യാത്രാവിവരണം – Shameer Ali.
ഒരുവട്ടം കൂടി സൗഹൃദങ്ങളുടേയും, നിഷ്കളങ്കതയുടേയും തുരുത്തായ ലക്ഷദ്വീപ് എന്ന മായാലോകത്തിലേക്ക് പോകുമ്പോൾ അവിടത്തെ സംസ്കാരങ്ങളേയും രുചി വൈവിധ്യങ്ങളേയും മുമ്പ്കാണാൻ കഴിയാതെ പോയ കാഴ്ചകളെക്കുറിച്ചുമെല്ലാമായിരുന്നു മനം നിറയെ. സ്ഫടിക സമാനമായ വെള്ളത്താലും പവിഴപ്പുറ്റുകളാലും ചുറ്റപ്പെട്ട് പച്ചപ്പട്ടണിഞ്ഞ് സുന്ദരിയായി അണിഞ്ഞൊരുങ്ങിയ കവരത്തിയിലേക്കായിരുന്നു ഇത്തവണ പോയത്.
നൂറ് ശതമാനം ഇസ്ലാം മതവിശ്വാസികൾ അധിവസിക്കുന്ന ലക്ഷദ്വീപിൽ പ്രധാനമായും രണ്ട് ഭാഷകളിലാണ് സംസാരിക്കുന്നതെങ്കിലും പത്തോളം ദീപുകളിലുമായി ഏതാണ്ട് ഇരുപത്തി അഞ്ചിലധികം പ്രാദേശിക ഭാഷാ രൂപങ്ങൾ പ്രചാരത്തിലുള്ളതായാണ് മനസ്സിലാക്കാൻ കഴിഞ്ഞത്. ഭാഷ പോലെ തന്നെയാണ് ഇവിടത്തെ സംഗീതവും.
ഒരു പ്രദേശത്തിന്റെ സംസ്കാരം പ്രകടമാക്കുന്നതിൽ ഒട്ടും അപ്രധാനമല്ല കലകളും. ഭാഷയോളം പ്രാധാന്യം കൽപ്പിക്കാവുന്നതും കലകൾക്ക് തന്നെയാണ്.
ദ്വീപിലെ പഴമക്കാർ പാടിയും ആടിയും പോന്ന കലാരൂപങ്ങളിൽ പെട്ട വഴി നീളെപ്പാട്ടും, മയിലാഞ്ചിപ്പാട്ടും, കെസ്സു പാട്ടും, ഓടമിറക്കു പാട്ടും, കോൽകളിപ്പാട്ടും. തുടങ്ങി നിരവധി കലാരൂപങ്ങളെ ഇന്നും നെഞ്ചോടേറ്റിയാണ് പുത്തൻ തലമുറയിൽ പെട്ടവരും ഓരോ ആഘോഷങ്ങളും കൊണ്ടാടാറുള്ളത്. ഭാഷയുടേയും കലാരൂപങ്ങളുടെയും ഒപ്പം തന്നെ സ്ഥാനമാണ് അവിടുത്തെ ഭക്ഷണ രീതികൾക്കും ഉപജീവന മാർഗ്ഗങ്ങൾക്കും.
തേങ്ങയും, ചൂരയുമാണ് പ്രധാനമായും ഇവിടുത്തുകാരുടെ സമ്പദ്ഘടനയെ നിലനിർത്തിപ്പോരുന്നത്. തേങ്ങയും അനുബന്ധ ഉൽപ്പന്നങ്ങളും, ചൂര പുഴുങ്ങി ഉണക്കുമ്പോൾ ലഭിക്കുന്ന മാസും വൻകരകകളിലേക്ക് കയറ്റുമതി ചെയ്താണ് ഭൂരിഭാഗവും നിത്യവൃത്തി കഴിയുന്നത്. മറ്റു മേഖലകളിലെപ്പോലെ തന്നെ ഈ കച്ചവടങ്ങളിലും ഇടനിലക്കാർ സമ്പന്നരായി മാറുമ്പോഴും ഇതിനായി രാപ്പകൽ കഷ്ടപ്പെടുന്നവർ ഇന്നും ഒരു മാറ്റവുമില്ലാതെ തുടങ്ങിയിടത്ത് തന്നെ നിൽക്കുന്ന കാഴ്ചകളാണ് ദ്വീപിലെങ്ങും കാണാൻ കഴിയുന്നത്.
