സംസ്ഥാന സര്‍ക്കാരും വിവിധ ഏജന്‍സികളും നല്കിയ കോടികളുടെ സഹായം തിന്നു തീര്‍ക്കുകയല്ലാതെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ കഴിയാത്ത കെ.എസ്.ആര്.ടി.സിക്ക് വീണ്ടും സര്‍ക്കാരിന്റെ കൈത്താങ്ങ്.
കഴിഞ്ഞ ആറു വര്‍ഷക്കാലം കെ.എസ്.ആര്.ടി.സി. സര്‍ക്കാരിലേക്ക് അടക്കാന്‍ കുടിശിക വരുത്തിയ 1090 കോടി രൂപ സര്‍ക്കാര്‍ ഓഹരിയാക്കി മാറ്റാനും പലിശ, പിഴപലിശ ഇനത്തില്‍ കുടിശിക വരുത്തിയ 172 കോടി രൂപ എഴുതിത്തള്ളാനും സര്‍ക്കാര്‍ കഴിഞ്ഞദിവസം തീരുമാനമെടുത്തു. കെ.എസ്.ആര്.ടി.സിയെ രക്ഷിക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ച് ആലോചിക്കുന്നതിനിടെ ആസൂത്രണ കമ്മീഷനും വര്‍മ ആന്‍ഡ് വര്‍മ കമ്മീഷനും മുന്നോട്ടു വച്ച നിര്‍ദേശങ്ങള്‍ പരിഗണിച്ചാണ് സര്‍ക്കാര്‍ നടപടി. 2008-09 മുതല്‍ 2013-14 വര്‍ഷം വരെ കെ.എസ്.ആര്.ടി.സി. സര്‍ക്കാരിലേക്ക് തിരിച്ചടക്കേണ്ട വായ്പാ കുടിശിക 1090,75,97,883 രൂപയാണ്. ഇത്രയും തുകക്ക് പലിശയും പിഴപലിശയും ചേര്‍ന്ന് 172, 37,62,083 രൂപയും അടക്കണം.
കെ.എസ്.ആര്.ടി.സിയുടെ സാമ്പത്തിക സ്ഥിതി മോശമായതിനാല്‍ ഇത്രയും തുക തിരിച്ചടക്കാന്‍ കഴിയില്ലെന്ന് കണ്ട് വായ്പാ തുകയത്രയും ഓഹരിയാക്കി മാറ്റാനാണ് ആസുത്രണ കമ്മീഷന് നിര്‍ദേശിച്ചത്. കെ.എസ്.ആര്.ടി.സിയുടെ പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാനായി നിയോഗിക്കപ്പെട്ട വര്‍മ ആന്‍ഡ് വര്‍മ കമ്മീഷനും ഇക്കാര്യത്തില്‍ മറിച്ചൊരു അഭിപ്രായമുണ്ടായിരുന്നില്ല.
തീരുമാനം നടപ്പാക്കുന്നതിന് ചീഫ് സെക്രട്ടറി, അഡീഷണല്‍ ചീഫ് സെക്രട്ടറി (ധനകാര്യം), ഗതാഗത വകുപ്പ് സെക്രട്ടറി എന്നിവരെയാണ് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. പെന്‍ഷനും ശമ്പളവും മുടങ്ങുന്ന സാഹചര്യത്തില്‍ സ്വന്തമായുള്ള സ്ഥലങ്ങള്‍ ഈട് നല്കി ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് പരമാവധി വായ്പ തരപ്പെടുത്താന്‍ കെ.എസ്.ആര്.ടി.സി. ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. ഈ തുക ഉപയോഗിച്ച് ആനുകൂല്യങ്ങള്‍ മുടക്കം കൂടാതെ നല്‍കാനാണ് കോര്‍പറേഷന്റെ ശ്രമം.
വരവും ചെലവും തമ്മിലുള്ള അന്തരം നൂറുകോടി രൂപ കവിഞ്ഞ സാഹചര്യത്തില്‍ പുതിയ വായ്പാ തുകയില്‍ നിന്ന് സര്‍ക്കാരിന് കുടിശിക നല്‍കേണ്ടി വരില്ലെന്നത് കെ.എസ്.ആര്.ടി.സിക്ക് ആശ്വാസമാകും.
ഒരു ദിവസം ശരാശരി 5.25 കോടി രൂപയുടെ വരുമാനമാണ് കെ.എസ്.ആര്.ടി.സിക്ക് ലഭിക്കുന്നത്. ഇതില്‍ 1.90 കോടി രൂപയും വിവിധ വായ്പകളുടെ പലിശ ഇനത്തിലേക്കു മാത്രം അടക്കാനാണ് ചെലവഴിക്കുന്നത്. 2.5 കോടി രൂപ ഡീസലിനും 50 ലക്ഷം രൂപ പെന്ഷന് ഫണ്ടിലേക്കും നീക്കിവെച്ചാല്‍ അവശേഷിക്കുന്ന തുക ശമ്പളത്തിനും പെന്‍ഷനും മറ്റു ദൈനംദിനാവശ്യങ്ങള്‍ക്കും തികയില്ലാത്ത രൂക്ഷമായ പ്രതിസന്ധിയാണ് കെ.എസ്.ആര്.ടി.സി. നേരിടുന്നത്.
News: Mangalam