ലേഖനം എഴുതിയത് – Chandran Satheesan Sivanandan.
ഭാരതം കണ്ട ഏറ്റവും ധീരനായ സൈനികമേധാവിയായിരുന്നു ഫീല്‍ഡ് മാര്‍ഷല്‍ സാം ഹോര്‍മുസ്ജി ഫ്രാംജി ജാംഷഡ്ജി മനേക്ഷാ എന്ന സാം മനേക് ഷാ. സാം ബഹാദൂര്‍ എന്നറിയപ്പെട്ട അദ്ദേഹമാണ് ഫൈവ് സ്റ്റാര്‍ റാങ്കായ ഫീല്‍ഡ് മാര്‍ഷല്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട പ്രഥമ ഭാരത സൈനിക ഉദ്യോഗസ്ഥന്.
1942 ഏപ്രില്‍ ,രണ്ടാംലോക മഹായുദ്ധം ഇന്ത്യന്‍ അതിർത്തിയിലും കൊടുമ്പിരി കൊള്ളുന്നു . ബർമ്മയിലെ സിത്തോങ് നദി കുറുകെയുള്ള പാലം ജപ്പാന് പട്ടാളം കൈക്കലാക്കാതിരിക്കാൻ തൊട്ടടുത്തുള്ള തന്ത്രപ്രാധാന്യമുള്ള പഗോഡ കുന്ന് പിടിച്ചെടുക്കാനായി മിന്നലാക്രമണം നടത്തുകയാണ് ബ്രിട്ടീഷ് ഇന്ത്യന്‍ ആർമിയിലെ 4/12 ഫ്രോണ്ടയർ ഫോഴ്സ് റെജിമെന്റ് .യുദ്ധം മുന്നില്‍ നിന്നു നയിക്കുന്നത് ഇന്ത്യക്കാരനായ ക്യാപ്റ്റനാണ് ,കുന്ന് പിടിച്ചെടുക്കുന്നതിൽ വിജയിച്ചെങ്കിലും ജപ്പാൻ പട്ടാളത്തിന്റെ യന്ത്രത്തോക്കിൽ നിന്ന് വെടിയുണ്ടകളേറ്റ് അദ്ദേഹം വീണു .ഒാർഡർലിയായിരുന്ന ഷേർസിങ്ങ് തങ്ങളുടെ പ്രിയ ക്യാപ്റ്റനെ ഒൗട്ട് പോസ്റ്റില്‍ എത്തിച്ചു . അവിടെയെത്തിയ മേജര്‍ ജനറല്‍ D T.David Cowan ധീരനായ ആ ക്യാപ്റ്റന്റെ വസ്ത്രത്തിൽ മിലിറ്ററി ക്രോസ് ചാർത്തിക്കൊണ്ട് പറഞ്ഞു “A dead person can not be awarded a military cross “.വയറ്റില്‍ ഒൻപത് ബുള്ളറ്റുകളേറ്റു വാങ്ങിയിട്ടും ആ ക്യാപ്റ്റന്‍ ജീവിതത്തിലേക്കു തിരിച്ചു വന്നു .1971 ൽ സാം മനേക്ഷാ എന്ന പേരില്‍ സൈനികമേധാവിയായി ഇന്ത്യക്ക് മികച്ച സൈനികവിജയം നേടികൊടുത്തു കൊണ്ട് ഫീൽഡ് മാർഷൽ സ്ഥാനം നേടിയെടുത്തു.