ഇതിനൊരു മാറ്റമെന്നോണം ലക്ഷദ്വീപ് MP ഫൈസൽ മൂത്തോന്റെ നേതൃത്വത്തിൽ ശ്രീലങ്കയിലേക്കും മറ്റു രാജ്യങ്ങളിലേക്കും മാസ് നേരിട്ട്കയറ്റുമതി നടത്താനുള്ള പരിശ്രമങ്ങൾ നടന്ന് വരുന്നുണ്ട്. ഇത് യാഥാർത്യമായാൽ ദ്വീപിലെ വരും നാളുകൾ സമ്പൽ സമൃദ്ധിയുടേതായിരിക്കും.
ഇവിടുത്തെഭക്ഷണക്രമത്തെ കുറിച്ചാണെങ്കിൽ ചൂര കൊണ്ടുള്ള വിഭവം ഇല്ലാത്ത ഒരു നേരവും കാണാൻ കഴിയില്ല എന്ന് തന്നെയാണ്. ഞങ്ങൾ അവിടെ ചിലവഴിച്ച നാളുകൾ മുഴുവൻ ഇവിടുത്തുകാരുടെ ഭക്ഷണമായ കിലാഞ്ചിയും പാലും ഊറ്റ് ചോറും കഞ്ഞിപ്പാലും കറിച്ചക്ക (കടച്ചക്ക ) പാലിൽ പുഴുങ്ങിയതും തേങ്ങാച്ചോറും മീൻ വറ്റിച്ചതുമെല്ലാമായിരുന്നു. എല്ലാം ഒന്നിനൊന്ന് മെച്ചമുള്ളത് തന്നെയായിരുന്നെങ്കിലും എടുത്ത് പറയേണ്ടത് ചൂരമുളകിട്ടത് തന്നെയാണ്. വെറും മുളക് പൊടിയും ചൊറുക്കയും മാത്രം ഉപയോഗിച്ച് ഇത്ര രുചികരമായ മീൻ കറി ഞാൻ ഇത് വരെ ജീവിതത്തിൽ കഴിച്ചിട്ടില്ല. കേരളത്തിലെ പ്രശസ്തമായ പല ഷാപ്പുകറികളും പരീക്ഷിച്ചിട്ടുണ്ടെങ്കിലും ഇതോളം വരില്ല അതൊന്നുമെന്ന സത്യം ഞങ്ങളെല്ലാം തിരിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു അത്.
ഇനി കാഴ്ചകളെക്കുറിച്ചാണെങ്കിൽ ദ്വീപിന് ചുറ്റും എവിടെ നോക്കിയാലും മനോഹരമായ ബീച്ചുകൾ തന്നെയാണ് കാണാൻ കഴിയുക. ഇത്ര തെളിഞ്ഞ വെള്ളവും പഞ്ചസാര മണൽ തരികളും ഉള്ള തീരങ്ങൾ ലോകത്തിന്റെ ഏത് കോണിൽ പോയാലും കാണാൻ പറ്റുമെന്ന് തോന്നുന്നില്ല. അത്രക്ക് മനോഹരമാണ് ആ കാഴ്ചകൾ. രാവിലെ മുതൽ വൈകുന്നേരം വരെ ആ ലഗൂണുകളിൽ നിന്തിത്തുടിച്ച ശേഷം നേരെ പോയത് ഈസ്റ്റ് സൈഡ് ജെട്ടിയിലേക്കായിരുന്നു. അനാർക്കലി സിനിമയിൽ പ്രിഥ്വിരാജ് തകർത്തഭിനയിച്ച സീനുകളായിരുന്നു അവിടെയെത്തിയപ്പോൾ മനസ്സിലേക്കോടിയെത്തിയത്. ആ കാഴ്ചകളിലും ഓർമ്മകളിലും മുഴുകി രാത്രി വൈകുവോളം ഇരുന്നെങ്കിലും രാവിലെ തന്നെ കടൽ കാഴ്ചകൾ കാണാനുള്ളത് കാരണം ഞങ്ങൾ ഓരോരുത്തരായി താമസസ്ഥലത്തേക്ക് നീങ്ങി.
