലിപ്പുഴയുടെ കുറുകെ നിർമ്മിച്ചിരിക്കുന്ന ഒരു അണക്കെട്ടാണ് പീച്ചി അണക്കെട്ട്. ഈ ഡാമിനോടനുബന്ധിച്ചുള്ള മേഖല പീച്ചി – വാഴാനി വന്യജീവി സംരക്ഷണകേന്ദ്രം എന്നറിയപ്പെടുന്നു.

തൃശ്ശൂരിൽ നിന്ന് പാലക്കാട്ദേശീയപാതയിലൂടെ 13 കി.മീ. സഞ്ചരിച്ചാൽ പീച്ചിറോഡ് ജങ്‌ഷനിലെത്തും. അവിടെനിന്ന് 8 കി.മീറ്റർ തെക്കോട്ടു പോയാൽ ഇവിടെയെത്താം. തൃശ്ശൂർ ശക്തൻ ബസ്‌സ്റ്റാൻഡിൽനിന്ന് പീച്ചി ഡാമിലേക്ക് നേരിട്ട് ബസ് സർവീസുണ്ട്. രാവിലെ 7 മുതൽ രാത്രി 9 മണിവരെ പത്തുമിനിറ്റ് ഇടവേളകളിൽ ബസുകളുണ്ട്‌. പാലക്കാട് നിന്നും വരുന്ന സഞ്ചാരികൾക്ക് പട്ടിക്കാട് നിന്ന്‌ പീച്ചിയിലേക്ക് ബസ് കിട്ടും.
രാവിലെ 8 മുതൽ വൈകിട്ട് 6 വരെയാണ് പ്രവേശനസമയം. 20 രൂപയാണ് പ്രവേശന നിരക്ക്. കുട്ടികൾക്ക് 10 രൂപ. സഞ്ചാരികൾക്കുള്ള ഭക്ഷണസൗകര്യം പീച്ചി ഗസ്റ്റ് ഹൗസിൽ ഒരുക്കിയിട്ടുണ്ട്. പകൽസമയം തങ്ങുന്നതിനുള്ള സൗകര്യവും ഗസ്റ്റ് ഹൗസിലുണ്ട്. 300 രൂപയാണ് പ്രതിദിനവാടക. രാത്രിയിൽ താമസസൗകര്യം ലഭ്യമല്ല.

9. മലമ്പുഴ ഡാം : പാലക്കാടിനു സമീപം മലമ്പുഴയിൽ ഭാരതപ്പുഴയുടെ ഒരു പ്രധാന പോഷകനദിയായ കൽപ്പാത്തിപ്പുഴയുടെ കൈവഴിയായ  മലമ്പുഴ നദിയ്ക്കു കുറുകെ നിർമ്മിച്ചിരിക്കുന്ന അണക്കെട്ടാണ്‌ മലമ്പുഴ അണക്കെട്ട്. ജലസേചനത്തിനായുള്ള ഏറ്റവും വലിയ ജല സംഭരണിയാണ് മലമ്പുഴ അണക്കെട്ട്. 1955-ലാണ് ഇതു നിർമ്മിച്ചത്. മലമ്പുഴ അണക്കെട്ടിനോടു ചേർന്നുതന്നെ മലമ്പുഴ ഉദ്യാനവുമുണ്ട്.

പ്രധാന ആകർഷണങ്ങൾ : മലമ്പുഴ അണക്കെട്ട്, നദി, പർവ്വത പശ്ചാത്തലം, മലമ്പുഴ ഉദ്യാനം, ചിൽഡ്രൻസ് പാർക്ക്, ഇക്കോ പാർക്ക്, ജപ്പാൻ ഗാർഡൻ, ഫ്രെഷ് വാട്ടർ അക്വേറിയം, സ്നേക്ക് പാർക്ക്, റോപ്പ് വേ, ഫാന്റസി പാർക്ക്, സ്പീഡ് ബോട്ട് സവാരി, തൂക്കുപാലം, യക്ഷി – കാനായി കുഞ്ഞിരാമന്റെ ശില്പം.