1914 ഏപ്രില്‍ 3ന് ഹോർമുസ്ജി മനേക്ഷായുടേയും ഹീരാബായിയുടേയും മകനായി ഗുജറാത്തിലെ വൽസടിലാണ് സാം ജനിച്ചത് .എന്നാൽ പിതാവ് അമൃത്സറിലേക്കു താമസം മാറ്റിയതിനാൽ പഞ്ചാബിലാണ് വളർന്നത് .ഇംഗ്ളണ്ടിൽ പോയി വൈദ്യം പഠിക്കാന്‍ പിതാവ് അനുവദിക്കാത്തതിൽ പിണങ്ങിയാണ് പട്ടാളത്തിൽ ചേർന്നത്.1932 ലെ ഇന്ത്യന്‍ മിലിറ്ററി അക്കാദമിയിലെ ആദ്യ ബാച്ചിലിദ്ദേഹവും ഉണ്ടായിരുന്നു .1934ൽ സെക്കന്‍ഡ് ലെഫ്റ്റനന്റ് ആയി 4/12 Frontier force regiment ൽ ഇദ്ദേഹം നിയമിതനായി .പടിപടിയായി ഉയര്‍ന്ന് 1946 ൽ ലെഫ്റ്റനന്റ് കേണൽ ആയി ഉദ്യോഗക്കയറ്റം നേടി . സ്വാതന്ത്ര്യാനന്തരം 16th പഞ്ചാബ് റജിമെന്റിന്റെ ചുമതലക്കാരനായി തുടര്‍ന്ന് 5th ഗൂർഖാ റൈഫിൾസിലുമെത്തി .പിന്നീട് ബ്രിഗേഡിയർ സ്ഥാനത്തെത്തിയ ഇദ്ദേഹം ഇന്ത്യയുടെ ആദ്യ ഡയറക്ടര്‍ ജനറല്‍ ഒാഫ് മിലിറ്ററി ഒാപ്പറേഷൻസ് ആയി .
1957ൽ ഇംപീരിയൽ ഡിഫന്‍സ് കോളേജിൽ (ഇംഗ്ളണ്ട്)ഒരു പഠനം പൂർത്തിയാക്കി വന്ന സാം മേജര്‍ ജനറലായി നിയമിതനായി .ഇക്കാലത്ത് പ്രതിരോധമന്ത്രിയായിരുന്ന വി.കെ.കൃഷ്ണമേനോൻ സൈനികമേധാവിയായ തിമ്മയ്യയെക്കുറിച്ച് അഭിപ്രായം ചോദിച്ചു .കുപിതനായ സാം മേലുദ്യോഗസ്ഥനെക്കുറിച്ച് ആലോചിക്കാറില്ലെന്നും അദ്ദേഹത്തിന്റെ ഉത്തരവുകൾ അനുസരിക്കാറേയുള്ളുവെന്നും മറുപടി പറഞ്ഞു .അസംതൃപ്തനായ മേനോന് ഇങ്ങനെ പറയുന്നത് പാശ്ചാത്യരീതിയാണെന്നു ചൂണ്ടിക്കാട്ടി .ഇതോടെ സാമിന്റെ ക്ഷമ നശിച്ചു .ഇന്നു നിങ്ങള്‍ എന്നോട് എന്റെ മേലുദ്യോഗസ്ഥനെക്കുറിച്ച് ചോദിച്ചു നാളെ നിങ്ങള്‍ എന്റെ കീഴുദ്യോഗസ്ഥനോട് എന്നെക്കുറിച്ച് ചോദിക്കും ഇൗ രീതി പട്ടാളത്തിലില്ല എന്ന് മേനോന്റെ മുഖത്തു നോക്കി പറഞ്ഞു .ഇതോടെ സാം മേനോന്റെ നോട്ടപുള്ളിയായി മാറി (ഇതിനൊരു മറുപുറം കൂടിയുണ്ട് .ഇന്ത്യയോടൊപ്പം സ്വാതന്ത്ര്യം നേടിയ പാകിസ്ഥാനുൾപ്പെടെയുള്ള മറ്റു രാജ്യങ്ങളില്‍ പട്ടാളഭരണമോ ഏകാധിപത്യ ഭരണമോ നിലവില്‍ വന്നിരുന്നു .സ്വാഭാവികമായും ഇന്ത്യന്‍ നേതാക്കള്‍ പട്ടാളമേധാവികളെ സംശയപൂർവ്വം വീക്ഷിച്ചിരുന്നു ) .