പിന്നീടുള്ള ചിന്തകൾ മുഴുവൻ വർഷങ്ങളായി മനസ്സിൽ കൊണ്ട് നടന്നിരുന്ന സ്കൂബാ ഡൈവിംഗിനെ കുറിച്ചായിരുന്നു. പിറ്റേന്ന് രാവിലെ തന്നെ അതിനായി കവരത്തിയിലെ ഏറ്റവും മനോഹര തീരമായ സാൻഡി ബീച്ചിലെത്തി. ട്രെയിനറുടെ ചെറിയൊരു നിർദ്ദേശങ്ങൾക്ക് ശേഷം ഓരോരുത്തരായി വെള്ളത്തിലേക്കിറങ്ങി അടിയിലേക്ക് ഊളിയിട്ടിറങ്ങുമ്പോൾ കണ്ട കാഴ്ചകൾ.. പാറക്കെട്ടുകൾ കണക്കെ പവിഴ പ്പുറ്റുകൾ, അതിനു ചുറ്റും നൂറുകണക്കിന് വൈവിധ്യമാർന്ന വർണ്ണ മത്സങ്ങളുടെ കൂട്ടങ്ങൾ… ജീവിതത്തിൽ ഇത് വരെ പരിചയമില്ലാത്ത ശ്വാസോഛാസ രീതി മൂലം തുടക്കത്തിലേ അനുഭവപ്പെട്ട ബുദ്ധിമുട്ടുകളെല്ലാം ഈ മനോഹരമായ കാഴ്ചകളിലൂടെ മറന്ന് പോയി എന്നതാണ് സത്യം.
ആ ചുരുങ്ങിയ സമയത്തിനുള്ളിൽ ഏതെല്ലാം കാഴ്ചകൾ കണ്ടെന്നോ എന്തെല്ലാം കാട്ടിക്കൂട്ടിയെന്നോ വിവരിക്കാനായി വാക്കുകൾ കിട്ടുന്നില്ല എന്ന് പറയാം ഒരു അനുഭവം തന്നെയായിരുന്നു ആ കാഴ്ചകൾ.
അവസരം ലഭിക്കുകയാണെങ്കിൽ അല്ലെങ്കിൽ അവസരം ഉണ്ടാക്കിയെങ്കിലും ജീവിതത്തിൽ ഒരു പ്രാവശ്യമെങ്കിലും നിങ്ങളീകാഴ്ചകൾ കാണാൻ ശ്രമിക്കണം.ഒടുവിൽ അനുവദിച്ച സമയം കഴിഞ്ഞു എന്ന് സിഗ്നലിലൂടെ ഞങ്ങൾക്ക് അറിയിപ്പ് ലഭിച്ചപ്പോൾ ഇതെല്ലാം ഉപേക്ഷിച്ച് മുകളിലേക്ക് പോകേണ്ടതായി വന്ന ഞങ്ങളുടെ മാനസീകാവസ്ഥ എന്തായിരിക്കുമെന്ന് നിങ്ങൾക്ക് ഊഹിക്കാവുന്നതേയുള്ളൂ.