10. പോത്തുണ്ടി ഡാം : പാലക്കാട് ജില്ലയിൽ നെന്മാറ – നെല്ലിയാമ്പതി പാതയിൽ നെന്മാറ ഗ്രാമപഞ്ചായത്തിലെപോത്തുണ്ടിയിൽ ഭാരതപ്പുഴയുടെ ഒരു പ്രധാന പോഷകനദിയായ ഗായത്രിപ്പുഴയുടെ പോഷകനദിയായ മംഗലം പുഴയുടെ കൈവഴിയായ അയിലൂർപ്പുഴയുടെ കൈവഴികളായ മീൻചാടി, ചാടി എന്നീ പുഴകളിൽ നിർമിച്ച മണ്ണ് കൊണ്ടുള്ള അണക്കെട്ടാണ് പോത്തുണ്ടി അണക്കെട്ട്. പാലക്കാട് പട്ടണത്തിൽ നിന്നും 42 കിലോമീറ്ററും നെന്മാറയിൽ നിന്ന് 8 കിലോമീറ്ററുമാണ് പോത്തുണ്ടിയിലേക്കുള്ള ദൂരം. പോത്തുണ്ടി അണക്കെട്ട് ഇന്ത്യയിലെ മണ്ണുകൊണ്ടുണ്ടാക്കിയ വലിയ അണക്കെട്ടുകളിൽ ഒന്നാണ്. 1672 മീറ്റർ നീളമുള്ള അണക്കെട്ടിനു മുകളിൽ 8 മീറ്റർ വീതിയും താഴെ 154 മീറ്റർ വീതിയുമാണുള്ളത്. പാവങ്ങളുടെ ഊട്ടി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന നെല്ലിയാമ്പതി മലകൾ പോത്തുണ്ടിയിൽ നിന്ന് 17 കിലോമീറ്റർ അകലെയാണ്.

11. കാഞ്ഞിരപ്പുഴ ഡാം : പാലക്കാട് ജില്ലയിൽ മണ്ണാർക്കാടിനു സമീപം കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തിലെ കാഞ്ഞിരപ്പുഴയിൽഭാരതപ്പുഴയുടെ പോഷകനദിയായ കുന്തിപ്പുഴയുടെ കൈവഴിയായ കാഞ്ഞിരപ്പുഴയ്ക്കു കുറുകെ നിർമ്മിച്ചിരിക്കുന്ന അണക്കെട്ടാണ്‌ കാഞ്ഞിരപ്പുഴ അണക്കെട്ട്. പാലക്കാട്ട് നിന്നും തച്ചമ്പാറ മുതുകുറുശ്ശി വഴി ഏകദേശം 35 കി.മി. ദൂരയാണ് ഈ അണക്കെട്ട് സ്ഥിതിചെയ്യുന്നത്. മണ്ണാർക്കാട്‌ വഴി 10 കി.മീ. സഞ്ചരിച്ചാലും കാഞ്ഞിരപ്പുഴയിലെത്താം. ഈ ഡാമിനോട്‌ ചേർന്ന് ഒരു കാഞ്ഞിരപ്പുഴ ഉദ്യാനം എന്ന പേരിൽ ഉദ്യാനവും ഇതിനടുത്തുള്ള ബേബി ഡാമിൽ ബോട്ട്‌ സർവ്വീസും, കുട്ടയിലെ ജലഗതാഗതവും സഞ്ചാരികൾക്കായി ലഭ്യമാണ്. ഈ ഡാമിൽ നിന്ന് കാണാവുന്ന ദൂരത്തിലാണ് വാക്കോടൻ മല സ്ഥിതി ചെയ്യുന്നത്. 

12. കാരാപ്പുഴ ഡാം : വയനാട് ജില്ലയിലെ മുട്ടിൽ  ഗ്രാമപഞ്ചായത്തിലെ കാരാപ്പുഴ വില്ലേജിൽ കാരാപ്പുഴയിൽ നിർമ്മിച്ചിരിക്കുന്ന ഒരു അണക്കെട്ടാണ്കാരാപ്പുഴ അണക്കെട്ട്’ കല്പറ്റയിൽ നിന്നും 20 കിലോമീറ്ററും ബത്തേരിയിൽ നിന്ന് 25 കിലോമീറ്ററും ആണ് ഇവിടെയ്ക്കുള്ള ദൂരം. ദേശീയപാത 212 – ലുള്ള കാക്കവയലിൽ നിന്നും 8 കിലോമീർ ദൂരെയായാണ് അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. ജില്ലയിലെ മറ്റൊരു വിനോദസഞ്ചാര കേന്ദ്രമായ എടയ്ക്കൽ ഗുഹയിലേക്ക് അണക്കെട്ടിൽ നിന്നും നിന്നും 5 കിലോമീറ്ററാണ് ദൂരം.

