വിവരണം – പ്രശാന്ത് എസ്.കെ., ചിത്രം – ആന്റണി വർഗ്ഗീസ്.
സാധാരണ നമ്മുടെയിടയിൽ ഹീറോ പരിവേഷത്തോടെ നിൽക്കുന്നത് സിനിമാ താരങ്ങളോ ക്രിക്കറ്റ് കളിക്കാരോ ആണ്. എന്നാൽ വയനാട്ടിലെ ചേകാടി ഗ്രാമക്കാരുടെ ഹീറോ ഒരു KSRTC ബസ്സ് ആണ്. എന്തുകൊണ്ടാണെന്ന് വിശദമാക്കി തരാം.
വയനാട് ജില്ലയും കര്‍ണാടകത്തിലെ മൈസൂര്‍ ജില്ലയും അതിര്ത്തിഭാഗിക്കുന്ന കബനീ നദിയുടെ തിരത്തെ ഒരു ഉള്‍നാടന്‍ ഗ്രാമമാണ് ചേകാടി. പുൽപള്ളിയിൽ നിന്ന് 12 കിലോമീറ്റർ അകലെയുള്ള ഈ വനഗ്രാമത്തിലെ ജനങ്ങൾ നേരത്തേ കാട്ടിക്കുളം, മാനന്തവാടി എന്നിവിടങ്ങളിലായിരുന്നു തങ്ങളുടെ വ്യാപാര ആവശ്യങ്ങൾ നിറവേറ്റിയിരുന്നത്. ആദ്യം തെപ്പവും പിന്നീട് തോണിയും കടന്ന് ബാവലിയിലെത്തി ബസ് കയറി കാട്ടിക്കുളത്ത് എത്തുമായിരുന്നു. തിരുനെല്ലി, പുൽപള്ളി പഞ്ചായത്തുകളിൽ മാത്രമുള്ള ഇടനാടൻ ചെട്ടി സമുദായവും ആദിവാസികളുമാണ് ചേകാടിയിലെ താമസക്കാർ. 45 ചെട്ടി കുടുംബങ്ങളും 19 കോളനികളിലായി കഴിയുന്ന 150 ആദിവാസി കുടുംബങ്ങളുമാണ് ഈ ഗ്രാമത്തിലെ അന്തേവാസികൾ.
മൂന്നു ഭാഗം വനത്താലും ഒരു ഭാഗം കബനി പുഴയാലും ചുറ്റപ്പെട്ട , വന്യമൃഗങ്ങളുടെ ശല്യം കൂടുതലായുള്ള ഈ പ്രദേശത്ത് കുറച്ചു നാൾ മുൻപ് വരെ കടുവയിറങ്ങിയിരുന്നു. കൂടാതെ വിചിത്രമായി പ്രേതാത്മാക്കൾക്കായി ഒരു ക്ഷേത്രവും ഇവിടെയുണ്ട്. ഇങ്ങനെ ഒത്തിരി നിഗൂഡതകളും ചരിത്രവും ഒളിഞ്ഞിരിക്കുന്ന ചെകാടിയിലേക്ക് 2 വർഷം മുൻപ് വരെ വാഹനസൌകര്യം കുറവായിരുന്നു. 400 ഓളം ആദിവാസി കുടുംബങ്ങൾ ജീവിക്കുന്ന ഈ ഗ്രാമത്തിലേക്ക് ജീപ്പുകൾ മാത്രമായിരുന്നു ആകെയുള്ള യാത്രാമാർഗ്ഗം. എന്നാൽ 2014 ൽ മുഖ്യമന്ത്രിയുടെ ‘സുതാര്യ കേരളം പദ്ധതി’ പ്രകാരം ഒരു KSRTC ബസ്സ് സർവ്വീസ് ആരംഭിച്ചു. ഇതോടെ ചെകാടിക്കാരുടെ യാത്രദുരിതത്തിന് ഒരു പരിധിവരെ ആശ്വാസമായി.
ഗ്രാമീണർ ഈ ബസ്സിനെയും ജീവനക്കാരെയും സന്തോഷത്തോടെ വരവേറ്റു. ബസ് ജീവനക്കാർ ഗ്രാമത്തിന്റെ സുഹൃത്തുക്കളായി. ഗ്രാമത്തിലെ എന്ത് വിശേഷാവസരങ്ങളിലും ബസ്സ് ജീവനക്കാർ പ്രത്യേക അതിഥികളായി.