മുകളിലെ ബോട്ടിൽ എല്ലാവരും കയറിയതോടെ പരസ്പരം കണ്ട കാഴ്ചകളെക്കുറിച്ച് പറയാനായി ഞങ്ങൾ ഓരോരുത്തരും കാണിച്ച ആ വ്യഗ്രത ഒരിക്കലും മറക്കാൻ കഴിയില്ല. അൽപ്പസമയത്തിനുള്ളിൽ ഞങ്ങളേയും വഹിച്ചുകൊണ്ട് ബോട്ട്തീരത്തോടടുത്തു.. കരയിലെ അൽപ്പ വിശ്രമത്തിന് ശേഷം വീണ്ടും കടലിലേക്ക് ഇത്തവണത്തെ യാത്ര ഒരു ഗ്ലാസ്സ് ബോട്ടിലായിരുന്നു. തീരത്ത് നിന്ന് വിട്ട് തുടങ്ങിയതോടെ ബോട്ടിന്റെ അടിവശത്തെ ചില്ലിലൂടെ പവിഴപ്പുറ്റുകളും വർണ്ണ മത്സങ്ങളും കണ്ട് തുടങ്ങി പതിനഞ്ചും ഇരുപതും മീറ്റർ ആഴത്തിലുള്ള മണൽ തരികൾ പോലും കൃത്യമായി കാണാൻ കഴിയാവുന്ന അത്രയും ക്ലിയറായിരുന്നു വെള്ളവും ആ ബോട്ടിന്റെ നിർമ്മാണവും. നാനാ തരത്തിലുള്ള മത്സ്യങ്ങളേയും പവിഴപ്പുറ്റുകളേയും കാണുന്നതിനിടയിൽ കൂട്ടത്തിലെ രണ്ട് പേർക്ക് കടൽ ചൊരുക്കുമൂലമുണ്ടായ ചെറിയ അസ്വസ്ഥതകൾ കാരണം തിരികേ പോരേണ്ടി വന്നെങ്കിലും ആ കടൽ കാഴ്ചകൾ എക്കാലവും ഓർമ്മകളിൽ നിലനിൽക്കുന്ന തരത്തിലുള്ളതായിരുന്നു.
ബീച്ചിൽ നിന്ന് നേരെ പോയത് ദ്വീപിലെത്തിയാൽ ആദ്യം തന്നെ ചെയ്യേണ്ട പ്രവർത്തിയായ പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യുക എന്ന കടമ നിർവ്വഹിക്കാനാണ് അവിടുത്തെ എല്ലാ എഴുത്തുകുത്തുകളും പോലീസുകാരുടെ കുശലാന്വേഷണവും കഴിഞ്ഞ് താമസസ്ഥലത്തെത്തുമ്പോൾ സമയം ഏതാണ്ട് സന്ധ്യയോടടുത്തിരുന്നു.
റൂമിലെത്തിയപാടെ എല്ലാവരുംഇതുവരെകണ്ടതും കേട്ടതുമായ കാര്യങ്ങളേ കുറിച്ചായി ചർച്ചകൾ.
ഒടുവിൽ നാളെ പോകേണ്ട സ്ഥലങ്ങളേയും കാണേണ്ട കാഴ്ചകളേക്കുറിച്ചുമുള്ള ഒരു ഏകദേശ ധാരണയിൽ എല്ലാവരും ഭക്ഷണം കഴിച്ച ശേഷംഉറങ്ങാൻ കിടന്നു.
പിറ്റേന്ന് രാവിലെ പോയത് അനാർക്കലിയിലൂടെ കണ്ട് മോഹിച്ച കവരത്തിയിലെ മനോഹരമായ ബീച്ചുകളായ അത്താ പാർക്കും മുറിഞ്ഞ ബായും കാണാൻ വേണ്ടിയാണ്. എത്ര വർണ്ണിച്ചാലും മതിവരാത്ത കാഴ്ചകളാണ് ഇവിടെ മുഴുവൻ ഞങ്ങൾക്ക് കാണാൻ കഴിഞ്ഞത് ചുട്ടുപൊള്ളുന്ന വെയിലിൽ കരിഞ്ഞു തുടങ്ങിയെങ്കിലും ഈ കാഴ്ചകൾക്ക് മുന്നിൽ അതൊന്നും ആരും കാര്യമാക്കിയില്ല. ഇതിനിടയിൽ ഞങ്ങൾക്കുള്ള ഉച്ചഭക്ഷണം മുറിഞ്ഞബാ ബീച്ചിൽ എത്തിയിട്ടുണ്ടായിരുന്നു. അവർ കൊണ്ട് വന്നഇറച്ചിയും ചോറും പപ്പടവും അച്ചാറും കൂട്ടി എല്ലാവരും നല്ല പിടുത്തം പിടിച്ചു ഭക്ഷണശേഷം ഞങ്ങളിൽ കുറച്ച് പേർ വിശ്രമത്തിനായി താമസസ്ഥലത്തേക്ക് പോയെങ്കിലും ബാക്കിയുള്ളവർ ഇവിടം വിട്ടൊഴിയാൻ മടിയുള്ളത് പോലെ ആ കാഴ്ചകളോടൊപ്പം അലിഞ്ഞ് ചേർന്നു. ഇനി പോകേണ്ടത് ലൈറ്റ് ഹൗസിലേക്കാണ്.