1959 ൽ മേനോന്റെ ഇഷ്ടക്കാരനായിരുന്ന സൈനികമേധാവി B.M.കൗൾ സാമിന്റെ പാശ്ചാത്യ ചായ്വിനെക്കുറിച്ച് അന്വേഷിക്കാനുത്തരവിട്ടു .വെസ്റ്റേൺ ആർമി കമ്മാൻഡർ ആയിരുന്ന ദൗലത്ത് സിംഗ് നടത്തിയ അന്വേഷണം സാമിന് അനുകൂലമായി .ചൈനീസ് പട്ടാളത്തിന്റെ ഇന്ത്യന്‍ ആക്രമണത്തോടെ മേനോന്റെ കസേര തെറിച്ചു .1962 ലെ ഇന്ത്യാ ചൈനയുദ്ധകാലത്ത് പിടിച്ചു നിൽക്കാനാവാതെ നമ്മുടെ സൈന്യം പലയിടങ്ങളിലും പിൻവാങ്ങിക്കൊണ്ടിരുന്നു .4 കോർന്റെ ചാർജ്ജുമായെത്തിയ സാം തന്റെ പട്ടാളക്കാരോട് ഇങ്ങനെ പറഞ്ഞു ‘മാന്യരെ ഞാനെത്തിക്കഴിഞ്ഞു 4 കോർന് ഇനി പിൻവാങ്ങലുണ്ടാകുകയില്ല ‘.ഒാഫീസിലെത്തിയ അദ്ദേഹം ഇറക്കിയ ഉത്തരവ് ഇങ്ങനെയായിരുന്നു .രേഖപ്പെടുത്തപ്പെട്ട ഉത്തരവ് ഇല്ലാതെ 4 കോർപ്സ് പിൻവാങ്ങാൻ പോകുന്നില്ല. അങ്ങനെ ഒരു ഉത്തരവ് ഉണ്ടാകാനും പോകുന്നില്ല .
1969 ജൂണിൽ കുമാരമംഗലത്തിന്റെ പിൻഗാമിയായി ചീഫ് ഒാഫ് ആർമി സ്റ്റാഫായി നിയമിതനായി .ഇൗ വാർത്തകേട്ട് സന്തുഷ്ടരായ ഗൂർഖാ റെജിമെന്റിലെ പട്ടാളക്കാർ സ്ത്രീ വേഷംകെട്ടി നൃത്തം ചെയ്തു എന്നു പറയപ്പെടുന്നു .1970-71 കാലം കിഴക്കന്‍ പാകിസ്ഥാനിൽ പാക് പട്ടാളം നരമേധം നടത്തുന്നതിന്റെ ഫലമായി ലക്ഷക്കണക്കിന് ആളുകള്‍ അഭയാർത്ഥികളായെത്തി .ശ്രീമതി ഇന്ദിരാഗാന്ധി തങ്ങൾക്ക് താങ്ങാനാകാത്തവിധം എത്തുന്ന അഭയാർത്ഥികളുടെ പ്രശ്നം യു.എന്നിലും ലോകരാജ്യങ്ങളുടെ സമക്ഷവും അവതരിപ്പിച്ചെങ്കിലും പറയത്തക്ക ഫലമൊന്നുമുണ്ടായില്ല.