കഴിഞ്ഞ വര്‍ഷം ചേകാടിയിലേക്ക് നടത്തിയ ബസ്സ് യാത്രയിലാണ് ഈ ഗ്രാമീണരും ബസ്സും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അറിയുവാൻ സാധിച്ചത്. ബത്തേരിയിൽ നിന്നും രാവിലെ 11.25 നു ഞങ്ങൾ മൂന്നംഗ സംഘം അപ്രതീക്ഷിതമായാണ് ചേകാടി ബസ്സിൽ കയറിയത്. പുൽപ്പള്ളി വരെ യാത്രചെയ്യാൻ ഉദ്ദേശിച്ചിരുന്ന ഞങ്ങളോട് കണ്ടക്ടർ ഉഷ ചേച്ചിയാണ് ചേകാടിയെക്കുറിച്ച് പറഞ്ഞത്. പിന്നെ ഒന്നും ആലോചിക്കാതെ തന്നെ ഞങ്ങൾ ചേകാടി യിലേക്ക് ടിക്കറ്റ് എടുത്തു. പുൽപ്പള്ളി കഴിഞ്ഞു ചെകാടിയിലേക്ക് തിരിഞ്ഞപ്പോൾ തന്നെ പാതയുടെയും പ്രകൃതിയുടെയും രൂപത്തിൽ മാറ്റങ്ങൾ കണ്ടു തുടങ്ങി. പൊട്ടിപ്പൊളിഞ്ഞു ഒരു ബസ്സിനു മാത്രം പോകാവുന്ന വീതിയുള്ള കാടിന് നടുവെയുള്ള ഈ റോഡിലൂടെയുള്ള യാത്ര ഒരൊന്നാന്തരം off road experience തന്നെയാണ്.
ഈ സർവ്വീസ് തുടങ്ങിയത് മുതൽ ചേകാടി ബസ്സിലെ ജീവനക്കാരായ ഡ്രൈവർ സുകുമാരനും കണ്ടക്ടർ ഉഷയും ഗ്രാമവാസികൾക്ക് സ്വന്തം കുടുംബത്തിലെ അംഗങ്ങളെ പോലെയാണ്. ഉച്ച സമയത്തുള്ള ട്രിപ്പ് ചെകാടിയിൽ എത്തിയപ്പോൾ ചേകാടി നിവാസിയായ ഒരാൾ ഇവരെ വീട്ടിലേക്കു ഊണ് കഴിക്കാൻ ക്ഷണിക്കുന്നത് ഞങ്ങൾക്കു കാണാൻ സാധിച്ചു. മടക്കയാത്രയിൽ ഡ്രൈവർ സുകുമാരൻ ചേട്ടനാണ് ഈ വിശേഷങ്ങളെല്ലാം ഞങ്ങളോട് പങ്കുവെച്ചത്. അത്യപൂർവ്വം ചില സമയങ്ങളിൽ ലാസ്റ്റ് ട്രിപ്പ് ചെകാടിയിൽ നിന്നും തിരിച്ചു വരുമ്പോൾ കാട്ടിൽ വെച്ച് പുലി വട്ടം ചാടാറുണ്ടത്രെ… പക്ഷെ ഇതെല്ലാം ഇവർക്ക് പരിചിതമായിക്കഴിഞ്ഞു. ഈ ബസ്സിനോടും ജീവനക്കാരോടും യാത്ര പറഞ്ഞു ബത്തേരിയിൽ ഇറങ്ങിയപ്പോൾ ഞങ്ങളുടെ മനസ്സ് നിറഞ്ഞിരുന്നു. കാരണം നന്മയുള്ള ഒരു കഥ വായിച്ച പ്രതീതിയായിരുന്നു ഈ യാത്ര ഞങ്ങൾക്കു നല്‍കിയത്.
ഇനിയും ഈ റൂട്ടിലൂടെ വരണമെന്ന് മനസ്സിലുറപ്പിച്ചു ഞങ്ങൾ നടന്നു നീങ്ങി… അപ്പോൾ ബസ്സ് ചേകാടിയിലേക്കുള്ള അടുത്ത യാത്രയ്ക്കായി ബോർഡും വെച്ച് തയ്യാറെടുക്കുകയായിരുന്നു. ബത്തേരിയില്‍ നിന്നും ചേകാടിക്കുള്ള ബസ്സുകളുടെ സമയവിവരങ്ങള്‍ക്ക് CLICK HERE.