ഏകദേശം 4 മണിയോട് കൂടി അവിടം ലക്ഷ്യമാക്കി നീങ്ങിയ ഞങ്ങൾ വഴി നീളെയുള്ള കാഴ്ചകൾ കണ്ടും ദ്വീപുകാരോടെല്ലാം കുശലം പറഞ്ഞും കൃത്യ സമയത്ത് തന്നെ എത്തിച്ചേർന്നു. വൈകുന്നേരം 5 മുതൽ 6 വരെ മാത്രമേ സന്ദർശകർക്കുള്ള പ്രവേശനം അനുവദിച്ചിരിക്കുന്നത്. സിനിമകളിലുടെയും നേരിട്ടും ലൈറ്റ് ഹൗസുകൾ ഇതിനു മുമ്പുംകണ്ടിട്ടുണ്ടെങ്കിലും മുകളിൽ കയറാനുള്ള ഭാഗ്യം ഇന്നാണ് ലഭിച്ചത് ടിക്കറ്റ് നിരക്കായ 10 രൂപയും കൊടുത്ത് ഓരോരുത്തരായി മുകളിലേക്കുള്ള സ്റ്റെപ്പുകൾ കയറാൻ തുടങ്ങി. ചെറിയൊരു തളർച്ചയോടെ 185 പടവുകളും ചവിട്ടി ഞങ്ങൾ മുകളിലെത്തി. എത്തിയ പാടെ ഞങ്ങളിൽ ചിലർ അനാർക്കലി സിനിമയിലെ പ്രിഥ്വിരാജും ബിജു മേനോനുമെല്ലാമായി മാറുന്നുണ്ടായിരുന്നു. മുകളിൽ നിന്ന് കാണാൻ കഴിഞ്ഞ ദ്വീപിനേയും കടൽ കാഴ്ചകളേയും എത്ര വർണ്ണിച്ചാലും മതിയാകുമെന്ന് തോന്നുന്നില്ല. ഒടുവിൽ 6 മണിയായതോട് കൂടി ഓരോരുത്തരായി താഴേക്കിറങ്ങി തുടങ്ങി.. ഇതിനിടയിൽ പലരും പല വഴിക്കായി പിരിഞ്ഞിരുന്നെങ്കിലും രാത്രി അധികം വൈകാതെ തന്നെ എല്ലാവരും താമസസ്ഥലത്തേക്കെത്തിച്ചേർന്നു.
ദ്വീപ് നിവാസികളുടെ സ്നേഹവും ഈ മനോഹരമായ കാഴ്ചകളേയെല്ലാം വിട്ട് നാളെ പോകേണ്ടി വരുമെന്ന തിരിച്ചറിവ് മൂലം പലരിലും ദുഃഖഭാവമായിരുന്നു. ഒടുവിൽ ദ്വീപിലെ അവസാന രാത്രിയായ ഇന്ന് ആഘോഷങ്ങളോടെയാക്കാമെന്ന തീരുമാനത്തിൽ ഞങ്ങളെല്ലാവരും ഒരിക്കൽ കൂടി മനോഹരമായ സാൻഡി ബീച്ചിലെത്തി. അത്ഭുതപ്പെടുത്തുന്ന കാഴ്ചകളായിരുന്നു അവിടെ കണ്ടത്. യാതൊരു ഭയവുമില്ലാതെ പെൺകുട്ടികളുടേയും ഫാമിലികളുടേയും ചെറു ചെറു കൂട്ടങ്ങളായിരുന്നു ബീച്ച് മുഴുവനും. ഇവർക്ക് ആരെയും ഭയക്കാനില്ല. എല്ലാം പരിചിതമുഖങ്ങൾ എന്നതാവാം ഒരു പക്ഷേ രാവേറെ വൈകിയാലും ഇത്തരം കൂട്ടങ്ങളെ ബീച്ചുകൾ തോറും കാണാൻ കഴിയുന്നത്. ഇതിൽ നിന്നെല്ലാം അകന്ന് ആളൊഴിഞ ഒരു തീരത്ത് ഞങ്ങളുടെ കലാപരിപാടികൾ ആരംഭിച്ചു കവിതകളും പാട്ടുകളുമായി ഒരു തീക്കുണ്ഡത്തിന് ചുറ്റുമിരുന്ന് ആ രാത്രിയെ ഞങ്ങൾ ആവോളം ആസ്വദിച്ചു.
പുലരായതോടെ വീണ്ടും താമസസ്ഥലത്തേക്ക്. രാവിലെ 8 മണിക്കാണ് കവരത്തിയിൽ നിന്ന് അഗത്തി യിലേക്കുള്ള വെസ്സൽ ഏതാണ്ട് രണ്ടര മണിക്കൂറോളം വരും ഈ യാത്ര അതിനായി ഞങ്ങൾ നേരത്തെ തന്നെ ഇറങ്ങിയെങ്കിലും 9 മണിക്കേ വെസൽ ജെട്ടിയിൽ നിന്ന് പുറപ്പെട്ടുള്ളൂ. ഈ ദിവസം കടൽ അൽപ്പം ക്ഷോഭിച്ചിരുന്നതിനാൽ വെസൽ യാത്ര ഞങ്ങൾക്ക് അത്ര സുഖകരമായിരുന്നില്ല എന്ന് വേണം പറയാൻ. വൈദ്യൻ കൽപ്പിച്ചതും രോഗി ഇച്ഛിച്ചതും പാല് എന്ന് പറഞ്ഞ പോലെ ഞങ്ങൾക്ക് വേണ്ടി വെസലിനുള്ളിൽ അനാർക്കലി സിനിമ ഓടാൻ തുടങ്ങി. ഇത്രയും ദിവസം നേരിട്ട് കണ്ടനുഭവിച്ചതെല്ലാം സ്ക്രീനിലൂടെ കണ്ട് കൊണ്ടിരുന്നപ്പോൾ ഞങ്ങളിലെ അസ്വസ്ഥതകളെല്ലാം നീങ്ങിയിരുന്നു.
ഇതിനിടെ അഗത്തിയിൽ ഞങ്ങളുടെ വെസൽ അടുത്തിരുന്നു. സമയമൊട്ടും കളയാതെ തന്നെ ജെട്ടിയിൽ നിന്നും ഒരു ഓട്ടോ പിടിച്ച് നേരെ എയർപോർട്ടിലേക്ക് പോയി സുരക്ഷാ പരിശോധനകൾക്കൊടുവിൽ അകത്തെ വിശ്രമമുറിയിൽ ഇതുവരെ കണ്ട കാഴ്ചകളുടെ ഓർമ്മയിൽ മുഴുകിയിരിക്കുന്നതിനിടെ വിമാനത്തിലേക്ക് കയറാനുള്ള അറിയിപ്പ് മുഴങ്ങി. കണ്ട കാഴ്ചകളേക്കാൾ മനോഹരമാണ് കാണാനിരിക്കുന്ന കാഴ്ചകളെന്ന വിശ്വാസത്തിൽ ഈ മനോഹരമായ തീരങ്ങളിലൂടെ മുത്തും പവിഴവുമെല്ലാം ഇനിയും തേടി നടക്കാനാകുമെന്ന പ്രതീക്ഷയോടെ കൊച്ചിയെന്ന മഹാനഗരത്തിലേക്ക് പറന്നുയർന്നു.