13. ബാണാസുര സാഗർ ഡാം : വയനാട് ജില്ലയിലെ കൽപ്പറ്റയിൽ നിന്ന് 21 കിലോമീറ്റർ അകലെ പടിഞ്ഞാറത്തറ എന്ന ഗ്രാമത്തിൽ പശ്ചിമഘട്ടത്തിൽ കബിനി നദിയുടെ പോഷകനദിയായ പനമരം പുഴക്ക് കുറുകെ സ്ഥിതി ചെയ്യുന്ന അണക്കെട്ടാണ് ബാണാസുര സാഗർ അണക്കെട്ട്. 1979-ലാണ് ഈ അണക്കെട്ട് നിർമ്മിച്ചത്

ഇതിനടുത്തായി ഉള്ള മനോഹരമായ മലകളിലേക്ക് ട്രെക്കിംഗ് നടത്തുവാനുള്ള ഒരു ഉത്തമ തുടക്ക സ്ഥലം ആണ് ഇവിടം. ഒരു വിനോദസഞ്ചാര ആകർഷണവുമാണ് ഇവിടം. അണക്കെട്ട് പദ്ധതി പ്രദേശത്തുള്ള സ്ഥലങ്ങളെ വെള്ളത്തിന് അടിയിൽ ആഴ്ത്തിയപ്പോൾ അണകെട്ടിനകത്തു ഏതാനും ദ്വീപുകൾ രൂപപ്പെട്ടു. ബാണാസുരസാഗർ മലകളുടെ താഴ്വരയിലുള്ള ഈ ദ്വീപുകൾ പ്രകൃതിരമണീയമാണ്.

14. കക്കയം ഡാം : കോഴിക്കോട് നഗരത്തിൽ നിന്നും 63.കി.മീ അകലെയായി കൂരാച്ചുണ്ട്   ഗ്രാമപഞ്ചായത്തിലെ കക്കയത്തു കുറ്റ്യാടിപ്പുഴയിൽ നിർമിച്ച അണക്കെട്ടാണ് കക്കയം അണക്കെട്ട് . വൈദ്യുതോല്പാദനത്തിനായി ഭാഗമായി  നിർമ്മിച്ച കോൺക്രീറ്റ് ഗ്രാവിറ്റി അണക്കെട്ടാണിത്. വയനാട്ടിലെ ബാണാസുര സാഗർ അണക്കെട്ട് കുറ്റ്യാടി ജലവൈദ്യുതപദ്ധതിയിലേക്കു വെള്ളം എത്തിക്കുവാനായി നിർമിച്ചതാണ്‌ ഇത്. കക്കയം അണക്കെട്ടിൽ നിന്നും കക്കയം പവർ ഹൗസിലേക്കു വെള്ളം എത്തിച്ചു വൈദ്യുതി ഉത്പാദനത്തിനു ശേഷമുള്ള വെള്ളം പെരുവണ്ണാമുഴി അണക്കെട്ടിൽ സംഭരിച്ച് ജലസേചനത്തിനു ഉപയോഗിക്കുന്നു. പെരുവണ്ണാമുഴി , കക്കയം അണക്കെട്ടുകളോട് അനുബന്ധിച്ചുള്ള മേഖല മലബാർ വന്യജീവിസംരക്ഷണകേന്ദ്രം എന്നറിയപ്പെടുന്നു.

© Arun B.

15 പഴശ്ശി ഡാം : കണ്ണൂർ ജില്ലയിൽ മട്ടന്നൂരിന് അടുത്ത് ഇരിക്കൂർ – ഇരിട്ടി സംസ്ഥാനപാതയിൽ പടിയൂർ ഗ്രാമപഞ്ചായത്തിലെ കുയിലൂർ എന്ന പ്രദേശത്ത് വളപട്ടണം നദിക്കു കുറുകെ സ്ഥിതി ചെയ്യുന്ന പ്രകൃതിസുന്ദരമായ അണക്കെട്ടാണ് പഴശ്ശി ഡാം. കുയിലൂർ എന്ന പ്രദേശത്ത് ഉള്ളതിനാൽ കുയിലൂർ അണക്കെട്ട് എന്നും പേർ പറയാറുണ്ട്. ഉത്തരകേരളത്തിലെ ഏറ്റവും പ്രധാന ജലസേചന പദ്ധതി (പഴശ്ശി ജലസേചന പദ്ധതി) എന്ന നിലയിലാണ് ഈ അണക്കെട്ട് നിർമ്മാണം ആരംഭിച്ചിരുന്നത്.

കണ്ണൂർ ജില്ലയിലെ എല്ലാ ഭാഗത്തേക്കും കൂടാതെ മയ്യഴി (മാഹി) പ്രദേശത്തേക്കും കൃഷിക്കാവശ്യമായ ജലം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. കുടക് മലകളിൽ നിന്നും വയനാടൻ കാടുകളിൽ നിന്നും ഒഴുകിവരുന്ന വളപട്ടണം പുഴയ്ക്കു കുറുകെയാണ് ഈ അണക്കെട്ട്. ഇതിന്റെ ഒരു കര ഇരിട്ടി താലൂക്കിലെ കുയിലൂർ പ്രദേശവും മറുകര തലശ്ശേരി താലൂക്കിലെ വെളിയമ്പ്രയും ആണ്. 

കടപ്പാട് – വിക്കിപീഡിയ, ചിത്രങ്ങൾ – Respected Photographers. കവർ ചിത്രം – Ranjith Ram Rony.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply