പശ്ചിമഘട്ടത്തിലെ സഹ്യാദ്രിനിരകള്ക്കു താഴെ, നിബിഢമായ വനങ്ങളും, നദികളാലും സമ്പന്നമായ കേരളത്തിലെ ഒരു ജില്ലയാണ് പാലക്കാട്. കേരളത്തിലെ ഏറ്റവും വലിയ ജില്ലയായ പാലക്കാടിന് 2006-ലാണ് പാലക്കാടിന് ഏറ്റവും വലിയ ജില്ല എന്ന പദവി ലഭിച്ചത്. അതിനു മുൻപ് ഇടുക്കി ജില്ലയായിരുന്നു കേരളത്തിലെ ഏറ്റവും വലിയ ജില്ല. ഇടുക്കി ജില്ലയിലെ കുട്ടമ്പുഴ പഞ്ചായത്ത് എറണാകുളം ജില്ലയോട് ചേർത്തതോടെയാണ് ഇടുക്കി ജില്ലയ്ക് ഒന്നാം സ്ഥാനം നഷ്ടപെട്ടത്.
തെക്ക് തൃശ്ശൂർ, വടക്ക് മലപ്പുറം, കിഴക്ക് തമിഴ്നാട്ടിലെ കോയമ്പത്തൂർ ജില്ല, പടിഞ്ഞാറ് മലപ്പുറവും തൃശ്ശൂരും എന്നിവയാണ് അതിർത്തികൾ. ഭാരതപ്പുഴയാണ് പ്രധാന നദി. പാലക്കാട് ജില്ല മുഴുവൻ ഭാരതപ്പുഴയുടെ നദീതടപ്രദേശത്താണ്. കേരളത്തെയും തമിഴ് നാടിനെയും ബന്ധിപ്പിച്ചു കൊണ്ടുള്ള പശ്ചിമഘട്ടത്തിലെ വിടവ് ഇവിടെയാണ് ഉള്ളത്. പശ്ചിമ ഘട്ടത്തിലെ ഏറ്റവും വലിയ കവാടം പാലക്കാട് ജില്ലയിലെ വാളയാർ ചുരമാണ്. ഈ ചുരത്തിന്റെ സാന്നിധ്യം മൂലം കേരളത്തിലെ ഇതര ജില്ലകളിൽ നിന്നു വ്യത്യസ്തമായി ഇവിടെ തമിഴ്നാട്ടിലേതുപോലെ വരണ്ട കാലാവസ്ഥയാണ്. കേരളപ്പിറവിക്കു മുൻപ് ഈ ജില്ല മദിരാശി പ്രസിഡൻസിയുടെ ഭാഗമായിരുന്നു.
പാല മരങ്ങൾ വളർന്നു നിന്നിരുന്ന കാട് പാലക്കാടായെന്ന് ചിലർ വാദിക്കുന്നു. സംഘ കാലത്ത് ഇന്നത്തെ പാലക്കാട് ഉൾപ്പെടുന്ന പ്രദേശം പാലൈത്തിണൈ വിഭാഗത്തിൽ പെട്ടിരുന്നുവത്രെ. ഊഷര ഭൂമിയെന്നാണർത്ഥം. പച്ച നിറമുള്ള പാല മരങ്ങളും പനകളും വളരുമെങ്കിലും മറ്റു വൃക്ഷങ്ങൾ കുറവായിരിക്കും. എന്നാൽ നിരവധി നദികളും മറ്റുമുള്ള പാലക്കാട് മരുഭൂമി വിഭാഗത്തിൽ പെട്ടിരിക്കാൻ സാദ്ധ്യത ഇല്ലാത്തതിനാൽ ഈ വാദത്തിൽ കഴമ്പില്ലെന്നു കരുതുന്നു.