1971 ഏപ്രില്‍ മാസം ക്യാബിനറ്റ് മീറ്റിങ്ങിലേക്ക് സാമിനേയും പ്രധാനമന്ത്രി ക്ഷണിച്ചു . ബംഗാളിലേയും ആസ്സാമിലേയും മറ്റ് അതിർത്തി സംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിമാരുടെ കത്തുകള്‍ കാണിച്ചിട്ട് യുദ്ധം ഉടന്‍ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടു .തന്റെ 189 ടാങ്കുളിൽ 13 എണ്ണം മാത്രമേ പ്രവര്ത്തനനിരതമായിട്ടുള്ളുവെന്നും , പഞ്ചാബിലേയും യുപി യിലേയും മറ്റും വയലുകളിൽ കൊയ്തുകാലം ആരംഭിച്ചിരിക്കുന്നുവെന്നും ,യുദ്ധം ആരംഭിച്ചാൽ വയലുകൾ കൊയ്യാൻ കഴിയാതെ പോകുമെന്നും യുദ്ധം നീണ്ടാൽ രാജ്യത്ത് കനത്ത ഭക്ഷ്യക്ഷാമം അനുഭവപ്പെടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൂടാതെ മഞ്ഞുകാലം കഴിഞ്ഞതിനാൽ പാക് പട്ടാളത്തെ സഹായിക്കാനായി ചൈനാക്കാർ ഹിമാലയത്തിൽ മറ്റൊരു യുദ്ധമുഖം തുറക്കാനുള്ള സാദ്ധ്യത മുന്നില്‍ കണ്ട് വേണ്ട തയ്യാറെടുപ്പുകൾ നടത്തണമെന്നും അദ്ദേഹം അറിയിച്ചു.
ബംഗാളില്‍ താമസിയാതെ മഴക്കാലം ആരംഭിക്കുമെന്നും സ്ഥിരമായി വെള്ളപ്പൊക്കമുണ്ടാവുന്ന അവിടെ ആ സമയത്ത് സൈനിക നീക്കം പ്രയാസകരമായിരിക്കുമെന്നും ,തന്റെ ഇൻഫെൻട്രി ഡിവിഷനും ആർമേഡ് ഡിവിഷനും അകലെയാണെന്നും പോലുള്ള കാരണങ്ങള്‍ നിരത്തിയിട്ട് സാം പ്രധാനമന്ത്രിയോടു പറഞ്ഞു. ഇൗ കാരണങ്ങള്‍ കൊണ്ട് എനിക്ക് യുദ്ധം ആരംഭിക്കാൻ പറ്റില്ല ..ആരോഗ്യപരമോ കുടുംബപരമോ ആയ കാരണങ്ങള്‍ നിരത്തി താന്‍ രാജി വെച്ചുകൊള്ളാമെന്നും പകരം മറ്റൊരു സൈനികത്തലവനെ നിയമിച്ച് യുദ്ധം ആരംഭിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു .ശ്രീമതി ഗാന്ധി ക്യാബിനറ്റ് മീറ്റിങ്ങ് അവസാനിച്ചിട്ട് സാമിനോട് അവിടെയിരിക്കാൻ പറഞ്ഞു .എന്താണ് സാം ഉദ്ദേശിക്കുന്നത് എന്ന് പ്രധാനമന്ത്രി ആരാഞ്ഞു .തയ്യാറെടുപ്പിനു സമയം നൽകാമെങ്കിൽ യുദ്ധം വിജയിപ്പിക്കാമെന്ന് സാം ഉറപ്പു നൽകി .ആ ഡിസംബറില്‍ യുദ്ധം തുടങ്ങാനുള്ള ദിവസവും സമയവും തീരുമാനിക്കാനുള്ള അവകാശം തനിക്ക് തരണമെന്ന് അദ്ദേഹം പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു .ഇന്ദിരാഗാന്ധി കാരണം അന്വേഷിച്ചപ്പോൾ അല്പം നാണത്തോടെ നാല് എന്ന അക്കം തന്റെ ഭാഗ്യനമ്പർ ആണെന്നും അതിനാല്‍ ഡിസംബര്‍ നാലാം തീയതി രാവിലെ നാലുമണിക്ക് ആക്രമണം ആരംഭിക്കുമെന്ന് സാം പറഞ്ഞു .പ്രധാനമന്ത്രി സമ്മതിക്കുകയും ചെയ്തു .പിന്നീടുള്ള സൈനികവിജയത്തിന്റെ കാര്യങ്ങള്‍ എല്ലാവര്ക്കും അറിയാമല്ലോ .