സംഘകാല ഘട്ടം മുതലേ പാലക്കാടിനെപ്പറ്റിയുള്ള പരാമർശങ്ങൾ ഉണ്ട്. അകനാനൂറ്, പുറനാനൂറ്, ചിലപ്പതികാരം, മണി മേഖല തുടങ്ങിയ സംഘകൃതികളിൽ പാലക്കാട് ചുരത്തെ പറ്റിയും ഏഴിമലകളെ പറ്റിയും വിവരണങ്ങൾ കാണാം. അക്കാലത്ത് കേരളത്തിലേക്ക് കടക്കാനുള്ളത് ഒരു പാലക്കാട്ട് ചുരമായിരുന്നു. ദ്രാവിഡ കാലത്തെ ബുദ്ധ-ജൈന-ഹൈന്ദവ സ്വാധീനം ഈ കൃതികളിലൂടെ അറിയാൻ സാധിക്കും. പാലക്കാടിനപ്പുറത്തുള്ള കോയമ്പത്തൂരിലെ പടിയൂരിൽ നിന്ന് റോമൻ നാണയങ്ങൾ കണ്ടെത്തിയതിൽ നിന്നും കൊടുങ്ങല്ലൂരിനും കോയമ്പത്തൂരിനും ഇടക്കുള്ള പ്രധാന വ്യാപാര മാർഗ്ഗം പാലക്കാട് ചുരം വഴിയായിരുന്നു എന്നുള്ള നിഗമനം ശക്തിപ്പെട്ടു.
എ.ഡി.ഒന്നാം നൂറ്റാണ്ട് മുതൽ വളരെയേറെ വർഷങ്ങൾ ചേരമാൻ പെരുമാക്കന്മാർ പാലക്കാട് ഭരിച്ചതായി ചരിത്രം പറയുന്നു. അവർക്ക് ശേഷം അവരുടെ ഉടയോന്മാർ രാജ്യത്തെ പല ചെറു നാട്ടു രാജ്യങ്ങളാക്കി ഭരിച്ചു പോന്നു. പിന്നീട് കാഞ്ചിയിലെ പല്ലവർ മലബാർ ആക്രമിച്ച് കീഴടക്കിയപ്പോൾ പാലക്കാട് ആയിരുന്നു അവരുടെ പ്രധാന ഇടത്താവളം. (പല്ലാവൂർ, പല്ലശ്ശേന,പല്ലവഞ്ചാത്തന്നൂർ എന്നീ സ്ഥലനാമങ്ങൾ ഈ പല്ലവ അധിനിവേശത്തിന് അടിവരയിടുന്നു). ശ്രീ. വില്യം ലോഗൻ തന്റെ മലബാർ മാന്യുവലിൽ ഇക്കാര്യം പരാമർശിയ്ക്കുന്നുണ്ട്
ഒൻപതാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ നെടുമ്പുരയൂർ നാടുടയവർ എന്ന രാജാവ്, രാജ്യം ആക്രമിയ്ക്കാൻ വന്ന കൊങ്ങുനാട് രാജാവിനെ ചിറ്റൂർ വെച്ച് യുദ്ധത്തിൽ തോൽപ്പിച്ചു. ആ വിജയത്തിന്റെ ഓർമ്മ പുതുക്കാനായി ഇപ്പോഴും ചിറ്റൂരിൽ കൊങ്ങൻ പട എന്ന ഉത്സവം വർഷംതോറും കൊണ്ടാടുന്നു. നെടുമ്പുരയൂർ കുടുംബം പിന്നീട് തരൂർ രാജവംശം എന്നും പാലക്കാട് രാജസ്വരൂപം എന്നും അറിയപ്പെട്ടു.
1757ൽ സാമൂതിരി പാലക്കാട് ആക്രമിച്ച് കീഴ്പ്പെടുത്തി.സമൂതിരിയുടെ മേൽക്കൊയ്മയിൽ നിന്നും രക്ഷ നേടാൻ പാലക്കാട് രാജാവ് മൈസൂരിലെ ഹൈദരലിയുടെ സഹായം തേടി. ഹൈദരലി സാമൂതിരിയെ യുദ്ധത്തിൽ തോൽപ്പിച്ച് പാലക്കാട് തന്റെ കീഴിലാക്കി. പിന്നീട് ഹൈദരലിയുടെ പുത്രനായ ടിപ്പു സുൽത്താനായി പാലക്കാടിന്റെ ഭരണാധികാരി. ചരിത്ര പ്രസിദ്ധമായ പാലക്കാട് കോട്ട 1766-ൽ ഹൈദരാലി നിർമ്മിച്ചതാണ്. പക്ഷേ,പിന്നീട് ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായുള്ള ഉടമ്പടി പ്രകാരം, ടിപ്പു സുൽത്താൻ തന്റെ അധീനതയിലുണ്ടായിരുന്ന മലബാർ പ്രവശ്യകൾ ബ്രിട്ടീഷുകാർക്ക് കൈമാറി.
ബ്രിട്ടീഷ് ഭരണകാലത്ത് മദ്രാസ് ദേശത്തിന് കീഴിലെ മലബാർ ജില്ലയുടെ ഭാഗമായിരുന്നു പാലക്കാട്. സ്വാതന്ത്ര്യ ത്തിന് ശേഷം അത് മദ്രാസ് സംസ്ഥാനത്തിന് കീഴിലായി. 1956ൽ കേരളം രൂപീകൃതമായപ്പൊൾ സംസ്ഥാനത്തിന് കീഴിലെ ഒരു പ്രത്യേക ജില്ലയായി പാലക്കാട് മാറ്റപ്പെട്ടു. 1957 ജനുവരി ഒന്നിനാണ് പാലക്കാട് ജില്ല രൂപം കൊണ്ടത്. അന്നത്തെ മലബാർ ജില്ലയെ മൂന്നായി വിഭജിച്ച് പാലക്കാട്, കണ്ണൂർ, കോഴിക്കോട് എന്നീ ജില്ലകൾ രൂപവത്കരിക്കുകയായിരുന്നു . അന്ന് തൃശൂർ ജില്ലയിലായിരുന്ന ആലത്തൂർ, ചിറ്റൂർ താലൂക്കുകൾ പാലക്കാടിനൊപ്പം ചേർക്കുകയും മലബാറിന്റെ ഭാഗമായിരുന്ന ചാവക്കാട് തൃശൂരിനു കൊടുക്കുകയും ചെയ്തു. കോയമ്പത്തൂരും, പൊന്നാനിയും ഒക്കെ മലബാർ ജില്ലയുടെ ഭാഗങ്ങളായിരുന്നു. സ്വാതന്ത്ര്യലബ്ധിയോടെ കോയമ്പത്തൂർ തമിഴ് നാട്ടിലേക്കും പിന്നീട് മലപ്പുറം ജില്ല വന്നപ്പോൾ പൊന്നാനിയും മറ്റു ഭാഗങ്ങളും മലപ്പുറം ജില്ലയിലേയ്ക്കും പോയി.
കേരളത്തിന്റെ ഏറ്റവും പുരാതനവും സമ്പന്നവുമായ സാംസ്കാരിക പൈതൃകം എന്ന ഖ്യാതി പാലക്കാടിനുണ്ട്. പാലക്കാടൻ ഭാഷ, സങ്കര ഭാഷയാണ്. തനി തമിഴ് സംസാരിക്കുന്ന അതിർത്തി പ്രദേശങ്ങളും,മയിലാപ്പൂർ തമിഴ് സംസാരിക്കുന്ന അഗ്രഹാരങ്ങളും, ശുദ്ധ മലയാളം സംസാരിക്കുന്ന വള്ളുവനാടൻ ഗ്രാമങ്ങളും,അത്രയ്ക്ക് ശുദ്ധമല്ലാത്ത മലയാളം സംസാരിക്കുന്ന, പാലക്കാട്, മണ്ണാർക്കാട്, ആലത്തൂർ, ചിറ്റൂർ, താലൂക്കുകളും അടങ്ങിയ ഒരു സങ്കര ഭാഷാ സംസ്കാരമാണ് പാലക്കാടിന്റേത്. തെലുങ്ക് മാതൃഭാഷയായ നെയ്ത്തുകാർ ചിറ്റൂർ പ്രദേശത്തുണ്ട്. അട്ടപ്പാടി, പറമ്പിക്കുളം പ്രദേശങ്ങളിലെ ആദിവാസികുളുടെ ഗോത്രഭാഷയും ശ്രദ്ധേയമാണ്.
കടപ്പാട് – വിക്കിപീഡിയ.