1972 ൽ രാജ്യം പത്മവിഭൂഷൺ നല്കി ഇദ്ദേഹത്തെ ആദരിച്ചു .1973 ൽ ഇദ്ദേഹം സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഫീൽഡ് മാർഷലായി .1973 ജനുവരി 15 ന് ഇദ്ദേഹം വിരമിച്ചു .യുദ്ധാന്തരം ഇദ്ദേഹത്തിന്റെ ഒരു നിർദ്ദോഷ ഫലിതം വലിയ വിവാദമായി .അഭിമുഖം നടത്തിയ ഒരു വനിതാ പത്രപ്രവർത്തക സ്വാതന്ത്ര്യനന്തരം താങ്കള്‍ പാകിസ്ഥാൻ പട്ടാളത്തിൽ തുടരാനാണ് തീരുമാനിച്ചിരുന്നെങ്കിൽ ഇൗ യുദ്ധം ആരു ജയിക്കുമായിരുന്നു എന്ന ചോദ്യത്തിന് പാകിസ്ഥാനെന്നു സാം മറുപടി പറഞ്ഞു എന്നാണ് പറയപ്പെടുന്നത് .

പിന്നീട് ഇന്ദിരാഗാന്ധിയെ പുറത്താക്കി സാം അധികാരം പിടിക്കാന്‍ പോകുന്നു എന്നു കിംവദന്തിയുണ്ടായി .കരൺ ഥാപ്പറുമായുള്ള അഭിമുഖത്തിൽ ഇതേക്കുറിച്ച് സാം പറഞ്ഞതിങ്ങനെയാണ് .എത് കോക്ടെയിൽ പാർട്ടിയിൽ പോയാലും ആളുകള്‍ അടുത്തു വന്നു ചോദിക്കും .ജനറൽ നിങ്ങളെപ്പോഴാണ് അധികാരം പിടിച്ചെടുക്കുന്നത് എന്ന് .അങ്ങനെ ഒരു പാർട്ടിയിൽ C.I.A യിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥനും അമേരിക്കന്‍ അംബാസിഡറും അധികാരം എപ്പോഴാണ് പിടിച്ചെടുക്കുന്നതെന്ന് അന്വേഷിച്ചു .സാം അവരെ പരിഹസിക്കുകയാണുണ്ടായത് .താമസിയാതെ ശ്രീമതി ഗാന്ധി ഇക്കാര്യം അദ്ദേഹത്തോടു നേരിട്ടു ചോദിച്ചു .താങ്കൾ വളരെ നല്ല പ്രധാനമന്ത്രി ആണെന്നും ഞാനെന്റെയും താങ്കള്‍ താങ്കളുടെയും സ്ഥാനത്തു തുടരുന്നതാണ് രാജ്യത്തിനു നല്ലതെന്ന് അദ്ദേഹം മറുപടി പറഞ്ഞു .
പക്ഷേ രാഷ്ട്രീയ നേതൃത്വം എല്ലാക്കാലത്തും സംശയദൃഷ്ടിയോടെയാണ് അദ്ദേഹത്തെ നോക്കിയിരുന്നത് . 2008 ജൂണ്‍ 27ന് 94 ാം വയസില്‍ തമിഴ്നാട്ടിലെ വെല്ലിങ്ടണിലായിരുന്നു മരണം. രാജ്യം പത്മവിഭൂഷണും പത്മഭൂഷണും നല്കി ആദരിച്ച അദ്ദേഹത്തിന് ഏറെ വൈകിയാണ് ഫീല്‍ഡ് മാര്‍ഷല്‍ പദവിക്കുള്ള ആനുകൂല്യങ്ങള്‍ നല്കാന് പോലും അധികൃതര്‍ തയ്യാറായത്. അദ്ദേഹത്തിന്റെ ശവസംസ്ക്കാര ചടങ്ങില്‍ പ്രധാനമന്ത്രി മൻമോഹൻ സിംഹ് പങ്കെടുക്കാതിരുന്നത് വിവാദമായിരുന്നു .
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog